ഊഷരം
എഴുത്ത് :- രഘു കുന്നുമ്മക്കര പുതുക്കാട്
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
സമയമെന്തായി കാണും?
സുബിത, തലചരിച്ചു ചുമരിലെ ക്ലോക്കിലേക്ക് നോക്കി. മൂന്നര കഴിഞ്ഞിരിക്കുന്നു. തുലാമാസം അതിന്റെ സായന്തനങ്ങളെ ഇരുൾ മേഘങ്ങൾ കൊണ്ടു നിറച്ചിരിക്കുന്നു. പ്രഭാതത്തിലെ നീലമേഘങ്ങൾ എത്ര പൊടുന്നനേയാണ് മാഞ്ഞുപോയത്. ഉച്ചവെയിലാറാൻ തുടങ്ങിയാൽ ആകാശമിരുളും. സന്ധ്യയ്ക്കു മുൻപേ മഴയെത്തും. ഇടിനാദങ്ങളും, മിന്നൽ പ്രഭയും മഴയുടെ വരവറിയിക്കും. അമർത്തി വയ്ക്കാൻ വെമ്പിയിട്ടും, നിയന്ത്രണം വിട്ടു പുറത്തുചാടുന്ന രോദനം പോലെ പെരുമഴ ചിന്തുന്നു. പെരുമരങ്ങളെ വില്ലു കണക്കേ വളച്ചും, പുഴകളേ ചേറ്റുനിറം പുതപ്പിച്ചും, ഏതോ മണ്ണടരുകളെ അടിമുടി പിഴുതും തുടച്ചുമാറ്റിയും നിർത്താതെ പെയ്യുന്ന പേമഴ. അതു വരാനിരിക്കുന്നതേയുള്ളൂ.
നഗരത്തിലെ തിരക്കുകളിൽ നിന്നും ഏറെയകലേയായി, ഒറ്റപ്പെട്ടു നിന്നൊരു കൊച്ചുവീട്ടിൽ, ഏകാന്തതയ്ക്കു ബലിമൃഗമായി സുബിത ഇരിക്കുവാൻ തുടങ്ങിയിട്ട് ഏറെ നേരമായി. അടച്ചിട്ട ഉമ്മറവാതിലിന്നപ്പുറത്തെ ചെറുമുറ്റം പിന്നിട്ടാൽ നീണ്ടുകിടക്കുന്ന ടാർ നിരത്താണ്. പാഞ്ഞകലുന്ന മോട്ടോർ വാഹനങ്ങളുടെ ഇരുമ്പലുകളും ഹോൺമുഴക്കങ്ങളും, തുറന്നിട്ട ജാലകത്തിലൂടെ സുവ്യക്തമാക്കുന്നു. ശയനമുറിയിലെ കട്ടിലിൽ തലയിണകൾ അടുക്കിവച്ച്, നടുചാരിയിരിക്കുമ്പോൾ എന്തെന്നില്ലാത്തൊരാശ്വാസം തോന്നുന്നു. ഏറെ നേരം കീഴ്പ്പോട്ട് തൂക്കിയിട്ടിരുന്നതിനാലാകാം, കാൽപ്പാദങ്ങളിൽ ചെറുതായി നീർക്കെട്ടാൻ തുടങ്ങിയിരിക്കുന്നു. ഫാനിന്റെ മുഴുവേഗത്തിലുള്ള കറക്കത്തിനും ശമനം തരാൻ കഴിയാതെ, ഉഷ്ണം മെയ്യിൽ സ്വേദമുകളങ്ങൾ തീർക്കുന്നു. വീർത്ത ഉദരത്തിൽ പതിയെ കൈവച്ചു. എട്ടുമാസം വളർച്ചയെത്തിയ ഒരു ജീവന്റെ തുടിപ്പുകൾ അറിയാൻ കഴിയുന്നുണ്ട്.
വിജേഷ്, വരാനിനിയും രണ്ടു മണിക്കൂർ കൂടിയുണ്ട്. വൈകുന്നേരം ആറുമണിക്കാണ് പതിവ് പരിശോധനകൾക്കായി ഗൈനക്കോളജിസ്റ്റിനെ കാണാൻ പോകേണ്ടത്. എത്താറായിട്ടില്ലെന്നറിയാമെങ്കിലും കാതുകൾ ഇടയ്ക്കിടെ കൂർപ്പിച്ച് ശ്രദ്ധിക്കുകയാണ്; അവന്റെ റോയൽ എൻഫീൽഡിന്റെ ഇരമ്പലിനും മുഴക്കങ്ങൾക്കുമായി.
ടെലിവിഷൻ പ്രവർത്തിച്ചുകൊണ്ടിരിക്കാൻ തുടങ്ങിയിട്ട്, കുറെ നേരമായിട്ടുണ്ട്. ജില്ലയിലെ വാർത്താചാനലാണ്. ഗ്രാമത്തിലെ സാംസ്കാരിക പരിപാടികളും, പഴയകാല ഗാനങ്ങളും ഇടവിട്ട് പ്രക്ഷേപണം ചെയ്യുന്നതിനാൽ ഈ ചാനലിനോടാണ് ഏറെ പ്രിയം. താഴെ, നാട്ടുവാർത്തകൾ സ്ക്രോൾ ചെയ്ത് കടന്നുപോകുന്നു. ചിലപ്പോഴൊക്കെ, വാർത്താവരികളിൽ ബ്രേക്കിംഗ് ന്യൂസുകളും വലിയ അക്ഷരങ്ങളായി നിരയിട്ടു പോകാറുണ്ട്. പ്രിയമുള്ള പാട്ടുകൾ വരുമ്പോൾ, മിഴികൾ ടെലിവിഷൻ സ്ക്രീനിൽ മാത്രമായി തങ്ങിനിൽക്കുന്നു.
“പുലർകാലസുന്ദര സ്വപ്നത്തിൽ, ഞാനൊരു പൂമ്പാറ്റയായൊന്നു മാറി”
‘ഒരു മെയ്മാസപ്പുലരിയിലെ’ പാട്ടു തുടർന്നുകൊണ്ടേയിരുന്നു. എത്ര ഇഷ്ടമായിരുന്നു, ഈ പാട്ടിനോട്; പാട്ടും കേട്ട് കണ്ണടച്ചിരുന്ന കൗമാര ത്തേയോർത്തു. പാട്ടു കൊണ്ടുവരുന്നത് പൂക്കാലങ്ങളാണ്. കണ്ണടച്ചാൽ മനസ്സിൽ ഇതളിടുന്ന പൂക്കൾ. പ്രണയത്തിന്റെ ,സൗഹൃദങ്ങളുടെ പറയാനറിയാത്ത ഇഷ്ടങ്ങളുടെ, രഹസ്യങ്ങളുടെ സൗരഭ്യം പേറിയ ഗാനസൂനങ്ങൾ.
“ഹിമശൈല സൈകത ഭൂമിയിൽ നിന്നും പ്രണയപ്രവാഹമായി വന്നൂ…”
മാധുരിയുടെ സ്വരമാധുര്യം നുണഞ്ഞലിഞ്ഞു ഹൃദയത്തിൽ ചേർന്ന ഗീതം. ഓ എൻ വി യുടെ കവിതകൾ; മാധവിക്കുട്ടിയുടെ തുറന്നുപറച്ചിലുകൾ, രവീന്ദ്രന്റെ സംഗീതം, മനസ്സ് എന്നുമെന്നും, ഇത്തരം ആർദ്രതകളിലൂടെ മാത്രം സഞ്ചരിച്ചു.. ഏതു ഗ്രീഷ്മത്തിലും, അന്തരംഗത്തിലൊരു മഴക്കാലമൊരുങ്ങിയിരുന്നു. മോഹങ്ങളുടെ ഘനമേഘങ്ങൾ നിറഞ്ഞ മനസ്സ്, ഒരു സ്പർശം മോഹിച്ചു തപിച്ചുകൊണ്ടിരുന്നു. ഒന്നാർത്തിരമ്പിപ്പെയ്യാൻ.
പ്രമോദ്, ഇപ്പോൾ എന്ത ചെയ്യുകയാവും? താമസിച്ചിരുന്ന വീടും പറമ്പും വിറ്റ്, അമ്മയെയും കൂട്ടി എങ്ങോട്ടോ പോയിയെന്നാണ് വിജേഷ് പറഞ്ഞത്. ഒരുപക്ഷേ, കേരളം തന്നെ ഉപേക്ഷിച്ചിട്ടുണ്ടാകാം പ്രമോദ്. അമ്മയെയും കൊണ്ട് ബാംഗ്ലൂരിലേയോ ചെന്നൈയിലെയോ ഏതെങ്കിലും ഒരു ഫ്ലാറ്റിൽ ഇപ്പോൾ താമസിക്കുന്നുണ്ടാകാം. ഇപ്പോഴും പ്രമോദിന്റെ സെൽഫോണിൽ നിറയെ ചൂടൻ ക്ലിപ്പിംഗ്സ് ഉണ്ടാകും. അടഞ്ഞ മുറിയിൽ, അനാവൃത സ്ത്രീശരീ രങ്ങൾ തീർക്കുന്ന വൈ കൃതങ്ങൾ ആസ്വദിക്കുകയാവാം. മുറി നിറയേ, സിഗരറ്റു പുക അലഞ്ഞുതിരിയുന്നുണ്ടാവും. വിലയേറിയ വിസ്കിയുടെ ഗന്ധവും. അമ്മയിപ്പോൾ സ്വയം മറന്നു, ഏതെങ്കിലും കണ്ണീർ പരമ്പരയ്ക്ക് പുറകിലായിരിക്കും. ടെലിവിഷനിൽ ഇടവേളകളിലെത്തുന്ന പരസ്യങ്ങളെ
ശപിച്ചു കൊണ്ട്;
പ്രമോദ്, കേരളത്തിൽ പുതിയ വീട് വെച്ചിട്ട് രണ്ടുവർഷത്തോളമാകുന്നു. അതിനു മുൻപ് ബാംഗ്ലൂരിലെ നഗരഹൃദയഭൂമികയിയലായിരുന്നു ജീവിതം. ഒപ്പം, ഭാര്യയായ ഈ സുബിതയും പ്രമോദിന്റെ അമ്മയും. തികച്ചും അപ്രതീക്ഷിത മായിരുന്നു പ്രമോദമായുള്ള വിവാഹം. കച്ചവടങ്ങളും ലാഭകഥകളും മാത്രം അറിയുകയും ശീലിക്കുകയും ചെയ്ത ഒരാൾക്ക്, സുബിതയെന്ന നാട്ടിൻപുറത്തുകാരിയെ ഇഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഒരൂഹവും കിട്ടിയിരുന്നില്ല. പരിമിതമായ സ്ത്രീധനവും, ഇനിയൊരിക്കലും കിട്ടാനില്ലാത്ത ഭൂസ്വത്തും പ്രമോദ് സഹിച്ചതെന്തിനായിരുന്നു? ഉത്തരം ആദ്യരാത്രിയിലേ കിട്ടി. നാടൻ പെണ്ണിൻറെ മുഖശ്രീയും, മെയ്യഴകും മാത്രമായിരുന്നത്രേ പ്രമോദിന് തന്നെ സ്വന്തമാക്കാനുള്ള പ്രേരണ. അത്, പ്രമോദ് ഏറെ ആസ്വദിക്കുകയും മുതലാക്കുകയും ചെയ്തു. പ്രമോദിലെ കച്ചവടക്കാരൻ വാങ്ങിയതെന്തും പരമാവധി ചൂഷണം ചെയ്യുമെന്നു പതിയേയറിഞ്ഞു. പക്ഷേ, പ്രമോദിനു ശരീരം മാത്രം മതിയാകുമായിരുന്നു. അതിലെ മനസ്സു, തീർത്തും വേണ്ടായിരുന്നു.
ബാംഗ്ലൂരിലെ വീട്ടിലെ അകത്തളത്തിൽ, എല്ലാം അന്യമാവുകയായിരുന്നു. പ്രിയഗീതങ്ങൾ, കവിതകൾ, ദിവാസ്വപ്നങ്ങൾ, ആർദ്രചിന്തകൾ, എല്ലാം. രാക്കാലങ്ങളിൽ പ്രമോദിന്റെ ടാബിൽ നിന്നും സീൽക്കാരങ്ങളുയർന്നു. ഓരോ കാഴ്ച്ചയിലും, അയാളിൽ നിന്നും “വൗ” എന്നോ “ഹാവൂ” എന്നോ ശബ്ദങ്ങളുണ്ടായി. സി ഗരറ്റു ഗന്ധവും, വിസ്കിയുടെ രൂക്ഷതയും സമന്വയിച്ച കിടപ്പറയിൽ, പ്രമോദിന്റെ നീലക്കാഴ്ച്ചകൾക്ക് വിരാമം കുറിച്ചത് ഈ ശരീരത്തിലായിരുന്നു. എല്ലാം കഴിഞ്ഞ്, കിടക്കയിൽ കമിഴ്ന്നു കിടക്കുന്ന അവന്റെ വൃത്തികെട്ട കൂർക്കംവലി കേട്ട് മരിച്ചാൽ മതീന്നു തോന്നിയിരുന്നു.
മാസങ്ങൾ വേഗം കടന്നുപോയി. പ്രമോദ്, നാട്ടിൽ ഒരു വലിയ വീടും പറമ്പും വാങ്ങി. അമ്മയും, താനും കേരളത്തിലേക്കു പറിച്ചുനടപ്പെട്ടു. സുബിതയോർത്തു;.എത്ര വേഗമാണ്, പ്രമോദിന് തന്നെ മടുത്തത്. അവന്റെ സ്വപ്നങ്ങളിലെ പെണ്ണുങ്ങളുടേ ശീൽക്കാരങ്ങളോ, രതിയിലേ അതിവൈഭവങ്ങളോ തനിക്കില്ലാതെ പോയല്ലോ. മാരലീലകളുടെ ബാലപാഠം പോലുമറിഞ്ഞത്, അവനിൽ നിന്നുമാണ്. പ്രമോദ്, ബാംഗ്ലൂരിൽ തന്നേ തുടർന്നു. അവന്റെ വൈകൃതങ്ങളും.
നാട്ടിൽ, ആ വലിയ വീട്ടിനുള്ളിൽ അമ്മായിയമ്മയുടെ സീരിയൽ ഭ്രാന്തും, തന്റെ നിശബ്ദതയും ഒരിക്കലും പരസ്പരം പൊരുത്തപ്പെടാതെ നിന്നു. സോഷ്യൽ മീഡിയായിലെ, പാട്ടുകൾ ഇഷ്ട്ടപ്പെടുന്നവരുടെ ഗ്രൂപ്പിൽ സജീവമായത് അക്കാലത്താണ്. പാട്ടുകാർ; പാട്ടിനെ അറിയുന്നവർ, കവിതയും കഥകളും ഹൃദയത്തിൽ പേറുന്നവർ. പകലുകളും, രാക്കാലങ്ങളുമെല്ലാം അവരോടൊപ്പം സഞ്ചരിച്ച്, ആഹ്ലാദപ്രദമാക്കി. അതിലൊരാ ളായിരുന്നു വിജേഷ്. നന്നായി പാടുകയും, അതിലേറെ മധുരമായി സംസാരിക്കുകയും ചെയ്യുന്ന വിജേഷ്..പകലിരവുകൾ മുഴുവൻ ഫോണിനു വിശ്രമമില്ലാതായി. അവൻ, തന്നേക്കാൾ രണ്ടുവയസ്സിനിളയവൻ. പത്മരാജന്റെ ‘ ഞാൻ ഗന്ധർവ്വൻ ‘ സിനിമയിലേപ്പോലെ ഒരു മുത്തു കിട്ടാൻ കൊതിച്ച വിരഹരാവുകൾ.
കുതൂഹലങ്ങളിൽ, പഴയ കൗമാരക്കാരി പുനർജ്ജനിക്കുകയായിരുന്നു. കുന്നത്തേ കാവും, ശീവേലിയും കണ്ട് മനം നിറഞ്ഞ്, പാടവരമ്പുകളും, ചെളിച്ചാറു പുരണ്ട ചെമ്മൺ വഴികളും നീളെ പട്ടുപാവാടയുടെ സീൽക്കാരമുയർത്തി, തരിവളകിലുക്കി, ചെമ്പകപ്പൂ ചൂടി നടന്നുനീങ്ങിയ പാവാടക്കാരി. വീണ്ടും, മിഴികളിൽ സ്വപ്നസാഗരനീലിമ കുടിയേറുകയായിരുന്നു. വിജേഷിന്റെ പാട്ടുകൾ; അവയിലൂറിയ പ്രണയമധുരങ്ങൾ. ചെയ്യുന്നതു തെറ്റാണെന്നു കൂടി, ഓർക്കാനിഷ്ടപ്പെട്ടില്ല. ഇറങ്ങിച്ചെല്ലുകയായിരുന്നു, പ്രണയത്തിന്റെ ഊഷ്മള തീരങ്ങളിലേക്ക്, നിർഭയം.
വിജേഷിന്റെ വീട്ടുകാർ,ആദ്യം തിരസ്കരിച്ചു. പുറകേ, നാടും നാട്ടുകാരും സ്വന്തം വീട്ടുകാരുമെല്ലാം നിർദയം അവഗണിച്ചു. പാട്ടും, ചെറിയൊരു ജോലിയുമല്ലാതെ അവന്, സ്വന്തമായൊന്നുമുണ്ടായിരുന്നില്ല. ഏറെയലച്ചിലുകൾക്കു ശേഷമാണ്, ഈ വാടകവീടു ശരിയായത്. വിജേഷ്, നല്ലൊരു ഇണയായിരുന്നു, തുണയും. ഞായറാഴ്ച്ചകളിൽ വിവിധ ചടങ്ങുകളിൽ പാടാനും, മറ്റു ദിവസങ്ങളിൽ ഓൺലൈനിൽ ഭക്ഷണം എത്തിക്കുന്ന ഡെലിവറി ബോയ് ആയും അവൻ ജോലി ചെയ്തു. രാക്കാലങ്ങളിൽ ഒരുമിച്ചുണ്ടു..കനവുകൾ കണ്ടു; നല്ല ദമ്പതികളായി.
ഒരു വർഷം എത്താറാകുന്നു. അമ്മയാകാൻ പോകുന്ന സന്തോഷം, ആഘോഷിച്ചു മതിവന്നിരുന്നില്ല. വിജേഷ്, വീണ്ടും കഠിനാദ്ധ്വാനിയായി. ജോലികളുടേയും, സംഗീതസദസ്സുകളുടേയും സന്ദർഭങ്ങളും, സമയക്രമങ്ങളും ഏറെ വർദ്ധിപ്പിച്ചു. പാവം; അലച്ചിലുകളും മാനസികസംഘർഷങ്ങളും അവനേ, ഏറെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഉറക്കവും കൃത്യമായി ഇല്ല..ജീവിതത്തെ വാശിയോടെ നേരിടുകയാണവൻ; അവനൊന്നു വേഗം വന്നെങ്കിൽ…
വീണ്ടും, ടെലിവിഷനിലേക്കു കണ്ണുകൾ സഞ്ചരിച്ചു.
“നീലരാവിലിന്നു നിന്റെ താരഹാരമിളകി, സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി, പാർവ്വതീ പരിണയ യാമമായ്…”
കുടുംബസമേതത്തിലെ പാട്ട്, നിറനിലാവു ചൂടിയ രംഗങ്ങളുമായി തുടർന്നുകൊണ്ടേയിരുന്നു.
പൊടുന്നനേ, താഴെ ചോണനുറുമ്പുകൾ പോലെ വരിയിട്ടു നീങ്ങിയിരുന്ന വാർത്താവരികൾക്കു വലുപ്പം വച്ചു. ബ്രേക്കിംഗ് ന്യൂസ് ‘ എന്ന തലക്കെട്ടോടെ വാർത്ത, തുടർച്ചയായി മിന്നിമറഞ്ഞു. സുബിത, ആ വാർത്ത ഒന്നിലധികം തവണ വായിച്ചു. മിഴികളേ വിശ്വസിക്കുവാനാകാതെ, അവൾ വീണ്ടും വീണ്ടും നോക്കി. വാർത്തകൾ, അവളുടെ മനസ്സിലെ തിരശ്ശീലയിൽ ഒരു രംഗം തീർക്കു അതിൽ, പാഞ്ഞുവരുന്നൊരാരു റോയൽ എൻഫീൾഡു ബുള്ളറ്റിനേ ഇടിച്ചു വീഴ്ത്തി, അലറി നിരങ്ങി നിന്ന ട്രാൻസ്പോർട്ടു ബസ് തെളിഞ്ഞു വന്നു. നിരത്തിൽ പടർന്ന ചുടുചോ ര. പാതിയിൽ മുറിഞ്ഞ, ജീവന്റെ ഗീതികൾ.
പൊടുന്നനേയൊരു മിന്നൽ പുളഞ്ഞു. ആ അഗ്നിനാമ്പുകളേ പിന്തുടർന്നു വന്ന ഇടിനാദത്തിൽ കുഞ്ഞുവീടു വിറച്ചു. കറണ്ടു പോയി. ടെലിവിഷനിലേ പ്രിയഗാനവും, ദുരന്തവാർത്തയും നിലച്ചു. മുറിയകമാകമാനം ഇരുളു പരന്നു. സുബിതയുടെ പ്രജ്ഞയിലും അന്ധകാരം നിറഞ്ഞു. അവൾ, കുഴഞ്ഞു താഴെ വീണു. പുറത്തു പെരുമഴ ചെയ്യാൻ തുടങ്ങിയിരുന്നു. കദനം വിളംബരം ചെയ്യുന്ന തോരാമഴ…