ദി പൊലീസ്
Story written by Jainy Tiju
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
മൊബൈൽ തുടർച്ചയായി അടിക്കുന്നത് കേട്ടാണ് തിരക്കിനിടയിലും ഞാനോടിപ്പോയി ഫോൺ എടുത്തത്. ഡിവൈഎസ്പി ഗണേഷ് സാറാണ്.
” ഹലോ സർ, ഗുഡ്മോർണിംഗ് “.
” എവിടെ പോയി കിടക്കുവാടോ താനൊക്കെ?” അദ്ദേഹത്തിന്റെ ശബ്ദം ഉയർന്നിരുന്നു. പൊതുവെ ശാന്തനാണ് അദ്ദേഹം. ഇത്ര ദേഷ്യത്തിലാവണമെങ്കിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടാവണം.
” സർ, ഞാൻ ഇന്ന് ലീവിലാണ് സർ. പറഞ്ഞിരുന്നല്ലോ അമ്മയുടെ എഴുപതാം പിറന്നാൾ. “
” താനൊന്നും അറിയുന്നില്ലേ, എം എൽ എ ജയശങ്കറിന്റെ അനിയനെ ആരോ വെ ട്ടി. ടൗണിൽ സംഘർഷത്തിനു സാധ്യതയുണ്ട്. താൻ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണം. “
അദ്ദേഹത്തിന്റെ ശബ്ദത്തിൽ ടെൻഷൻ പ്രതിഫലിച്ചിരുന്നു.
” യെസ് സർ ” ഞാൻ ഫോൺ വെച്ചു. കൂടുതൽ സംസാരിച്ചിട്ട് ഫലമൊന്നുമില്ല എന്നെനിക്കറിയാമല്ലോ. ഉടനെ ഞാൻ എസ്ഐ ജിതിനെ വിളിച്ചു.
” ജിതിൻ, എന്താ അവിടെ സിറ്റുവേഷൻ? താനെന്താ എന്നെ വിളിക്കാഞ്ഞത്? “
” സർ, വീട്ടിൽ ഒരു പ്രോഗ്രാം നടക്കുന്നത് കൊണ്ടാ ഞാൻ. നോ പ്രോബ്ലം സർ. ഞാൻ സ്പോട്ടിൽ ഉണ്ട്. നമ്മുടെ ടീമും ഉണ്ട്. കൂടുതൽ ഫോഴ്സിനെ ഗണേഷ് സർ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിശങ്കർ ഇപ്പോൾ ഡിസ്ട്രിക്ട് ഹോസ്പിറ്റലി ലാണുള്ളത്. ഉടൻ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റും. “
” ഓക്കേ ജിതിൻ, കെയർഫുള്ളായിരിക്കണം. ജയശങ്കർ ഭരണപക്ഷ എംഎൽ എ ആയതിനാൽ ഏത് നിമിഷവും തിരിച്ചടി ഉണ്ടാവാം. എത്രയും പെട്ടെന്ന് അറസ്റ്റ് നടക്കണം. അരമണിക്കൂറിൽ ഞാൻ അവിടെ എത്തും. “
ഫോൺ കട്ട് ചെയ്ത് ഞാൻ ഉടനെ ഏട്ടന്റെ അടുത്തേക്ക് ചെന്നു..
” ഏട്ടാ, ചെറിയൊരു പ്രശ്നം ഉണ്ട്.. എംഎൽഎ യുടെ അനിയനെ എതിർപാർട്ടിക്കാർ വെ ട്ടി. അയാൾക്ക് സീരിയസ് ആണ്.. എനിക്കുടനെ പോണം. “
ഏട്ടന്റെ മുഖം വാടി. ” അല്ലെടാ, അതിപ്പോ സദ്യ വിളമ്പാറായി. “
” ഏട്ടാ, ഇത്രയും വലിയൊരു ഇഷ്യൂ നടക്കുമ്പോൾ സിഐ സാജൻ വീട്ടിൽ ആഘോഷത്തിൽ എന്ന് നാലുകോളം വാർത്ത വരും. പോലീസ്കാരന്റെ ജീവിതം ഇങ്ങനെയൊക്ക അല്ലെ ഏട്ടാ. ഏതെങ്കിലും ഒരുത്തന് തിന്നുന്നത് എല്ലിനിടയിൽ കേറി വെട്ടോ കുത്തോ കല്ലേറോ ഉണ്ടാക്കിയാലും പുറകെ തൂങ്ങേണ്ടത് പോലീസ്കാരല്ലേ. അതിനിടക്ക് അവർക്കെന്ത് കുടുംബം, എന്ത് ആഘോഷങ്ങൾ? “
ഞാൻ യൂണിഫോം മാറിയപ്പോഴേക്കും ടീവിയിൽ ബ്രേക്കിംഗ് ന്യൂസ് വന്നു തുടങ്ങിയിരുന്നു.
” കൊല്ലത്ത് പട്ടാപ്പകൽ ആക്രമണം. എംഎൽഎ ജയശങ്കറിന്റെ അനിയന് വെ ട്ടേറ്റു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്ന് ആദ്യറിപ്പോർട്ട്. “
” അടിപൊളി, ഇവനെങ്ങാൻ ച ത്താൽ നാളെ ഇവിടെ ഹർത്താൽ. നാളെയും അവധി “.
ഏട്ടന്റെ മകനാണ്. കുട്ടികൾക്ക് അത്രയേ ഉള്ളു. പക്ഷെ,
വണ്ടിയിൽ കേറുന്നേരം അമ്മ ഓടിയെത്തി.
” മോൻ കഴിക്കാതെ പോകുവാണോ? എല്ലാരും ചേർന്നൊരു ഫോട്ടോ എടുക്കണമെന്ന് പറഞ്ഞിരുന്നല്ലോ നീ. “
” ആ, അത് അമ്മെ , ഇവിടെ എല്ലാരുമുണ്ടല്ലോ. ആഘോഷം നടക്കട്ടെ. അവിടെ ഒന്ന് പോയി നോക്കി, ഫോട്ടോ എടുക്കാറാവുമ്പോഴേക്കും ഞാനെത്തും. “
മറുപടിക്ക് കാക്കാതെ ഞാൻ വണ്ടിയെടുത്തു. കാരണം എത്താൻ കഴിയില്ലെന്ന് എനിക്കുറപ്പാണല്ലോ. പാവം ‘അമ്മ. സപ്തതി ആഘോഷം എന്നൊന്നും ആഗ്രഹമില്ലായിരുന്നു. എന്റെ നിർബന്ധമായിരുന്നു ഈ പേരിൽ കുടുംബാംഗങ്ങളെല്ലാം കൂടെ തറവാട്ടിൽ ഒന്ന് കൂടണമെന്ന്. എന്ത് ചെയ്യാം, ഇങ്ങനെ ആയിപ്പോയി.
ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ എത്തുന്നതിനു മുൻപ് ഗണേഷ് സർ ന്റെ വിളി വന്നു. ഹരിശങ്കർ മരിച്ചു. ആക്രമണം നടന്ന സ്പോട്ടിലേക്ക് പോയാൽ മതി. അവിടെ ഏത് നിമിഷവും സംഘർഷമുണ്ടാവാം. ഞാൻ വണ്ടി തിരിച്ചു. വയർലെസ്സിൽ ജിതിന്റെ മെസ്സേജ് വരുന്നുണ്ടായിരുന്നു. പ്രകടനക്കാർ ഇറങ്ങിയിട്ടുണ്ട്. പ്രതിയും കൂട്ടരും ഒളിവിലാണ്. പക്ഷെ, അവരുടെ കൂടെ ഉള്ളവരുടെ വീടോ പാർട്ടി ഓഫീസോ ആക്രമിയ്ക്കപ്പെടാനുള്ള സാധ്യതയുണ്ട്.
” ഞാൻ ചെന്നിറങ്ങുമ്പോഴേക്കും ആൾക്കൂട്ടം അക്രമാസക്തമായിരുന്നു. സ്ഥിഗതികൾ കൈവിട്ടുപോകുമെന്ന അവസ്ഥയിൽ ലാത്തിച്ചാർജ് ചെയ്യുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. ലാത്തിവീശിയതും ആളുകൾ ചിതറിഓടി. ഒന്ന് ശാന്തമായെന്നു തോന്നിയപ്പോഴാണ് ഗണേഷ് സർ ന്റെ കാൾ വന്നത്.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചു ചോദിക്കാനായിരുന്നു വിളിച്ചത്. ഇവിടുത്തെ അവസ്ഥ പറയുന്നതിനിടക്കാണ് അപ്രതീക്ഷിതമായി ഒരു കല്ല് എന്റെ തലയുടെ പുറകിൽ കൊണ്ടത്.. ഒരു നിമിഷത്തെ തരിപ്പിൽ ഞാൻ ഞെട്ടിത്തിരിഞ്ഞു. അടുത്ത കല്ല് നെറ്റിയിൽ. സഹപ്രവർത്തകർ ഓടിക്കൂടുന്നതും എന്റെ തലയിൽ നിന്ന് ചോ രചീറ്റുന്നതിനും ഇടയ്ക്ക് ഒരുനോട്ടം ഞാനവനെ കണ്ടു. എന്നെ എറിഞ്ഞവനെ. അവനു ആറുമാസം മുൻപ് സിറ്റി ഹോസ്പിറ്റലിൽ എന്റെ മുന്നിൽ തൊഴുകൈയ്യോടെ നിന്ന ഒരു നിസ്സഹായന്റെ മുഖമായിരുന്നു.
” സാറെ, നന്ദിയുണ്ട് സാറെ . വണ്ടിയിടിച്ചു റോഡിൽ കിടന്ന എന്റെ അനിയനെ സാർ ഇവിടെ എത്തിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ജീവനോടെ കിട്ടില്ലായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. സാറിനെ ദൈവമായിട്ടാ അവിടെ ആ സമയത്ത് എത്തിച്ചത്. അല്ല, സാർ തന്നെയാണ് ഞങ്ങളുടെ ദൈവം “.
ദേഹം കുഴയുന്നതും ഞാൻ താഴേക്ക് വീഴുന്നതും ഞാനറിഞ്ഞു. ആരൊക്കെയോ ചേർന്ന് എന്നെ കോരിയെടുത്ത് വണ്ടിയിലേക്ക് കയറ്റി.. എന്റെ മൊബൈൽ റിങ് ചെയ്തു കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. നെറ്റിയിലൂടെ ഒഴുകിയെത്തിയ ചോ ര കണ്ണിലെത്തി എന്റെ കാഴ്ചയെ മറയ്ക്കുന്നതിനു മുൻപ് എന്റെ മൊബൈലിൽ ഞാൻ കണ്ടു, “” ഹോം കോളിങ് “”………