എഴുത്ത്:- മഹാ ദേവൻ
റേഷൻ വാങ്ങാൻ വെച്ച കാശെടുത്ത് കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയതിനായിരുന്നു ആദ്യമായാവൻ ‘കുരുത്തംകെട്ടവ’നെന്ന പേരിനർഹനായത്.
” ചെക്കൻ ഈ ചെറുപ്രായത്തിൽ തന്നെ കക്കാനും തുടങ്ങി ” എന്ന് പരാതി പറഞ്ഞ അമ്മയോട് ” അവൻ ചെറിയ കുട്ടിയല്ലെടി, പിള്ളേരായ ഇച്ചിരി കുരുത്തക്കേട് ഒക്കെ ഉണ്ടാകും ” എന്ന് വാക്ക് കൊണ്ട് അമ്മയുടെ ആവലാതിയെ നിസ്സാരമായി തള്ളിക്കളഞ്ഞതായിരുന്നു അച്ഛൻ ചെയ്ത തെറ്റ്.
കൗമാരത്തിന്റെ പടിക്കലെത്തി നിൽക്കുമ്പോൾ സൈക്കിളിനായിരുന്നു അവന്റെ വാശി. ” പിള്ളേരല്ലേ ” എന്ന് പറഞ്ഞ അച്ഛനെ നോക്കി ” നിങ്ങളൊറ്റ ഒരുത്തനാ ഈ ചെക്കനെ ഇങ്ങനെ വഷളാക്കുന്നത് ” എന്ന് പതം പറഞ്ഞ അമ്മയ്ക്ക് മറുപടി അയാളിൽ ഒരു പുഞ്ചിരി മാത്രമായിരുന്നു.
പിന്നീട് “മൊബൈൽ വാങ്ങി തന്നില്ലെങ്കിൽ ചാടി ചാവും ” എന്നും പറഞ്ഞ് പറഞ്ഞ് പുരപ്പുറത്തു കയറിയ മകനെ പുതിയ ഫോൺ കാട്ടി അനുനയിപ്പിച്ചിറക്കിയ ആ അച്ഛന്റെ സ്നേഹത്തിൽ എവിടെയോ പിന്നെയും തെറ്റുകൾ ആവർത്തിക്കപ്പെടുകയായിരുന്നു.
” ചെക്കന്റെ കൂട്ടുകെട്ടെത്ര ശരിയല്ല ” എന്ന് അമ്മ പറയുമ്പോഴെല്ലാം ആൺകുട്ടിയല്ലേ, അവൻ, കൂട്ടുകാരൊക്കെ ഉണ്ടാകും, ഞാൻ സംസാരിച്ചോളാം അവനോട് ” എന്ന മറുപടിയിൽ ആ സംസാരത്തെ തടഞ്ഞുനിർത്തുമ്പോൾ മകന്റെ നാ ശത്തിലേക്കുള്ള വഴി വെ ട്ടിക്കൊടുക്കുകയായിരുന്നു അയാൾ.
നാല് വർഷം കഷ്ടപ്പെട്ട് ചിട്ടി അടച്ച കാശ് കയ്യിൽ കിട്ടിയ അന്ന് സന്തോഷത്തോടെ അത് ഭാര്യയെ ഏൽപ്പിക്കുമ്പോൾ ” ഉള്ള കാശ് കൊണ്ട് വീടൊന്ന് പൊളിച്ച് നേരേ ആക്കണം ” എന്ന അയാളുടെ സ്വപ്നങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സ് നൽകുന്നതായിരുന്നു മകന്റെ പുതിയ ആവശ്യം.
” ഒരു പുതിയ ബൈക്ക് വേണം ” എന്ന അവന്റെ ആവശ്യത്തെ ” അതിന് ഇവിടെ എവിടെ കാശ്? നീ കൊണ്ട് തന്നിട്ടുണ്ടോ ” എന്ന അമ്മയുടെ ചോദ്യത്തിന് മുന്നിൽ അവനിലെ കുരുത്തം കേട്ടവൻ സടകുടഞ്ഞെഴു നേറ്റപ്പോൾ ആ അമ്മയ്ക്ക് നഷ്ടമായത് കഴുത്തിൽ കിടന്ന രണ്ട് പവന്റെ കെട്ടുതാലി ആയിരുന്നു. ഒറ്റ വലിയിൽ അവന്റെ ഉള്ളം കയ്യിലൊതുങ്ങിയ മാലയുമായി മകൻ പുറത്തേക്ക് കുതിക്കുമ്പോൾ ഭാര്യയുടെ നിലവിളികേട്ട് അവനെ തടയാൻ നിന്ന അയാൾ ആദ്യ മായറിഞ്ഞു മകനിലെ ” കുരുത്തംക്കെട്ടവ”നെ.
അവന്റെ ഒറ്റ തള്ളലിൽ നിലത്തു വീണ അയാളെ അലറിക്കരഞ്ഞു ആ അമ്മ പിടിച്ചെഴുനേൽപ്പിക്കുമ്പോൾ അയാളും പറയുന്നുണ്ടായിരുന്നു ” കുരുത്തംക്കെട്ടാവൻ “എന്ന്.
” ഇനി ആ കാശ് കൂടി അവൻ കൊണ്ടുവോ ” എന്ന് വേവലാതി പറഞ്ഞ അയാളോട് ദേഷ്യത്തോടെ ആ അമ്മ പറയുന്നുണ്ടായിരുന്നു ” ഒന്നേ ഉളളൂ എങ്കിൽ ഉലക്ക കൊണ്ട് തല്ലണം എന്ന് പറയുന്നത് വെറുതെ അല്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ ” എന്ന്.
അയാളൊന്നു നെടുവീർപ്പിട്ടു. പിന്നെ പതിയെ തൊടിയിലേക്ക് നടന്നു.
തൊടിയിലെ പണിക്കിടയിൽ മുഴുകുമ്പോഴും അയാൾ സ്വയം ശപിച്ചു കൊണ്ടിരുന്നു ” തന്നോളം പോന്നവന്റെ ” തെ മ്മാടിത്തരതിന് ചുക്കാൻ പിടിച്ചതോർത്ത്.
പുതിയ ബൈക്ക് കിട്ടിയവൻ കൊള്ളരുതായ്മകൾക്ക് കൂട്ടം ചേരുമ്പോൾ അവന്റെ അച്ഛനെന്ന ചീ ത്തപ്പേരായിരുന്നു അവനാൽ അയാൾക്ക് കിട്ടിയ സമ്പാദ്യം.
അന്ന് തൊടിയിലെ മണ്ണിലേക്ക് വിയർപ്പിനെ ഒഴുകുമ്പോൾ നാട്ടുകാരിൽ ആരോ ഒരാൾ വന്നു പറയുന്നുണ്ടായിരുന്നു ” ടൗണിൽ ഒരു ആക്സിഡന്റ്, മകൻ……. “
ആ വാക്കുകൾ അയാൾ മുഴുവൻ കേട്ടില്ല.അയാൾ ഒന്നുകൂടി മണ്ണ് അമർത്തി ഉഴുത് ഒരു കുഴിയെടുത്തു . പിന്നെ അപ്പുറത്തെ മാവിൻ ചോട്ടിൽ വെണ്ണീറ് പൂശി വെച്ചിരുന്ന ഒരു ഏത്തവാഴ തൈ ആ കുഴിയിലേക്ക് വെച്ച് അഭിമാനത്തോടെ ചുവട്ടിലേക്ക് മണ്ണ് കോരിയിട്ടു.
പിന്നെ വാർത്ത പറയാൻ വന്നവന് ഒരു വിഷമം നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് തൊട്ടപ്പുറത്തു നേരത്തെ വെച്ച വാഴയ്ക്കരികിലേക്ക് നടന്നു.
അയാളെ പ്രതീക്ഷിക്കും പോലെ ആ വാഴയിലകൾ ഒന്നങ്ങുമ്പോൾ അതിൽ കുലച്ചുനിൽക്കുന്ന കുലയിലേക്ക് നോക്കി അയാൾ പതിയെ ഒന്ന് തലോടി. അദ്ധ്വാനത്തിനുള്ള പ്രതിഫലം കണ്ട ഒരു അച്ഛന്റെ സംതൃപ്തിയോടെ !!