വിനീതയുടെ മക്കളെ കണ്ട അഞ്ജലി ഒന്നുകൂടി ഞെട്ടി.ഇരട്ട കുട്ടികൾ. ദേവ്യേ,അനീഷേട്ടന്റെ അതേ മുഖം

തേപ്പ്കാരിയുടെ ഇരട്ടക്കുട്ടികൾ

രചന: വിപിൻ പി.ജി – പത്തുവർഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അനീഷ് നാട്ടിലേക്ക് തിരിച്ചു വരികയാണ്.പത്തു കൊല്ലങ്ങൾക്കു മുന്നേ അടിപിടിയും പോലീസ് കേസും ഒക്കെ ആയി നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ അപ്പനും അമ്മയും ചേർന്ന് ആരുടെയൊക്കെയോ കൈയ്യിലും കാലിലും മാറിമാറി പിടിച്ച് അക്കരയ്ക്ക് കയറ്റി വിട്ടതാണ്.നാട്ടിൽ നിന്നാൽ അവൻ പിഴച്ചു നാശമായി പോയേനെ.തല്ല് കേസ്,പ്രേമം, കള്ള് കുടി എന്ന്‌ വേണ്ട എല്ലാം കയ്യിലുണ്ടായിരുന്നു.എന്തായാലും അപ്പനും അമ്മയും ചേർന്ന് അനീഷിനെ അക്കരയ്ക്ക് വെറുതെയായില്ല.

ഒറ്റ പോസ്റ്റിൽ തന്നെ ആളാകെ മാറിപ്പോയി.സമ്പാദിക്കണം എന്നും മുന്നോട്ടു ജീവിക്കണം എന്നുള്ള ചിന്താഗതി ഒക്കെ വന്നു.അങ്ങനെ രണ്ടാമത്തെ വരവിൽ അനീഷ് കല്യാണവും കഴിച്ചു. സുന്ദരിയും സുമിയും സുശീലയുമായ അഞ്ജലി.അനീഷിനെ പ്രസന്റ്റ് ടെൻസ് നല്ലത് ആയതുകൊണ്ട് അധികം ഫ്ലാഷ് ബാക്ക് അന്വേഷിക്കാൻ പോയില്ല.അഞ്ജലിയുടെ ഫ്ലാഷ് ബാക്കിലും ഒന്നു രണ്ട് ഒടിവും ചതവും ഒക്കെ ഉണ്ടായതുകൊണ്ട് അത് ആരെയും അറിയിക്കാനും നിന്നില്ല.

അങ്ങനെ രണ്ടാമത്തെ വരവിൽ അഞ്ജലിയും അനീഷും തമ്മിൽ വിവാഹിതരായി.ഇപ്പോൾ അഞ്ച് വയസ്സുള്ള മകളും ഭാര്യയും അമ്മയും സ്വസ്ഥം കുടുംബം.നാളിതുവരെയുള്ള സമ്പാദ്യം കൊണ്ട് നാട്ടിൽ ഒരു ബിസിനസ് തുടങ്ങി ഇനി നാട്ടിൽ തന്നെ ജീവിക്കാൻ ആണ് അനീഷിന്റെ പ്ലാൻ.

സത്യം പറഞ്ഞാൽ പത്തു വർഷം വലിയൊരു അകൽച്ച ആയിപോയി.പഴയ കൂട്ടുകാരൊക്കെ പലവഴിക്ക് പോയി.തിരിച്ചു വന്നതിനു ശേഷം നാട്ടിലുള്ള ഫ്രണ്ട്സിനെ എല്ലാവരെയും നേരിൽ പോയി കണ്ടു എല്ലാവർക്കും ഒരു ഗംഭീര ട്രീറ്റ് തന്നെ അനീഷ് കൊടുത്തു.പുതിയൊരു ബിസിനസ് തുടങ്ങി ഇനി നാട്ടിൽ തന്നെ നിൽക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ കൂട്ടുകാർ എല്ലാവരും ഹാപ്പി ആയിരുന്നു. എല്ലാവർക്കും കുടുംബജീവിതം ആയതിനാൽ ആരും ഇനി പഴയ ലൈനിലേക്ക് പോകില്ലെന്ന് എല്ലാവർക്കും ഉറപ്പായിരുന്നു.കൊണ്ടുവന്ന കുപ്പി പൊട്ടിച്ചു ആടിയും പാടിയും ഡാൻസ് കളിച്ചു അന്നത്തെ അവർ ആഘോഷിച്ചു.

ദിവസങ്ങൾ കടന്നുപോയി.ഒരു ദിവസം സ്കൂളിന്റെ മുന്നിലൂടെ പോയ അനീഷ് ആ സ്കൂളും പിള്ളേരെയും കണ്ടപ്പോൾ ഒരു നിമിഷം നൊസ്റ്റാൾജിയ ലേക്ക് പോയി.അന്ന് അർദ്ധരാത്രിയിൽ തന്റെ പ്ലസ്ടു ജീവിതം സ്വപ്നം കണ്ട് ഞെട്ടി എണീറ്റ അനീഷ് പിറ്റേന്ന് രാവിലെ തൊട്ട് ഒരു ഗെറ്റുഗദർ പ്ലാൻ തുടങ്ങി.അതെ,പഴയ ചങ്ക് കളയും ടീച്ചർമാരെയും കൂട്ടുകാരികളെയും എല്ലാവരെയും ഒരുമിച്ചു കൂട്ടി ഒരു ഗെറ്റുഗദർ.

തൊട്ടടുത്തുള്ള ഫ്രണ്ട്സിനോട് എല്ലാം വിവരം പറഞ്ഞപ്പോൾ അവരും ഡബിൾ ഹാപ്പി.ഒട്ടും വൈകാതെ തന്നെ ഒരു ഡേറ്റ് തീരുമാനിച്ച് ഫേസ്ബുക്ക് വഴിയും വാട്സപ്പ് ഗ്രൂപ്പുകൾ വഴിയും അന്ന് പ്ലസ്ടുവിന് പിടിച്ച് എല്ലാവരിലേക്കും വിവരം എത്തിച്ചു.ടീച്ചർമാരെ ഒക്കെ നേരിൽ പോയി കണ്ടു. പലർക്ക് വേണ്ടിയും ഡേറ്റ് മാറ്റി വയ്ക്കേണ്ടി വന്നാലും എല്ലാവരെയും ഒരുമിച്ച് കിട്ടണമെന്ന് അനീഷിന്റെ വാശിയായിരുന്നു.അങ്ങനെ മൂന്നു തവണ മാറ്റിയ ഇതിൽ മൂന്നാമത്തെ ഡേറ്റ്ൽ അവർ ഗെറ്റുഗതർ ഫിക്സ് ചെയ്തു.

അന്ന് രാത്രി ഉറങ്ങാൻ കിടന്ന അഞ്ജലിയോട് അനീഷ് പറഞ്ഞു

മോളെ അഞ്ജലി

എന്താ ഏട്ടാ?

നാളെ ഞാൻ ഒരു ആളെ കാണിച്ചു തരാം

ആരെയാ?

പണ്ട് ഞാൻ പറഞ്ഞിട്ടില്ലേ ഒരു തേപ്പ് കഥ.ആ പേപ്പർ കഥയിലെ നായിക നാളെ എന്തായാലും വരാൻ സാധ്യതയുണ്ട്.’വിനീത വിശ്വംഭരൻ’.എന്നെ തേച്ചു മടക്കി കയ്യിൽ തന്ന അവളുടെ മുന്നിൽ നിന്നെ ചേർത്ത് പിടിച്ച് ഒരു നിൽപ്പ് നിൽക്കണം.എന്റെ പൊന്നുമോളെ ഓർക്കുമ്പോൾ തന്നെ രോമാഞ്ചകഞ്ചുകം ആവുന്നു

ഏട്ടാ

എന്താ മോളേ?

ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ

നീ ചോദിക്ക്,

സത്യം മാത്രം പറയണം.നിങ്ങൾ ഗെറ്റുഗദർ പ്ലാൻ ചെയ്തത് സത്യത്തിൽ നൊസ്റ്റാൾജിയ വിഴുങ്ങാൻ അല്ലല്ലോ.പഴയ ആ തേപ്പു കാമുകിയെ ഒന്നുകൂടി കാണാൻ അല്ലേ ?

അമ്പടി ജിഞ്ചിന്നാക്കടീ,നീ ആള് കൊള്ളാലോ.കണ്ടുപിടിച്ചു കളഞ്ഞല്ലോ കള്ളി.ഇനി ഒന്നും മിണ്ടണ്ട കിടന്നുറങ്ങിക്കോ.രാവിലെ എണീറ്റ് സ്കൂളിൽ പോണം.

തന്റെ ദുരുദ്ദേശം ഭാര്യ കണ്ടുപിടിച്ചതിന്റെ ചമ്മൽ മറക്കാൻ അനീഷ് രണ്ടു കണ്ണും അടച്ചു പിടിച്ചു കിടന്നു.രണ്ടു കണ്ണും ഇറുക്കി പിടിച്ചു കൊണ്ട് അനീഷ് പെട്ടെന്ന് ഉറങ്ങി. നേരം വെളുത്ത് കെട്ടി ഒരുങ്ങി എല്ലാവരുംകൂടി സ്കൂളിലേക്ക്.പറഞ്ഞ സമയത്ത് തന്നെ ഓരോരുത്തരായി വന്നു തുടങ്ങി.

നാട്ടിൽ ഉള്ളവരും വിദേശത്തുള്ള വരും എല്ലാവരും തന്നെയുണ്ട്. എല്ലാവരും വിശേഷം പറയുമ്പോഴും പൊട്ടി ചിരിക്കുമ്പോഴും അനീഷ് കാത്തിരുന്നത് തന്റെ പഴയ കാമുകിയുടെ റീ-എൻട്രി ക്ക് വേണ്ടിയാണ്.പക്ഷേ പ്രോഗ്രാം ഇന്റെ കോഡിനേറ്റർ ആയതുകൊണ്ട് ഓരോ തിരക്ക് കാരണം അനീഷിന് അതിലെ നെട്ടോട്ടമോടേണ്ടി വന്നു.അനീഷിന്റെ ഈ ഓട്ടം കാരണം ആകെ പോസ്റ്റ് അടിച്ച അഞ്ജലി അവിടെ മുഴുവൻ ചുറ്റി നടക്കുമ്പോൾ അതാ ഒരാൾ പരിചയപ്പെടാൻ വരുന്നു

അനീഷിന്റെ ഭാര്യയല്ലേ

അതെ

ഞാൻ വിനീത,അനീഷിന്റെ പഴയ ഒരു ഫ്രണ്ട് ആണ്.


വിനീതയെ കണ്ട അഞ്ജലി ശരിക്കും ഒന്ന് ഞെട്ടി.ആറാം തമ്പുരാനിൽ നമ്മുടെ ലാലേട്ടൻ പറഞ്ഞ പോലെ.ഇതേതാ കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതൊ.എന്തൊരു നിറം,എന്തൊരു മുടി,മുഖത്തെ നുണക്കുഴി,കവിളില് എന്തൊരു ഭംഗി.

അങ്ങനെ പരസ്പരം ഹാൻഡ് കൊടുത്തുകൊണ്ട് ഭംഗി ആസ്വദിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് മമ്മി എന്ന് വിളിച്ചുകൊണ്ട് വിനീതയുടെ മക്കൾ വരുന്നത്.വിനീതയുടെ മക്കളെ കണ്ട അഞ്ജലി ഒന്നുകൂടി ഞെട്ടി.ഇരട്ട കുട്ടികൾ. ദേവ്യേ,അനീഷേട്ടന്റെ അതേ മുഖം.

ആ സമയം കൊണ്ട് അവിടേക്ക് ഓടിപ്പിടിച്ചെത്തിയ അനീഷ് ആദ്യം അഞ്ജലിയുടെ നിൽപ്പ് കണ്ട് ഞെട്ടി.പിന്നെ വിനീതയുടെ മക്കളെ കണ്ടപ്പോൾ ഒന്നുകൂടി ഞെട്ടി.അഞ്ജലിയും അനീഷും പരസ്പരം നോക്കിയ ശേഷം വീണ്ടും ഒന്നുകൂടി വിനീതയുടെ മക്കളെ നോക്കി.

അതെ അതുതന്നെ,അനീഷേട്ടന്റെ ജാരസന്തതി. ആഹാ ഇക്കണ്ട കാട്ടിക്കൂട്ടലുകൾ മുഴുവൻ ഉണ്ടാക്കിയത് ഇയാളുടെ പഴയ കാമുകിയെയും ജാരസന്തതിയേയും കാണാൻ ആയിരുന്നല്ലേ.അഞ്ജലി അവിടെനിന്ന് കരച്ചിലും പിഴിച്ചിലും തുടങ്ങി. അനീഷ് ആകും വിധം നോക്കിയിട്ടും അഞ്ജലിയെ ആശ്വസിപ്പിക്കാൻ പറ്റിയില്ല.അനീഷ് മനസ്സാ വാചാ കർമ്മണാ അറിയാത്ത കാര്യമാണ്.അവള് പണ്ട് തേച്ചിട്ട് പോയതുകൊണ്ട് ഇവിടുന്നു പോകുന്നവരെ നേരെ നേരെ കണ്ടാൽ മിണ്ടുക പോലുമില്ലായിരുന്നു. വിനീതയാണെങ്കിൽ അഞ്ജലിയുടെ കരച്ചില് കണ്ടിട്ട് ചിരിയാണ്.

കരച്ചിലും പിഴിച്ചിലും ഇടയിൽ അഞ്ജലി കണക്കുകൂട്ടി നോക്കി. വിനീതയുടെ മകളുടെ വയസ്സ് വെച്ചുനോക്കിയാൽ വിനീത് പ്രഗ്നന്റ് ആയ സമയത്ത് അനീഷ് നാട്ടിലില്ല. വിനീത നാടുവിട്ടെവിടെയും പോയിട്ടില്ല.എങ്ങനെ നോക്കിയിട്ടും കാര്യങ്ങൾ ശരിയാവുന്നില്ല. എല്ലാവരും ഈ സംഭവം ഏറ്റുപിടിച്ചു. അനീഷിനും വിനീതയയ്ക്കും ഇല്ലാത്ത രഹസ്യ ബന്ധം അവിടെ വച്ച് ഉണ്ടായി.അനീഷ് നിന്ന് വിയർത്തു.അഞ്ജലി ആണെങ്കിൽ നിർത്താതെ കരച്ചിൽ.

വിനീത ആരോടും ഒന്നും മിണ്ടാതെ ഇരിക്കുന്നു.സമയം വൈകുന്നതു കൊണ്ട് പ്രശ്നം തീർക്കാൻ ടീച്ചർ ഇടപെട്ടു.മോളെ വിനീതെ,നീയെങ്കിലും പറ. ഇതെങ്ങനെ സംഭവിച്ചു.ടീച്ചറെ നിങ്ങൾ ആരും വിഷമിക്കേണ്ട.ഇത് സംഭവിച്ച വഴി നിങ്ങൾക്കെല്ലാവർക്കും ഇപ്പോ മനസ്സിലാകും.

വിനീത അത് പറഞ്ഞുതീർന്നതും ഗേറ്റ് തുറന്നു കൊണ്ട് ഒരു ബുള്ളറ്റ് സംഭവസ്ഥലത്തേക്ക് വന്നു. ബുള്ളറ്റ് പ്രോഗ്രാം ഗ്രൗണ്ടിന് നടുക്കിൽ നിർത്തിയിട്ട് നെഞ്ചത്ത് തൂക്കിയിട്ട് റെയ്ബാൻ ഗ്ലാസ് എടുത്ത് കണ്ണിൽ വെച്ച് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന ആളെ കണ്ടിട്ട് എല്ലാവരും ഒന്നുകൂടി ഞെട്ടി.വിനീതയുടെ ഭർത്താവ്.പുത്തൻപള്ളി ബിനോയ്‌.എല്ലാവരും ഞെട്ടിയതിനും വിനീത ഇത്രയും നേരം ഇരുന്ന് ചിരിച്ചതിനും ഒരൊറ്റ കാരണം എന്താണെന്ന് ചോദിച്ചാൽ നമ്മുടെ അനീഷിനെയും വിനീതയുടെ ബിനോയിയെയും കണ്ടാൽ ഇരട്ടകളെ പോലെ.തനി ഇരട്ടകൾ.

മോനെ അനീഷേ,നിന്നെ തേച്ചിട്ട് ഞാൻ നിന്നെ തന്നെ കെട്ടി.എങ്ങനെ ഉണ്ട്.ഈ ഡയലോഗ് അനീഷ് വിനീതയുടെ മുഖത്തു നിന്ന് വായിച്ചെടുത്തതാണ്.എന്തായാലും കുട്ടി അനീഷിന്റെയല്ലെന്ന് അറിഞ്ഞപ്പോൾ പ്രശ്നം സോൾവ് ആയി.പ്രോഗ്രാം കഴിഞ്ഞു എല്ലാവരും വീട്ടിലേക്ക് മടങ്ങി.അഞ്ജലിക്ക് ഒരു ഷേക്ക്‌ ഹാൻഡ് കൂടി കൊടുത്തിട്ട് വിനീത ബൈക്കിൽ കയറി പോയി.പക്ഷെ അനീഷിനും അഞ്ജലിക്കും ഞെട്ടൽ മാറിയിട്ടില്ല.

എല്ലാം കഴിഞ്ഞ് അവരും വീട്ടിലേക്ക് പോയി.അന്ന് രാത്രി ഉറങ്ങാൻ കിടന്നപോൾ അഞ്ജലി അനീഷിനോട് ചോദിച്ചു.അനീഷേട്ടാ,ശരിക്കും എന്താ സംഭവിച്ചേ.എനിക്കറിയില്ല മോളെ,ഞാൻ ചോദിച്ചിട്ട് പറയാം.ആരോട് അച്ഛനോട്.ഇതും പറഞ്ഞു പുറത്തേക്കിറങ്ങിയ അനീഷ് ഇറയത്തു ഭിത്തിയിൽ മാലയിട്ട് തൂക്കിയിട്ട അച്ഛന്റെ ഫോട്ടോ നോക്കി ചോദിച്ചു.

അച്ഛാ വല്ല കയ്യബദ്ധവും പറ്റിയോ?