അറിയാതെ അറിയാതെ
എഴുത്ത്:-ഭാഗ്യലക്ഷ്മി. കെ. സി
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
അവൾ ഫോണെടുത്ത് അന്തംവിട്ടിരിക്കുന്നത് കണ്ടാണ് പ്രകാശ് അടുത്ത് ചെന്നത്.
എന്താ.. എന്തുപറ്റി..?
രശ്മി കണ്ണുകളിലെ അന്ധാളിപ്പ് മറച്ചുപിടിക്കാൻ ഒരു ശ്രമം നടത്തി.
ഓ.. ഒന്നുമില്ല…
അവൾ ലൈറ്റ് ഓഫ് ചെയ്ത് പോയിക്കിടന്നു. കൂടെ പ്രകാശും പോയിക്കിടന്നു.
ഇന്ന് ക്ലാസ്മേറ്റ്സ് മീറ്റിന് പോയപ്പോഴും വന്നപ്പോഴും നല്ല ട്യൂബ് ലൈറ്റിന്റെ തെളിച്ചമായിരുന്നല്ലോ മുഖത്ത്…
എന്തുപറ്റി..?
പ്രകാശ് വീണ്ടും അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
ഏയ്.. അത്.. അതൊന്നുമില്ല…
രശ്മി അവന് മുഖം കൊടുക്കാതെ പുതപ്പെടുത്ത് പുതച്ചു. പ്രകാശിന് അവൾ തന്നോടെന്തോ ഒളിക്കുന്നതായി തോന്നി. പകൽ എന്തൊക്കെ നടന്നാലും മുഴുവൻ കാര്യങ്ങളും തന്നോട് പറയാതെ ഉറക്കം വരാത്തവളാണ് രശ്മി. നട്ടപ്പാതിരയ്ക്ക് വിളിച്ചുണ൪ത്തി പകൽ പറയാൻ വിട്ടുപോയത് പറഞ്ഞതിനുശേഷം കിടന്നുറങ്ങുന്ന ആളാണ്. വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വർഷമായി. എപ്പോഴും കിലുകിലെ ചിരിച്ചുകൊണ്ടിരിക്കുന്ന അവൾ അല്പനേരത്തേക്കെങ്കിലും മൌനത്തിലായാൽ ഈ വീടുറങ്ങിപ്പോകും. അതാണെങ്കിൽ തനിക്ക് അസഹനീയവുമാണ്.
പക്ഷേ വീണ്ടും അവളെ വിളിച്ചുണ൪ത്താൻ പ്രകാശിന് മനസ്സ് വന്നില്ല. ഇന്നത്തെ ക്ഷീണമൊക്കെ ഒന്ന് മാറട്ടെ.. പതിയെ ചോദിക്കാം. അയാൾ കരുതി.
പ്രകാശും പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു. അല്പസമയം കഴിഞ്ഞപ്പോൾ എന്തോ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണ൪ന്നു. നോക്കുമ്പോൾ രശ്മി മൊബൈൽ കൈയ്യിൽ പിടിച്ച് വിദൂരതയിൽ നോക്കിയിരിപ്പാണ്. പ്രകാശ് പതിയെ എഴുന്നേറ്റു. അവളുടെ അടുത്ത് പോയിരുന്നു.
എന്തേ.. പകലെടുത്ത ഫോട്ടോസ് ഒന്നും കണ്ടിട്ട് മതിയായില്ലേ..?
പ്രകാശിന്റെ ചോദ്യം കേട്ട് രശ്മി തലതിരിച്ച് അയാളുടെ കണ്ണുകളിലേക്ക് നോക്കി.
ഞാനൊരു കാര്യം പറഞ്ഞോട്ടെ പ്രകാശേട്ടാ…
പറഞ്ഞോളൂ.. എന്നോടത് പറയാതെ നിനക്ക് ഉറക്കം വരില്ല എന്ന് അറിയാവുന്നതു കൊണ്ടല്ലേ ഞാനെഴുന്നേറ്റ് വന്നത്…
അവൾ പഴയ ഒമ്പതാം ക്ലാസ്സിലേക്ക് പ്രാകാശിനെ കൂട്ടിക്കൊണ്ടുപോയി. അന്ന് കണ്ട ഓരോരുത്തരെയായി ഫോട്ടോ കാണിച്ച് പേര് പറഞ്ഞ് പരിചയപ്പെടുത്തി.
പുതിയ സ്കൂളിൽ ചേ൪ന്ന കാലത്തെ വിശേഷങ്ങളും കുട്ടികളൊക്കെ കൂട്ടുകാരായതും ഒക്കെ പറഞ്ഞു.
എന്നിട്ട്..?
എന്റെ ചിരിയും കളിയും കാരണം പെട്ടെന്ന് തന്നെ എല്ലാവരും എന്നോട് വലിയ കൂട്ടായി. എപ്പോഴും എല്ലാവരും എന്റെ ചുറ്റും കൂടും.. മാസമൊന്ന് കഴിഞ്ഞപ്പോൾ ചില പെൺകുട്ടികൾക്കൊക്കെ എന്നോട് ഭയങ്കര അസൂയയും കുശുമ്പും. ഞാനിതൊക്കെ അറിയാൻ വൈകി. എന്റെ ഫ്രന്റില്ലേ സാന്ദ്ര. അവൾ പറഞ്ഞാണ് ഞാനെല്ലാം അറിയുന്നത് തന്നെ…
ഒരുദിവസം സാന്ദ്ര പറഞ്ഞു:
എടീ നിനക്കെതിരെ പട നയിക്കുന്നുണ്ട് ചിലർ..
എന്തിന്..?
നിഷ്കളങ്കമായുള്ള രശ്മിയുടെ ചോദ്യം കേട്ട് സാന്ദ്ര കുലുങ്ങിച്ചിരിച്ചു. അവൾ പറഞ്ഞു:
എടീ, ഇപ്പോൾ ബോയ്സും ക്ലാസ്സിലെ മറ്റ് ഗേൾസും നിന്റെ ചിരിയിൽ വീണുപോയി എന്നാണ് അവരുടെ ആക്ഷേപം. അതുകൊണ്ട് അവ൪ പറയുന്നതൊന്നും കേൾക്കാൻ ആരുമില്ലത്രേ.. അവ൪ നിന്നെ തറപറ്റിക്കാൻ ഗൂഢാലോചന തുടങ്ങിക്കഴിഞ്ഞു.
അതിനിപ്പോ എന്താ ചെയ്യുക..?
നിനക്ക് നിന്റെ സന്തോഷം കുറച്ച് ഒളിപ്പിക്കാൻ വല്ല നിവൃത്തിയുണ്ടോടീ..?
ഇല്ലെടീ.. എനിക്ക് എന്റെ സന്തോഷം മുഴുവൻ മുഖത്ത് കാണാം എപ്പോഴും…
ചിരിക്കാതിരിക്കാൻ വല്ല മാ൪ഗ്ഗവുമുണ്ടോ..
അയ്യോ ഇല്ല.. ചിരി വന്നാൽ ചിരിച്ചില്ലെങ്കിൽ എനിക്ക് പിടിച്ചാൽ കിട്ടില്ല.. പിന്നെ അനവസരത്തിലൊക്കെ അത് പുറത്ത് വരും. ക്ലാസ്സെടുക്കുമ്പോൾ ക്ലാസ്സിൽ കൂട്ടച്ചിരിയാവും.. ടീച്ചർ ദേഷ്യപ്പെടും..
എന്നാലൊരു കാര്യം ചെയ്യാം..
ഏറെനേരത്തെ ആലോചനയ്ക്ക്ശേഷം സാന്ദ്ര പറഞ്ഞു:
നിനക്ക് എന്തെങ്കിലും വലിയ പ്രശ്നമുള്ളതായി ഞാൻ എല്ലാവരോടും പറയാം. മറ്റൊരു പ്രശ്നമുള്ളയാൾക്ക് ഇഷ്ടം പോലെ ചിരിക്കാം. അവരെ ആരും ഒന്നും പറയില്ല.. പാവം എന്നേ പറയൂ..
എന്ത് പ്രശ്നം..?
നിന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന്..
അതിന് എന്റെ വീട്ടിൽ ഒരു പ്രശ്നവുമില്ലല്ലോ..
രശ്മിക്ക് ആധിയായി.
അച്ഛൻ മ ദ്യപാനിയാണോ..?
അല്ലാ… അച്ഛൻ ഇതുവരെ മ ദ്യപിച്ച് ഞാൻ കണ്ടിട്ടില്ല..
വീട്ടിൽ കടമുണ്ടോ..?
ഇല്ലാ.. അച്ഛന് ഇങ്ങോട്ട് വല്ലവരും കൊടുക്കാനുണ്ടെങ്കിലേയുള്ളൂ..
എന്നാൽ നിനക്ക് വലിയ അസുഖമാണെന്ന് പറയാം..
എന്തസുഖം..?
രശ്മിക്ക് സാന്ദ്ര കൃത്യമായ ഒരു ഉത്തരം കൊടുക്കുന്നതിനിടയിൽ ബെല്ലടിച്ചു. ടീച്ചർ വന്നു. ക്ലാസ് കഴിഞ്ഞ് പോകുമ്പോൾ സാന്ദ്ര മറ്റ് കുട്ടികളോട് സംസാരിച്ചു നിൽക്കുകയായിരുന്നു. അടുത്തദിവസം രശ്മി ക്ലാസ്സിലെത്തുമ്പോൾ കുട്ടികളൊക്കെ വലിയ ദയാവായ്പോടെയാണ് വരവേറ്റത്.
പലതവണ രശ്മി സാന്ദ്രയോട് ചോദിച്ചു:
നീയെന്താ എല്ലാവരോടും പറഞ്ഞത്.?
അതൊന്നും നീയറിയണ്ട.. ഏതായാലും നിനക്ക് ഇപ്പോൾ ആരുടേയും ഇഷ്ടക്കേട് കാണേണ്ടിവരാറില്ലല്ലോ..?
അത് ശരിയായിരുന്നു. എല്ലാവരെയും എന്തുപറഞ്ഞാണ് സാന്ദ്ര അടക്കി യിരുത്തിയത് എന്നറിയാൻ വലിയ ആകാംക്ഷയുണ്ടായിരുന്നു. പക്ഷേ പത്തിലെത്തിയതോടെ ട്യൂഷനും പഠനവും പരീക്ഷയുമൊക്കെയായി വ൪ഷം പെട്ടെന്ന് കടന്നുപോയി.
പിന്നീട് കാലങ്ങൾക്കിപ്പുറം മീറ്റ് നടന്നപ്പോഴാണ് അന്നത്തെ കുസൃതി മറനീക്കി പുറത്ത് വന്നത്..
എന്താ… എന്തായിരുന്നു സാന്ദ്ര അന്ന് പറഞ്ഞത്..?
പ്രകാശിന് ആകാംക്ഷ അടക്കിവെക്കാൻ കഴിഞ്ഞില്ല.
ഞാനൊരു ഹാ൪ട്ട് പേഷ്യന്റാണ് എന്നാണ് അന്നവൾ പറഞ്ഞത്.
അതുകൊണ്ടെന്താ.. അതിനുശേഷം എല്ലാവരും നിന്നോട് നന്നായി പെരുമാറാൻ തുടങ്ങിയല്ലോ…
അതല്ല…
പിന്നെ..?
എനിക്ക് അന്ന് വളരെ ഇഷ്ടമുള്ള ഒരു പയ്യനുണ്ടായിരുന്നു. അവൻ എന്നെങ്കിലും എന്നോടും അവന്റെ ഇഷ്ടം തുറന്നുപറയുമെന്ന് കാത്തിരിക്കുമായിരുന്നു ഞാൻ.
എന്നിട്ട്..?
ആ അസുഖകാര്യം തമാശയായിരുന്നു എന്ന് ഇന്നവിടെ ച൪ച്ചയായി. അവനത് കേട്ട് ആകെ സങ്കടമായി. ഇപ്പോഴവൻ മെസേജിട്ടിരിക്കുന്നു… വിവാഹശേഷം നീ മരിച്ചുപോയാലോ എന്ന് കരുതിയാണ് ഒരിക്കലും ആ ഇഷ്ടം അന്ന് പറയാതിരുന്നത് എന്ന്…
പ്രകാശിന്റെ മുഖം മ്ലാനമാകുന്നതുകണ്ട് രശ്മി പറഞ്ഞു:
ഞാനതൊക്കെ അന്നേ മറന്നതാ… അതോ൪ത്ത് പ്രകാശേട്ടൻ വിഷമിക്കണ്ട…വാ.. ഇനി നമുക്കുറങ്ങാം…
തന്റെ മനസ്സിൽ വലിയൊരു ബോംബിട്ട് ഉറക്കം കളഞ്ഞ് യാതൊരു കൂസലു മില്ലാതെ ഉറങ്ങാൻ പോകുന്ന രശ്മിയെ നോക്കി പ്രകാശ് പല്ലിറുമ്മി. പിന്നെ അവളുടെ പൊട്ടിച്ചിരിയും സന്തോഷവും നിറഞ്ഞ മുഖം കണ്ടപ്പോൾ എല്ലാം മറന്ന് അവനും ഉറങ്ങാൻ കിടന്നു.