മ ദ്യത്തിന്റ മണം അവൾക്കു ഇഷ്ടം അല്ലാത്തത് കൊണ്ട് ശാ രീരിക ബന്ധവും ഓർമ ആയിട്ട് കാലങ്ങൾ കഴിഞ്ഞു. പക്ഷെ പലപ്പോഴും തോന്നിട്ടുണ്ട് വൈകുന്നേരം അവള് വന്നു…..

സകുടുംബം ശങ്കരേട്ടൻ..

Story written by Ajeesh Kavungal

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഇനി അങ്ങോട്ട്‌ പോവണ്ടാട്ടോ അടിയില്‍ ഊടു കൊടുത്തിട്ടില്ല.ചിലപ്പോള്‍ താഴോട്ട് പോവും.” ശബ്ദം കേട്ടപ്പോള്‍ ഞാന്‍ തല ചെരിച്ചു നോക്കി.ഊഹം തെറ്റിയില്ല ശങ്കരേട്ടന്‍ തന്നെ ആയിരുന്നു അത്.ശരി ശങ്കരേട്ട എന്ന് ഞാന്‍ മറുപടിയും കൊടുത്തു.രണ്ടു ദിവസമായിട്ടു ഞാനും ഇവരോടോപ്പമുണ്ട്.ഇവര്‍ എന്ന് പറഞ്ഞാല്‍ കുറെ ഹിന്ദിക്കാരും കുറച്ചു മലയാളികളും.ഉയര്‍ന്നു പൊങ്ങുന്ന ഒരു വില്ലയുടെ മുകളില്‍ .ഇത് ഇപ്പൊ പതിനൊന്നാം നിലയാണ്.വെയില് എന്ന് പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്ത വെയിലാണ്. സാധാരണ ഒരു കാറ്റു അടിക്കുന്നത് ആശ്വസ മാണെങ്കിലും അതിനു മുകളിലുള്ളവര്‍ക്ക് അത് അരോചകമാണ്. കാരണം വരുന്നത് ചൂട് കാറ്റായിരുന്നു.അത് ആള്‍ക്കാരെ ഒന്നുടി തളര്‍ത്തും.

ഞാന്‍ വന്ന ദിവസം തന്നെ ശങ്കരേട്ടനെ പരിചയപ്പെട്ടതാണ്.ഒരു സാധു മനുഷ്യന്‍.കമ്പി കെട്ടുന്ന ജോലി ആണ്.കൂടുതലും ഹിന്ദിക്കാര്‍ ആണെങ്കിലും പണിയെടുക്കാന്‍ മനസുള്ള കുറച്ചു മലയാളികകളും ഉണ്ട്.എന്‍റെ ജോലി ഏറിയാല്‍ നാല് ദിവസം കാണും.പക്ഷെ ദിവസം മുഴുവന്‍ വെയിലിനെ വിയര്‍പ്പാക്കി ജോലി ചെയ്യുന്ന ഹിന്ദിക്കരെയും ശങ്കരെട്ടനെയും കൂട്ടുകാരെയും ഞാന്‍ ആരാധനയോടെ ആണ് നോക്കി നിന്നത്.

ഇപ്പോഴും വര്‍ത്തമാനം പറഞ്ഞു ജോലി ചെയ്യുന്ന ആളായത് കൊണ്ട് ശങ്കരെട്ടനോട് കൂട്ട് കൂടിയത് പെട്ടെന്നായിരുന്നു. “എന്തയെട നിന്റെ പണി കഴിയാരയോ?” നോക്കുമ്പോള്‍ ശങ്കരേട്ടന്‍ ഒരു കുപ്പി വെള്ളം അങ്ങനെ വായിലേക്ക് കമിഴ്തുന്നതിനിടയില്‍ ചോദിച്ചതാണ്. “ഇല്ല ശങ്കരേട്ടാ നിങ്ങടെ കമ്പി മുഴുവന്‍ കേട്ടികഴിഞ്ഞില്ലലോ..അത് തീര്ന്നലല്ലേ ബാകി ചെയ്യാന്‍ പറ്റൂ. “

എന്റെ പണിക്കു ഒരു ഇടവേള വന്നത് കാരണം ഞാൻ ശങ്കരേട്ടന്റെ അടുത്തേക്ക് ചെന്നു. ഇങ്ങനെ ഉള്ള ആൾക്കാരുടെ കൈയിൽ നിന്നും നമുക്ക് ജീവിതത്തിൽ ഉപയോഗപ്പെടാവുന്ന പല വിലപ്പെട്ട ഉപദേശങ്ങൾ കിട്ടും എന്ന് ഞാൻ അനുഭവം കൊണ്ട് മനസ്സിലാക്കിയിരുന്നു. ശങ്കരേട്ടന്റെ വീട്ടിൽ ആരൊക്കെ ഉണ്ട് എന്ന് ചോദിച്ചു കൊണ്ട് ഞാൻ ആളുടെ അടുത്തിരുന്നു അടുത്തുള്ള കമ്പിയിൽ പിടിച്ചതും അതെ സ്പീഡിൽ തന്നെ അയ്യോ എന്ന് പറഞ്ഞു കൈ കുടഞ്ഞു. ശങ്കരേട്ടൻ ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി. “എന്തൊരു ചൂടാണ് ശങ്കരേട്ടാ ഈ കമ്പിയൊക്കെ.. നിങ്ങൾ എങ്ങനെ ആണ് ഇത് കൈ കൊണ്ട് പിടിക്കുന്നത് ഒരു ഗ്ലൗസ് ഇട്ടൂടെ “

“ഗ്ലൗസ് ഒക്കെ ഇടങ്ങേറാണ്ട.. അത് ഇട്ടാൽ സ്പീഡിൽ ചെയ്യാൻ പറ്റില്ല പിന്നെ ഇതൊക്കെ ഒരു ശീലമായി”. കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.

“എനിക്ക് ഭാര്യയും മൂന്നു മക്കളും ഉണ്ട്. മൂത്തത് ആൺകുട്ടി ആണ്. അതിനു താഴെ രണ്ടു പെൺകുട്ടികൾ. മൂത്തവൻ പത്തിൽ പഠിക്കുന്നു. താഴെ ഉള്ളവർ ഒമ്പതിലും എട്ടിലും. ഓരോ വയസ്സ് വ്യത്യാസമോ എന്ന് പറഞ്ഞു ഞാൻ ആളെ നോക്കി ചിരിച്ചു. “ഡാ.. ഡാ നീ ചിരിച്ചത് എനിക്ക് മനസ്സിലായി. അന്നൊക്കെ ചോbരത്തിളപ്പുള്ള പ്രായം അല്ലേടാ.. റസ്റ്റ് എടുക്കാ നൊന്നും പറ്റിയില്ല എന്ന് പറഞ്ഞു ആളും പൊട്ടിച്ചിരിച്ചു.

“എന്നാ ശരി ശങ്കരേട്ടാ ഞാൻ പോയി കഴിച്ചിട്ട് വരാം. നിങ്ങൾ 1. 30നു അല്ലെ ഇറങ്ങുന്നേ.. എന്ന് പറഞ്ഞു ഞാൻ എഴുന്നേറ്റു. ശങ്കരേട്ടൻ ശരി എന്ന ഭാവത്തിൽ തല കുലുക്കി. ഹോട്ടലിൽ പോയി കഴിച്ചു വരുമ്പോൾ ശങ്കരേട്ടൻ ഒരു സൈഡിൽ മാറി ഇരുന്നു കഴിക്കുന്നത്‌ കണ്ടു അങ്ങോട്ട്‌ ചെന്നു ആളുടെ അടുത്തിരുന്നു. കുറെ നേരം വെയിലത്തു നിന്ന് ജോലി ചെയ്തു കുറച്ചു നേരം തണലത്തു ഇരുന്നത് കൊണ്ടാവണം ആളുടെ കഴുത്തിൽ നിന്നും ചെവിയുടെ പുറകിൽ നിന്നും വിയർപ്പു തുള്ളികൾ ഇറ്റു വീഴുന്നണ്ടായിരുന്നു. ഞാൻ ആളുടെ പാത്രത്തിലേക്കൊന്നു നോക്കി. അറിയാതെ എന്റെ മുഖത്തൊരു അമ്പരപ്പ് നിറഞ്ഞു. ഒരു ചെറിയ പത്രത്തിനകത്തു ഇത്തിരി ചോറും അതിൽ കുറച്ചു നാരങ്ങ അച്ചാറും. വേറെ ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയിൽ ഇത്തിരി മോരും.

“ശങ്കരേട്ടാ ഇങ്ങക്ക് എത്ര രൂപ കൂലി ഉണ്ട് ” 850 കിട്ടും എന്താടാ ന്നു ആള് തിരിച്ചു ചോദിച്ചു. “അല്ല ശങ്കരേട്ടാ 850ന്നു പറയുമ്പോൾ അത് മോശമായ ഒരു കൂലി അല്ല. ഒരു കുടുംബത്തിന് കഴിയാൻ അത് ധാരാളം ആണ്. ന്നട്ടും നിങ്ങൾ എന്തിനാണ് ഇങ്ങനെ കറിയൊന്നുമില്ലാതെ ചോറ് കൊണ്ട് വരുന്നത്. ഒന്നും മിണ്ടാതെ ശങ്കരേട്ടൻ എഴുന്നേറ്റു പോയി കൈ കഴുകി വന്നു എന്റെ അടുത്തിരുന്നു. പിന്നെ ഒരു പുഞ്ചിരിയോടെ എന്റെ മുഖത്ത് നോക്കി പറയാൻ തുടങ്ങി.

“ടാ.. ഒരു കുടുംബജീവിതം ന്നു പറയുമ്പോൾ നീ വിചാരിക്കുന്ന പോലെ അല്ല. നീ പറഞ്ഞത് ശരി ആണ്. എന്റെ ശമ്പളത്തിന് ഒരു കുടുംബം സുഖം ആയി ജീവിച്ചു പോവാം. അങ്ങനെ തന്നെ ആണ് പോവുന്നതും. ഞാൻ പറഞ്ഞില്ലേ മൂന്നു മക്കളും സ്കൂളിൽ പോവുന്നവരാണ്. അവർക്ക് വേണ്ടി എല്ലാം റെഡി ആവുമ്പോൾ 8. 30മണി എങ്കിലും ആവും. എനിക്ക് ഇവിടെ 8 ആവുമ്പോഴേക്കും എത്തണം. പിള്ളേർക്ക് വേണ്ടി തന്നെ അവള് ഒരു പാട് കഷ്ടപ്പെടുന്നുണ്ട്. കൂടുതൽ ബുദ്ധി മുട്ടിക്കണ്ട എന്ന് ഞാനും വിചാരിച്ചു. ചേച്ചിക്ക് ജോലി വല്ലതും ഉണ്ടോ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇല്ല എന്ന് ആള് മറുപടി പറഞ്ഞു. ആ മുഖത്ത് ഒരു സങ്കടം മിന്നിമായുന്നതു ഞാൻ കണ്ടു.

“ശങ്കരേട്ടാ നിങ്ങളുടെ കുടുംബം ജീവിച്ചു പോണത് നിങ്ങളുടെ അധ്വാനം കൊണ്ടാണ്. ആരോഗ്യം ഉണ്ടെങ്കിലേ അധ്വാനിക്കാൻ പറ്റു. ഇത്രയും ഭക്ഷണം കഴിച്ചു ഇങ്ങനെ പണി എടുക്കണെങ്കിൽ ഈ ആരോഗ്യം ഇങ്ങനെ നിക്കും ന്നു തോന്നുന്നുണ്ടോ?.. മൂന്നു മക്കളുടെ കാര്യം ചേച്ചിക്ക് നോക്കാമെങ്കിൽ ചേട്ടന്റെ കാര്യം നോക്കാനാണോ കഷ്ട്ടം.. എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റുന്നില്ല ശങ്കരേട്ടാ .. “

ശങ്കരേട്ടൻ കുറച്ചു നേരം കണ്ണടച്ച് ആലോചിച്ചിരുന്നു. പിന്നെ പതിയെ തുടർന്നു.

“ശരി ആണ് നീ പറഞ്ഞത്. ഞാനും അവളും തമ്മിൽ പണ്ടത്തെ അത്രേം മാനസിക അടുപ്പം ഇപ്പൊ ഇല്ലാ ന്നു പലപ്പോഴും തോന്നിട്ടുണ്ട്. മുൻപ് എനിക്ക് ഇത് അല്ലായിരുന്നു പണി. ഈ പണിക്കാരെ കൊണ്ട് പണി എടുപ്പിച്ചാൽ മതി ആയിരുന്നു. വലിയ ജോലി ഇല്ലാത്തതു കൊണ്ട് ശമ്പളം കുറവായിരുന്നു. ആ പൈസ കൊണ്ട കുടുംബം നോക്കാൻ പറ്റില്ലാ ന്നു തോന്നിട്ടാണ് സൂപ്പർ വൈസറുടെ വേഷം അഴിച്ചു വെച്ച് പണിക്കാരനായത്. എന്റെ കോലം കണ്ടാ നീ. ആ ബംഗാളികളുടെ ഇടയിൽ കേറി നിന്നാൽ മലയാളി ആണെന്ന് ആരെങ്കിലും പറയുമോ.. “ഉള്ളിൽ ഒരു പാട് വിഷമം ഉണ്ടെങ്കിലും ഒരു ചെറിയ ചിരി ശങ്കരേട്ടന്റെ ചുണ്ടിൽ തെളിഞ്ഞു.

“ഇവടന്ന് പണി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ 7 മണി ആവും. എല്ലാവരും ടിവിയും കണ്ടു ഇരിക്കുന്നുണ്ടാവും. ക്ഷീണം കാരണം ടീവി കാണാനൊന്നും മനസ്സിൽ നേരെ നിക്കില്ലെടാ.. കുളി കഴിഞ്ഞു നേരെ കേറി കിടക്കും.. മേലും കൈയും വേദന മാറാൻ രണ്ടെണ്ണം അടിക്കല്ലാതെ വേറെ വഴിയൊന്നും ഇല്ല. അതും കഴിച് കുറച്ചു ചോറും വാരി തിന്നു ഒറ്റ ഉറക്കം ആണ്. മ ദ്യത്തിന്റ മണം അവൾക്കു ഇഷ്ടം അല്ലാത്തത് കൊണ്ട് ശാരീരിക ബന്ധവും ഓർമ ആയിട്ട് കാലങ്ങൾ കഴിഞ്ഞു. പക്ഷെ പലപ്പോഴും തോന്നിട്ടുണ്ട് വൈകുന്നേരം അവള് വന്നു ഇത്തിരി വെള്ളം ചൂടാക്കി തന്ന് കൈയോ കാലോ ഇത്തിരി അമർത്തി തന്നിരുന്നു എങ്കിൽ എനിക്ക് രണ്ടെണ്ണം അടിക്കേണ്ട ആവശ്യം വരില്ലായിരുന്നു എന്ന്. പക്ഷെ എന്താ ചെയ്യാ ആ സമയത്തു അവൾ അടുക്കളയിൽ ആയിരിക്കും. പാത്രം കഴുകലും ക്ളീൻ ചെയ്യലുമൊക്കെ കഴിഞ്ഞു അവള് കിടക്കുമ്പോഴും ഒരു സമയം ആവും. നമ്മൾ വിചാരിക്കും പോലെ അല്ലേടാ വീട്ടിലെ പെണ്ണുങ്ങളും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അത് നമ്മൾ കണ്ടില്ലാ ന്നു നടിക്കരുത്. ഇപ്പോഴും വല്ല കല്യാണമൊക്കെ വന്നാൽ ഞാൻ അവരുടെ കൂടെ പോവാറില്ല. എന്തോ ഒരു അപകർഷതാബോധം. എന്നെ പോലെ ഒന്നും അല്ലാട്ടോ അവര്. കാണാനൊക്കെ ഭാര്യയും മക്കളും സൂപ്പറാണ്. ഇതൊക്കെ പറഞ്ഞത് കൊണ്ട് അവർക്ക് എന്നോട് സ്നേഹമില്ല എന്നൊന്നും അര്ഥമില്ലാട്ടോ.. സ്നേഹം ഒക്കെ ഉണ്ട്. നമ്മുടെ കഷ്ടപ്പാട് കൊണ്ട് നമ്മുടെ കുടുംബം സുഖം ആയി കഴിയുന്നുണ്ട് എന്ന് ഓർക്കുമ്പോൾ തന്നെ ഒരു സുഖമാണ്. അത് കൊണ്ട് തന്നെ എന്റെ കഷ്ട പോടൊന്നും ഞാൻ പരമാവധി അവരെ അറിയിക്കാറില്ല. ചെറുതായൊന്നു വയ്യാതായാൽ കൂടി ഞാൻ അത് മറച്ചു വെക്കും. വെറുതെ അവരെ വിഷമിപ്പിച്ചിട്ടു നമുക്ക് എന്ത് കിട്ടാനാ. “പറഞ്ഞു നിർത്തി പോക്കറ്റിൽ ഉള്ള മൊബൈൽ ഒരു സൈഡിൽ വെച്ചിട്ട് ശങ്കരേട്ടൻ ഒന്ന് മയങ്ങാൻ കിടന്നു..

ഞാൻ ശങ്കരേട്ടന്റെ മൊബൈൽ എടുത്തു വെറുതെ ഒന്ന് നോക്കി. അതിൽ വൈഫ്‌ എന്ന് എഴുതിയ നമ്പർ മനഃപാഠമാക്കി. പിന്നെ മെല്ലെ എഴുന്നേറ്റു മുകളിലേക്ക് കയറി പോയി. ജോലിക്ക് കേറാൻ നേരം ശങ്കരേട്ടൻ ആളുടെ മൊബൈൽ ഓഫ് ചെയ്യും എന്ന് എനിക്ക് അറിയാമായിരുന്നു.

പണി തുടങ്ങാനുള്ള സൈറൺ മുഴങ്ങിയപ്പോൾ എല്ലാവരും മുകളിലെത്തി. വെയില് അതിനു പറ്റാവുന്നിടത്തോളം അതിന്റെ ഉഗ്രരൂപം കാട്ടുന്നുണ്ടായിരുന്നു. സമയം 3 30 ആയപ്പോൾ ഒരു ഓട്ടോ താഴെ വന്നു നിൽക്കുന്നത് ഞാൻ കണ്ടു. അതിൽ നിന്നും ഒരു സ്ത്രീയും അവരുടെ മകനെന്നു തോന്നിക്കുന്ന ഒരു ആൺകുട്ടിയും പുറത്തേക്കിറങ്ങി. നല്ല ഐശ്വര്യമുള്ള മുഖം ആയി ആ സ്ത്രീക്ക്. അത്യാവശ്യം വേണ്ട ആഭരണങ്ങൾ ശരീരത്തിൽ ഉണ്ടായിരുന്നു. താഴെ ഉള്ള സൂപ്പർ വൈസറോട് എന്തോ ചോദിച്ചു അവർ മുകളിലേക്കുള്ള സ്റ്റെപ്പിന്റ അടുത്ത് വരുന്നത് ഞാൻ കണ്ടു. ഏകദേശം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവർ മുകളിലെത്തി. 10 നില കയറിയത് കൊണ്ടാവണം രണ്ടു പേരും നന്നായി കിതക്കുന്നുണ്ടായിരുന്നു. രണ്ടാളുടെയും മുഖം പരിഭ്രമം കൊണ്ട് നിറഞ്ഞിരുന്നു. ജോലി ചെയ്യുന്ന എല്ലാവരുടെയും മുഖത്ത് അവർ സൂക്ഷിച്ചു നോക്കുന്നു ണ്ടായിരുന്നു. ഞാൻ അവരെ നോക്കി ചിരിച്ചത് കൊണ്ടാവണം അവർ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു “ശങ്കരേട്ടൻ എവിടെ ആണ് “. ഞാൻ ദൂരേക്ക് കൈ ചൂണ്ടി ആളെ കാണിച്ചു കൊടുത്തു. അപ്പോഴേക്കും ശങ്കരേട്ടനും അവരെ കണ്ടിരുന്നു. ആൾ പണിയുന്ന കമ്പി താഴെ ഇട്ടു അവരുടെ അടുത്തേക്ക് ഓടി വന്നു ചോദിച്ചു.. “യശോദേ നീ എന്താണ് ഇവിടെ.. എന്തിനാ ഇങ്ങോട്ട് വന്നത് “. ആളും വല്ലതും പരിഭ്രമത്തിലായിരുന്നു.

ആ ചേച്ചി അൽപനേരം ശങ്കരേട്ടനെ സൂക്ഷിച്ചു നോക്കി അതിനു ശേഷം പറഞ്ഞു “എനിക്ക് ഒരു ഫോൺ വന്നിരുന്നു ശങ്കരേട്ടൻ തല കറങ്ങി വീണു എന്നും വന്നിട്ട് വീട്ടിൽ കൂട്ടി കൊണ്ട് പോവാൻ പറഞ്ഞു.. ശങ്കരേട്ടനെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഞാൻ ആകെ പേടിച്ചു പോയി. അതാണ് ചെക്കനേം കൂട്ടി നേരെ വന്നത്. ” ശങ്കരേട്ടൻ അമ്പരപ്പോടെ അവരെ നോക്കി നിന്നു. പിന്നെ പറഞ്ഞു. “അത് ആരോ നിന്നെ പറ്റിച്ചതാണ്. എനിക്ക് കുഴപ്പം ഒന്നുമില്ല. വിളിച്ച നമ്പർ ഫോണിലുണ്ടല്ലോ അല്ലെ.. നീ ഇപ്പൊ പോ. വൈകുന്നേരം ഞാൻ വന്നിട്ട് അത് ആരാണെന്നു നോക്കാം. ശങ്കരേട്ടന് ദേഷ്യവും സങ്കടവും ഒരേ സമയം വരുന്നുണ്ടായിരുന്നു.

ചേച്ചിയുടെ മുഖത്ത് ഒരു ആശ്വാസഭാവം വരുന്നത് ഞാൻ കണ്ടു. പെട്ടന്ന് അവർ അവിടെ ജോലി ചെയ്യുന്നവരെ മുഴുവൻ കണ്ണോടിച്ചു നോക്കി. അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“നീ പൊയ്ക്കോ യശോദേ.. വൈകുന്നേരം ഞാൻ വരട്ടെ ന്നട്ട് ബാക്കി നോക്കാം. എനിക്ക് കുഴപ്പം ഒന്നുമില്ല.. ” ശങ്കരേട്ടന് അവരെ പറഞ്ഞു വിടാൻ ധൃതി ആണെന്ന് എനിക്ക് മനസ്സിലായി. കാരണം ആവിടെ ഉള്ള ആളുകൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അവർ രണ്ടാളും തിരിഞ്ഞു പടികളിറങ്ങാൻ തുടങ്ങി. അവസാനത്തെ പടി എത്തിയപ്പോൾ ആ അമ്മയും മകനും ഒരുമിച്ചു ഒരേ സമയം തിരിഞ്ഞു നോക്കി. പൊരി വെയിലത്തു കറുത്ത് കരുവാളിച്ചു വിയർത്തു കുളിച്ചു നിൽക്കുന്ന ശങ്കരേട്ടന്റെ രൂപം കണ്ടിട്ടാവണം അവർ സാരി തലപ്പ് കൊണ്ട് വായ പൊത്തി വേഗം താഴേക്കു ഇറങ്ങിപ്പോയി. ചേട്ടനെ നോക്കി ചിരിച്ചു ഞാനും തിരിഞ്ഞു നടന്നു. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ ശങ്കരേട്ടൻ എല്ലാ മറന്നു പണിയെടുക്കുന്നതാണ് കണ്ടത്.

വൈകുന്നേരം പണി കഴിഞ്ഞു എല്ലാവരും ഇറങ്ങി. ശങ്കരേട്ടനോട് യാത്ര പറഞ്ഞു ഞാനും ബൈക്കിൽ കേറി റൂമിലേക്ക്‌ തിരിച്ചു. റൂമിലെത്തിയിട്ടും എന്റെ മനസ്സ് മുഴുവൻ ശങ്കരേട്ടനായിരുന്നു. 7 മണി ആയപ്പോൾ എന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. പരിചയമില്ലാത്ത നമ്പർ ആണ്. ഞാൻ ഫോണെടുത്തു ചെവിയിൽ വെച്ചു. ഹലോ ഇതു ആരാണ് എന്ന് ചോദിച്ചപ്പോൾ തന്നെ ശങ്കരേട്ടന്റെ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. അടുത്ത സെക്കൻഡിൽ ശങ്കരേട്ടന്റെ തെറി കാതിൽ വന്നു വീണു. ” നീ ഏതാടാ തെണ്ടി എനിക്ക് സുഖമില്ലാന്നു എന്റെ ഭാര്യയെ വിളിച്ചു പറയാൻ “.

ശങ്കരേട്ടാ ഇത് ഞാൻ ആണ്. എന്നെ മനസ്സിലായില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നെയും ശങ്കരേട്ടൻ തിരിച്ചറിഞ്ഞിരുന്നു. കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവസാനം ശങ്കരേട്ടൻ തന്നെ പറയാൻ തുടങ്ങി.

“ഞാൻ വന്നതും ഭാര്യയും മക്കളും കൂടി കെട്ടിപ്പിടിച്ചു കരയുകയായിരുന്നെടാ.. അവർക്കൊന്നും അറിയില്ലായിരുന്നു എന്ന് പറഞ്ഞ്. ഞാനും കരഞ്ഞു. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നെടാ.. അതുങ്ങള് പേടിച്ചു പോയില്ലേ.. പക്ഷെ ഒന്ന് ആലോചിക്കുമ്പോൾ നീ ചെയ്തത് ശെരി ആണ് ന്നു തോന്നുന്നുണ്ട്. എന്റെ ജോലിയുടെ കഷ്ടപ്പാട് അവർക്കു മനസ്സിലായി. എന്നെ ശെരിക്കും അവരൊക്കെ മനസ്സിലാക്കിയത് ഇപ്പോഴാണ്. നീ ചെയ്തത് ശരി ആണോ തെറ്റാണോ എന്നൊന്നും എനിക്ക് അറിയാനും പറ്റുന്നില്ല.” പറഞ്ഞു തീരുമ്പോഴേക്കും ആളുടെ ഒച്ചയിടറിയിരുന്നു.

“ശരിയാണോ തെറ്റാണോ എന്ന് എനിക്കും അറിയില്ല ശങ്കരേട്ടാ.. ശങ്കരേട്ടൻ പറഞ്ഞില്ലേ ചേട്ടന്റെ കഷ്ടപ്പാട് അവരെ അറിയിച്ചിട്ടില്ല എന്ന്. അവരെ അറിയിക്കണമായിരുന്നു. സ്വന്തം ഭർത്താവ് അല്ലെങ്കിൽ അച്ഛൻ അവര് നോക്കാൻ വേണ്ടി പെടുന്ന പാട് അവർ അറിയണം. അവരുടെ ഒക്കെ കഷ്ടപ്പാടറിയുന്ന ശങ്കരേട്ടന്റെ കഷ്ടപ്പാട് അവരും അറിയണമെന്നെനിക്ക് തോന്നി. അവരെല്ലാം നല്ലവരാണെന്ന് ശങ്കരേട്ടന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായിരുന്നു. ഒന്നും അറിയാത്തതു കൊണ്ടാണ് അവർ മാറിപോയത്. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കുക.. ” ഞാൻ പറഞ്ഞു നിർത്തിയതും ശങ്കരേട്ടൻ ഒന്നും മിണ്ടാതെ ഫോണ് കട്ട് ചെയ്തു.

എന്റെ അവിടത്തെ ജോലി കഴിഞ്ഞിരുന്നു.. ഇനി ഞാൻ ശങ്കരേട്ടനെ കാണുമോ എന്നറിയില്ല.. ഇനി എന്നെങ്കിലും ശങ്കരേട്ടനെ ഞാൻ കാണാനിടയായാൽ എന്താവും ആൾക്ക് എന്നോട് പറയാനുണ്ടാവുക..