രാജിയുടെ സൗന്ദര്യം… ഒരു ശാപമായി തോന്നിയ ദിവസങ്ങൾ.. കൂട്ടുകാരികളെ തിരഞ്ഞെടുക്കുമ്പോൾ തന്നെക്കാൾ സൗന്ദര്യം കുറഞ്ഞവരെ കൂടെ കൂട്ടണം….. അങ്ങനെ ഇരിക്കെ ഒരു ദിവസം…….

തെറ്റിദ്ധാരണ

രചന: Jils Lincy

കരഞ്ഞു തളർന്നു കിടക്കുമ്പോളാണ് അമ്മ വന്നു വിളിക്കുന്നത്… എണീറ്റെന്തെങ്കിലും കഴിക്ക് മോളേ നീ … സംഭവിച്ചതെല്ലാം മറന്നു കള….

അങ്ങനെ എന്തൊക്കെ നഷ്ടങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു…. നീ ഇനിയും ഭക്ഷണം കഴിക്കാതിരുന്നാൽ അച്ഛന് സങ്കടമാകും…. വാ എണീറ്റു വാ മോളേ…..

എനിക്കൊന്നും വേണ്ടമ്മേ…. നിങ്ങൾ കഴിച്ചോ….

ഞാനൊന്ന് കിടന്നോട്ടെ…… എന്നെ ശല്യം ചെയ്യാതെ വെറുതെ വിട്ടാൽ മതി…

ആ… നീയെന്തെങ്കിലും ചെയ്….അമ്മ ദേഷ്യത്തിൽ മുറി വിട്ടിറങ്ങി….

കരഞ്ഞു കിടന്നതു കൊണ്ടാവാം .. തലയാകെ വേദനിക്കുന്ന പോലെ…. തലയിണ അങ്ങിങ്ങായി നനഞ്ഞിട്ടുണ്ട്….. പതുക്കെ കണ്ണുകളടച്ചു കിടന്നു…

ഓർമ്മകൾ അലയടിച്ചു വന്നു…. അയാളെ ആദ്യമായി കണ്ട ദിവസം…. ബസ്സ് ഇറങ്ങി കോളേജിന്റെ ഗേറ്റിലേക്ക് നടക്കുമ്പോഴാണ് വാകമരച്ചുവട്ടിൽ തന്നെ തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ കണ്ടത്….

ഇളം മഞ്ഞ ഷർട്ടും കറുത്ത പാന്റ്സും ധരിച്ചു ചുണ്ടിലൊരു ഇളം പുഞ്ചിരിയുമായി അയാൾ…..

പിറ്റേന്നും അതിന്റെ പിറ്റേന്നും അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു.. തന്നെയാണോ….. അതോ തന്നെക്കാൾ കാണാൻ ഭംഗിയുള്ള തന്റെ കൂടെ വരുന്ന രാജിയെ ആണോ അയാൾ നോക്കുന്നത്?…….

എന്തായാലും വാകമരച്ചുവട്ടിലെ അയാളുടെ നിൽപ്പ് ഞാനും പതുക്കെ ആസ്വദിച്ചു തുടങ്ങി….ബസ്സിറങ്ങി വരുന്ന തന്നെ കാണുമ്പോഴേ ആ കണ്ണുകളിലുള്ള തിളക്കം … അയാൾക്ക് തന്നെ ഇഷ്ടമായിരിക്കുമോ?

രാജിയുടെ സൗന്ദര്യം… ഒരു ശാപമായി തോന്നിയ ദിവസങ്ങൾ.. കൂട്ടുകാരികളെ തിരഞ്ഞെടുക്കുമ്പോൾ തന്നെക്കാൾ സൗന്ദര്യം കുറഞ്ഞവരെ കൂടെ കൂട്ടണം….. അങ്ങനെ ഇരിക്കെ ഒരു ദിവസം രാജി പറഞ്ഞു…. ഡീ ….നീ ശ്രദ്ധിച്ചോ കുറച്ചു നാളായി അയാൾ നിന്നെ നോക്കുന്നുണ്ട്…..

സത്യം പറഞ്ഞാൽ ആ നിമിഷം ഒരു ചെറിയ സന്തോഷം തോന്നി………. കാരണം രാജിക്ക് കിട്ടുന്ന പ്രേമ ലേഖനങ്ങളും…

പിന്നെ അവളുടെ പിന്നാലെ നടക്കുന്ന ഒരുപാട് വായിനോക്കികളെയും…. കാണുമ്പോൾ ഉള്ളിലുണ്ടായിരുന്ന ചെറിയൊരു കുശുമ്പും നിരാശയും… എങ്ങോ.. പോയിരിക്കുന്നു…

തന്നെയും ഇഷ്ടപെടുന്ന ആളുകൾ ഇവിടെ ഉണ്ട്…. മാത്രവുമല്ല ഇത്ര സുന്ദരിയായ രാജിയെ ഒന്ന് മൈൻഡ് പോലും ചെയ്യാത്ത ഒരാൾ…..

പിറ്റേ ദിവസം കോളേജിൽ പോകുമ്പോൾ പിറന്നാളിന് അച്ചൻ വാങ്ങി തന്ന റോസ് കളർ ചുരിദാറും…

പിന്നെ അതിനു ചേരുന്ന പൊട്ടും വെച്ച് കണ്ണാടിയുടെ മുന്നിൽ പോയി നോക്കി…. കൊള്ളാം അല്പം നിറം കുറവാണെങ്കിലും തന്നെ കാണാൻ അത്ര മോശമൊന്നുമില്ല……

അന്ന് മനപ്പൂർവ്വം സ്ഥിരം കയറുന്ന ബസ്സിൽ കയറിയില്ല… രാജി അവൾ ആദ്യം പോട്ടെ…. അടുത്ത ബസ്സിൽ കയറി കോളേജിന്റെ മുൻപിൽ നിർത്തിയപ്പോൾ…

പതുക്കെ വാകമര ചുവട്ടിലേക്കു നോക്കി…. അതാ അയാൾ അവിടെ തന്നെ ഉണ്ട് ഒരിളം റോസ് നിറത്തിലുള്ള ഷർട്ടും വെളുത്ത പാന്റ്സും… പിന്നെ ഒരു ചെറിയ പുഞ്ചിരിയുമായി…

ബസ്സിറങ്ങി നടക്കുമ്പോഴാണ് അത് കണ്ടത് അയാൾ തന്റെ നേർക്ക് വരുന്നു…..

ഈശ്വരാ.. വല്ലാത്തൊരു പരിഭ്രമമം…. ഇഷ്ടമാണെന്നു പറയാനാണോ?.. എന്തു മറുപടി പറയും? ഒന്നും പറയാൻ പറ്റുന്നില്ല….. നാവ് വരണ്ട് പോകുന്ന പോലെ….

അയാൾ തൊട്ടടുത്ത് എത്തിയതും… ഒന്നും മിണ്ടാതെ തളർന്ന പോലെ നിന്നു പോയി…… ഒരു നിമിഷം… എന്താണ് സംഭവിക്കുന്നതെന്ന്… മനസ്സിലായില്ല… അപ്പോഴേക്കും ആളുകൾ ഓടികൂടിയിരുന്നു…

അമ്മയുടെ പ്രാക്കാണ്…. ചിന്തകളിൽ നിന്നുണർത്തിയത്…. രണ്ട് പവന്റെ മാല കൊണ്ടാ…. ആ കാലമാടൻ പോയത്…

അവൻ ഒരുകാലത്തും ഗുണം പിടിക്കൂല….. അല്ലേലും എന്റെ മോളെ പറഞ്ഞാ മതി…. ഒരുത്തൻ കണ്മുൻപിൽ നിന്ന് മാല വലിച്ചു പറിച്ചിട്ടും…

പ്രതിമ പോലെ നിന്ന ഇവളെ ഒക്കെ എന്തിന് കൊള്ളാം…… ഡീ…. നീ എണീറ്റു വരുന്നുണ്ടോ….. അല്ലേൽ എന്റെ കയ്യീന്ന് നിനക്കിനിയും കിട്ടും…..

ഇനിയും തല്ല് വാങ്ങി കൂട്ടേണ്ടല്ലോ എന്ന് വിചാരിച്ചു ഞാൻ പതുക്കെ കിടക്കയിൽ നിന്നെണീറ്റു ഭക്ഷണം കഴിക്കാനിരുന്നു…