Story written by Sivadasan Vadama
കുറച്ചു പൈസ തരാനുള്ള അവൻ കുറച്ചു നാളായി കടയിലേക്ക് വരുന്നില്ല.
എന്തുപറ്റി എന്ന് അറിയാൻ അവന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു. ഫോൺ സ്വിച്ചോഫ് ആണ്.
മൂന്നു നാലു ദിവസം വിളിച്ചു നോക്കി. ഫോൺ സ്വിച്ചോഫ് തന്നെ.
ഒരു ദിവസം സന്ധ്യാസമയം വണ്ടിയുമെടുത്തു അവന്റെ വീട്ടിലേക്ക് പോയി.വീട് ഇരുട്ടിൽ ആണ്ടു കിടക്കുന്നു.
ഇവിടെ ആരുമില്ലേ?
ഒരു നിമിഷം ഞാൻ സംശയിച്ചു നിന്നു. വാതിൽ തുറന്നു കിടക്കുന്നു.
അകത്തു മെഴുകുതിരിയുടെ വെട്ടം കാണുന്നു.
അവനെ പേരെടുത്തു വിളിച്ചു.?അവൻ പുറത്തേക്ക് ഇറങ്ങി വന്നു.
അവൻ വല്ലാതെ ഷീണിതൻ ആയിരുന്നു.
എന്തു പറ്റി എന്നു ചോദിച്ചു.
അവൻ മറുപടി ഒന്നും പറഞ്ഞില്ല.
നിനക്ക് സുഖമില്ലേ?
അസുഖം മനസ്സിനാണ്.?പണിയില്ല.
നിന്നെ കടയിലോട്ട് കാണാറില്ല അതുകൊണ്ട് ഞാൻ അന്വേഷിച്ചു വന്നതാണ്. ഞാൻ പറഞ്ഞു.
എന്തു എടുത്തിട്ട് ആണ് കടയിലോട്ട് വരുന്നത്. നിന്റെ വാങ്ങാവുന്നതിലധികം വാങ്ങി. ഇനിയും നിന്നോട് കടം ചോദിക്കാൻ മടി. ഗ്യാസ് തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. കരണ്ടു ബിൽ അടക്കാതെ കരണ്ട് കട്ട് ചെയ്തു. കേബിൾ ബിൽ അടക്കാതെ കേബിൾ കട്ട് ചെയ്തു. ഫോണിൽ ചാർജ് ചെയ്യാതെ ഫോൺ കണക്ഷൻ ഇല്ലാതായി.
ലോൺ അടക്കാൻ കാശില്ലാതെ വന്നപ്പോൾ സ്മാർട്ട് ഫോൺ വിറ്റ് സിം ഊരി.
കുറച്ചു റേഷനരി ഉള്ളത് വേവിച്ചു ചമ്മന്തി അരച്ച് ചോറുണ്ണുകയാണ്. അതാണ് ഇപ്പോളത്തെ അവസ്ഥ.
അവൻ പറഞ്ഞത് സത്യസന്ധമാണെന്ന് വീടിന്റെ അവസ്ഥ കണ്ടപ്പോൾ മനസ്സിലായി.
നീ എന്തായാലും കടയിലോട്ട് വാ. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി കൊണ്ടു പൊയ്ക്കോ. അതു പറഞ്ഞു ഞാൻ തിരിച്ചു പോന്നു.
ഇന്നു മിക്കവാറും കുടുംബങ്ങളിലെ അവസ്ഥ ഇതൊക്കെ തന്നെ ആണ്. എല്ലാ ദിവസവും ലോൺ അടവുകൾ.
ജനങ്ങളുടെ കരുതലില്ലായ്‌മ കൊണ്ടാണ് ഇത്രയും ലോൺ അടവുകൾ എന്നു മറ്റുള്ളവർ വിലയിരുത്തിയേക്കാം.
പക്ഷേ ഇന്ന് സാധാരണക്കാരന് ലഭിക്കുന്ന തുച്ഛമായ ശമ്പളം ഒന്നിനും തികയുന്നില്ല എന്നതാണ് സത്യം. കുട്ടികളുടെ പഠന ചിലവ്, കരണ്ടു ബിൽ, ഗ്യാസ്, കേബിൾ, വെള്ളത്തിന്റെ ബിൽ എന്നിങ്ങനെ ഒട്ടനവധി ചിലവുകൾ വരുമ്പോൾ അവനു കിട്ടുന്ന കൂലി ഒന്നിനും മതിയാകുന്നില്ല.
അതിനിടയിൽ അപ്രതീക്ഷിതമായി വരുന്ന ഹോസ്പിറ്റൽ കേസുകൾ. കല്യാണം, പേരുവിളി എന്നിങ്ങനെയുള്ള ചിലവുകൾ. അതിനു അവൻ ലോൺ എടുക്കുക തന്നെ ആണ് മാർഗ്ഗമുള്ളൂ. ഒരു ലോൺ അടക്കാൻ കഴിയാതെ വരുമ്പോൾ അടുത്ത ലോൺ. അതിനിടയിൽ ആണ് പണി സ്ട്രക്ക് ആകുന്നത്. അതോടെ അവന്റെ എല്ലാ കണക്കു കൂട്ടലുകളും പി ഴക്കുന്നു.
ഇന്നു സാധാരണക്കാരന്റെ വീട്ടിലെ അവസ്ഥ ഇതൊക്കെ തന്നെ ആണ്. പലരും സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിഷാദ രോഗത്തിലേക്ക് ആണ്ടു പോകുന്നു. നിൽക്ക കളി ഇല്ലാതെ പലരും ആത്മഹ ത്യ ചെയ്യുന്നു.
ആർക്കും ആരെയും സഹായിക്കാൻ കഴിയാത്ത അവസ്ഥ. ഈ രീതിയിൽ മുമ്പോട്ട് പോയാൽ ജനജീവിതം ദുസ്സഹമാകും. എന്താണ് ഇതിനു പോംവഴി. ആരാണ് ഇതിനു പരിഹാരം കണ്ടെത്തേണ്ടത്. മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ കാണുമ്പോൾ അമ്പരപ്പോടെ കാണുന്ന നമ്മൾ ചുറ്റിലും ഒന്ന് കണ്ണോടിച്ചു നോക്കൂ. നമ്മുടെ അയൽ വീട്ടിലുള്ളവരുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെ ആണ്.