മനുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ,താരയുടെ ഹൃദയം പതിൻമടങ്ങ് വേഗതയിൽ മിടിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ ആ സമയത്ത് അവിടെ ഉണ്ടാകാറില്ല എന്ന് അവൾക്കറിയാം…..

പറയാതെ

എഴുത്ത്:-വസു

” എന്നും വന്ന് അവനെയുമായി നോക്കി നിൽക്കും എന്നല്ലാതെ ഇന്നുവരെ അവനോട് പോയി നിന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടോ..? നോട്ടവും ഭാവവും ഒക്കെ കണ്ടാൽ തോന്നും കൊല്ലങ്ങളായി പരസ്പരം പ്രണയിക്കുന്നതാ എന്ന്.. “

മീനു കളിയാക്കി പറയുമ്പോൾ അവളെ നോക്കി കണ്ണുരുട്ടി.

“എന്തെങ്കിലും പറയുമ്പോൾ എന്നെ നോക്കി പേടിപ്പിച്ചാൽ മതി.നിനക്ക് നിന്റെ ഇഷ്ടം അവനോട് തുറന്നു പറഞ്ഞു കൂടെ..? എല്ലാം കൂടെ ഉള്ളിൽ ഒതുക്കി കൊണ്ടുനടക്കുന്നത് എന്തിനാണ്..?”

മീനു ഇന്ന് അല്പം ദേഷ്യത്തിൽ തന്നെയാണ്.

” ഞാൻ എങ്ങനെയാടി..? ഞാൻ പോയി ഇഷ്ടം പറഞ്ഞാൽ ഞാനൊരു മോശം പെണ്ണാണ് എന്ന് കരുതിയാലോ..? മനുവേട്ടൻ എന്നെക്കുറിച്ച് അങ്ങനെ യൊന്നും ചിന്തിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. ഇതാകുമ്പോൾ എനിക്ക് എന്റെ ഇഷ്ടം എന്റെ മനസ്സിൽ കൊണ്ടു നടക്കാമല്ലോ. പറഞ്ഞിട്ട് എന്നെ ഇഷ്ടമല്ല എന്ന് പറയുകയാണെങ്കിൽ പിന്നെ അത് വലിയൊരു വേദനയായിരിക്കും.. “

അകലെ ബൈക്കിൽ ഇരുന്നു സംസാരിക്കുന്ന മനുവിൽ നിന്ന് കണ്ണു മാറ്റാതെ മറുപടി പറയുന്ന താരയെ മീനു സഹതാപത്തോടെ നോക്കി.

” നീ ഇങ്ങനെ വലിയ സിദ്ധാന്തങ്ങളും പറഞ്ഞിരുന്നു അവസാനം ചെക്കനെ ആരെങ്കിലും കൊത്തിക്കൊണ്ടു പോകുമ്പോൾ കരഞ്ഞു നിലവിളിച്ച് എന്റെ അടുത്തേക്ക് വന്നേക്കരുത്… “

കർശനമായി പറഞ്ഞുകൊണ്ട് മീനു മുഖം തിരിച്ചു.

“നീ ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്തമാനം ഒന്നും പറയാതെടി.. ഞാൻ കുറച്ചു ദിവസങ്ങൾ കൂടി ഇങ്ങനെയൊക്കെ വായിനോക്കി നടക്കട്ടെ..!”

താര പറഞ്ഞപ്പോൾ പിന്നീട് മീനു എതിർക്കാൻ നിന്നില്ല.

താരയും മീനവും ചെറുപ്പകാലം തൊട്ടേയുള്ള സുഹൃത്തുക്കളാണ്. താരയുടെ വീടിനടുത്തേക്ക് പുതിയതായി താമസിക്കാൻ വന്നതാണ് മനുവും അവന്റെ കുടുംബവും. കുടുംബം എന്ന് പറയാൻ ആകെ ഒരു അമ്മ മാത്രമേ ഉള്ളൂ. അച്ഛന് വില്ലേജ് ഓഫീസിലായിരുന്നു ജോലി. ഒരിക്കൽ ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ അദ്ദേഹത്തിന് പറ്റിയ ഒരു ആക്സിഡന്റ് അദ്ദേഹത്തിന് ഈ ലോകം വിട്ടു പോകേണ്ടി വന്നു. അച്ഛന്റെ മരണത്തോടെ തളർന്നുപോയ അമ്മയെ താങ്ങി നിർത്തിയത് മനുവായിരുന്നു. അച്ഛൻ ഉണ്ടായിരുന്ന ആ വീട്.. അവിടുത്തെ ഓർമ്മകൾ ഒക്കെയും അമ്മയെ കൊiല്ലാതെ കൊiല്ലുന്നതുപോലെ തോന്നിയപ്പോഴാണ് മനു നാട് വിടാൻ തീരുമാനിച്ചത്.

ആ സമയത്ത് തന്നെയാണ് അച്ഛന്റെ ജോലി അമ്മയ്ക്ക് കിട്ടിയത്. നിർബന്ധ മായി ഒരു ട്രാൻസ്ഫർ കൂടി വാങ്ങിയപ്പോൾ അവർ ഈ നാട്ടിലേക്ക് എത്തപ്പെട്ടു. വന്ന അന്നുമുതൽ നല്ല അയൽക്കാർ തന്നെയാണ് മനുവും അവന്റെ അമ്മയും. മനു താരയുടെയും മീനുവിന്റെയും സ്കൂളിൽ തന്നെയായിരുന്നു.

എപ്പോഴും പുസ്തകത്തിൽ കണ്ണു നട്ടിരിക്കുന്ന അവനെ കാണാൻ തന്നെ ഒരു ചേലാണെന്ന് താര ഓർത്തു.

താരയുടെ ഓരോ പ്രഭാതവും വിടരുന്നത് മനുവിനെ കണി കണ്ടുകൊണ്ടാണ്. താരയുടെ മുറിയിലെ ജനാല തുറക്കുമ്പോൾ കാണുന്നത് മനുവിന്റെ വീടിന്റെ മുൻഭാഗമാണ്. മിക്കവാറും എല്ലാദിവസവും രാവിലെ അവിടെ അവൻ പൂന്തോട്ടത്തിൽ ഉണ്ടാകും. അവിടെ ചെടികളെ പരിപാലിച്ചും അവരോട് വിശേഷം പറഞ്ഞ് ഒക്കെ നിൽക്കുന്നത് കാണാം. ആ കാഴ്ച കണ്ണിൽ നിറച്ചു കൊണ്ടാണ് താര തന്റെ പ്രഭാത കൃത്യങ്ങൾ തുടങ്ങാറ്.

അതുപോലെ വൈകുന്നേരം താര വീട്ടിൽ എത്തുമ്പോൾ ടെറസിൽ ഇരുന്നു അവൻ എന്തെങ്കിലും വായിക്കുകയോ പഠിക്കുകയോ ഒക്കെ ചെയ്യുന്നത് കാണാം.അത് കാണുമ്പോഴും സന്തോഷമാണ്.അവനെ കണ്ടിരിക്കുന്ന ഓരോ നിമിഷവും താരക്ക് സന്തോഷമാണ്..!

ദിവസങ്ങൾ കടന്നുപോയി.മനു അറിയാതെ മനുവിനെ കാണാൻ കിട്ടുന്ന അവസരങ്ങളൊക്കെ താര വിനിയോഗിച്ചു.അവനോടുള്ള അവളുടെ ഇഷ്ടം പരിധികൾക്ക് അപ്പുറത്തേക്കായി.അവളുടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ മീനു ദേഷ്യപ്പെടും.

“നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാണ് അവനോട് പോയി ഇഷ്ടം പറയാൻ. അവന്റെ മറുപടി എന്തായാലും അതിനെ ആക്സെപ്റ്റ് ചെയ്യാൻ നീ പഠിച്ചേ മതിയാകൂ. അല്ലാതെ അവൻ നോ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞു നീ അവനോട് ഇഷ്ടം പറയാതിരിക്കുന്ന ഓരോ നിമിഷവും നിന്റെയുള്ളിൽ അവനോടുള്ള ഇഷ്ടം കൂടുകയേ ഉള്ളൂ. അതുമാത്രമല്ല അവൻ നിന്റെയാണ് എന്ന് നിന്റെ മനസ്സ് നിനക്ക് പറഞ്ഞു തരും. നാളെ ഒരു സമയത്ത് അതിൽ എന്തെങ്കിലും മാറ്റം വന്നാൽ നിനക്ക് അത് സഹിക്കാനും പറ്റില്ല. ചിലപ്പോൾ ഒരു സുപ്രഭാതത്തിൽ കേൾക്കുന്നത് അവന്റെ വിവാഹ വാർത്തയായിരിക്കും.അല്ലെങ്കിൽ അവന് മറ്റൊരു പ്രണയമുണ്ടെന്നായിരിക്കും. അങ്ങനെയൊക്കെ കേട്ടാൽ നിനക്ക് സഹിക്കാൻ പറ്റുമോ..?”

മീനു ദേഷ്യത്തോടെ ചോദിക്കുമ്പോൾ മറുപടിയില്ലാതെ തല കുനിച്ചു.

“എനിക്ക് കൂടുതൽ ഒന്നും നിന്നോട് സംസാരിക്കാനില്ല. ഇന്ന് തന്നെ നീ നിന്റെ ഇഷ്ടം അവനെ അറിയിക്കണം. അവന്റെ മറുപടി എന്താണെങ്കിലും അത് മനസ്സിലാക്കാനും ശ്രമിക്കണം. അത് കഴിഞ്ഞിട്ട് നീ ഇനി എന്നോട് മിണ്ടിയാൽ മതി..”

മീനു അവസാന തീരുമാനം എന്നതു പോലെയാണ് പറഞ്ഞത്. അതിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയാൻ ഇടയ്ക്കിടെ അവളെ നോക്കിയെങ്കിലും അവളുടെ മുഖഭാവത്തിൽ യാതൊരു മാറ്റവും താര കണ്ടില്ല.

“നീ പറഞ്ഞതു പോലെ ഇന്ന് തന്നെ ഞാൻ എന്റെ ഇഷ്ടം പറയാം. അതിന്റെ പേരിൽ നീ പിണങ്ങേണ്ട..”

താര പറഞ്ഞപ്പോൾ മീനുവിന്റെ മുഖം തെളിഞ്ഞു.

” എന്നാൽ പിന്നെ മോള് വേഗം വീട്ടിലേക്ക് ചെല്ല്.. “

സംസാരിച്ചു നിൽക്കുന്നതിനിടയിൽ മീനുവിന്റെ ബസ് വന്നതോടെ അവൾ അതിലേക്ക് ഇടിച്ചു കയറി.

മനുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ,താരയുടെ ഹൃദയം പതിൻമടങ്ങ് വേഗതയിൽ മിടിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ ആ സമയത്ത് അവിടെ ഉണ്ടാകാറില്ല എന്ന് അവൾക്കറിയാം.

കോളിംഗ് ബെൽ അടിച്ചു കുറച്ചു നിമിഷം കാത്തു നിൽക്കേണ്ടി വന്നു അവൻ പുറത്തേക്കു വരാൻ. അവളെ കണ്ടപ്പോൾ അവന്റെ മുഖം ആശ്ചര്യം കൊണ്ട് വിടരുന്നത് അവൾ ശ്രദ്ധിച്ചു. ആ മുഖത്തേക്ക് തന്നെ നോക്കിയിരിക്കാൻ അവൾക്ക് തോന്നി.

“എന്താടോ..? താനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്..?”

മനു അന്വേഷിച്ചപ്പോൾ അവൾക്ക് ഒരു ജാള്യത തോന്നി.

“അത്.. പിന്നെ… മനുവേട്ടനോട് എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.”

അവൾ പറയുന്നതൊക്കെ കൗതുകത്തോടെ കേൾക്കുകയായിരുന്നു അവൻ.

” മനുവേട്ടനോട് ഇത് പറയാതെ എനിക്ക് പോകാൻ പറ്റില്ല. എനിക്ക് മനുവേട്ടനെ ഇഷ്ടമാണ്. അതിന് കുറച്ചു വർഷങ്ങളുടെ പഴക്കം ഉണ്ട്. കൃത്യമായി പറഞ്ഞാൽ നിങ്ങൾ ഈ നാട്ടിലേക്ക് വന്നപ്പോൾ മുതൽ എനിക്ക് മനുവേട്ടനെ ഇഷ്ടമാണ്.. ഐ ലവ് യു.. “

കണ്ണുകൾ രണ്ടും ഇറുകെ അടച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞവസാനിപ്പിച്ചു.

“എടോ..”

അവൻ എന്തോ പറയാൻ തുടങ്ങുകയാണ് എന്ന് കണ്ട അവൾ കണ്ണുകൾ വലിച്ചു തുറന്നു.

” വേണ്ട.. മനുവേട്ടൻ ഇപ്പോൾ ഒന്നും പറയണ്ട.. നന്നായിട്ട് ആലോചിച്ചു മറുപടി പറഞ്ഞാൽ മതി.. “

അതും പറഞ്ഞ് അവൾ ഓടി പോകുമ്പോൾ മനുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു.

നാളുകളായി ഉള്ളിൽ കൊണ്ടു നടന്ന ഇഷ്ടമാണ് അവൾ ഇങ്ങോട്ട് വന്ന് പറഞ്ഞിട്ട് പോയത്.അവന്റെ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല.

ആംബുലൻസിന്റെ ശബ്ദം കേട്ടാണ് അവൻ വീടിന് പുറത്തേക്ക് ഇറങ്ങുന്നത്. താരയുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് കയറുന്ന ആംബുലൻസ് കണ്ട് അവൻ പകച്ചു നിന്നു. പിന്നെ അവൻ വേഗം അവിടെക്ക് ഓടി.അവളുടെ അച്ഛനോ അമ്മയ്ക്കോ എന്തെങ്കിലും ആപത്ത് സംഭവിച്ചോ എന്നൊരു ഭയമായിരുന്നു അവൻ ഉണ്ടായിരുന്നത്.

പക്ഷേ ആംബുലൻസിന്റെ പുറത്ത് ഒട്ടിച്ചിരിക്കുന്ന പുഞ്ചിരിക്കുന്ന താരയുടെ മുഖം അവനെ മരവിപ്പിച്ചു കളഞ്ഞു. നിന്നിടത്തു നിന്ന് അനങ്ങാൻ പോലും ആകാതെ അവൻ തറഞ്ഞു നിന്നു.

“ഈ കൊച്ചു വന്ന ബസ് വേറൊരു ബസ്സുമായി കൂട്ടിയിടിച്ചതാണെന്ന്.. കുറച്ചു പേരൊക്കെ ആ സ്ഥലത്ത് തന്നെ മരിച്ചു. ആ കൂട്ടത്തിൽ ഈ കുട്ടിയും ഉണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും ആകെയുള്ള ഒന്നായിരുന്നു.. അവരുടെ കാര്യം ഓർക്കുമ്പോഴാണ്..”

മനുവിന്റെ അടുത്തു നിന്ന് ആരോ പറയുന്നത് അവൻ കേട്ടു.

അപ്പോൾ.. അവൾ പറയാതെ പോകാൻ വയ്യ എന്ന് പറഞ്ഞത് ഇതിനായിരുന്നോ….? കാത്തു കാത്തിരുന്ന് അവൾ ഇഷ്ടം പറഞ്ഞത് ഇങ്ങനെ പോകാൻ വേണ്ടിയായിരുന്നോ..?