മഴയും തണുപ്പും ആയപ്പോ ചൂടാക്കാൻ ആ പാണ്ഡിച്ചിയെ വീട്ടിൽ കയറ്റി അല്ലേ, എന്നിട്ട് എങ്ങനെ ഉണ്ട്………

ഒറ്റപ്പെട്ടവൻ….

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

അന്ന് രാത്രി ഏറെ വൈകിയും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, ഓരോ തവണ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും പഴയ ഇരുമ്പ് കട്ടിലിൽ നിന്നുള്ള ശബ്ദം അയാളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. വാതിൽ ഇല്ലാത്ത ജന്നലിലൂടെ ഇടയ്ക്ക് ഇടയ്ക്ക് മുറിയിലേക്ക് മിന്നലിന്റെ മങ്ങിയ പ്രകാശം കടന്ന് വരുമ്പോൾ അയാൾ തല പൊക്കി ജനലിലൂടെ പുറത്തേക്ക് നോക്കി കിടന്നു…..

ഏറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം അയാൾ പതിയെ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു. തലയിണയുടെ അടുത്ത് വച്ചിരുന്ന ബീഡി പായ്ക്കറ്റിൽ നിന്ന് ഒരു ബീഡി എടുത്ത് ചുണ്ടോട് വച്ച് കത്തിച്ച് ആഞ്ഞു വലിക്കുമ്പോൾ ആ വയസ്സൻ ചുമച്ചു തുടങ്ങിയിരുന്നു, അയാൾ പതിയെ എഴുന്നേറ്റ് നെഞ്ചും തടവി വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി, വീണ്ടും ബീഡി ആഞ്ഞു വലിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി, അവിടെയവിടെയായി നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ആ വയസ്സന്റെ മുഖത്ത് അൽപ്പം ആശ്വാസം വീണു…

ഒന്ന് രണ്ട് തവണകൂടി പുക എടുത്ത് കഴിഞ്ഞ ശേഷം ബീഡി കുറ്റി താഴേക്ക് ഇടുമ്പോൾ അയാളുടെ കണ്ണ് റെയിൽ പാളത്തിന്റെ അപ്പുറത്തുള്ള തകരഷീറ്റ് കൊണ്ട് മറച്ച പൊളിഞ്ഞ് വീഴാറായ കുടിലിൽ ആയിരുന്നു. ഇടയ്ക്ക് വരുന്ന മിന്നലിന്റെ വെളിച്ചത്തിൽ കുറച്ചു നേരം കൂടി കുടിലിലേക്ക് നോക്കി നിന്ന ശേഷം അയാൾ വീണ്ടും ആ ഒറ്റമുറി വീട്ടിൽ കയറി കട്ടിലിൽ കിടന്നു…

സമയം തെറ്റി ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് ചീറി പാഞ്ഞു പോകുന്ന തീവണ്ടിയുടെ ശബ്ദം കേട്ടപ്പോഴാണ് അയാൾ ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നത്, വയറും തടവി കോട്ടുവായ് ഇട്ടുകൊണ്ട് അയാൾ കണ്ണ് തുറന്നങ്ങനെ കിടന്നു, അൽപ്പനേരം കഴിഞ്ഞപ്പോഴേക്കും കുറച്ച് അകലെയുള്ള പള്ളിയിൽ നിന്ന് വാഖുവിളി കേട്ട് തുടങ്ങി, അത് കഴിഞ്ഞപ്പോഴേക്കും ആ വയസ്സൻ എഴുന്നേറ്റ് ഒരു ബീഡി കത്തിച്ച് വലിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി…

പുറത്ത് തിണ്ണയിൽ വച്ചിരുന്ന അഴുക്ക് പിടിച്ച ബക്കറ്റുമായി അയാൾ കുറച്ച് അകലെയുള്ള പൊതു പൈപ്പിന്റെ ചോട്ടിലേക്ക് നടന്നു, ബക്കറ്റിൽ വെള്ളവുമായി തിരികെ നടക്കുമ്പോഴും അയാളുടെ കണ്ണുകൾ റെയിൽ പാളത്തിനപ്പുറമുള്ള കുടിലിൽ ആയിരുന്നു, ബക്കറ്റും വെള്ളവും തിണ്ണയിൽ വച്ച് അയാൾ വീണ്ടും ആ ഒറ്റമുറി വീട്ടിലേക്ക് കയറി ഒരു ബീഡി കൂടി കത്തിച്ചു വലിച്ചു, പുറത്ത് ഇറങ്ങി ബക്കറ്റിൽ നിന്ന് ഒരു കപ്പ് വെള്ളവുമായി വയറും തടവി ഉടുത്തിരുന്ന മുണ്ടും പൊക്കിപ്പിടിച്ചു കൊണ്ട് അയാൾ റെയിൽ പളത്തിന് ചേർന്നുള്ള കുറ്റി കാട്ടിലേക്ക് നടന്നു….

തിരികെ വന്ന് വീണ്ടും ബക്കറ്റിൽ നിന്ന് ഒരു കവിൾ വെള്ളം വായിൽ കൊണ്ട് കുലുക്കി തുപ്പിയിട്ട് ചൂണ്ടുവിരൽ കൊണ്ട് കറ പിടിച്ച പല്ലിൽ മൂന്ന് നാല് തവണ തേച്ച്, വീണ്ടും വായും മുഖവും കഴുകി വീട്ടിലേക്ക് കയറി. പൊട്ടിയ പ്ലാസ്റ്റിക് കസേരയിൽ കൂട്ടി ഇട്ടേക്കുന്നു മുഷിഞ്ഞ തുണികൾക്ക് ഇടയിൽ നിന്ന് ചുളിവ് വീണ, അവിടെയിവിടെയായി കറയും, കരിയും പിടിച്ച ഷർട്ടും ഇട്ട് പുറത്തേക്ക് ഇറങ്ങി, തകരഷീറ്റ് കൊണ്ട് ഉണ്ടാക്കിയ വാതിൽ ചാരി പുറത്ത് നിന്ന് കുറ്റിയും ഇട്ട് റയിൽപാളത്തിലൂടെ നടക്കുമ്പോഴും അയൾ കുടിലിന്റെ മുന്നിൽ നിന്ന് മണ്ണിൽ കളിക്കുന്ന കുഞ്ഞിനെ നോക്കി ഒന്ന് ചിരിച്ചിരുന്നു…..

” അതേ കറന്റ് ഇന്നലെ പോയതാണ്, ടാങ്കിൽ വെള്ളം കാണില്ല വെള്ളം കോരി പാത്രങ്ങൾ കഴുകിയാൽ മതി…”

അങ്ങാടിയിലെ ഹോട്ടലിന്റെ അടുക്കള വശത്ത് ചെല്ലുമ്പോഴാണ് അടുക്കളയിൽ എന്തോ പണി ചെയ്ത് കൊണ്ടിരിക്കുന്ന ജോലിക്കാരി അത് പറയുന്നത് അയാൾ ഒന്നും മിണ്ടാതെ രണ്ടു കുടവും എടുത്തുകൊണ്ട് കിണറ്റിൻ ചോട്ടിലേക്ക് നടന്നു. വെള്ളം കോരിക്കൊണ്ട് വന്ന് പാത്രങ്ങൾ എല്ലാം കഴികി വച്ച് കഴിയുമ്പോഴേക്കും കടയിൽ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് അയാളുടെ കയ്യിൽ മറ്റൊരു ജോലിക്കാരൻ ഏൽപ്പിച്ചു….

വാങ്ങിയ സാധനങ്ങൾ തലയിലും കയ്യിലുമായി ചുമന്ന് കൊണ്ട് വച്ച ശേഷമാണ് അയാൾ അന്നത്തെ ദിവസം ഒരു ഗ്ലാസ് ചായ കുടിക്കാൻ തുടങ്ങുന്നത്..

” ആ നിങ്ങൾ ഇവിടെ ചായ കുടിച്ചുകൊണ്ട് നിൽക്കുകയാണോ, ആ മേശ എല്ലാം വൃത്തിയാക്കി ഇട്ടെ…”

മുതലാളിയുടെ മോന്റെ ശബ്ദം ഉയർന്നപ്പോൾ കയ്യിൽ ഇരുന്ന ചൂട് ചായ ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് അയാൾ ബാക്കി ജോലി തുടർന്നു. ഉച്ച അയപ്പോഴാണ് അയാളുടെ ഏതാണ്ട് ജോലികൾ തീർന്നത്, ബാക്കി ഉണ്ടായിരുന്ന എച്ചിൽ പാത്രങ്ങളും കഴുകി വച്ചിട്ടാണ്, ഒരു പാത്രത്തിൽ അൽപ്പം ചോറും, മീഞ്ചറും എടുത്ത് അടുക്കളയ്ക്ക് പുറത്ത് അടുക്കി വച്ചിരിക്കുന്ന വിറകിന്റെ മുകളിൽ ഇരുന്ന് അയാൾ കഴിക്കാൻ തുടങ്ങിയത്, ഭക്ഷണവും കഴിച്ച് പോകാൻ ഇറങ്ങും മുൻപേ അയാൾ കുറച്ച് ചോറും, മീഞ്ചറും, സാമ്പാറും പൊതിഞ്ഞെടുത്തിരുന്നു…

” എനിക്ക് ഒരു അഞ്ഞൂറ് വേണം…”

ഇറങ്ങാൻ നേരം ക്യാഷിൽ ഇരുന്ന മുതലാളിയോട് അത് പറയുമ്പോൾ മുതലാളി ആ വയസ്സനെ തുറിച്ചു നോക്കി…

” നിനക്ക് എന്തിനാടാ പൈസ….”

മുതലാളി ഉച്ചത്തിൽ ചിരിച്ചുകൊണ്ട് പറയുമ്പോൾ കടയിലെ ജോലിക്കരും ഉച്ചത്തിൽ ചിരിച്ചു…

” എനിക്ക് വേണം…”

അയാളുടെ ശബ്ദം ഉറച്ചത് ആയിരുന്നു…

അത് കേട്ടപ്പോൾ ഒന്നും മിണ്ടതെ മുതലാളി അയാൾക്ക് പൈസ എടുത്ത് കൊടുത്തു. പൈസ വാങ്ങി പോക്കറ്റിൽ ഇട്ട് അയാൾ റെയിൽപ്പളാം ലക്ഷ്യമാക്കി നടന്നു…

അയാളുടെ വീടിന് എതിർവശമുള്ള കുടിലിന്റെ മുൻപിൽ ആ കുട്ടി അപ്പോഴും മണ്ണിൽ കളിക്കുന്നുണ്ട്‌. അയാൾ ആ കുടിലിന്റെ അരികിലേക്ക് ചെന്ന് കയ്യിൽ ഉണ്ടായിരുന്ന ചോറ്‌ പൊതി അവന് നേർക്ക് നീട്ടുമ്പോൾ ആ കുഞ്ഞ് അതും വാങ്ങി കുടിലിലേക്ക് കയറി, ആരെയോ പ്രതീക്ഷിച്ചത് പോലെ അയാൾ കുടിലിന് മുന്നിൽ തന്നെ നിൽക്കുമ്പോൾ, എണ്ണമയം ഇല്ലാതെ ചെമ്പിച്ച തലമുടിയും, നരച്ച് അങ്ങിങ്ങായി കീറിയ പഴയ കോട്ടൻ സാരിയുടുത്ത ഒരു സ്ത്രീ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി വന്നു…

അവർ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് ആ മനുഷ്യന്റെ മുന്നിൽ നിൽക്കുമ്പോൾ അയാൾ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ നോട്ട് അവരുടെ കയ്യിൽ വച്ച് കൊടുത്ത് തിരികെ തന്റെ വീട്ടിലേക്ക് നടന്നു…

പതിവുപോലെ വീണ്ടും വൈകുന്നേരം അയാൾ ഹോട്ടലിലേക്ക് പോകുമ്പോൾ ആകാശം നിറയെ മഴക്കാർ കൊണ്ട് മൂടിക്കെട്ടി അന്തരീക്ഷം ആകെ ഇരുട്ട് വീണ് തുടങ്ങിയിരുന്നു. ഹോട്ടലിലെ അടുക്കളയിൽ കൂടി ഇട്ടേക്കുന്ന പാത്രങ്ങൾ ഓരോന്നും കഴുകുമ്പോഴും പുറത്ത്‌ മഴ പെയ്യുന്നുണ്ടോ എന്നയാൾ ഇടയ്ക്ക് ഇടയ്ക്ക് നോക്കിയിരുന്നു. ശക്തമായ കാറ്റിനൊപ്പം മഴ ആർത്തുലച്ച് പെയ്യാൻ തുടങ്ങുമ്പോൾ അയാളുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഭയം ഉടലെടുത്തു തുടങ്ങിയിരുന്നു….

എച്ചിൽ പാത്രങ്ങൾ വേഗം വേഗം കഴുകി വൃത്തിയാക്കി, തന്റെ ജോലി പെട്ടെന്ന് ഒതുക്കി കൊണ്ട്, കമ്പി ഒടിഞ്ഞ പഴയ കുടയും നിവർത്തി അയാൾ വേഗത്തിൽ നടന്നു തുടങ്ങി, ശക്തമായ കാറ്റിൽ ഒടിഞ്ഞു തൂങ്ങിയ കമ്പികൾ പറന്ന് പോകാതെ അയാൾ ബലമായി പിടിച്ചുകൊണ്ട് റെയിൽ പാളത്തിലൂടെ വേഗം നടക്കുമ്പോൾ അയാളുടെ ലക്ഷ്യം തന്റെ വീടിന് മുൻപിൽ ഉള്ള പൊളിഞ്ഞു വീഴാറായ കുടിൽ ആയിരുന്നു…

അയാൾ അവിടെ എത്തുമ്പോഴേക്കും കാണുന്നത് കാറ്റത്ത് നിലംപൊത്തി കിടക്കുന്ന കുടിലാണ്, കൈയ്യിൽ ഉണ്ടായിരുന്ന ബാറ്ററി ചാർജ്ജ് തീരാറായ പഴയ ടോർച്ചിന്റെ മങ്ങിയ മഞ്ഞ വെളിച്ചതിൽ അയാൾ കുടിലിന് ചുറ്റും നടന്ന് നോക്കി ഇല്ല അവിടെയുങ്ങും ആരുമില്ല, തന്റെ ആരും അല്ലാഞ്ഞിട്ടും ആ കുഞ്ഞിനും സ്ത്രീക്കും ഒന്നും സംഭവിക്കരുതെ എന്നായിരുന്നു അയാളുടെ പ്രാർത്ഥന….

നിരാശയോടെ തന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഇരുട്ടത്ത് നിൽക്കുന്ന രണ്ട് രൂപങ്ങളെ അയാൾ അവ്യക്തമായി കണ്ടു, ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ തിണ്ണയിൽ നിൽക്കുന്ന രൂപങ്ങൾ തെളിഞ്ഞു വന്നു, അവരെ കണ്ടപ്പോഴേക്കും അയാൾ വേഗത്തിൽ അവരുടെ അടുത്തേക്ക് ചെന്നു…

” മഴയും … കാറ്റും… എല്ലാം കൊണ്ടോയി……”

തിണ്ണയിൽ നിന്ന സ്ത്രീ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് തമിഴ് കലർന്ന മലയാളത്തിൽ താഴെ വീണ് കിടക്കുന്ന കുടിലിലേക്ക് കൈകൾ ചൂണ്ടി പറഞ്ഞു….

” നിന്ന് മഴ നനയാതെ നി കൊച്ചിനെയും കൊണ്ട് അകത്തേക്ക് കയറ്…”

അത് പറഞ്ഞയാൾ വാതിലിന്റെ കുറ്റി എടുത്ത് അകത്തേക്ക് കയറി….

” അവിടെ നിൽക്കാതെ കൊച്ചിനെയും കൊണ്ട് കയറി വാ…”

അകത്തേക്ക് കയറാതെ മടിച്ചു നിൽക്കുന്ന അവരോട് അതും പറഞ്ഞ് അയാൾ ഒരു മെഴുകുതിരി കത്തിച്ചു വച്ചു, മുറിയലാകെ മങ്ങിയ വെളിച്ചം തെളിഞ്ഞപ്പോൾ അവൾ കൊച്ചിനെയും കൊണ്ട് അകത്തേക്ക് കയറി. മഴ മൊത്തം നനഞ്ഞ അവർ രണ്ടുപേരും തണുത്ത് വിറയ്ക്കുന്നുണ്ടായിരുന്നു…..

അയാൾ കുനിഞ്ഞിരുന്ന് ഇരുമ്പ് കട്ടിലിന്റെ അടിയിൽ നിന്ന് പഴയ തകര പെട്ടി വലിച്ച് പുറത്തേക്ക് നീക്കി. അത് തുറക്കുമ്പോൾ പഴയ തുണിയുടെ ഗന്ധം മുറിയിലാകെ നിറഞ്ഞു. അതിൽ നിന്ന് ഒരു പഴയ കോട്ടാൻ സരിയെടുത്ത് ആ സ്ത്രീക്ക് നേരെ നീട്ടി…

” ആ നനഞ്ഞ തുണിയൊക്കെ മാറ്റ്… ഇനി ഇവന് പകമാകുന്ന തുണി എന്തേലും ഉണ്ടോ എന്ന് നോക്കട്ടെ…..”

സാരി ആ സ്ത്രീക്ക് കൊടുത്ത് പിന്നെയും അയാൾ ആ പെട്ടിയിൽ തിരഞ്ഞു….

” ആ ഇത് നിനക്ക് പാകം ആകും…”

ഒരു കുഞ്ഞ് ഷർട്ടും നിക്കറും പൊക്കി പിടിച്ചു കൊണ്ട് അയാൾ ആ കുഞ്ഞിനെ നോക്കി പറയുമ്പോൾ പുതിയ ഉടുപ്പ് കിട്ടിയതിന്റെ സന്തോഷം ആയിരുന്നു കുഞ്ഞിന്റെ മുഖത്ത്…

നിങ്ങൾ ഉടുപ്പ് മറിക്കോ അതും പറഞ്ഞ് പെട്ടി അടച്ച് പഴയ സ്ഥലത്തേക്ക് നീക്കി വച്ചുകൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി ഒരു ബീഡി കത്തിച്ചു വലിച്ചു….

” പുറത്ത് നിന്ന് മഴ നനയേണ്ട….”

കുറച്ച് കഴിഞ്ഞ് ആ സ്ത്രീയുടെ ശബ്ദം കേട്ടപ്പോൾ ബീഡി കുറ്റി പുറത്തേക്ക് ഇറങ്ങി അയാൾ അകത്തേക്ക് കയറി…

” ആ ഇത് നിനക്ക് ചേരുന്നുണ്ടല്ലോ…”

കട്ടിലിൽ ഇരിക്കുന്ന കുഞ്ഞിനോട് അത് പറഞ്ഞ് അയാൾ അവനരികിൽ ഇരുന്നു….

” എന്താ നിങ്ങളുടെ പേര്….”

ആ സ്ത്രീ വീണ്ടും തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചു….

” പേര്…. പേരോ…..”

അയാൾ എന്തോ ആലോചിക്കുന്നത് പോലെ പുറത്തേക്ക് നോക്കി ഇരുന്നു.പിന്നെ പതിയെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു….

” എന്റെ പേര്… അതൊകെ ഞാൻ മറന്നിരിക്കുന്നു, അല്ലെ തന്നെ എന്നെ ആരും ഇപ്പോൾ പേര് വിളിക്കാറില്ലല്ലോ… ആരും വിളിക്കാൻ ഇല്ലാത്തത് കൊണ്ട് തന്നെ അതൊകെ ഞാൻ മറന്നിരിക്കുന്നു….

അവൾ എന്നെ പേരാണ് വിളിച്ചു കൊണ്ടിരുന്നത്, അവൾ പോയെപ്പിന്നെ ആരും പേര് വിളിച്ചിട്ടില്ല… അവൾ,, അവളുടെയാണ് ആ സാരി…..”

കട്ടിലിന് താഴെ അയാൾ പറയുന്നതും ശ്രദ്ധിച്ച് അയാളുടെ മുഖത്ത് നോക്കി ഇരിക്കുന്ന സ്ത്രീയെ നോക്കി പറയുമ്പോൾ അവർ ആ സാരി ഒന്നുകൂടി നോക്കി…

” അവർ ഇപ്പൊ……”

ചോദിച്ചത് പൂർത്തിയാക്കാതെ ആ സ്ത്രീ അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു….

” ഇതുപോലൊരു മഴയത്താണ് അവൾ എന്റെ ജീവിതത്തിലേക്ക് വന്നത്, ഞാനും അവളും പ്രണയത്തിൽ ആയിരുന്നു, ഒരു ദിവസം രാത്രി അവൾ വീട്ടിൽ നിന്ന് ഇറങ്ങി എന്റെ അടുക്കലേക്ക് വന്നു,…”

അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് ആ സ്ത്രീ കണ്ടിരുന്നു….

” പിറ്റേന്ന് തന്നെ അമ്പലത്തിൽ പോയി അവളുടെ കഴുത്തിൽ ഒരു മഞ്ഞ ചരട് കെട്ടി എന്റെ ഭാര്യയാക്കി..ഒരുപാട് ഒന്നും ഇല്ലെങ്കിലും ഉള്ളത് കൊണ്ട് നമ്മൾ സന്തോഷത്തോടെ ജീവിച്ചു, അവിടേയ്ക്കാണ് നമുക്കൊരു മോൻ കൂടി വന്നത്,…”

തന്റെ അരികിൽ ഇരിക്കുന്ന ആ സ്ത്രീയുടെ കുഞ്ഞിന്റെ മുടിയിൽ വെറുതെ കൈകൾ ഓടിച്ചു കൊണ്ട് അയാൾ പറയുമ്പോൾ ആ കണ്ണുകളിൽ പുറത്തേക്ക് ഒഴുകാൻ വെമ്പി കണ്ണുനീർ നിറഞ്ഞിരുന്നു….

“പിന്നെ….പിന്നെ എന്നാണെന്ന് അറിയില്ല അവൾ എന്നോട് സ്നേഹം അഭിനയിക്കാൻ തുടങ്ങിയത്…”

അത് പറഞ്ഞു കഴിയുമ്പോഴേക്കും അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി തുടങ്ങിയിരുന്നു…..

” ഒരു ദിവസം രാവിലെ ഞാൻ എഴുന്നേറ്റ് വരുമ്പോൾ ഉറങ്ങി കിടന്ന എന്റെ മോനെയും തോളിൽ ഇട്ടുകൊണ്ട് എങ്ങോട്ടോ പോകാനായി നിൽക്കുന്ന അവളെയാണ് കണ്ടത്.. നീയത് രാവിലെ എങ്ങോട്ടാ എന്ന എന്റെ ചോദ്യത്തിന് ഞാനും കൊച്ചും പോകുന്നു എന്ന് മാത്രമേ അവൾ പറഞ്ഞുള്ളു….

അപ്പോഴേക്കും പുറത്ത് നിന്ന് ഓട്ടോയുടെ ശബ്ദം കേട്ട് തുടങ്ങുകയും അവൾ കൊച്ചിനെയും എടുത്തുകൊണ്ട് അതിൽ കയറുകയും ചെയ്‌തു. അപ്പോഴും അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുക ആയിരുന്നു ഞാൻ. ഓട്ടോ മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോഴാണ് സ്ഥലകാല ബോധം വീണ് ഞാൻ ഓട്ടോയുടെ പുറകെ ഓടിയത്. ഇവന്റെ പ്രായമേ ഉണ്ടായിരുന്നുള്ളു അന്ന് എന്റെ മോന്…..”

കണ്ണുനീർ തുടച്ചുകൊണ്ട് അയാൾ ആ കുഞ്ഞിന്റെ നെറ്റിയിലും കവിളിലും ഉമ്മകൾ കൊടുത്ത് അയാളുടെ അടുത്തേക്ക് ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ടപ്പോൾ ആ സ്ത്രീയുടെയും കണ്ണുകൾ നിറഞ്ഞു….

” അന്ന് ഓട്ടോയുടെ പുറകെ കുറെ ഓടി ഞാൻ, ഇടയ്ക് കല്ലിൽ തട്ടി വീഴുകയും, കയ്യും കാലും മുറിയുകയും ഒക്കെ ചെയ്‌തു, ആ ഓട്ടത്തിൽ എപ്പോഴോ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോയി എങ്കിലും ഞാൻ ഓടി… കുറെ ഓടി തളർന്നിരുന്ന എന്നെ നാട്ടുകാർ എല്ലാം പുച്ഛത്തോടെ നോക്കി, ചിലർ കളിയാക്കി ചിരിച്ചു, ചിലർ തെറി പറഞ്ഞു…..

പിന്നെ എന്നെ നാട്ടുകാർ പല പേരിലും വിളിച്ചു, എന്റെ നഷ്ടം മറ്റുള്ളവർക്ക് സന്തോഷം ആയിരുന്നു, എന്റെ വേദനയും കണ്ണുനീരും അവർ ആസ്വദിക്കുക ആയിരുന്നു. വീടിന് പുറത്ത് ഇറങ്ങുമ്പോൾ തന്നെ കേൾക്കാം കളിയാക്കലും ചിരിയും, അവർക്കൊക്കെ നഷ്ടങ്ങൾ വരുന്നത് വരെ മറ്റുള്ളവരുടെ വേദന അവർക്ക് മനസ്സിലാകില്ലല്ലോ…..

അതിനുശേഷമാണ് ഞാൻ ഒറ്റപ്പെട്ടു പോയത് അല്ല എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തിയതാണ്, ആദ്യമൊക്കെ മറ്റുള്ളവരുടെ കളിയാക്കലും, കുത്തുവാക്കുകളും കേൾക്കുമ്പോൾ സങ്കടം ആയിരുന്നു, പിന്നെ പിന്നെ അവർ എന്തേലും പറയുമ്പോൾ ഞാൻ ചിരിക്കാൻ തുടങ്ങി, ഇടയ്ക്കൊക്കെ ഉച്ചത്തിൽ ചിരിക്കും, അപ്പോൾ ആരോ പറഞ്ഞു ഭാര്യയും മോനും പോയതോടെ എനിക്ക് ഭ്രാന്ത് പിടിച്ചെന്ന്, ഈ ഭ്രാന്തനെ ഇടയ്ക്ക് ആരൊക്കെയോ കല്ലെറിഞ്ഞ് ഓടിച്ചു, എന്നെ കാണുമ്പോൾ കുട്ടികൾ ഓടി ഒളിക്കാൻ തുടങ്ങി, അമ്മമാർ അവരെ എന്നെ കാണിപ്പിക്കാതെ ഒളിച്ച് പിടിപ്പിച്ചു,,,,,

മുഴു ഭ്രാന്ത് പിടിക്കും മുൻപേ ഞാൻ ഉള്ളതെല്ലാം ഈ പെട്ടിയിൽ എടുത്തോണ്ട് അവിടെ വിട്ടിറങ്ങി, എല്ലായിടത്തും ഞാൻ മോന് വേണ്ടി അലഞ്ഞു കിട്ടിയില്ല അവനെ. ഒരു കണക്കിന് അവൾ മോനെയും കൊണ്ട് ആ ഓട്ടോകാരോനൊപ്പം പോയത് നന്നായി അല്ലെ എന്റെ മോനെയും നാട്ടുകാർ ഭ്രാന്തൻ ആക്കിയേനെ….”

ഒരു നേടുവീർപ്പ് ഇട്ടുകൊണ്ട് അത് പറഞ്ഞ് ആ മനുഷ്യൻ വീണ്ടും ഒരു ബീഡി കത്തിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി, എന്ത് പറയണം എന്നറിയാതെ ആ സ്ത്രീ കട്ടിലിന്റെ ചുവട്ടിൽ തന്നെ ഇരുന്നു….

” നിന്റെ കൂടെ ഒരുത്തൻ ഉണ്ടായിരുന്നലോ എവിടെപ്പോയി….”

കുറച്ച് കഴിഞ്ഞ് പുറത്ത് നിന്ന് വന്ന അയാൾ ചോദിക്കുമ്പോൾ അവർ എഴുന്നേറ്റ് ഭിത്തിയും ചാരി നിന്നു…

” എവിടെയോ ജോലി ശരിയായിട്ടുണ്ട് എന്നും പറഞ്ഞു പോയതാ, പോയി വരുമ്പോൾ എന്നെയും മോനെയും കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്നു, പോയിട്ടിപ്പൊ കുറച്ചു ദിവസമായി, ഇതുവരെ ഒന്നും അറിയാൻ പറ്റിയില്ല….”

മുഖം താഴ്ത്തി ആ സ്ത്രീ പറയുമ്പോൾ അയാൾ ഒനും മിണ്ടിയില്ല..

” മോൻ ഇവിടെ കിടന്നുറങ്ങി, നീയും എവിടേലും കിടന്ന് ഉറങ്ങാൻ നോക്ക്, മഴ ഒന്ന് കുറഞ്ഞിട്ടുണ്ട്….”

അത് പറഞ്ഞയൾ കുഞ്ഞിന്റെ അരികിൽ അവനെയും ചേർത്ത് പിടിച് കിടന്നു, തറയിൽ ഒരു തുണി വിരിച്ച് അവളും കിടന്നു….

രാവിലത്തെ ട്രെയിൻ ചീറി പാഞ്ഞു പോയപ്പോൾ പതിവുപോലെ അയാൾ കണ്ണ് തുറന്നു, കുറച്ചൂടെ നേരം വെളുത്ത ശേഷം അയാൾ ഹോട്ടലിലേക്ക് പോകാൻ ഇറങ്ങി…

” നി കയ്യിൽ ഇരിക്കുന്ന പൈസയ്ക്ക് മോന് എന്തേലും വാങ്ങി കൊടുത്ത് നീയും കഴിക്കാൻ നോക്ക്, ഉച്ചയ്ക്ക് ഉള്ളത് ഞാൻ കൊണ്ട് വരാം….”

അത് പറഞ്ഞയാൾ റെയിൽ പാളത്തിലൂടെ നടന്നു…..

” മഴയും തണുപ്പും ആയപ്പോ ചൂടാക്കാൻ ആ പാണ്ഡിച്ചിയെ വീട്ടിൽ കയറ്റി അല്ലേ, എന്നിട്ട് എങ്ങനെ ഉണ്ട്,…”

തലേ ദിവസത്തെ ബാക്കി പാത്രങ്ങൾ കഴുകുമ്പോഴാണ് അടുക്കളയിൽ ജോലിക്ക് നിന്നയാൾ അത് പറയുന്നത്, കയ്യിൽ ഉണ്ടായിരുന്ന എച്ചിൽ അയാളുടെ മുഖത്തേക് എറിഞ്ഞ് ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ച് അയാളെ ഭിത്തിയിലേക്ക് ചേർത്ത് വയ്ക്കുമ്പോൾ ആരൊക്കെയോ ചേർന്ന് അവരെ പിടിച്ചു മാറ്റിയിരുന്നു. പിന്നെ ഒന്നും മിണ്ടാതേ അയാൾ വന്ന് തന്റെ ജോലി തുടർന്നു…..

” അതേ ഇനിമുതൽ നി ഇവിടേക്ക് വരേണ്ട, ഇവിടത്തെ ജോലിക്കാരെ തല്ലാൻ അല്ല നിന്നെ നിർത്തിയെക്കുന്നത്, എന്തേലും ജോലിയെടുത് ജീവിച്ചോട്ടെ എന്ന് കരുതിയപ്പോ നിനക്കൊക്കെ അഹങ്കാരം…. ഇതാ നിന്റെ പൈസ ഇനി ഈ വഴി കണ്ട് പോകരുത്…..”

ഉച്ചയ്ക്ക് പോകാൻ നേരം അത് പറഞ്ഞ് മുതലാളി പൈസ മേശപ്പുറത്ത് വലിച്ചിട്ടപ്പോൾ ആ മനുഷ്യൻ ഒന്നും മിണ്ടാതെ അത് എടുത്ത് പോക്കറ്റിൽ ഇട്ടു..

” ഇതാ നിന്റെ ചോറിന്റെ പൈസ….”

പോകാൻ നടന്ന അയാൾ എന്തോ ഓർത്തപോലെ തിരികെ വന്ന് പൈസ മുതലളിയുടെ മുഖത്തിനു നേരെ എറിഞ്ഞ് റെയിൽപാളത്തിലൂടെ നടന്നു….

തന്റെ വീടിന് മുന്നിൽ ചെല്ലുമ്പോൾ ആ സ്ത്രീയ്ക്കും കുഞ്ഞിനുമൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നു…

“ഇങ്ങേർക്ക് ജോലി ശരിയായി, എന്നെയും മോനെയും കൊണ്ടുപോകാൻ വന്നത്, നിങ്ങൾ വന്ന് കണ്ടിട്ട് പോകമെന്ന് കരുതി….”

ആ സ്ത്രീയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിൽക്കുന്നത് അയാൾ കണ്ടിരുന്നു…

” ചോറ് കൊണ്ടു വന്നിട്ടുണ്ട് കഴിച്ചിട്ട് പോകാം…”

അത് പറഞ്ഞ് അയാൾ കയ്യിൽ ഇരുന്ന കവർ അവർക്ക് നേരെ നീട്ടി….

” വേണ്ട ഞങ്ങൾ കഴിച്ചതാ ഇത് നിങ്ങൾ കഴിച്ചോ…”

അവർ അത് പറയുമ്പോൾ നീട്ടിയ കൈകൾ അയാൾ പിന്നിലേക്ക് വലിച്ചു. പോകുകയാണെന്ന് തല കൊണ്ട് ആംഗ്യം കാട്ടി അവളും, ഭർത്താവും, കുഞ്ഞും റെയിൽപ്പളത്തിലൂടെ നടക്കുന്നതും നോക്കി അയാൾ കുറച്ച് നേരം അവിടെ തന്നെ നിന്നു…

തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ ആരോ വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ അവശിഷ്ടത്തിനു വേണ്ടി ചാവാലിപ്പട്ടികൾ കടികൂടാൻ തുടങ്ങി….

” നിന്ന് കടി കൂടാതെ ഇത് വന്ന് കഴിക്കെട….”

അത് പറഞ്ഞ് അയാൾ കയ്യിൽ ഉണ്ടായിരുന്ന ചോറ്‌ ഒരു പ്ലാസ്റ്റിക് ഷീറ്റിന് മുകളിൽ നിരത്തി ഇട്ടു, പട്ടികൾ വന്ന് കഴിച്ചു തുടങ്ങിയപ്പോൾ അയാൾ അതും നോക്കി തിണ്ണയിൽ ചെന്നിരുന്നു, ചോറ്‌ മൊത്തം നക്കി എടുത്ത ശെഷം പട്ടികൾ വാലും ആട്ടി അയാൾക്ക് അരികിൽ വന്ന് കിടന്നു….

എന്തൊക്കെയോ ഓർത്ത് ഉച്ചത്തിൽ ചിരിച്ചുകൊണ്ട് ആ മനുഷ്യൻ ഒരു ബീഡി കത്തിച്ച് വലിച്ചു കൊണ്ട് വീണ്ടും റെയിൽപ്പളത്തിലൂടെ നടന്നു, അയാൾക്ക് പിന്നാലെ വാലാട്ടി കുറെ ചാവലി പട്ടികളും…..