അമ്മായി അച്ഛൻ
Story written by Nisha L
ആര്യ വലിയ സന്തോഷത്തിലാണ്.. ഇന്ന് വൈകുന്നേരം വീട്ടിലേക്ക് കൊണ്ടു പോകാം എന്ന് വിവേക് ഉറപ്പ് പറഞ്ഞിരുന്നു.. രണ്ടു മാസത്തിനു ശേഷം വീട്ടിൽ പോകുന്നതിന്റെ എല്ലാ സന്തോഷവും അവളുടെ പ്രവൃത്തിയിൽ തെളിഞ്ഞു നിന്നു..വൈകുന്നേരം വിവേകിന്റെ ഫോൺ വന്നത് കേട്ട് ഉത്സാഹത്തോടെ അവൾ കാൾ എടുത്തു… ഒരുങ്ങി നിക്കാൻ പറയാൻ ആയിരിക്കും..
“എന്താ വിവേകേട്ടാ…? “
“ആര്യേ… എന്റെ ഫ്രണ്ട് കിഷോർ ഇല്ലേ അവന്റെ അമ്മക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ്.. അവൻ എന്നോട് ഒന്ന് ചെല്ലാൻ പറഞ്ഞു… അതു കൊണ്ട് ഞാൻ വരാൻ താമസിക്കും.. “!!
“അപ്പോൾ ഇന്ന് എന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞതോ..? “!!
“ഓ അത് പിന്നെ ആയാലും പൊയ്ക്കൂടേ… ഇപ്പോൾ അതാണോ വലിയ കാര്യം..”!!
“അതെന്താ വലിയ കാര്യമല്ലേ.. നിങ്ങൾക്ക് നാട്ടുകാരുടെ കാര്യം ഒക്കെ വലുതാണല്ലോ.. എന്റെ കാര്യത്തിൽ എന്താ ആ ഉത്സാഹം ഇല്ലാത്തത്…? “!!
“എന്റെ പൊന്ന് ആര്യേ എനിക്ക് നിന്നോട് തർക്കിക്കാൻ സമയം ഇല്ല.. ഞാൻ വരാൻ താമസിക്കുമെന്ന് അമ്മയോട് കൂടി പറഞ്ഞേക്ക്.. “!! പറഞ്ഞിട്ട് അവൻ ഫോൺ കട്ട് ചെയ്തു..
എനിക്ക് ഇന്ന് തന്നെ വീട്ടിൽ പോകണം.. ഞാൻ ഒറ്റക്ക് പോകും.. മനസ്സിൽ വിചാരിച്ചു ആര്യ രണ്ടു ദിവസത്തേക്കുള്ള തുണി ഒക്കെ അടുക്കി ബാഗിൽ വച്ചു..
“അച്ഛാ.. വിവേകേട്ടൻ വരാൻ താമസിക്കുമെന്നു പറഞ്ഞു.. ഞാൻ വീട്ടിലേക്ക് പൊയ്ക്കോട്ടേ…? “
“ആ മോളെന്തായാലും പോകാൻ ആഗ്രഹിച്ചതല്ലേ… പോയിട്ട് വാ.. അവനോടു ഞാൻ പറഞ്ഞോളാം “!!
“ശരിയച്ചാ… “!!
************************
വീട്ടിൽ എത്തിയ ആര്യയെ അമ്മയും അച്ഛനും സന്തോഷത്തോടെ സ്വീകരിച്ചു..
“മോനെന്താ വരാഞ്ഞത്..? “!!
“ആ ഏതോ കൂട്ടുകാരന്റെ അമ്മക്ക് വയ്യാ പോലും.. ഹോസ്പിറ്റലിൽ ആണെന്ന്.. “!!
അവൾ ഉദാസീനമായി മറുപടി പറഞ്ഞു..
അവളുടെ സംസാരത്തിൽ നിന്ന് അച്ഛനും അമ്മ ക്കും എന്തൊക്കെയോ സംശയങ്ങൾ തോന്നി..
“ഇവൾ അവിടുന്ന് വഴക്കിട്ടു വല്ലതും പോന്നതാണോ സുമേ…? “!!
“എനിക്കും സംശയം ഉണ്ട് ചേട്ടാ..അവൾ ഉറങ്ങട്ടെ.. നമുക്ക് മോനെ വിളിച്ചു ഒന്ന് സംസാരിച്ചു നോക്കാം.. “!!
“അതാ നല്ലത് സുമേ.. നീ മോളെ വിളിക്ക് നമുക്ക് ആഹാരം കഴിക്കാം.. “!!
ആഹാര ശേഷം കുറച്ചു സംസാരിച്ചിരുന്നു ആര്യ ഉറങ്ങാൻ പോയി..
ഈ സമയം…
“ഹലോ മോനെ.. അച്ഛനാ വിളിക്കുന്നത് “!!
“പറ അച്ഛാ.. എന്താ വിളിച്ചത്…? “!!
“അത് മോനെ.. ആര്യ മോൾ ഒറ്റയ്ക്ക് ഇവിടെ വന്നു.. മോൻ കൂട്ടുകാരന്റെ കൂടെ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു.. “!!
“അതെ അച്ഛാ.. “!!
“അല്ല മോനെ.. ഞാൻ ചോദിച്ചത്.. അവൾ അവിടുന്ന് പിണങ്ങി വന്നതാണോന്ന് ഒരു സംശയം… അതാ.. ഞാൻ… “!!
“അത് അവളോട് ചോദിച്ചു നോക്ക് അച്ഛാ.. “!!
“അവളോട് ചോദിച്ചാൽ അവൾ അവളുടെ ഭാഗം ന്യായീകരിച്ചല്ലേ പറയൂ… അതാ ഞാൻ മോനെ വിളിച്ചത്.. “!!
“അത് അച്ഛാ… എന്റെ കൂട്ടുകാരന് സഹായിക്കാൻ മറ്റാരും ഇല്ല. ബന്ധുക്കൾ ഒക്കെ അവരോട് അത്ര രാസത്തിലല്ല.. അതുകൊണ്ടാ അവൻ എന്നെ വിളിച്ചത്. ഒരു ആപത്തിൽ സഹായിച്ചില്ലെങ്കിൽ പിന്നെ കൂട്ടുകാർ എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്.. അവളോട് ഇന്ന് പോകണ്ട… അടുത്ത ആഴ്ച ഞാൻ കൊണ്ട് പോകാം എന്ന് പറഞ്ഞതാ അപ്പോൾ അവൾക്ക് വാശി.. ഇന്ന് തന്നെ പോകണമെന്ന്… വീട്ടിൽ അച്ഛനോട് ചോദിച്ചു അവൾ അങ്ങ് വന്നത്… സാരമില്ല രണ്ടു ദിവസം അവൾ അവിടെ നിക്കട്ടെ… പിന്നീട് വന്ന് ഞാൻ കൊണ്ടു പോന്നോളാം…. “!!
“അത് വേണ്ട മോനെ.. പിന്നെ അതൊരു ശീലമാകും.. നിസാര കാര്യത്തിനൊക്കെ പിണങ്ങി പോരാനുള്ള ഒരു തോന്നലുണ്ടാകും. അതിനു വളം വച്ചു കൊടുക്കുന്നത് നല്ലതല്ല.. നീ അവളെ ഫോണിലും വിളിക്കാൻ നോക്കണ്ട.. അവൾ തനിയെ തിരിച്ചു വന്നോളും. മോൻ വിഷമിക്കണ്ട… അച്ഛൻ ശരിയാക്കിക്കൊള്ളാം.”!!
വിവേക് ഒന്ന് ആലോചിച്ചു മറുപടി കൊടുത്തു..
“ശരിയച്ചാ… എന്റെ സാഹചര്യങ്ങൾ മനസിലാക്കി അവൾ എന്റെ കൂടെ ജീവിക്കട്ടെ അല്ലേ….. “!!
“പിന്നല്ലാതെ… “!!
ചിരിയോടെ അവർ സംസാരം നിർത്തി ഫോൺ കട്ട് ചെയ്തു.
*******************
“രണ്ടു ദിവസം ആയിട്ടും വിവേക് ഒന്ന് വിളിച്ചില്ലല്ലോ മോളെ.. നീ അവിടെ വഴക്ക് വല്ലതും ഇട്ടിട്ടു വന്നതാണോ..”!!
“അല്ലച്ഛാ… “!!
“പിന്നെന്താ മോൻ ഒന്ന് വിളിക്കാഞ്ഞത്..ഞാൻ ഒന്ന് പോയി തിരക്കണോ മോളെ..”!!
വിഷമത്തോടെ അച്ഛൻ പറയുന്നത് കേട്ട് അവൾക്കും സങ്കടം വന്നു.
“വേണ്ട അച്ഛാ.. ഞാൻ നാളെ തിരിച്ചു പോകും. “!!
ഈശ്വര.. വിവേകേട്ടൻ പിണക്കമാണെന്ന് തോന്നുന്നു.. അച്ഛനോട് അനുവാദം ചോദിച്ചട്ടല്ലേ വന്നത്… പിന്നെന്തിനാ പിണങ്ങുന്നത്… ചേട്ടനോട് ചോദിക്കാതെ പോന്നത് കൊണ്ട് ആയിരിക്കും.. ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കാതെ കട്ട് ചെയ്യുന്നു.. അമ്മയെ വിളിച്ചു ചോദിച്ചപ്പോൾ “അവന് ഭയങ്കര ദേഷ്യം രണ്ടു ദിവസമായിട്ടു.. നീ പോയത് കൊണ്ട് ആയിരിക്കും..” എന്ന് പറഞ്ഞു.. ഇനി ഇവിടെ നിക്കുന്നത് ബുദ്ധിയല്ല.. നാളെ തന്നെ പോകണം.. ഇനി എന്നെ തല്ലുവോ ദൈവമേ.. എന്നാലും വേണ്ടില്ല.. ഇറങ്ങി പോകാൻ പറയാതിരുന്നാൽ മതിയായിരുന്നു..
പിറ്റേന്ന് വിവേകിന്റെ വീട്ടിൽ..
“മോളെ നീ പോയത് അവന് ഇഷ്ടപ്പെട്ടില്ല എന്നാ തോന്നുന്നത്… വലിയ ദേഷ്യത്തില ഞങ്ങളോടും.. വൈകിട്ട് അവൻ വരുമ്പോൾ ഇനി എങ്ങനെ പ്രതികരിക്കും എന്നറിയില്ല.. മോള് വിഷമിക്കയൊന്നും വേണ്ട കേട്ടോ.. “!!അമ്മ പറഞ്ഞത് കേട്ടപ്പോൾ അവളുടെ പേടി ഒന്ന് കൂടി ഇരട്ടിച്ചു.
വൈകുന്നേരം ജോലി കഴിഞ്ഞു വന്ന വിവേക് ആര്യയെ ശ്രദ്ധിച്ചതേയില്ല.. അവളുടെ വിഷമം ഒന്ന് കൂടി വർദ്ധിച്ചു. തന്നെ നോക്കാതെ അമ്മ കൊടുത്ത ചായയും കുടിച്ചു അവൻ tv ക്ക് മുന്നിൽ ചടഞ്ഞു കൂടി ഇരുന്നു. അവന്റെ ശ്രദ്ധ ആകർഷിക്കാൻ പലവട്ടം അവന്റെ മുന്നിലൂടെ അവൾ നടന്നെങ്കിലും അവൻ ശ്രദ്ധിച്ചതേയില്ല. അങ്ങോട്ട് ചെന്ന് മിണ്ടണം എന്നുണ്ട്… പക്ഷേ പേടി കാരണം സാധിക്കുന്നില്ല..
ഇനി പിടിച്ചു നിക്കാൻ പറ്റില്ല.. കരച്ചിൽ കെട്ടുപൊട്ടി വരുന്നു. അവൾ ബെഡ്‌റൂമിലേക്ക് ഓടി. ബെഡിൽ വീണ് അവൾ ഏങ്ങി ഏങ്ങി കരഞ്ഞു.. കണ്ണുനീർ തലയിണ നനച്ചു കൊണ്ടിരുന്നു..
തലയിൽ ആരോ തലോടിയത് പോലെ തോന്നിയ അവൾ മുഖമുയർത്തി നോക്കി.. ഗൗരവത്തോടെ നോക്കി നിക്കുന്ന വിവേകിനെ കണ്ട് അവൾ എഴുന്നേറ്റിരുന്നു.
“വാ… വന്ന് ആഹാരം കഴിക്ക്.. “!!
“എനിക്ക് വേണ്ട… വിശപ്പില്ല… “!!
“അതെന്താ വിശപ്പില്ലാത്തെ… “!!
“എനിക്ക്.. വേണ്ട.. അതാ… “!!
“അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഇവിടെ ആരും പട്ടിണി കിടക്കാൻ പറ്റില്ല..അതൊക്കെ അങ്ങ് സ്വന്തം വീട്ടിൽ… എഴുന്നേറ്റു വാ… “!!
“എനിക്ക് വേണ്ടാഞ്ഞിട്ടാ…. “
“അതെന്താണെന്നാ ചോദിച്ചത്..? “!!
“വിശപ്പ് തീരെ തോന്നുന്നില്ല.. “!!
“ഞാൻ വാരി തന്നാൽ വിശക്കുമോ.. “? !!!
ഞെട്ടലോടെ മുഖമുയർത്തി നോക്കിയ അവൾ ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ നിൽക്കുന്ന അവനെ കണ്ടു.. അതു കാണെ മനസ്സിൽ തണുപ്പ് നിറയുന്നത് അവൾ അറിഞ്ഞു..മനസ്സിലെ സന്തോഷം വാക്കുകളിൽ കൊണ്ടുവന്ന് അവൾ ചെറിയ പിണക്കത്തോടെ ചോദിച്ചു
“എന്നെ ചേട്ടന് ഇഷ്ടമല്ല അല്ലെ…? അതുകൊണ്ടല്ലേ എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യഞ്ഞത് ഞാൻ വിളിച്ചിട്ട് എടുത്തുമില്ലല്ലോ..? “”!!
“എന്നെ ഒറ്റക്ക് ആക്കി പോയപ്പോൾ നിനക്ക് വിഷമം ഒന്നും തോന്നിയില്ലല്ലോ..പിന്നെ ഞാൻ മാത്രം എന്തിനാ വിഷമിക്കുന്നത്… “!!പരിഭവത്തോടെ അവൻ തിരിച്ചു ചോദിച്ചത് കേൾക്കെ അവൾക്കു മനസ്സിൽ ചെറിയ വിങ്ങൽ ഉണ്ടായി.
“ഇനി ഇതുപോലെ എന്നെ ഒറ്റക്കാക്കി പോകുമോ…? “!!
“ഇല്ല… ഒരിക്കലും പോകില്ല.. കണ്ണുനീരിൽ പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
“പിന്നേ.. ഒരു രഹസ്യം പറയട്ടെ..? “!!
“എന്താ..? “!!അവൾ ആകാംക്ഷയോടെ അവനെ നോക്കി..
“നിന്നെ വിളിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ നിന്റെ അച്ഛനാ പറഞ്ഞത് വിളിക്കണ്ട എന്ന്.. നിന്റെ പിണങ്ങി പോക്ക് ഒറ്റ തവണ കൊണ്ട് അവസാനിപ്പിക്കാൻ.. “!! അവൻ ചിരിയോടെ പറഞ്ഞു..
എന്റെ അച്ഛൻ..”!!! അവൾ വിശ്വാസം വരാതെ അവനെ നോക്കി..
“ഭയങ്കര.. എന്നിട്ട് എന്റെ മുന്നിൽ എന്തൊരു അഭിനയമായിരുന്നു.. കാലുവാരി അച്ഛൻ.. ശരിയാക്കി തരുന്നുണ്ട്.. “!! അവൾ ചിരിയോടെ പറഞ്ഞു.
“അതിനു ഇത്തിരി പുളിക്കും. എന്റെ അമ്മായി അച്ഛനെ വല്ലതും പറഞ്ഞാലുണ്ടല്ലോ.. നീ എന്റെ കൈയിൽ നിന്നെ വാങ്ങിക്കും. “!!
“ങ്‌ഹേ… അപ്പോൾ നിങ്ങൾ അമ്മായിയച്ഛനും മരുമോനും ഒന്നായി. ഞാൻ വെളിയിലും അല്ലേ…”!! അവൾ ചെറിയ കുശുമ്പോടെ ചോദിച്ചു
“അമ്മായിഅച്ഛനും മരുമോനും അല്ലെടി അച്ഛനും മോനും.. “!!
അവൻ പറയുന്നത് കേട്ട് മനസ്സിൽ ചെറിയ അസൂയ തോന്നിയെങ്കിലും അതിനേക്കാൾ കൂടുതൽ സന്തോഷം തോന്നി.. ഒരു മകൻ ഇല്ല എന്ന എന്റെ അച്ഛന്റെയും അമ്മയുടെയും വിഷമം മാറിയത് ഓർത്തു… ഞാൻ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ എന്റെ അച്ഛനെയും അമ്മയേയും സ്നേഹിക്കുന്ന ഒരു ഭർത്താവിനെ ലഭിച്ചതിൽ…
ഒരു പെൺകുട്ടി മരുമകൾ ആകുന്ന ദിവസം ഒരു ആൺകുട്ടി മരുമകനും ആകുന്നു. എല്ലാ ദിവസവും മകളെ വിളിച്ചു വിശേഷം പറയുന്നതിനിടയിൽ ഇടയ്ക്കൊക്കെ മരുമകനെയും വിളിച്ചു സംസാരിക്കുക. അവർക്ക് അത് വളരെ സന്തോഷം നൽകും. ചിലപ്പോൾ സ്വന്തം മകളേക്കാൾ നിങ്ങളെ സ്നേഹിക്കുന്ന ഒരു മകനെയും കിട്ടും.
N b : സ്ഥിരം അമ്മായിഅമ്മ -മരുമകൾ കഥയിൽ നിന്ന് വ്യത്യസ്തമായി അമ്മായിഅച്ഛൻ -മരുമകൻ കോമ്പിനേഷൻ എഴുതി നോക്കിയതാ.