മോനെ പനിയാണ്‌ …മോൻ അടുത്ത് നിക്കണ്ട പൊയ്ക്കോ ..” അതു കേട്ടപ്പോൾ അവനു വല്ലാത്ത വിഷമം തോന്നി .?മെഡിക്കൽ ഷോപ്പിൽ ഡാഡിയുടെ കൂടെ ഇരിക്കുമ്പോഴും ഹൃദുവിന് വൃദ്ധനപ്പുപ്പന്റെ വിഷമിക്കുന്ന മുഖം…….

മകനാണ് താരം

രചന :വിജയ് സത്യ

പാൽ കുടിച്ചത് മതിയാക്കിയോ… മോനെ ഹൃദു എങ്കിൽ ഈ വാട്ടർ ബോട്ടിൽ എടുത്തിട്ട് പോടാ ..”

ഡാഡി സ്കൂട്ടർ സ്റ്റാർട്ടാക്കിയ ഒച്ച കേട്ടു ഹൃതിഷ് എന്ന അമ്മയുടെ ഹൃത്തൂ മോൻ സ്കൂളിൽ പോകാൻ ബാഗുമെടുത്തു അച്ഛന്റടുത്തേക്കു ഓടുന്നതിനിടയിൽ അമ്മ വിളിച്ചു പറഞ്ഞത് കേട്ടേയില്ല .

“പൂവാം ഡാഡി ” സ്കൂട്ടറിന്റെ പിറകെ ഇരുന്നു ഡാഡിയെ കെട്ടിപിടിച്ചു ഹൃദു പറഞ്ഞു .

“എന്തു പൂവാം എന്നാണോ ..?” ഡാഡിക്ക് ഹൃദുവിന്റെ മലയാളം അത്ര പിടിച്ചില്ല .

“സോറി ഡാഡ് പോകാം …” അവൻ ക്ഷമാപണം നടത്തി .?അപ്പേഴേക്കും അമ്മ മൃദുല വാട്ടർ ബോട്ടിൽ കിറ്റുമായി അവിടെ എത്തി .

“എന്താ ഹ്രിദു ഇത് വാട്ടർ ബോട്ടിൽ എന്നും ഇവിടെ മറന്നു വെച്ചിട്ടു പോകും എന്നിട്ട് സ്കൂളിലെ പൈപ്പ് വെള്ളം കുടിക്കും അതല്ലേ പരിപാടി …”

“മമ്മി വാട്ടർ ഫിൽറ്റർ മെഷീൻ ഉണ്ട് ഞങ്ങളുടെ സ്കൂളിൽ മമ്മി കണ്ടതാണല്ലോ “
ഹൃദു മമ്മിയെ കളിയാക്കി കൊണ്ട് വാട്ടർ ബോട്ടിൽ വാങ്ങി തോളിൽ തൂക്കിയിട്ടു .

“അങ്ങനെ ഇപ്പോൾ എന്റെ പൊന്നുമോൻ സ്കൂളിലെ പച്ചവെള്ളം കുടിക്കേണ്ട. ഉം ..മെഷിൻ ..നമ്മുടെ നാട്ടിലെ കറണ്ടിൽ വർക്ക് ചെയ്യുന്ന മെഷിൻ അല്ലെ ..അതു കണക്കാ ..”

“Kseb കുറ്റം പറഞ്ഞാൽ ശാപം കിട്ടും മമ്മി “

“പിന്നെ ശാപം ..ഉം പൊയ്ക്കോ രണ്ടാളും” മൃദുല മുഖം വക്രിച്ചു കാട്ടി പറഞ്ഞു . ഹരിപ്രസാദ് വണ്ടി മുന്നോട്ടു എടുത്തു .

“മമ്മി ടാറ്റാ.. ഉമ്മ ..” ഹൃദു അമ്മയ്ക്ക് ടാറ്റാ നൽകി .ഒരു പ്ലെയിൻ കിസ്സും ..മൃദുല നിറഞ്ഞ മനസോടെ പുഞ്ചിരിച്ചു കൊണ്ട് മകനെയും ഭർത്താവിനെയും യാത്രയാക്കി മൃദുലയുടെ ഭർത്താവ് ഹരി പ്രസാദ് ടൗണിൽ മെഡിക്കൽ ഷോപ്പ് സ്വന്തമായി നടത്തുന്നു .ഷോപ്പിൽ ഫാർമിസിസിറ്റ് കൂടാതെ വേറെ ഒരു സ്റ്റാഫ്‌ കൂടി ഉണ്ടു .ഹരി പ്രസാദ് ഹൃദുവിനെ അവന്റെ സ്കൂളിൽ കൊണ്ട് വിടാൻ വേണ്ടി മോനുമൊന്നിച്ചേ വീട്ടിൽ നിന്നും പുറപ്പെടാറുള്ളൂ . ഫോർത് സ്റ്റാൻഡേർഡിൽ മിടുക്കനായി പഠിക്കുന്ന കുട്ടിയാണ് ഹൃദു . ഹൃദുവിനെ സ്കൂൾ കോംപൗണ്ടിന്റെ ഗേറ്റിനു സമീപം ഇറക്കി ഹരിപ്രസാദ് തൊട്ടു സമീപം തന്നെയുള്ള മെഡിഷോപ്പിൽ പോയി ..?ഹൃദു സ്കൂൾ കോമ്പൗണ്ട് ഗേറ്റും കടന്നു അകത്തു കയറി പോയി .

ഹരിയുടെ മെഡിക്കലിന് സമീപം ഒരു ബസ് വെയ്റ്റിംഗ് ഷെഡ് ഉണ്ടു .അവിടൊരു വൃദ്ധൻ ഭിക്ഷയ്ക്ക് ഇരിക്കുക പതിവാണ് .പക്ഷെ ഇന്നു ആ വൃദ്ധൻ പുതച്ചു കിടന്നു വിറയ്ക്കുകാണ് .ഹരി കടയുടെ ചുവരിനോട് ചേർന്നു സ്കൂട്ടർ പാർക്ക്‌ ചെയ്തു വെച്ചു .ആ വൃദ്ധന്റെ ദയനീയ ഞെരക്കവും ,മൂളലും ഹരിയുടെ ശ്രദ്ധയിൽ പെട്ടു .

“എന്തു പറ്റി …അണ്ണാ ?”

” പനിയാണ് …സർക്കാർ ആശുപത്രിയിലെ മരുന്ന് കഴിച്ചു ..എന്നിട്ടും കുറവില്ല ..’

“ലിസ്റ്റിരിക്ക പാക്കാട്ടും .. ഹരി വൃദ്ധൻ നൽകിയ ലിസ്റ്റ് നോക്കി ..

“ഹമ്മോ ട്യൂബെർക്കുലോസിസ് ..”

ഹരി നടുങ്ങി .എഴുതിയ മരുന്ന് കണ്ടപ്പോൾ ഹരിക്ക് മനസിലായി .

“അണ്ണാ ഇത് ടിബി താനെ ..എപ്പടിയവതും കറക്റ്റായി ചികിത്സ പണ്ണണം ..നീൻഗോ സർക്കാർ മെഡിക്കൽ കോളേജിൽ പൊങ്കോ ..”

“പോയിട്ടങ്ങെളെ ..അവിടെ അഡ്മിറ്റ്‌ ആകരുതുക്ക് ആധാർ കാർഡ് ,റേഷൻ കാർഡ് അതു ഇത് എല്ലാം വേണം ..എന് പാക്കം അതൊന്നു കിടായതു സ്വാമി …”

“കഷ്ടം ..”

അതു പറഞ്ഞു ഹരി മെഡിക്കൽ ഷോപ്പിൽ കയറിപ്പോയി .
നാലുമണിയായപ്പോൾ ഹൃദുവിന്റെ സ്കൂൾ വിട്ടു .സ്കൂൾ വിട്ടാൽ അവൻ റോഡിനു ഓരം ചേർന്നു ഡാഡിയുടെ മെഡിക്കൽ ഷോപ്പിൽ വരും അഞ്ചു മണിക്ക് അച്ഛൻ അവനെ തിരികെ വീട്ടിൽ കൊണ്ട് വിടും .അതാണ് പതിവ് .
നടന്നു ബസ് സ്റ്റോപ്പിന് സമീപമെത്തിയപ്പോൾ അവിടെ എന്നും കാണാറുള്ള വൃദ്ധനപ്പൂപ്പൻ പുതപ്പിനുള്ളിൽ കിടന്നു വിറയ്ക്കുന്നു .അതു കണ്ടു അവന്റെ കുഞ്ഞു മനസിൽ സങ്കടം നിറഞ്ഞു .കുറെ നേരം അവൻ അവിടെ തന്നെ നിന്നു .
എന്നിട്ട് അവൻ വിളിച്ചു

“അപ്പുപ്പ അപ്പുപ്പ ” അയാള് പുതപ്പ് തല വഴി മാറ്റി പറഞ്ഞു

“മോനെ പനിയാണ്‌ …മോൻ അടുത്ത് നിക്കണ്ട പൊയ്ക്കോ ..” അതു കേട്ടപ്പോൾ അവനു വല്ലാത്ത വിഷമം തോന്നി .?മെഡിക്കൽ ഷോപ്പിൽ ഡാഡിയുടെ കൂടെ ഇരിക്കുമ്പോഴും ഹൃദുവിന് വൃദ്ധനപ്പുപ്പന്റെ വിഷമിക്കുന്ന മുഖം വല്ലാതെ നൊമ്പരമുളവാക്കി . അവൻ സങ്കടപ്പെട്ടു അവന്റെ ഡാഡിയോടു ചോദിച്ചു

“ഡാഡി ആ അപ്പൂപ്പന് എന്താ പറ്റിയത് ..?”

“മോനെ നീ അവിടെയൊന്നും പോവല്ലേ അയാൾക്ക്‌ ക്ഷയരോഗമാണ് …! “

“എന്തു അസുഖമാണ് ഡാഡി അതു ? “

” മാരകമാണ്‌ മാത്രമല്ല പകരും ..!”

“മരിച്ചു പോകുമോ ..?”

അവന്റെ കണ്ണിലെ ഭയം കണ്ടപ്പോൾ അയാൾ തെല്ല് മകനെ സമാധാനിപ്പിക്കാനായി പറഞ്ഞു .

“മോനെ അതിനു മരുന്നുണ്ട് അതു കൃത്യമായി കഴിച്ചാൽ അസുഖം ഭേദപ്പെടും ..!”

“ആ മരുന്ന് നമ്മുടെ കടയിലുണ്ടോ ഡാഡി ..?..” ഹൃദു വലിയ കൗതുകത്തോടെ ഡാഡിയോടു ചോദിച്ചു .

“പിന്നെന്താ ഉണ്ടല്ലോ ..”

“എങ്കിൽ അയാൾക്ക്‌ കൊടുക്കൂ ഡാഡി .”

“മോനെ അതു ഒന്നോ രണ്ടോ ഗുളിക കഴിച്ചാൽ മാറില്ല .മൂന്നോ നാലോ മന്ത് ഒരു ഡയസ് പോലും മുടങ്ങാതെ വെറും വയറ്റിൽ വെളുപ്പിന് കഴിക്കണം ..എങ്കിലേ ഫലം ലഭിക്കൂ ..മാത്രമല്ല അത്രേം മരുന്നിനു ആയിരക്കണക്കിന് രൂപ ചിലവുമുണ്ട് .!”

ഡാഡിയുടെ വാക്ക് ഹൃദുവിന് സങ്കടം കൂട്ടാനേ ഉപകരിച്ചുള്ളു . അഞ്ചുമണിക്ക് ഹരി പ്രസാദ് ഹൃദുവിനെ വീട്ടിലാക്കി മടങ്ങി .

വീട്ടിൽ ഹൃദു ദുഃഖിതനായി പുസ്തകത്തിന്റെ മുന്നിൽ കഴിച്ചു കൂട്ടുന്നത് കണ്ടു മൃദുല
” ഉം എന്തു പറ്റി ..?” അവൻ തോളുപൊക്കി കണ്ണടച്ച് ചുണ്ട് താഴ്ത്തി ഒന്നുമില്ലെന്നു കാണിച്ചു . വഴിവക്കിലെ അപ്പൂപ്പന്റെ കാര്യം പറഞ്ഞാൽ അടി പാർസൽ കിട്ടുമെന്ന്ഹൃദുവിനറിയാം

അവനു ഡാഡിയും മമ്മിയും അങ്കിളും മറ്റു വിഷവിനും ,ഓണത്തിനും മറ്റു ആഘോഷ സുദിനങ്ങളിലൊക്കെ നൽകിയ പണം ഒരു മണ്ണ് കുടുക്കയിൽ ഇട്ട് സൂക്ഷിച്ചു വെച്ചിരുന്നു .അതോർമ്മ വന്നു അവനു അവൻ വേഗം ഓടി അവന്റെ പുസ്തകവും ബാഗും വെക്കുന്ന അലമാരയിൽ നിന്നും ആ മൺകുടുക്ക എടുത്തു .നേരെ അതെടുത്തു വീടിന്റെ ടെറസിൽ കയറിപ്പോയി .അവിടെ എത്തിയ അവൻ ആ കുടുക്ക തകർത്തു .അതിനകത്തുണ്ടായിരുന്ന നോട്ടുകളും ചില്ലറകളും വെളിയിൽ വന്നു .അവൻ അതെടുത്തു എണ്ണിനോക്കി എല്ലാം കൂടി രണ്ടുമൂവ്വായിരം രൂപഉണ്ടു.

അവൻ ആ കാശു ഭദ്രമായി അവന്റെ സ്കൂൾ ബാഗിൽ കൊണ്ടുവച്ചു . പിറ്റേന്ന് രാവിലെ ഉത്സാഹത്തോടെ അവൻ ഡാഡിയുടെ സ്കൂട്ടറിൽ സ്കൂളിൽ ചെന്നു .വൈകിട്ടാകുംവരെ അവൻ ക്ഷമയോടെ കാത്തിരുന്നു .നാലു മണിക്ക് സ്കൂൾ വിട്ടു .അവൻ റോഡിനോരം ചേർന്നു വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു

.വൃദ്ധനപ്പൂപ്പൻ അവിടെ തന്നെ ഉണ്ടു .എഴുന്നേറ്റു ഇരിക്കുകയായിരുന്നു .ഹൃദു അയൽക്കരികിൽ ചെന്നിട്ട് നെറ്റി തൊട്ടു നോക്കി .

അതു വൃദ്ധൻ ചിരിച്ചു കൊണ്ട് പറഞ്ഞു?”മോനെ പനി കുറഞ്ഞു .ഇപ്പോൾ പനി ഒട്ടുമില്ല …” ഹൃദുവിന് അതു കേട്ടു സന്തോഷമായി . “അപ്പൂപ്പന്റെ മരുന്ന് കുറിപ്പടി ഇങ്ങു താ ..സ്കൂൾ കുട്ടികൾ ചേർന്ന് അപ്പൂപ്പന് മരുന്ന് വാങ്ങിക്കാൻ കാശു തന്നിട്ടുണ്ട് ..ഞാനിപ്പോൾ ഞങ്ങളുടെ കടയിൽ നിന്നും വാങ്ങികൊണ്ടുത്തരാം .”
അതു കേട്ടു വൃദ്ധനപ്പൂപ്പൻ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് ഡോക്ടർ കുറിച്ച് കൊടുത്ത മരുന്നിന്റെ കുറിപ്പടി ഹൃദുവിന് നൽകി . ഹൃദു മരുന്ന് ലിസ്റ്റ് അച്ഛന് നൽകി പറഞ്ഞു ..

“ഡാഡി ഞാൻ ഈ സുഖമില്ലാത്ത അപ്പൂപ്പന്റെ കാര്യം സ്കൂളിൽ പറഞ്ഞു …എന്നിട്ട് ഞങ്ങൾ സ്കൂൾ കുട്ടികൾ എല്ലാം ചേർന്ന് കാശു പിരിച്ചു അപ്പൂപ്പന് മരുന്ന് വാങ്ങിച്ചു കൊടുക്കാൻ തീരുമാനിച്ചു ..ഇതാ കാശു ..ഇതാ മരുന്നിന്റെ ലിസ്റ്റ് ..പ്ലീസ് ഡാഡി അപ്പൂപ്പന്റെ മരുന്നു എടുത്തു താ …” സ്കൂൾ വിട്ടു വന്ന മോന്റെ വാക്കും പ്രവർത്തിയും കണ്ടു ഹരി പ്രസാദ് അന്തംവിട്ടുപോയി …
‘സമ്മതിച്ചു നിന്നെ ..” കാശുവാങ്ങി ഹരിപ്രസാദ് അയാൾക്ക്‌ വേണ്ടുന്ന ഒരു കോഴ്സ് മരുന്ന് മകനെ ഏല്പിച്ചു .

ഹൃദു ആ മരുന്നുംകൊണ്ടു വൃദ്ധനപ്പൂപ്പനരികിൽ ചെന്നു അയാൾക്ക്‌ സമ്മാനിച്ചു .വിറയാർന്ന കൈകളോടെ വൃദ്ധൻ ഹൃദുവിന്റെ കൈയിൽ നിന്നും ആജീവൗഷധം വാങ്ങി .അപ്പോഴേക്കും ഹരിപ്രസാദ് ഒരു ഗ്ലാസ്‌ വെള്ളവുമായി അവിടെ വന്നു .മരുന്ന് സ്ട്രിപ്റ്റിൽ നിന്നും ഒരു ഗുളിക എടുത്തു വൃദ്ധന് കഴിക്കാൻ നൽകി .തുടർന്ന് എന്നും രാവിലെ കഴിക്കാനുള്ള നിർദ്ദേശവും നൽകി .ഹൃദുവിന്റെ കൈയും പിടിച്ചു ഹരി പ്രസാദ് മെഡിക്കലിലേക്ക് നടന്നു .അച്ഛന്റെ വിരൽ തുമ്പിൽ നടക്കുമ്പോൾ ഹൃദുവിന്റെ കുഞ്ഞു മനസ്സിൽ അപ്പൂപ്പന്റെ ചിരി നിറഞ്ഞു നിന്നു .

തുടർന്നു മാസങ്ങൾക്കകം വൃദ്ധൻ പരിപൂർണ സുഖം പ്രാപിച്ചു .പിന്നെ എന്നും ഹൃദു സ്കൂളിൽ പോകുമ്പോൾ വൃദ്ധന്റെ മോണ കാട്ടിയുള്ള ചിരി അത് അവന്റെ ഉള്ളിൽ ആത്മാഭിമാനത്തിന്റെ ഗരിമ ഉണർത്തുന്ന ആവേശമായിരുന്നു .
പുരുഷന്റെ അഷ്ടഗുണങ്ങളിൽ ഒന്നാണ് ഗരിമ ! ഗരിമ ഉള്ളവൻ ദാനശീലനായിരിക്കും!!

തന്റെ സമ്പാദ്യം അപരന് ദാനം ചെയ്യുമ്പോൾ തന്റെ ഇടതു കൈ പോലും അറിയരുതെന്ന് അതു ഉൽഘോഷിക്കുന്നു ! ആ ദാന മഹിമ , അതാണെന്ന് ഹൃദു നമ്മെ ഓർമ്മപ്പെടുത്തിയത് ..ജന്മനാ ഉള്ള ആ വിഭൂതിയാലാകാം ആ ബാലനായ ഹൃദു വലിയ നന്മ ഉദ്ദേശിച്ചു ചെയ്ത കാര്യത്തിൽ പണം അപ്പൂപ്പന് മരുന്ന് വാങ്ങാൻ നല്കുകയാണെന്നാ കാര്യംമാതാപിതാക്കളോട് മറച്ചുവെക്കാൻ അവനെ പ്രേരിപ്പിച്ച ഘടകമെന്ന് നമുക്കാശ്വസിക്കാം .