മുറിയിലെ അടുക്കിവച്ചിരുന്ന സാധനങ്ങളെല്ലാം തള്ളിമറിച്ചിട്ടു…. ഇനി ജീവിക്കേണ്ടെന്ന് മനസ്സിൽ ചിന്തിച്ചുതുടങ്ങിയ നിമിഷം….

എഴുത്ത്:- സ്നേഹപൂർവ്വം കാളിദാസൻ

അഞ്ചു….നീയെന്താണപ്പോൾ പറഞ്ഞു വരുന്നത്…??

ഏട്ടാ…. ഞാൻ ഇത്രയും പറഞ്ഞിട്ട് ഏട്ടന് മനസിലാകുന്നില്ലേ….??

ഒരു കയ്യിൽ വിഷവും, മറുകയ്യിൽ കയറും പിടിച്ചുകൊണ്ട് അമ്മ,,, അച്ഛൻ ആകെ വിഷമിച്ച് ഉമ്മറത്തും….. കൂടാതെ അവന്റെകൂടെ ജീവിക്കാനാണ് തീരുമാനമെങ്കിൽ ഞങ്ങളുടെ ശവം നിന്നെകൊണ്ട് തീറ്റിക്കുമെന്ന ഭീഷണിയും….. എനിക്കിനി വയ്യേട്ടാ അവരെ വിഷമിപ്പിക്കാൻ…. ഇതെന്റെ അവസാന കോളാണ്…. ഇനിമുതൽ ഈ നമ്പർ ഉണ്ടാകില്ല….. ഞാൻ ഏട്ടനെ കളിപ്പിക്കുന്നതല്ല… എന്റെ അവസ്ഥ അതാണ്‌… ഏട്ടൻ മനസിലാക്കണം എന്നെ…..

അഞ്ചു……

പെട്ടെന്ന് ഫോൺ കട്ടായി….. തിരിച്ചു വിളിച്ചിട്ട് നമ്പർ സ്വിച്ചഡ് ഓഫ്‌ എന്തു ചെയ്യണമെന്നറിയാതെ ഞാൻ തലങ്ങും വിലങ്ങും നടന്നു…. വണ്ടിയെടുത്തുകൊണ്ട് അവളുടെ വീടുവരെ പോകാമെന്നു കരുതിയപ്പോഴാണ് വാട്സ്ആപ് മെസ്സേജ് വന്നത്….. അഞ്ചുവായിരുന്നു….

ഏട്ടാ എന്നോട് ക്ഷമിക്കണം…. എന്നെ ശപിക്കരുത്…. ഏട്ടനെന്നെ മനസിലാക്കാൻ കഴിയുമെന്ന് വിചാരിക്കുന്നു…. ഗുഡ് ബൈ…

അവൾ പെട്ടെന്നുതന്നെ വാട്സാപ്പും ബ്ലോക്ക്‌ ചെയ്യ്തു…. കുറെ നേരം മാറി മാറി ഞാനവളെ വിളിച്ചുനോക്കി…. ഫോൺ ഓഫ്‌…

അഞ്ചുവർഷം സ്നേഹിച്ചവൾ……….. ഇത്രപെട്ടെന്ന് ഒരാൾക്ക് മാറാൻ സാധിക്കുമോ….. സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ കുറെ കരഞ്ഞു…. മനസിന്റെ പിടിവിടുമെന്ന അവസ്ഥ…. മുറിയിലെ അടുക്കിവച്ചിരുന്ന സാധനങ്ങളെല്ലാം തള്ളിമറിച്ചിട്ടു…. ഇനി ജീവിക്കേണ്ടെന്ന് മനസ്സിൽ ചിന്തിച്ചുതുടങ്ങിയ നിമിഷം…. അവളുടെ അച്ഛനും അമ്മയും ആത്മഹത്യ ഭീക്ഷണി മുഴക്കിയപ്പോൾ അവൾ എന്നെ വേണ്ടെന്ന് വച്ചു…. ഞാൻ മരിച്ചാൽ അവൾക്കൊന്നും ഇല്ലപ്പോൾ…. എങ്കിൽ എന്റെ ശവം കണ്ടിട്ട് മതി അവളുടെ പുതിയ ജീവിതം…. ഞാൻ മനസിലുറപ്പിച്ചു…. നേരെ പോയി പുറകിലുള്ള മുറിയിൽ സൂക്ഷിച്ചിരുന്ന കയറെടുത്തു….

അമ്മയെന്നോട് ക്ഷമിക്കണം… എനിക്കിനി ജീവിക്കാൻ സാധിക്കില്ല… മാപ്പ്….
അമ്മയോട് മനസ്സിൽ മാപ്പ് ചോദിച്ചുകൊണ്ട് ഞാൻ പതിയെ വീടിന് വെളിയിലേക്കിറങ്ങി…

തൂങ്ങിചാകാൻ പറ്റിയ സമയമാണ്…. ഉച്ചസമയമായതുകൊണ്ട് അടുത്തെങ്ങും ആരുമില്ല… അമ്മയാണെങ്കിൽ കടയിലും പോയ തക്കം….. മനസ് കടലുപൊലെ ഇരമ്പുന്നു…. തൂങ്ങാൻ പറ്റിയ മരംനോക്കി ഞാൻ നടന്നു… നോക്കുമ്പോൾ വീടിന് എതിർവശത്തുള്ള വലിയൊരു പ്ലാവ്…. ആ മരം ഞാനുറപ്പിച്ചു…. ആ പറമ്പിലേക്ക് പോകാൻ റോഡ് ക്രോസ്സ്ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു കാറ് ചീറിപ്പാഞ്ഞു വന്നു…. പെട്ടെന്ന് ഞാൻ ഒഴിഞ്ഞുമാറിയില്ലായിരുന്നെകിൽ എന്നെ ഇടിച്ചിടുമായിരുന്നു….

ചാകാൻ പോണവനെ ഇടിച്ചുകൊല്ലാൻ ശ്രമിക്കുന്നോടാ പന്നി….. ഞാനാ കാറുകാരനെനോക്കി ദേഷ്യത്തിൽ പറഞ്ഞു….

ആരാടാ ചാകാൻ പോണത്…. പെട്ടെന്നാണ് ആ പറമ്പിലെ കുട്ടിച്ചെടികളുടെ ഇടയിൽനിന്നും ഒരു തല പൊന്തിയത്….

ഒന്നുല്ല ഭാസ്കരേട്ടാ…. ഞാൻ ബെർതെ…. ഭാസ്കരേട്ടനെന്താ ഇബിടെ…. തപ്പിത്തടഞ്ഞു ഞാൻ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു… മാത്രമല്ല കയ്യിൽ കരുതിയിരുന്ന കയർ പുള്ളികാണാതെ മറച്ചും പിടിച്ചു….

ഒന്നുല്ലടാ ഉവ്വേ…. എന്റെ കുരുപ്പ് ചെക്കൻ ബാത്‌റൂമിൽ കേറിയിരുപ്പാണ്…. മൊബൈലിൽ ഗെയിമും കളിച്ചോണ്ട്… മ്മക്ക് രണ്ടിന് മുട്ടിയിട്ട് ഒരു രക്ഷയുമില്ല…. അത്കൊണ്ടാണ് ഈ പറമ്പിൽ…. നി ആരോടും പറയാൻ നിൽക്കേണ്ട…. കേട്ടല്ലോ….
ചെറിയൊരു ഭീഷണി ആ വാക്കുകളിൽ നിഴലിച്ചു….ഭാസ്കരേട്ടൻ പതിയെ നടന്നുനീങ്ങി…..

ഇനി ഈ പറമ്പിൽ വേണ്ട… ഞാൻ സ്ഥലം വേറെ നോക്കിനടന്നു…. പെട്ടെന്നാണ് വീടിന്റെ സൈഡിലുള്ള മൂവാണ്ടൻമാവ് എന്റെ കണ്ണിലുടക്കിയത്….. ഞാൻ വേഗംതന്നെ ആ മാവിനടുത്തേക്ക് നടന്നു….. മാവിന് ചുവട്ടിൽ ചെന്നുനിന്നിട്ട് മാവിലേക്ക് കയറാനുള്ള വഴികൾ നോക്കി…..ചവിട്ടി മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ

ഡാ…………………..

ആ ശബ്ദംകേട്ട് ഞാൻ ഞെട്ടി…..

അമ്മ…….

ദൈവമേ….. അമ്മയോടിനി എന്തുസമാധാനം പറയും…. എന്റെ മനസ് പുകഞ്ഞു…..

ഞാൻ അമ്മയെ നോക്കാതെ തലകുനിച്ചു നിന്നു…. അമ്മയെന്റെ അടുക്കലേക്ക് വന്നു….. അമ്മയുടെ കാലിൽ വീണ് മാപ്പുചോദിക്കാൻ തോന്നിപോയൊരു നിമിഷം….

ഡാ…. നീയെന്റെ മോൻ തന്നെ…. ഞാനിപ്പോൾ വരുന്ന വഴി ആലോചിച്ചോണ്ട് വരാർന്നു….

എന്ത്……??
ഞാൻ അറിയാതെ ചോദിച്ചുപോയി…

ഈ മാവേന്ന് ആ തെങ്ങുവരെ ഒരു അഴ വലിച്ചുകെട്ടണമെന്ന്….. എന്റെ മനസുപോലെതന്നെ നീയത് ചെയ്യാൻ ശ്രമിച്ചല്ലോ… അമ്മക്ക് സന്തോഷമായി…..

ഇതുകേട്ട ഞാൻ അന്തംവിട്ടുനിന്നു….

മോൻ കെട്ടിക്കോ… അമ്മയിവിടെ നിൽക്കാം…..

എന്നെകൊണ്ട് ആ അഴ വലിച്ചു കെട്ടിയിട്ട് അമ്മ അകത്തേക്ക് കയറിപോയി…. അവളുടെ മുഖമാലോചിക്കുംതോറും എന്നിലെ ആത്മഹത്യാപ്രവണത ചെറുതായി നിലകൊണ്ടു….. മറ്റെന്തെങ്കിലും വഴിനോക്കാമെന്നാലോചിച്ചപ്പോൾ ആ ചീറിപോയ കാറുകാരനെ ഓർമവന്നു…. വണ്ടിയുടെ മുൻപിൽ ചാടാം…. ഞാൻ തീരുമാനിച്ചു…. നേരെ റോഡിലേക്ക് ഞാൻ നടന്നു നീങ്ങിയപ്പോൾ അമ്മയെന്നെ വിളിച്ചു….

ഡാ കാളീ….. ദേ നല്ല ചൂട് പൊറോട്ടയും ചിക്കൻ ഫ്രൈയും…. കഴിച്ചിട്ട് പോടാ…..

ചൂട് പൊറോട്ട, ചിക്കൻ ഫ്രൈ…. എന്റെ മനസ്സിൽ ആ ചിത്രം തെളിഞ്ഞുവന്നു….. അല്ലേൽപ്പിന്നെ നാളെയെങ്ങാണം ആത്മഹത്യ ചെയ്യാം….. മനസിനെ പറഞ്ഞുമനസിലാക്കി ഞാൻ കയ്യും കഴുകി കഴിക്കാനിരുന്നു……

NB: ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല…. അങ്ങനൊരു ചിന്ത വരുന്ന ആ സമയത്തെ ഒന്ന് പിടിച്ചുനിർത്തിയാൽ എന്തോരം പൊറോട്ടയും ചിക്കൻ ഫ്രൈയും കഴിക്കാം….