മരുമകൻ ഫോൺ ചെയ്ത് ചോദിക്കുമ്പോൾ എന്തുവേണം എന്നറിയാതെ നിന്നു ഉദയൻ കാരണം കുറച്ചു മാസങ്ങൾക്ക് മുമ്പ് അവനെ പുതിയ കാർ വേണമെന്ന് പറഞ്ഞ് വാങ്ങി കൊടുത്തിട്ടേ ഉള്ളൂ……..

എഴുത്ത്:- കാർത്തിക

“” ഹലോ അച്ഛ ഞാൻ പറഞ്ഞ കാര്യം എന്തായി?? “”

മരുമകൻ ഫോൺ ചെയ്ത് ചോദിക്കുമ്പോൾ എന്തുവേണം എന്നറിയാതെ നിന്നു ഉദയൻ കാരണം കുറച്ചു മാസങ്ങൾക്ക് മുമ്പ് അവനെ പുതിയ കാർ വേണമെന്ന് പറഞ്ഞ് വാങ്ങി കൊടുത്തിട്ടേ ഉള്ളൂ. ഇപ്പോൾ പറയുന്നത് ആ കാർ മാറ്റി പുതിയത് ഒരെണ്ണം വാങ്ങണം എന്നാണ് അതിന് പൈസ വേണം എന്നും പറഞ്ഞു കൊണ്ടാണ് ഈ വിളിക്കുന്നത്..

“” മോനേ പഴയ കാർ വാങ്ങി ഒരു വർഷം പോലും ആയിട്ടില്ലല്ലോ കുറച്ചൊന്നു കഴിയട്ടെ എന്നിട്ട് നമുക്ക് പുതിയതിനെപ്പറ്റി ചിന്തിച്ചാൽ പോരെ?? “”

അത് കേട്ടതും അപ്പുറത്ത് ദേഷ്യം വരുന്നത് സ്വരം മാറുന്നതിൽ നിന്ന് അറിയുന്നുണ്ടായിരുന്നു..

“”‘ എന്റെ പൊന്നു അച്ഛാ എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ വേണ്ടിയിട്ടാണ് ആ കാർ ഞാൻ വാങ്ങിയത് തന്നെയുമല്ല അതൊരു ചെറിയ കാറാണ്. അതിൽ എല്ലാവരും കൂടി എങ്ങനെ പോകാനാണ്… അവിടെയും ഇവിടെയും ഒക്കെ കൊണ്ടുപോയി തട്ടി അതിന്റെ ബോഡി മുഴുവൻ സ്ക്രാച്ച് ആണ്!! ആ കാറും കൊണ്ട് നടക്കുന്ന എന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്ക്. ഇപ്പോഴാണെങ്കിൽ എനിക്ക് അത്യാവശ്യം എക്സ്പീരിയൻസ് ആയി അപ്പൊ ഏതെങ്കിലും ഒരു ലക്ഷ്വറി വണ്ടി എടുക്കാം എന്നാണ് കരുതുന്നത്!!! അറിയാലോ എല്ലാം നിങ്ങളുടെ മകൾക്ക് വേണ്ടി തന്നെയാണ്!!””

അവൻ പറഞ്ഞപ്പോൾ പിന്നെ എതിർപ്പൊന്നും കാണിക്കാതെ വാങ്ങിത്തരാം എന്ന് പറഞ്ഞു ഉദയൻ അതിനുശേഷം ഭാര്യയോട് തന്റെ അക്കൗണ്ടിൽ നിന്ന് കുറച്ചു പണം അവന്റെ അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തോളാൻ പറഞ്ഞു..

മൂന്ന് മക്കളായിരുന്നു തനിക്ക്, മൂത്തത് രണ്ടാണും താഴത്തേത് പെണ്ണും…
അതിൽ ഏറ്റവും മൂത്ത ഒരുവൻ പന്ത്രണ്ടു വയസ്സിൽ ഒരു പനി വന്ന് മരിച്ചുപോയി പിന്നെ ഉണ്ടായിരുന്നത് ഇളയവനും മകളും മാത്രമാണ് അവരെ പിന്നെ ഭയത്തോടെയാണ് ശ്രദ്ധിച്ചത് ഇനിയും ഒരു നഷ്ടം തങ്ങൾക്ക് സഹിക്കാൻ കഴിയില്ല എന്ന് അറിയാം.

ഇളയകൾക്ക് ആ പ്രായം എത്തിയപ്പോൾ അവൾക്കും അതുപോലെ തന്നെ ഒരു പനി ആകെ ഭയപ്പെട്ടു പക്ഷേ ജീവന് അപായം ഒന്നും വരുത്തിയില്ല എങ്കിലും അത് അവളുടെ ബുദ്ധിവളർച്ചയെ അല്പം ബാധിച്ചിരുന്നു സാധാരണ കുട്ടികളെ പോലെയുള്ള ഒരു ബുദ്ധിയോ പക്വതയോ അവൾക്ക് ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ, അവൾ വളർന്നു വലുതാകുമ്പോൾ നെഞ്ചിൽ ഒരു തീയായിരുന്നു.

ദുബായിൽ അത്യാവിശ്യം നല്ല ഒരു കമ്പനിയിലായിരുന്നു ജോലി ഒരുപാട് തലമുറകൾക്ക് ഇരുന്നു തിന്നാൻ ഉള്ളത് സമ്പാദിച്ച് വച്ചിട്ടുണ്ട് അതായിരുന്നു ഏക ആശ്വാസം..

എല്ലാം മതിയാക്കി നാട്ടിലേക്ക് വന്നത് ഇനി ഉള്ള കാലം സുഖമായി ജീവിക്കാനുള്ളത് ഉണ്ട് എന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ്..

മക്കളുടെ കാര്യം നോക്കി ഇനി അങ്ങനെ ജീവിക്കണം ഇളയവൻ നന്നായി പഠിക്കുന്നത് കൊണ്ട് അവനെ മറ്റൊരു രാജ്യത്ത് പഠിപ്പിക്കുകയാണ് അവന് ഇഷ്ടമുള്ള കോഴ്സ്..

മകളെ ഇനി എന്തു ചെയ്യണം എന്നറിയാതെ ഇരിക്കുകയാണ്.. പഠിക്കാനുള്ള ബുദ്ധി ഇല്ലാത്തത് കാരണം പത്താം ക്ലാസിൽ വച്ച് അവൾ പഠിപ്പ് നിർത്തിയിരുന്നു. അങ്ങനെയാണ് ഒരു വിവാഹാലോചന അവൾക്ക് വരുന്നത് അവളുടെ എല്ലാ കാര്യവും മനസ്സിലാക്കിയ ഒരു ചെറുക്കൻ,

അവന് കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ട് അത് തീർത്തു കൊടുത്താൽ മതി.. മോളെ ജീവിതാവസാനം വരെ പൊന്നുപോലെ നോക്കും. ബ്രോക്കർ ഇക്കാര്യം വന്നു പറയുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി കാരണം അവളെ വിവാഹം കഴിപ്പിക്കുന്നതിനെ പറ്റി ഞാൻ ചിന്തിച്ചിട്ട് ഇല്ലായിരുന്നു ഇപ്പോൾ ഒരാൾ ഇങ്ങോട്ട് വന്നിരിക്കുകയാണ്. അതും യാതൊരു കുഴപ്പവും ഇല്ലാതെ അവളെ ചേർത്തുപിടിക്കാൻ കഴിയുന്ന ഒരാൾ..

അവന്റെ പേരിൽ ഒരു വലിയ സംഖ്യ തന്നെ ഇട്ടു കൊടുത്തു അതിനുശേഷം ആണ് ഈ വിവാഹം നടന്നത്.?പക്ഷേ കല്യാണം കഴിഞ്ഞത് മുതൽ വീണ്ടും ഓരോ പേര് പറഞ്ഞ് അവൻ പണം വാങ്ങാൻ വേണ്ടി വന്നിരുന്നു അവളുടെ സ്വർണം നൂറു പവന്റെ മേലെ ഉണ്ടാകുമായിരുന്നു അതെല്ലാം അവന്റെ അരികിലാണ് അവളെ നന്നായി നോക്കുമല്ലോ എന്ന് കരുതി ആ കാര്യത്തിൽ ഒന്നും ഇടപെടാറു പോലുമില്ല.

എന്നിട്ടും അവൻ പിന്നെയും ഇതുപോലെ ഓരോ ആവശ്യങ്ങൾ വിളിച്ചു പറയും വെറുതെ മോഹിപ്പിക്കണ്ടല്ലോ എന്ന് കരുതി എല്ലാം നടത്തിക്കൊടുക്കും തന്റെ മകൾക്ക് യാതൊരുവിധ കുറവും ഉണ്ടാകരുത് എന്ന് മാത്രമായിരുന്നു ഈ അച്ഛൻ ചിന്തിച്ചത് ഒരു ദിവസം അവന്റെ വീട്ടിലേക്ക് അവളെ കാണാൻ വേണ്ടി ചെന്നു ഒരു ചെറിയ വീടായിരുന്നു ഇത് പക്ഷേ അവളുടെ വിവാഹശേഷം ഞാൻ സഹായിച്ചാണ് ഇത് മാറ്റി രണ്ടുനില അത്യാവശ്യം വലിയൊരു വീട് തന്നെ പണിതത്.

അവന്റെ അമ്മയും വിവാഹം കഴിയാത്ത ഒരു പെങ്ങളും ആണ് അവിടെ ഉണ്ടായിരുന്നത് അങ്ങോട്ടേക്ക് ചെന്നപ്പോൾ തന്നെ കണ്ടത് ഒരു ഭ്രാന്തിയെ പോലെ വസ്ത്രം ധരിച്ച് അവിടെയുള്ള ജോലികൾ മുഴുവൻ ചെയ്യുന്ന എന്റെ മകളെയാണ് കണ്ടപ്പോൾ നെഞ്ചുപൊട്ടി പോയി.

അവളെ പൊന്നുപോലെയാണ് നോക്കാറ് അവൾക്ക് അങ്ങനെയൊരു കുറവ് ഉണ്ടല്ലോ എന്ന് കരുതി അവൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്ത് തന്നെയാണ് ഞാനും ഭാര്യയും ഇത്രയും കാലം അവളെ വളർത്തിയത് ജോലി ചെയ്യിപ്പിക്കേണ്ട എന്നല്ല പക്ഷേ ഇത്,?അവളെക്കൊണ്ട് ഓരോ ജോലി അവർ പറഞ്ഞു ചെയ്യിപ്പിക്കുന്നുണ്ട് ഞാൻ കാർ ഗേറ്റിനു പുറത്തു നിർത്തിയിട്ടതുകൊണ്ട് അവർ അറിഞ്ഞിട്ടില്ല ഞാൻ വന്നത്… ഒരു വേലക്കാരിയോട് എന്നതിനേക്കാൾ ഉപരിയായി ശകാരിക്കുന്നുണ്ട് പാവം എന്റെ കുഞ്ഞ് അതെല്ലാം കേട്ട് ഭയത്തോടെ ഓരോന്ന് ചെയ്യുകയാണ്.. അവളെ ഞാൻ ചെന്ന് ചേർത്തുപിടിച്ചു അന്നേരം അവരുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായിരുന്നു.

സാവധാനം അവളോട് ചോദിച്ചു ഓരോ കാര്യവും മനസ്സിലാക്കി അതോടെ അറിയാൻ കഴിഞ്ഞത് അവൻ അവളെ ഉപദ്രവിക്കുക കൂടി ചെയ്യും എന്നാണ് പണം കിട്ടാനുള്ള ഏകമാർഗ്ഗം അത് മാത്രമായിരുന്നു അവന് എന്റെ മകൾ..
പണം കൊടുത്താൽ എന്തും കൈക്കൽ ആക്കാം എന്ന എന്റെ ധാർഷ്ട്യം അവിടെ തീരുകയായിരുന്നു..

പിന്നെ അവളെ അവിടെ നിർത്താൻ എനിക്ക് തോന്നിയില്ല അവളെയും കൂട്ടി ഞാൻ എന്റെ വീട്ടിലേക്ക് വന്നു അന്നേരമാണ് പണ്ടെങ്ങോ കേട്ട് മറന്ന ഒരു സംഭവം ഓർമ്മയിൽ വന്നത്..?അതിലെ പോലെ തന്നെ പാമ്പ് കടിച്ചോ മറ്റോ എന്റെ മകളും അവസാനിക്കേണ്ടതായിരുന്നു അവന്റെ ആവശ്യം കഴിയുന്ന നിമിഷത്തിൽ..?വിവാഹം കഴിച്ചു അയച്ചാൽ മാത്രമേ പെൺമക്കൾ സേഫ് ആയിരിക്കും എന്ന് വിശ്വസിച്ച എന്റെ ആ വലിയ അബദ്ധത്തേ ഞാൻ പ ഴിച്ചു..

അവനെപ്പോലെ ഒരുത്തനെ വെറുതെ വിടാനും എനിക്ക് സമ്മതമായിരുന്നില്ല അതുകൊണ്ടുതന്നെ ഞാൻ പോലീസിൽ പരാതിപ്പെട്ടു. ഞാൻ എത്രയൊക്കെ പൈസ കൊടുത്തിട്ടുണ്ട് എന്നെല്ലാം കൃത്യമായ കണക്ക് ഉണ്ടായിരുന്നു കാരണം അവന് കൊടുത്തത് മുഴുവൻ ബാങ്ക് ട്രാൻസ്ഫർ വഴി ആയിരുന്നു.

സ്ത്രീധനം വാങ്ങിയതിനും ഗാർഹികമായി പീ ഡിപ്പിച്ചതിനും എല്ലാം അവന്റെ പേരിൽ പോലീസ് കേസെടുത്തു അവനെ ജയിലിലേക്ക് കൊണ്ടുപോയി അന്നേരമാണ് അറിയുന്നത് എന്റെ മകൾ ഗർഭിണിയാണ് എന്ന്.

പലരും അവന്റെ കേസെല്ലാം പിൻവലിച്ച് അവളെ അവന്റെ കൂടെ പറഞ്ഞു വിടാൻ ഉപദേശിച്ചു പക്ഷേ എനിക്കതിന് സമ്മതമായിരുന്നില്ല എന്റെ മകളെയും അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെയും എനിക്ക് ആയുസ്സുള്ളടത്തോളം കാലം ഞാൻ നോക്കിക്കോളാം എന്ന് ആ പറഞ്ഞവരോട് എല്ലാം ഞാൻ പറഞ്ഞു…

അല്ലെങ്കിൽ ആവർത്തിച്ചു വരുന്ന, സ്ത്രീധന പീ ഡന കൊ ലകളിൽ ഒരാൾ ആകാൻ എന്റെ മകളെയും ഞാൻ വിട്ടുകൊടുക്കേണ്ടി വരും മനസ്സില്ല അതിന്..