കൊച്ചു കൊച്ചു പിണക്കങ്ങൾ
Story written by Nisha Suresh kurup
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
സ്വാതിയുടെ പിറന്നാൾ ആഘോഷമായിരുന്നു . ബന്ധുക്കളും സുഹൃത്തുത്തുക്കളും അടുത്ത വീട്ടിലുള്ളവരും പങ്കെടുത്ത ചടങ്ങിൽ സ്വാതി തന്റെ അമ്മയെയും അച്ഛനെയും ഭർത്താവ് രാജീവിനെയും അടുത്ത് പിടിച്ചു നിർത്തി. കേക്ക് കട്ട് ചെയ്യാൻ നേരം രാജീവിന്റെ കണ്ണുകൾ അയാളുടെ അമ്മയെ തിരഞ്ഞു. അമ്മ മനപൂർവ്വം മാറി നില്ക്കുകയാണ് . അയാൾ അമ്മയോട് അടുത്ത് വന്ന് നില്ക്കാൻ വിളിച്ചെങ്കിലും മാറി നിന്നു . സ്വാതിയെ ചെറുതായി തട്ടിയിട്ട് രാജീവ് പറഞ്ഞു.
“അമ്മയെ വിളിക്ക് “.
അവൾ പതിഞ്ഞ ശബ്ദത്തിൽ പല്ലുകടിച്ച് പറഞ്ഞു. “വേണമെങ്കിൽ വന്നു നില്ക്കട്ടെ ഞാനിനി പോയി എടുക്കണോ” .
അതിനു ശേഷം എല്ലാവരുടെയും കരഘോഷങ്ങളോടെ സ്വാതി കേക്ക് കട്ട് ചെയ്തു.
എന്നിട്ട് രാജീവിനും അച്ഛനും അമ്മക്കും വായിൽ വെച്ചു കൊടുത്തു. പിന്നെ വേണ്ടപ്പെട്ടവർക്കൊക്കെ പങ്കു വെച്ചു.
രാജീവിന്റെ അമ്മ സുനന്ദയുടെ മുഖം ഇരുണ്ടു. രാജീവ് പെട്ടന്ന് ഒരു കക്ഷണം കേക്ക് അമ്മയ്ക്ക് എടുത്ത് കൊണ്ട് കൊടുത്തു. അവർ മുഖം വെട്ടിച്ചു .
“എനിക്ക് വേണ്ട എല്ലാം നീ അവളുടെ ആൾക്കാർക്ക് കൊടുക്ക് ഞാൻ കേക്കൊക്കെ കുറേ കണ്ടിട്ടുള്ളതാ “.
അവരു കസേര ശക്തമായി വലിച്ചിട്ട് അതിൽ ഇരുന്നു. രാജീവ് ആൾക്കാരുടെ മുന്നിൽ പ്രശ്നം വഷളാകാതിരിക്കാൻ പിന്നെ ഒന്നും പറയാൻ പോയില്ല.. ഭക്ഷണം കഴിക്കുന്ന സമയത്തും അമ്മയെ അയാൾ വിളിച്ചു. അവർ കഴിക്കാൻ കൂട്ടാക്കിയില്ല. വിശപ്പില്ലെന്ന് പറഞ്ഞു..രാജീവ് സ്വാതിയോട് അമ്മയെ വിളിക്കാൻ അപേക്ഷ പോലെ പറഞ്ഞു.
“എന്താ രാജീവേട്ടാ അമ്മ കൊച്ചു കുട്ടിയാണോ ഇങ്ങനെ പെരുമാറാൻ. എനിക്കെങ്ങും വയ്യ. നല്ലൊരു ദിവസമായിട്ട് അവരുടെ വായിലിലിരിക്കുന്ന കേൾക്കാൻ ” .
അവൾ തന്റെ ആൾക്കാരുടെ ഇടയിലേക്ക് പോയി ..അമ്മ ദേഷ്യത്തോട ഇരുന്നു രാജീവ് ചെകുത്താനും കടലിനും നടുക്ക് പെട്ടത് പോലെ നിന്നു
എല്ലാവരും പിരിഞ്ഞു
പോയതിനുശേഷം അവളുടെ അച്ഛനോടും അമ്മയോടും ഇന്ന് പോകേണ്ടെന്ന് പറഞ്ഞെങ്കിലും തിരക്കുള്ളതുകൊണ്ട് അവർ തിരിച്ചുപോയി.വീണ്ടും ആ വീട്ടിൽ രാജീവും അമ്മയും സ്വാതിയും മാത്രമായി. സ്വാതി അന്നത്തെ വഴക്കിന് തുടക്കം കുറിച്ചു..”രാജീവേട്ടാ അമ്മയ്ക്ക് ഒട്ടും മാനേഴ്‌സ് ഇല്ല അല്ലെങ്കിൽ ബന്ധുക്കൾ ഒക്കെ നിൽക്കുമ്പോൾ അമ്മയല്ലെ എല്ലാത്തിനും മുൻകൈയെടുത്ത് നിൽക്കാൻ ഇതൊരുമാതിരി ഒട്ടും സംസ്കാരം ഇല്ലാത്തവരെ പോലെ “
.സുനന്ദ അത് കേട്ട് കൊണ്ട് വന്നു
“ആർക്കാടി സംസ്ക്കാരം ഇല്ലാത്തത് നിന്റെ വീട്ടുകാരെ കണ്ടപ്പോൾ നീയല്ലേ അഹങ്കരിച്ച് നടന്നത് എന്നെ കൊച്ചാക്കിയതും പോരാ ഇനി എന്റെ മോന്റെ ചെവിയിൽ തലയണ മന്ത്രം കൂടി ഓതിക്കൊടുക്ക് “.
“ഞാനെന്താ ചെയ്തത്? അന്ന് നിങ്ങൾ രേണു ചേച്ചിയുടെ ( രാജീവിന്റെ സഹോദരി) വീട്ടിൽ പോയപ്പോൾ എന്നോടും ഇതു തന്നെയല്ലേ ചെയ്തത് “.
“രേണു അങ്ങനത്തവളല്ല .അവള് എല്ലാവരെയും ഒരുപോലെ തന്നെയാ മാനേജ് ചെയ്തത് നിന്നെ പോലെ തല തെറിച്ചവൾ ആയിട്ടല്ല അവളെ വളർത്തി യേക്കുന്നത്. നല്ല ഗുരുത്വമുള്ളവളാ എന്റെ മോൾ”.
“രാജീവേട്ടാ കേട്ടില്ലേ നിങ്ങളുടെ അമ്മ പറയുന്നത്.ഇവരുടെ വായിൽ ഇരിക്കുന്നത് കേൾക്കാനാണോ എന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നത് “
“അമ്മ ഒന്നും മിണ്ടാതിരിക്കുന്നുണ്ടോ വഴക്കുണ്ടാക്കാതെ “രാജീവ് പറഞ്ഞു
“ഓഹോ അപ്പോൾ നിനക്ക് പെണ്ണ് കെട്ടിക്കഴിഞ്ഞപ്പോൾ അമ്മയാണ് വഴക്കാളി .എനിക്കാണല്ലോ ആരുമില്ലാത്തത് .പത്ത് മാസം ചുമന്ന് പ്രസവിച്ചു അച്ഛൻ ഇല്ലാത്ത നിങ്ങളെ രണ്ടു പേരെയും വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചപ്പോൾ എനിക്ക് ഇത് തന്നെ വേണം “.
സുനന്ദ മൂക്ക് പിഴിഞ്ഞുകൊണ്ട് അകത്തു കയറി പോയി.
“നിനക്ക് കുറച്ചൊക്കെ ഒന്ന് അഡ്ജസ്റ്റ് ചെയ്തുകൂടെ സ്വാതീ ” രാജീവ് ദയനീയമായ അവളെ നോക്കി.
“കണ്ടോ എങ്ങനെ പോയാലും അവസാനം രാജീവേട്ടൻ കുറ്റമെല്ലാം.എന്റെ തലയിൽ കൊണ്ട് വയ്ക്കും”.
അവളും ദേഷ്യത്തോടെ അകത്തു കയറി പോയി വാതിൽ വലിച്ചടച്ചു. രാജീവ് താടിയിൽ കൈയ്യും കൊടുത്ത് സെറ്റിയിലിരുന്നു
രാജീവിന്റെയും സ്വാതിയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി. വന്നു കയറിയ അന്ന് തൊട്ട് അമ്മയും സ്വാതിയും തമ്മിൽ ചേരില്ല. അമ്മയും കൂടി വന്ന് കണ്ടിഷ്ടപ്പെട്ട് വിവാഹം കഴിച്ചതാണ്. സ്വാതിക്ക് അടുക്കള ജോലിയൊന്നും താല്പര്യമില്ല. അമ്മയാണെങ്കിൽ അടുക്കള ആർക്കും
വിട്ട് കൊടുക്കത്തുമില്ല . വാശിക്ക് സ്വാതി എന്തെങ്കിലും കയറി ചെയ്താൽ അമ്മ കുറ്റം പറയും. ചെയ്യാതിരുന്നാൽ അതിനും പറയും. അവളാണെങ്കിൽ ഒന്നും താഴ്ന്ന് കൊടുക്കത്തുമില്ല. അനിയത്തി രേണു ആള് പാവമാണ്.
അവൾ അമ്മയെ ഉപദേശിക്കും. എന്നാലും അമ്മ കേൾക്കില്ല. അച്ഛൻ രാജീവിന്റെയും രേണുവിന്റെയും കുട്ടി കാലത്തെ മരിച്ചു. പിന്നെ വളർത്തി വലുതാക്കിയത് അമ്മയാണ് . രാജീവ് വിവാഹം കഴിക്കാൻ അമ്മ തന്നെയാണ് മുൻ കൈ എടുത്തത്. പക്ഷെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയായപ്പൊഴെ പ്രശ്നങ്ങൾ ഉടലെടുത്തു.അമ്മയിൽ ചെറിയൊരു സ്വാർത്ഥത ഉണ്ടായിരുന്നു. സ്വാതി വന്നതോടുകൂടി രാജീവിന് വേറെ ഒരു അവകാശി വന്നല്ലോ എന്നുള്ള സ്വാർത്ഥത. സ്വാതിയോട് കൂടുതൽ സമയം ഇടെപഴുകുന്നത് അമ്മയ്ക്ക് ഇഷ്ടമാവില്ല സ്വാതിയ്ക്ക് മൂത്ത ഒരു സഹോദരനും കൂടിയാണ് ഉള്ളത്. അച്ഛന മ്മമാരും സഹോദരനും കൊഞ്ചിച്ചാണ് വളർത്തിയത് . അതിന്റേതായ നിർബന്ധമൊക്കെ അവൾക്കുണ്ട്.ഇവരുടെ വഴക്കിനും പ്രശ്നത്തിനും ഇടയിൽ മനസ്സമാധാനം നഷ്ടപ്പെട്ടത് രാജീവിന് ആണ് . രാജീവിന് രണ്ടുപേരും വേണം എത്ര പറഞ്ഞു കൊടുത്തിട്ടും അവർക്ക് അത് മനസ്സിലാകുന്നതുമില്ല. കൂടുതൽ സംസാരിക്കാൻ പോയാൽ സ്വാതിക്ക് രാജീവേ ഉള്ളുവെന്ന് പറഞ്ഞവൾ കരയും . പ്രസവിച്ചതിന്റെയും വളർത്തിയതിന്റെയും കണക്ക് പറഞ്ഞു അമ്മയും കരയും. അതിനിടയിൽ രാജീവ് വെള്ളം കുടിക്കും.
ഓഫീസിൽ സഹപ്രവർത്തകൻ വേണു വിവാഹം ക്ഷണിച്ചു. രാജീവിന്
ചിരിയാണ് വന്നത്..”എന്തിനാ നീയും ഉള്ള മനസമാധാനം കളയാൻ പോണത് “. വേണു ചിരിച്ചു. “അത് രാജീവിന് കഴിവില്ലാഞ്ഞിട്ടാണ് ഞാൻ വരച്ചവരയിൽ രണ്ടു പേരെയും നിർത്തി കാണിച്ചു തരാം”..രാജീവ് ഉവ്വേ എന്ന് തലയാട്ടി.
“അനുസരിപ്പിച്ച് നിർത്താൽ എന്നെ.പോലെ വ്യക്തി സ്വാതന്ത്യം അവർക്കുമില്ലേ. ആരും ആരുടെയും അടിമയല്ലല്ലോ. പിന്നെ അവര് രണ്ട് പേരും എന്നെ സ്നേഹിക്കുന്നു. എന്നെങ്കിലും അവര് സ്വയം മനസിലാക്കി മാറട്ടെ” .
“അവരൊട്ട് മാറാനും പോണില്ല നിനക്ക് വട്ട് പിടിക്കാതെ നോക്കിക്കോ ” വേണു പൊട്ടിച്ചിരിച്ചു.
അന്ന് ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ രാജീവിന്റെ മുന്നിലൂടെ ഒരു പാത്രം പറന്നു വന്നു. കലി തുള്ളി സ്വാതിയും വഴക്ക് പറഞ്ഞ് കൊണ്ട് അമ്മയും. പോയി ഇന്നത്തെ ദിവസവും പോയി കിട്ടി. മനസിൽ പറഞ്ഞു കൊണ്ട് ഒന്നും പറയാതെ രാജീവ് അകത്തേക്ക് കയറാനൊരുങ്ങി. അമ്മ രാജീവിന്റെ മുന്നിൽ കയറി.
“നീ കാണുന്നില്ലേ നിന്റെ ഭാര്യയുടെ എച്ചിൽ പാത്രവും ഞാൻ എടുക്കണോ” .
അവൻ സ്വാതിയെ നോക്കി. ” ഞാൻ സ്നാക്ക്സും കഴിച്ച് ടി വി കാണുക യായിരുന്നു. കണ്ട് കഴിഞ്ഞ് കഴിച്ച പാത്രം കിച്ചണിൽ കൊണ്ടു വയ്ക്കാമല്ലോന്ന് വിചാരിച്ചു ടീപ്പോയിൽ വെച്ചിരുന്നു അതിനാണ് ഇങ്ങനെ തുള്ളുന്നത് “.
” അയ്യോ എന്താ പാവം ആരെങ്കിലും കയറി വന്നാലോ പാത്രം എടുത്ത് കൊണ്ട് വച്ചിട്ടിരുന്ന് ടിവി കണ്ടു കൂടേന്ന് ഞാൻ ചോദിച്ചു.കേൾക്കാത്ത ഭാവത്തിൽ അവൾ ഇരുന്നപ്പോൾ ഞാൻ വീണ്ടും ആവർത്തിച്ചു . ഉടനെ പാത്രം എടുത്തവൾ ഒറ്റ ഏറ് ഞാൻ കഷ്ടപ്പെട്ട് മേടിച്ചു വെച്ചേക്കുന്ന സാധനങ്ങൾ നിനക്ക് പൊട്ടിച്ച് കളിക്കാനുള്ളതല്ല “.
സ്വാതി പെട്ടെന്ന് മറുപടി പറഞ്ഞു
“എന്റെ വീട്ടിൽ ഞാൻ ഇങ്ങനെയൊക്കെയാണ് ശീലിച്ചിരിക്കുന്നത്. ഒന്നും മാറ്റാൻ എനിക്ക് കഴിയില്ല. എന്റെ അമ്മയാണെങ്കിൽ എപ്പൊഴേ പാത്രം എടുത്ത് കൊണ്ട് വയ്ക്കുമായിരുന്നു .എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യത്തില്ലല്ലോ “
“എന്റെ മോള് രേണു ആണെങ്കിൽ ആരോടും തർക്കുത്തരം ഒന്നും പറയില്ല. എന്ത് മര്യാദക്കാരിയാ. ഭർത്താവിന്റെ അമ്മയവളെ കൈ വെളളയിലാ കൊണ്ടു നടക്കുന്നത് “.
രണ്ടുപേരും വിട്ടുകൊടുക്കാൻ തയ്യാറാവാതെ അങ്ങോട്ടും ഇങ്ങോട്ടും വീണ്ടും വഴക്ക് തുടങ്ങി. ” നിങ്ങൾ എന്തെങ്കിലും ആയിക്കോ പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഒരു ദിവസം എല്ലാം ഇട്ട് എറിഞ്ഞിട്ട് പോകുമ്പോൾ നിങ്ങൾക്ക് മനസ്സമാധാനം ആകുമല്ലോ”.രാജീവ് അകത്തേക്ക് പോയി.
ഒരു മാറ്റവുമില്ലാതെ കാര്യങ്ങൾ പൊയ്ക്കൊണ്ടിരുന്നു. പരാതികളുമായി രണ്ടു പേരും മാറി മാറി രാജീവിനെ
പൊറുതി മുട്ടിച്ചു. അമ്മയെ സമാധാനിപ്പിച് റൂമിൽ കൊണ്ട് കിടത്തി കഴിയുമ്പോൾ സ്വാതി അവരുടെ കിടക്കയിൽ കടന്നൽ കുത്തിയ മുഖവുമായി ഇരിക്കും.. പുറത്തേക്ക് കറങ്ങാൻ സ്വാതിയുമായി ഇറങ്ങിയാൽ അമ്മ പിന്നെയും തുടങ്ങും അമ്മയും കൂടി വരാൻ വിളിച്ചാൽ വരുകയയുമില്ല സ്വാതിക്കത് ഇഷ്ടവുമല്ല..ഇതിനിടയിൽ സ്വാതിയുടെ അച്ഛനും അമ്മയും വിദേശത്തുള്ള മകന്റെ.അടുത്തേക്ക് മൂന്ന് മാസത്തെ വിസിറ്റിംഗിന് പോയി. അന്നൊരു ദിവസം സ്വാതി തല കറങ്ങി വീണു. അന്നാദ്യമായി അമ്മയുടെ മുഖത്ത് ചെറിയൊരു പരിഭ്രമം കണ്ടു. രാജീവ് അവളെ ഹോസ്പിറ്റലിൽ കൊണ്ടു പോയി. അവിടുന്നു ആ സന്തോഷ വാർത്തയറിഞ്ഞു. അവൾ പ്രഗ്നന്റ് ആണ് . സ്വാതിയെ അടുപ്പിച്ച് പിടിച്ചവൻ.സന്തോഷാധിക്യത്താൻ മുത്തി. അവളുടെ കണ്ണിലും സന്തോഷത്തിന്റെ മുത്തുകൾ തിളങ്ങി.
ഗേറ്റ് കടന്നപ്പോഴേ സുനന്ദ സിറ്റൗട്ടിൽ കാത്ത് നില്പുണ്ടായിരുന്നു. അമ്മയോട് നേരിട്ട് കാര്യം പറയാമെന്ന് വിചാരിച്ച് ഫോൺ വിളിച്ചിരുന്നില്ല. വന്നു കയറിയ യുടൻ രാജീവ് സന്തോഷ വാർത്ത അമ്മയോട് പങ്കുവെച്ചു. അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ ആദ്യം ഒന്നു വിടർന്നെങ്കിലും സ്വാതിയെ
നോക്കിയ അമ്മ.”ഓ ഇനിയിപ്പോൾ ഗർഭത്തിന്റെ പേരും പറഞ്ഞ് ഇവിടെ എന്തൊക്കെ കാട്ടികൂട്ടുമോ എന്തോ ” ..സ്വാതി ആദ്യമായി മറുപടി പറഞ്ഞില്ല എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു . പിന്നെ അമ്മയും ഒന്നും പറയാൻ പോയില്ല. പിന്നെയങ്ങോട്ട് സ്വാതിക്ക് ഛർദ്ദിയും തലകറക്കവും ക്ഷീണവു മായിരുന്നു. ഒട്ടും എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ. അവൾ ഒരു വിഷാദത്തിന്റെ ലോകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു.രാജീവ് ഓഫീസിലെയും അവളുടെയും കാര്യങ്ങൾ നോക്കാൻ ഓടി നടന്നു.എങ്കിലും അവളെ എപ്പോഴും പരാതിയിലായിരുന്നു എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എനിക്ക് അമ്മയുടെ അടുത്ത് പോയി നില്ക്കായിരുന്നു. ആഗ്രഹിക്കുന്ന ആഹാരമൊക്കെ രാജീവ് പുറത്തു നിന്ന് കൊണ്ടുവന്നു കൊടുത്തു. പിന്നെ എന്തെങ്കിലും കൊതികൾ പറയുമ്പോൾ രാജീവ് അടുക്കളയിൽ കയറി അതൊക്കെ കൈകാര്യം ചെയ്യും. ഇതൊക്കെ കാണുന്ന സുനന്ദയിൽ ചെറിയൊരു വിഷമം ഉണ്ടാക്കി. എന്തെങ്കിലും ചെയ്ത് കൊടുക്കാൻ മനസ് വന്നാലും അവരുടെ.ദുരഭിമാനം അനുവദിച്ചില്ല. രാജീവ് കഷ്ടപ്പെടുന്നത് കാണുമ്പോൾ സുനന്ദയ്ക്ക് വല്ലായ്ക തോന്നി
“ഞാനുണ്ടാക്കി വെയ്ക്കുന്ന ആഹാരം കഴിച്ചാൽ എന്താ എന്നോടുള്ള വാശിക്കല്ലെ വേറെ എന്തെങ്കിലും കൊതികൾ പറയുന്നതു”.ഒരു ദിവസം രാജീവിനോട് അമ്മ ചോദിച്ചു.
രാജീവ് ശാന്തനായി അമ്മയോട്ഉ ത്തരം പറഞ്ഞു.”രേണു പ്രഗ്നന്റ് ആയപ്പോൾ അമ്മ എന്താ പറഞ്ഞത് വീട്ടിലുണ്ടാക്കുന്ന ആഹാരമൊന്നും ഈ സമയത്ത് പിടിക്കില്ല വേറെ എന്തെങ്കിലും കഴിക്കാൻ തോന്നുമെന്ന് പറഞ്ഞ് ഇവിടുന്ന് ഉണ്ടാക്കിയും പുറത്ത് നിന്ന്വാ.ങ്ങിയുമെല്ലാം എന്തെല്ലാം കൊണ്ടു കൊടുത്തു. അത് പോലൊരു പെണ്ണല്ലേ സ്വാതിയും . എന്തിന് അമ്മ പ്രഗ്നന്റ് ആയിരുന്ന സമയത്ത് ഇങ്ങനെ ഒന്നും ആയിരുന്നില്ലേ. സ്വാതിക്ക് വീട്ടുകാർ അടുത്തില്ല. അമ്മയ്ക്ക് അവളെ ഇഷ്ടവുമല്ല. എനിക്കവളെ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ “.
അവരിൽ ചെറിയൊരു കുററബോധം തോന്നിപ്പിച്ചെങ്കിലും അത് പുറത്ത് കാട്ടാതെ അവർ പറഞ്ഞു. “അതിന് നിന്റെ ഭാര്യയ്ക്ക് എന്നെ കാണുന്നതേ ചതുർത്ഥിയാ അതിന്റെ.ഇടയിൽ ഞാനിനി ഇഷ്ടങ്ങൾ ചോദിച്ചു ചെന്നിട്ടു വേണം എന്നെ കടിച്ചു കീറാൻ ” ..പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയ രാജീവ് പിന്നെ ഒന്നും പറയാൻ പോയില്ല.
സ്വാതി വീണ്ടും ഒരു രാത്രി രാജീവിനോട്പ റഞ്ഞു. അമ്മയെ കാണാൻ തോന്നുന്നു. അമ്മയുണ്ടാക്കുന്ന മാങ്ങാ അച്ചാറും മുളകിട്ട മീൻ കറിയും കഴിക്കാൻ തോന്നുന്നു. ഇവിടെ അമ്മയുണ്ടെന്ന് പറഞ്ഞിട്ടെന്താ അവരുടെ ഇഷ്ടത്തിന് മാത്രം എന്തെങ്കിലും ഉണ്ടാക്കും”.
“അത് അമ്മയും ഒരു മകൾ എന്ന നിലയിൽ നിന്നിൽ നിന്നും ചിലതൊക്കെ പ്രതീക്ഷിക്കുന്നുണ്ടാവും. നീ വന്നു കയറിയപ്പോഴേ അമ്മയോട് പോരിനാണ് ചെന്നത്. ചെറിയ ചെറിയ കാര്യങ്ങളൊക്കെ അമ്മ പറയുമ്പോൾ കേൾക്കാൻ ശ്രമിക്കില്ല. നിന്റെ അമ്മയാണെങ്കിൽ ചിലപ്പോൾ വഴക്കിട്ടാലും നീ പിണങ്ങി ഇരിയ്ക്കുമോ . അങ്ങോട്ട് പെരുമാറുന്നത് പോലയല്ലെ ഇങ്ങോട്ടും കാണിക്കൂ ” . സ്വാതി രാജീവിനെ നോക്കിയിരുന്നതല്ലാതെ തിരിച്ചൊന്നും പറയാൻ പോയില്ല. .
രാജീവ് ഇല്ലാത്ത ഒരു ദിവസം അവൾ എന്തോ കഴിച്ച് ഛർദ്ദിച്ച് അവശയായി .ആ സമയത്താണ് അവൾക്ക് അവളുടെ അമ്മയുടെ ഫോൺ വന്നത് ഒറ്റ കരച്ചിലോടെ അവൾ പറഞ്ഞു
” അമ്മ അടുത്തില്ലാത്തതുകൊണ്ടല്ലേ ?. എനിക്ക് എന്തൊക്കെയോ കഴിക്കാൻ തോന്നുന്നു. പറയുന്നതൊന്നെ രാജീവേട്ടൻ വാങ്ങി തരുന്നുമുണ്ട്. എങ്കിലും എന്ത് കഴിച്ചാലും ഛർദ്ദിക്കുന്നു അമ്മയുണ്ടായിരുന്നെങ്കിൽ കുറേ ആശ്വാസമായേനെ. എനിക്ക് അമ്മയെ.കാണാൻ തോന്നുന്നു “.
ഇത് കേട്ട് കൊണ്ടാണ് സുനന്ദ അങ്ങോട്ട് വന്നത് കുറച്ച് ദിവസമായി സുനന്ദ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു വഴക്ക് കൂടാതെയും തർക്കുത്തരം പറയാതെയും ഇപ്പോൾ അവൾ നടക്കുന്നത് കണ്ടിട്ട് അവരിൽ മനം മാറ്റം തോന്നിപ്പിച്ചിരുന്നു. ഉള്ളിൽ ഒരു കൊളുത്തി പിടുത്തം.രേണുവിനെ ആ സ്ഥാനത്ത് അവർ സങ്കൽപ്പിച്ചു പക്ഷേ അവരുടെ കോംപ്ലക്സ് കൊണ്ട് അവൾക്ക് അടുത്തേക്ക് ചെല്ലാൻ മടിയായിരുന്നു. അവൾ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലല്ലോ. ഫോൺ കട്ട് ചെയ്തതിനു ശേഷം സ്വാതി അമ്മ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. നിറഞ്ഞകണ്ണുകൾ പെട്ടെന്ന് തുടച്ചുകൊണ്ട് അവൾ തൻ്റെ റൂമിലേക്ക് പോയി . സുനന്ദക്ക് ഇരുന്നിട്ട് ഒരു സ്വസ്ഥതയും തോന്നിയില്ല.
കുറച്ചു കഴിഞ്ഞ് രണ്ടും കല്പിച്ച് കുറച്ച് കഞ്ഞിയും മാങ്ങ അരച്ച ചമ്മന്തിയുമുണ്ടാക്കി അവര് സ്വാതിയുടെ റൂമിലേക്ക് ചെന്നു കാൽ
പെരുമാറ്റം കേട്ടയവൾ കിടക്കയിൽ കിടന്ന് ചരിഞ്ഞു നോക്കി. വീണ്ടും മുഖം വെട്ടിച്ചു കിടന്നു. സുനന്ദ കിടക്കയ്ക്കരുകിൽ ഇരുന്നു കൈയ്യെടു ത്തവളെ പിടിച്ചു. “മോളെ “…. പെട്ടന്ന് തിരിഞ്ഞ അവൾ സുനന്ദയെ സത്യമാണോ എന്ന രീതിയിൽ നോക്കി പിന്നെ അമ്മാ എന്ന വിളിയോടെ കെട്ടിപ്പുണർന്നു കരഞ്ഞു.
“വിഷമിക്കണ്ട അമ്മയുണ്ടാകും കൂടെ . മോൾക്ക് എന്ത് വേണമെന്ന് പറഞ്ഞാൽ മതി. എഴുന്നേൽക്ക് കഞ്ഞി കുടിയ്ക്ക് “.
അവൾ എഴുന്നേറ്റിരുന്നു. അമ്മ കോരി തരാമെന്ന് പറഞ്ഞു സ്പൂണിൽ കോരി വായിൽ കൊടുത്തു. അവൾ ആർത്തിയോടെ അമ്മയുടെ ആ സ്നേഹം ആസ്വദിച്ച് കുടിച്ചു
ഓഫീസ് കഴിഞ്ഞ് വന്ന രാജീവ് കാണുന്നത് സ്വാതിയുടെ തലമുടി ചീകി വൃത്തിയാക്കുന്ന അമ്മയെയാണ്. വിശ്വസിക്കാനാകാതെ അയാൾ ഒരു നിമിഷം നിന്നു.
“ഞാനെന്താ കാണുന്നത് ഇതെന്റെ വീട് തന്നെയാണോ? അതോ സ്വപ്നമോ? അതിരില്ലാത്ത സന്തോഷത്താൽ രാജീവ് ചോദിച്ചു..”പോടാ അമ്മയും മക്കളുമാകുമ്പോൾ വഴക്കൊക്കെ ഉണ്ടാവും എന്റെ മോൾക്ക് ഒരു ആവശ്യം വന്നാൽ പിന്നെ ഞാനല്ലാതെ ആരാ ഉള്ളത്. അല്ലെ മോളെ ” .
“ആ അമ്മെ രാജീവേട്ടന് അസൂയയാ” സ്വാതി ചിരിച്ചു..രാവിലെ വരെ ക്ഷീണവും തളർച്ചയും ദേഷ്യവുമായിരുന്നവളാണ് എപ്പോഴും കാര്യമില്ലാതെ കരയുന്നവൾ. ഇപ്പോൾ.അവളുടെ മുഖത്തെ വെട്ടം കണ്ട് രാജീവിന്റെ മനസ് നിറഞ്ഞു.
“ഓ ഒരു അമ്മയും മോളും നമ്മളില്ലേ”
രാജീവ് റൂമിലേക്ക് പോയി. കൂടെ എഴുന്നേറ്റ സ്വാതിയോട് അമ്മ പറയുന്നുണ്ട് സൂക്ഷിച്ച് പതിയെ കേട്ടോ മോളെ . അകത്ത് ചെന്ന രാജീവിനെ സ്വാതി കെട്ടിപ്പിടിച്ചു പിന്നെ ആ കണ്ണുകളിൽ വെറുതെ നോക്കി നിന്നു. അവൻ അവളോട് ചോദിച്ചു. ഇപ്പോൾ സന്തോഷമായില്ലേ
ഉം …. അവൾ തലയാട്ടി.
എന്നും സ്നേഹം മാത്രം നിറഞ്ഞ ഒരു
വീടായി മാറി.എന്തിനും ഏതിനും സ്വാതിക്ക് അമ്മ മതി. അതിനിടയിൽ അവളുടെ അച്ഛനും അമ്മയും നാട്ടിൻ വരുകയും സ്വാതി കുറച്ച് ദിവസം വീട്ടിൽ പോയി നിന്നെങ്കിലും സുനന്ദക്ക്മ നസമാധാനമില്ലാതെ ഓരോ ദിവസങ്ങൾ തള്ളി നീക്കി. അവളും ഏത് നേരവും സുന്ദയെ വിളിക്കുമായിരുന്നു. പെട്ടന്ന് തന്നെയവൾ മടങ്ങി വരുകയും ചെയ്തു. പിന്നെയും ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഏഴാം മാസം അവളെ കൂട്ടി കൊണ്ട് പോയപ്പോൾ അമ്മയും അവളും കെട്ടിപ്പിടിച്ച് കരഞ്ഞു. രാജീവിനും ശൂന്യത തോന്നി. സ്വാതി അത് കഴിഞ്ഞ് രണ്ട് വീടുകളിലുമായി മാറിയും തിരിഞ്ഞും നിന്നു.
സ്വാതിയെ ലേബർ റൂമിൽ കയറ്റി. രാജീവിനെക്കാൾ ടെൻഷനിൽ സുനന്ദ
പ്രാർത്ഥനയോടെ ഇരുന്നു. സ്വാതി ആൺകുഞ്ഞിന് ജന്മം നല്കി.രാജീവ് കുത്തിനെ ഇരു കൈകളാലും വാങ്ങി.തുരുതുരെ മുത്തി. നിറമിഴിയാൽ അവൻ അമ്മമാരിലേക്ക് അവനെ കൈമാറി. രണ്ട് അമ്മമാരും മാറ്റിയും തിരിച്ചുo അവനെ കൊഞ്ചിച്ചു , സ്വാതിയുടെ അച്ഛനും . മൂന്ന് മാസം സ്വാതി സ്വന്തം വീട്ടിലായിരുന്നു. സുനന്ദ ഓരോന്ന് ഉണ്ടാക്കി വാരികെട്ടി അവളുടെ വീട്ടിൽ മുടങ്ങാതെ പോകും. രാജീവിനും പിരിഞ്ഞിരിക്കാൻ വയ്യാതെ എന്നും കാണാൻ പോകും. മൂന്നു മാസം കഴിഞ്ഞവൾ തിരികെ വന്നു. സുനന്ദ എല്ലാ കാര്യങ്ങളും ഒരു കുറവും വരുത്താതെ നോക്കി. കുഞ്ഞിനും മുത്തശ്ശിയെ ജീവനായിരുന്നു..
കുഞ്ഞിന്റെ ഒന്നാം പിറന്നാളെത്തി. എല്ലാവരെയും വിളിച്ച് ഗംഭീരമായി
തന്നെ ആഘോഷിച്ചു. സ്വാതി സുനന്ദയെ പിടിച്ച് അടുത്ത് നിർത്തി. രാജീവിനോടും തന്റെ വീട്ടുകാർക്കുമൊപ്പം കേക്ക് കുഞ്ഞിനെ കൊണ്ടു മുറിപ്പിച്ചു.എന്നിട്ട് കുഞ്ഞിനെ കൊണ്ട് മുത്തശ്ശിക്ക് ആദ്യം കൊടുക്കെന്ന് പറഞ്ഞു സുനന്ദയുടെ വായിൽ വെച്ചു കൊടുപ്പിച്ചു. സുനന്ദ സന്തോഷത്തോടെ കുഞ്ഞിനെ മുത്തി.രാജീവ് അത്യധികം സന്തോഷത്താൽ ചിരിച്ചു. തന്റെ ജീവിതത്തിൽ സമാധാനവും സന്തോഷവും കൊടുത്ത ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. ഇനി എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകണേ എന്ന് .
സഹപ്രവർത്തകൻ വേണു ഒറ്റയ്ക്ക് വന്നത് കണ്ടുകൊണ്ട് രാജീവ് ചോദിച്ചു
“എന്താ ഭാര്യയും അമ്മയൊന്നും വരാത്തത് “.ഉടനെ വേണുവിന്റെ കൂടെ വന്ന.രാജീവിന്റെ മറ്റേ സഹപ്രവർത്തകൻ പറഞ്ഞു. “അതിന് മരുമകളും അമ്മായിയമ്മയും കൂടിയുള്ള വഴക്ക് ഒഴിഞ്ഞിട്ടു വേണ്ടേ എവിടേക്കെങ്കിലും ഇറങ്ങാൻ അല്ലെ വേണു” . രാജീവ് വേണുവിനെ നോക്കിയപ്പോൾ അവൻ ചമ്മലോടെ മുഖം താഴ്ത്തി.
“നീയല്ലേ വേണു വരച്ചവരയിൽ ആരെയോ നിർത്തുമെന്നൊക്കെ പറഞ്ഞത് “രാജീവ് ഊറി ചിരിച്ചു.
“എന്റെ വേണു അവർക്ക് സ്വയം തോന്നിയാലേ അവർ മാറൂ. അല്ലാതെ ആരും വിചാരിച്ചിട്ട് കാര്യമില്ല “.
“എല്ലാവരും പറയും പാവം സ്ത്രീകൾ . അമ്മായി അമ്മ പാവം .മരുമകൾ പാവം..ക്രൂ ര ഇമേജ് മൊത്തം പുരുഷൻമാർക്കുമായിരിക്കും. എന്നാൽ ജോലിയും കഴിഞ്ഞ് വീട്ടിൽ കുറച്ച് മനസമാധാനത്തിന് ആയി വരുന്ന എന്നെ പോലുള്ളവർ ഭാര്യയ്ക്കും അമ്മയ്ക്കും ഇടയിൽ കിടന്നനുഭവിക്കുന്ന വീർപ്പുമുട്ടൽ ആരെങ്കിലും അറിയുന്നുണ്ടോ ” .
ചിരിയോടെ രാജീവ് പറഞ്ഞ് നിർത്തിയപ്പോൾ വേണുവും കൂട്ടുകാരനും ഒരുപോലെ തലയാട്ടി.
രാജീവ് സ്വാതിയെയും തന്റെ അമ്മയെയും നോക്കി രണ്ടു പേരും കൂടി കുഞ്ഞിനെ ആഹാരം കൊടുക്കുന്ന തിരക്കിലാണ്. അതിനിടയിൽ പരസ്പരം എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്. രാജീവും അറിയാതെ ചിരിച്ചു…..