വരുന്ന ഹസീബിനെ കണ്ടപ്പോ റയീസിന്റെ ഉമ്മാടെ കണ്ണ് നിറഞ്ഞതാണ് .. ആരും കാണാതെ കണ്ണ് തുടച്ചു അവരോട്…..

എഴുത്ത്:-സൽമാൻ സാലി

” ഉമ്മാ .. ഈ സാധനങ്ങൾ ഒന്ന് എടുത്തുവെച്ചേക്ക് .. ഹംന എവിടെ ..?

പെരുന്നാൾ തലേന്ന് തിരക്ക് പിടിച്ച ഓട്ടത്തിനിടെ സാധനങ്ങളുമായി വന്നതാണ് ഹസീബ് ..

” ഹംന മൈലാഞ്ചി അരച്ചുകൊടുത്തില്ല എന്നും പറഞ്ഞു എന്നോട് ദേഷ്യപ്പെട്ട് കിടക്കുവാ ..!!

” ഇങ്ങള് ഓളെ വിളിക്ക് അനൂനേം .. ഓൾക് മൈലാഞ്ചി ഞാൻ കൊണ്ട് വന്ന്ക്ക്ണ് …

മൈലാഞ്ചി കൊണ്ട് വന്നു എന്നറിഞ്ഞപ്പോൾ ഹംനയും അനുവും ഓടി വന്നു ..

” ഡാ ഇയ്യ്‌ പൊവല്ല ട്ടോ ഞാൻ കുറച്ചു പായസം എടുക്കാം .. അത് കുടിച്ചിട്ട് പോവാം ട്ടോ ..

ഹസീബ് പോക്കറ്റിൽ നിന്നും ഒരു പെട്ടി കമ്പിത്തിരിയും മത്താപ്പൂപും എടുത്തു അവരോടൊപ്പം ഇരുന്നു കത്തിക്കാൻ തുടങ്ങിയപ്പോഴാണ് റാഷിദ് വിളിക്കുന്നത് ..

” ഡാ അടുത്തത് നിന്റെ നമ്പറാണ് .. ഇയ്യ്‌ വേഗം വായോ ..

” വരുന്നെടാ ഇയ്യ്‌ ഇരുന്നോ ഞാൻ അടുത്തത് ഇരുന്നോളാം .. ബാർബർ ഷാപ്പിൽ ബുക്ക് ചെയ്തു സാധനവുമായി ഓടി വന്നതാണ് ഹസീബ് .. പക്ഷെ തിരക്ക് ഹംനക്കും അനുവിനും അറീക്കാതെ അവരോടൊപ്പം ഇരുന്നു ആഘോഷിച്ചു പായസവും കുടിച്ചു ഹസീബ് അവിടുന്ന് ഇറങ്ങി ..

” ഹസീബ് .. ഇയ്യോന്ന് നിന്നെ .. കുട്യോൾക് ഡ്രെസ്സെടുക്കാൻ പോയപ്പോ ഈ ഷര്ട്ട് കണ്ടിട്ട് ഹംന പറഞ്ഞു ഹസീക്കക്ക് വാങ്ങിയാലോ ന്ന് .. അനക്ക് വാങ്ങിച്ചതാ .. ഒരു നീല ഷര്ട്ട് ഹസീബിന്റെ കയ്യിൽ കൊടുത്തു ..

റയീസും ഹസീബും രണ്ട് വയറ്റിൽ പിറന്നതാണെങ്കിലും കൂടെപ്പിറപ്പുകളെപോലെ കഴിഞ്ഞവർ .. ഒരാൾക്ക് പനി വന്നാൽ മറ്റേ ആൾക്കും പനിക്കും . രണ്ടുപേരുടേം ആഗ്രഹം ആയിരുന്നു എൻജിനിയർ ആയിട്ട് നാട്ടിൽ തന്നെ ജോലി ചെയ്യണം എന്ന് .. ഒരു ദിവസം കോളേജിൽ നിന്നും വരുമ്പോൾ ഉണ്ടായ ഒരാക്സിഡന്റിൽ തലക്ക് ക്ഷതം പറ്റി റയീസ് മരണപ്പെട്ടത് … കുറെ നാൾ ഹസീബ് ആരോടും മിണ്ടിയിരുന്നില്ല ഇടക്കിടയ്ക്ക് റയീസിന്റെ ഖബർ സന്ദർശിച്ചു എന്തൊക്കെയോ പറഞ്ഞു പൊട്ടിക്കരയുമായിരുന്നു ..

റയീസിന്റെ പെങ്ങന്മാരാണ് ഹംനയും അനുവും .. റയീസിന്റെ മരണ ശേഷം ഒരാങ്ങളയുടെ സ്ഥാനത്ത് നിന്ന് അവരുടെ കുഞ് ആഗ്രഹം പോലും മുടങ്ങാതെ നടത്തികൊടുക്കുന്ന അവരുടെ ഹസീക്കാ .. റയീസിന്റെ സ്ഥാനം ഹാസീബിന് നൽകി ആ ഉമ്മയും ..

” ഡാ ഹസിയെ നാളെ വരൂലേടാ ..

” എന്ത് ചോദ്യ ഉമ്മാ ഞങ്ങളെല്ലാരും വരും ഇങ്ങളെ ബിരിയാണിക്ക് വയർ കാലി വെക്കുകയും ചെയ്യും ..

ഹസീബ് ബൈക്കുമെടുത്ത് ബാര്ബര്ഷോപ്പിലേക്ക് വിട്ടു …

പിറ്റേ ദിവസം ഉച്ച കഴിഞ്ഞാണ് ഹസീബും ഇർഷാദും സവാദും നസീറും പ്രവീണും അവിടേക്ക് കേറിവരുന്നത് ..

ഇന്നലെ കൊടുത്ത നീല ഷർട്ടും ഇട്ടോണ്ട് വരുന്ന ഹസീബിനെ കണ്ടപ്പോ റയീസിന്റെ ഉമ്മാടെ കണ്ണ് നിറഞ്ഞതാണ് .. ആരും കാണാതെ കണ്ണ് തുടച്ചു അവരോട് സംസാരിക്കാൻ തുടങ്ങി ..

” ന്റെ ഹസിയെ ഹസീക്ക എപ്പോഴാ വരുവാ എന്നും ചോദിച്ചു രണ്ടാളും രാവിലെ മുതൽ എന്റെ പിന്നാലെ കൂടിയത് .. അനക്ക് അവരുടെ ഉടുപ്പും മൈലാഞ്ചി ഇട്ടതും കാണിക്കണം എന്നും പറഞ്ഞോണ്ട് ഇതുവരെ കാത്തിരുന്നു ഇപ്പൊ അപ്പുറത്തെ വീട്ടിലേക്കിറങ്ങിയതാ അവര് ..

പറഞ്ഞു തീരും മുൻപ് രണ്ട് മഞ്ഞ ചിത്രശലഭങ്ങളെ പോലെ ഹംനയും അനുവും ഹസീബിന്റെ അടുത്തേക്ക് ഓടി വന്നു ..

” ഹസീക്കാ അനൂന്റെ മൈലാഞ്ചി ചൊന്നിട്ടില്ല ഓള് വെക്കം കഴുകി .. ഞാൻ രാവിലെ കഴുകിയൊണ്ട് ന്റേത് നല്ലോം ചൊന്നുക്ക്ണു ..

ഓടി വന്ന ഹംന മൈലാഞ്ചി ചുവപ്പ് കാണിച്ചുകൊണ്ട് ഹസീബിന്റെ അടുത്ത് വന്നു . രണ്ടാളേം കൂട്ടി ഹസീബ് ഫോട്ടോ എടുത്തതിന് ശേഷം അകത്തുപോയി ഭക്ഷണം സെറ്റാക്കി എല്ലാരേം വിളിച്ചു ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഹസീബിന്റെ ഇരുവശവും ഹംനയും അനുവും സ്ഥാനം ഉറപ്പിച്ചിരുന്നു …

എല്ലാരും ഇറങ്ങാൻ നേരം ഹസീബ് ഉമ്മാനെ വിളിച്ചു ..

” ഉമ്മാ .. ഇവരേം കൂട്ടി ഇങ്ങളോട് വീട്ടിലേക്ക് വരാൻ പറഞ്ഞു ഉമ്മ .. വൈകിട്ട് നിദയും ഫിദയും കടല് കാണാൻ പോകണം എന്ന് പറഞ്ഞിരുന്നു .. ഹംനയും അനുവും കൂടെ പോരട്ടെ .. അല്ലെ ..

ഹസീബ് ഇറങ്ങിപോകുമ്പോൾ റയീസിന്റെ ഉമ്മാന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .. അവരോടൊപ്പം തോൾചേർന്നു നടക്കാൻ ന്റെ മോൻ ഇല്ലാലോ എന്നോർത്ത് കണ്ണ് നിറഴുമ്പോഴും അവന്റെ ഒരു കുറവും തോന്നിപ്പിക്കാതെ. ഉമ്മാ എന്ന് വിളിക്കാൻ ഒരു നല്ലൊരു കൂട്ടുകാരനെ അവന് കിട്ടിയതോർത്ത് സന്തോഷവും അവരുടെ മനസ്സിൽ ഉണ്ടായിരുന്നു …

ചില സൗഹൃദങ്ങൾ അങ്ങിനെയാണ് രക്തബന്ധത്തെക്കാൾ ഹൃദയത്തിൽ സ്ഥാനം നൽകിപ്പോരുന്ന സൗഹൃദങ്ങൾ ..