വിനീത് ഇപ്പോഴും മെഡിക്കൽ സ്റ്റോറിൽ സംസാരിച്ചു കൊണ്ടുതന്നെ നിൽക്കുന്നുമുണ്ട്.എന്റെ കൂടെ ഇത്രേം നേരം ഉണ്ടായിരുന്നതും എന്റെ കണ്മുന്നിൽ നിൽക്കുന്നതും വിനീതല്ലേ……

നിർമ്മിതം

Story written by RJ Sajin

കോരിച്ചൊരിയുന്ന മഴയിലൂടെ വണ്ടി ഓടിക്കുമ്പോൾ കണ്ണീരും മഴവെള്ളവും തിരിച്ചറിയാത്തവിധം കവിളുകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. …

വീട്ടുകാരേം കൂട്ടുകാരെയുമൊക്കെ ഓർക്കുമ്പോ പറയാതെ വരുന്ന അതിഥിയാണ് കണ്ണീർ.

ജോലികഴിഞ്ഞുള്ള മടക്കമാണ്.

വീടും നാടും വിട്ട് അങ്ങനെ മാറിനിന്നിട്ടില്ല.

ഇപ്പോൾ ഒരാഴ്ച്ച കഴിയുന്നു.

പതിയെ ഇവിടം ശരിയായിക്കൊള്ളുമെന്നറിയാമെങ്കിലും ഓർമ്മകൾ ഇടയ്ക്കിടയ്ക്ക് വന്നു മുറിവേൽപ്പിക്കും.

ഇനി നീണ്ട അവധി കിട്ടുമ്പോൾ മാത്രമേ നാട്ടിലേക്ക് പോകാൻ കഴിയൂ. ..

മഴയുടെ കാതടപ്പിക്കുന്ന ശബ്ദം കുറഞ്ഞു വരുന്നുണ്ട് .

ഒപ്പം കണ്ണുനീരും.

വണ്ടിയുടെ വേഗത ഒന്ന് കുറച്ച ശേഷം കണ്ണൊന്നു റോഡിനു ഇരുവശത്തേക്ക് പായിച്ചു.

കണ്ണീരിന്റെ മങ്ങൽ മാറിയതും ഒരു മുഖം കണ്ണിലുടക്കി.

പുറത്തേക്കാളും അടിവയറ്റിലൊരുതരം തണുപ്പ്.

ദൃതിയിൽ ബ്രേക്ക് ചവിട്ടി.

ഞാനിപ്പോൾ കണ്ടത് നാട്ടിലുള്ള വിനീതിനെയല്ലേ .

അതെ അവൻ തന്നെ. അവനെങ്ങനെ ഇവിടെയെത്തി.

ഇനി തോന്നലായിരിക്കുമോ. ..?ആളുമാറിയതായിരിക്കുമോ
?
തുടങ്ങിയ ചോദ്യങ്ങൾ അവനെ വേട്ടയാടാൻ തുടങ്ങി.

അപ്പോഴേക്കും വണ്ടി അവൻ ഒതുക്കിയിരുന്നു.

നേരെ അവന്റെ അടുത്തേയ്ക്ക് നടന്നു.

തന്നെ കണ്ടതും മറുഭാഗത്തുനിന്നും നല്ലുഗ്രൻ പുഞ്ചിരി.

വിനീതാണെന്ന് ഉറപ്പിക്കാൻ ജയഘോഷിന് അത് തന്നെ ധാരാളമായിരുന്നു.

പരിചയമില്ലാത്ത ഇടത്ത് പരിചയമുള്ളയാൾ.

അവന്റെയുള്ളു സന്തോഷംകൊണ്ട് നിറഞ്ഞു.

“ഡേയ്. .വിനീത് …ഇവിടെ. …ഒട്ടും പ്രതീക്ഷിച്ചില്ല. ..”

മുഖത്തു ചെറുപുഞ്ചിരിയുമായി ജയഘോഷ് ചോദിച്ചു.

“ഇന്ന് ഒരു psc പരീക്ഷ ഉണ്ടായിരുന്നു. കഴിഞ്ഞു. .തിരികെ റെയിൽവേ സ്റ്റേഷനിലോട്ട് ബസ് കാത്ത് നിൽക്കുവായിരുന്നു”

അവന്റേം പുഞ്ചിരി നിറഞ്ഞ മറുപടി ഇങ്ങെത്തി.

“വാ കേറു. ..ഞാൻ സ്റ്റേഷനിൽ എത്തിക്കാം. …എന്തായാലും കണ്ടത് വളരെ സർപ്രൈസ് ആയി. ..”

ഇത്രയും പറഞ്ഞ ശേഷം ജയഘോഷ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

രണ്ടുപേരും ബൈക്കിൽ കയറി യാത്ര തുടങ്ങി. ..

നാട്ടുവിശേഷങ്ങൾ ഇരുവരും വാതോരാതെ പങ്കുവെയ്ക്കാൻ തുടങ്ങി

റെയിൽവേ സ്റ്റേഷനിലെത്താൻ ഇനിയും അരമണിക്കൂർ ഉണ്ട്.

അപ്പോഴാണ് ഒരു മെഡിക്കൽ സ്റ്റോർ കണ്ടതും വിനീത് വണ്ടി നിർത്താൻ ആവശ്യപ്പെട്ടുതും.

ബൈക്ക് സൈഡിൽ ഒതുക്കിയപ്പോൾ ഒരു അത്യാവശ്യ മരുന്ന് വാങ്ങണം എന്നും പറഞ്ഞു വിനീത് മെഡിക്കൽ സ്റ്റോറിലോട്ട് വേഗത്തിൽ നടന്നു.

റോഡിൽ നിന്ന് കുറച്ചു നടന്നു വേണം കടയിൽ എത്താൻ.

നാട്ടിലെ ഒരാളെ കാണാൻ പറ്റിയതിന്റെ സന്തോഷം ജയഘോഷിന്റെ മുഖത്തു അപ്പോഴും പ്രകടമായിരുന്നു.

മെഡിക്കൽ സ്റ്റോറിലെ ആളുമായി വിനീത് സംസാരിച്ചു നിൽക്കുന്നതല്ലാതെ മരുന്നൊന്നും വാങ്ങുന്നില്ല.

പോയിട്ട് കുറച്ചധികം നേരവുമായി. ..

ട്രെയിനിന്റെ സമയമായല്ലോ. .

ഒന്ന് ഓർമ്മപ്പെടുത്താമെന്ന വണ്ണം ജയഘോഷ് അവനെ വിളിച്ചു.

എവിടന്ന് കേൾക്കാൻ. .

വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുവല്ലേ. ..

“ഹാ ഫോണിൽ വിളിക്കാം. .

തന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു ജയഘോഷ് വിനീതിനെ വിളിക്കാൻ തുടങ്ങി.

ബെൽ അടിക്കുന്നു.

കാത്തിരിപ്പിന് വിരാമമിട്ട് കാൾ എടുത്തു.

“ഡാ പറയ്. ..”

ഒരു അലസത നിറഞ്ഞ മറുപടിയാണ് മറുതലക്കൽ നിന്ന് വന്നത്.

“എടാ ട്രെയിൻ സമയമായി. …”ജയഘോഷ് അത് വകവെയ്ക്കാതെ ദൃതിയിൽ പറഞ്ഞു

“ഏത് ട്രെയിൻ? ”

ഈ ചോദ്യം വന്നപ്പോ ജയഘോഷ് വിനീതിനെ ഒന്ന് നോക്കി.

ആ നോട്ടം അവന് സമ്മാനിച്ചത് ഒരു തരം മരവിപ്പായിരുന്നു.

വിനീതിന്റെ കയ്യിൽ ഫോണില്ല.

ജയഘോഷിന്റെ നെഞ്ച് പട പടാന്ന് ഇടിക്കാൻ തുടങ്ങി.

ചെവിയിൽ ഹെഡ് ഫോണുമില്ല.

ഞാനപ്പോൾ ആരോടാ സംസാരിക്കുന്നത്. .. നമ്പർ മാറിയതല്ല. .ഇത് വിനീതിന്റെ ശബ്ദം തന്നെയാണ്.

“നീ ഇപ്പോൾ എവിടെ? ”ഒരൽപ്പം അങ്കലാപ്പോടെ ജയഘോഷ് ചോദിച്ചു. ഇത്തവണ ജയഘോഷിന്റെ ശബ്ദം ഇടറാൻ തുടങ്ങി.

വീട്ടിലുണ്ട്.

കുറച്ചു ഗൗരവത്തിലുള്ള മറുപടിയാണ് ലഭിച്ചത് .

വായിൽ വന്ന വാക്കുകൾ വിഴുങ്ങിയ ശേഷം ജയഘോഷ് ഫോൺ കട്ട്‌ ചെയ്തു.

വിനീത് ഇപ്പോഴും മെഡിക്കൽ സ്റ്റോറിൽ സംസാരിച്ചു കൊണ്ടുതന്നെ നിൽക്കുന്നുമുണ്ട്.

എന്റെ കൂടെ ഇത്രേം നേരം ഉണ്ടായിരുന്നതും എന്റെ കണ്മുന്നിൽ നിൽക്കുന്നതും വിനീതല്ലേ…

എന്നോട് ഫോണിൽ മിണ്ടിയതും വിനീതല്ലേ ..

എന്താ എനിക്ക് ചുറ്റും സംഭവിക്കുന്നത്.

അവന് തലകറങ്ങുന്നതുപോലെ തോന്നി.

ശരീരമാകെ ചൂട് പിടിച്ചു. നല്ലോണം വിയർക്കുന്നുണ്ട്.

മെഡിക്കൽ സ്റ്റോറിൽ നിന്നും വിനീത് ജയഘോഷിനെ നോക്കുന്നു.

ആ നോട്ടം ജയഘോഷിന് വല്ലാത്തൊരു ഭയമാണ് ഉളവാക്കിയത്.

വിനീത് അവിടെനിന്നും ഇറങ്ങി.

അവന്റെ ഓരോ കാല് മുന്നോട്ട് വെയ്ക്കുമ്പോഴും ജയഘോഷിന്റെ നെഞ്ചിന്റെ ഇടി കൂടി കൂടി വന്നു.

വിനീത് ബൈക്കിന്റെ പിറകിൽ വന്നു കയറി.

ജയഘോഷിന് ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു .

റെയിൽവേ സ്റ്റേഷൻ എത്താൻ ഇനിയും കുറച്ചു നേരമുണ്ട്.

ചുടുകാട് വഴിയാണ് ഇനി യാത്ര.

നേരമിരുട്ടി തുടങ്ങിയിരിക്കുന്നു.

എന്തോ സംഭവിക്കാൻ പോകുവാണെന്നൊരു തോന്നൽ…

ബൈക്കിന്റെ സ്പീഡ് കൂട്ടിയിട്ടും വണ്ടി നീങ്ങാത്തതുപോലെ .

“എന്താ ജയഘോഷേ ഒന്നും മിണ്ടാതെ.”

ഏറെ നേരത്തെ മൗനത്തിന് ശേഷം വിനീത് വാ തുറന്നു.

“ഏയ്യ്. ..” ഒരു ഞെട്ടലോടെയാണ് ജയഘോഷിന്റെ മറുപടി വന്നത്.

“ഡാ ഞാനൊരു കാര്യം പറയാൻ വിട്ടുപോയി.

ഞാനിപ്പോൾ ഒരു പരീക്ഷണത്തിലാണ്..

ഉടൻ ഞാനത് പുറത്തിറക്കും. .”

വിനീത് അല്പം അഭിമാനത്തോടെ പറഞ്ഞു.

“ങേ. അതെന്താ സംഭവം ..”

ധൈര്യം സംഭരിച്ചു ജയഘോഷ് ചോദിച്ചു.

ഉടൻ തന്നെ വിനീതിന്റെ മറുപടി എത്തി.

ജയഘോഷിന്റെ ഒരായിരം ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു അത്.

“നമ്മുടെ ഫോണിൽ ആരെങ്കിലും വിളിച്ചാൽ ഫോൺ തന്നെ അറ്റൻഡ് ചെയ്ത് സംസാരിക്കും…നമ്മൾ സംസാരിക്കുന്നപോലെ..

അതിലെ വിവരങ്ങളെല്ലാം റെക്കോർഡ് ചെയ്യും . എന്റെ തന്നെ ശബ്ദത്തിലായിരിക്കും സംസാരവും.ഓൺലൈൻ മീറ്റിംഗിനൊക്കെ ഇതാ നല്ലത്. ഞാനിപ്പോൾ എന്റെ ഫോൺ അങ്ങനെ സെറ്റ് ചെയ്ത് വെച്ചേക്കുവാണ്. AI കാൾ അറ്റെൻഡർ “

വിനീതിന്റെ വാക്കുകൾ ജയഘോഷിന്റെ കാതുകളിൽ നല്ലൊരു മുഴക്കമാണ് സൃഷ്ടിച്ചത്.

പറ്റിയ അമിളി ഓർത്തു ജയഘോഷിന് ചിരി പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.

വിനീതിനെ തന്റെ ചിരിയുടെ രഹസ്യം അറിയിച്ചതുമില്ല.

അപ്പോഴേക്കും ബൈക്ക് റെയിൽവേസ്റ്റെഷനിൽ എത്തിയിരുന്നു. .

ശുഭം