Story written by Pratheesh
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
മകൾ വിഭൂതിയെ പ്രസവിച്ച ശേഷമാണ് മാന്യതയുടെ ശരീരത്തിൽ പലയിടത്തും ചെറിയ രീതിയിലുള്ള നിറ വ്യത്യാസം കണ്ടു തുടങ്ങിയത്,
കഴിഞ്ഞ പത്തു വർഷങ്ങൾ കൊണ്ട് അതിപ്പോൾ അതിന്റെ പൂർണ്ണതയിൽ എത്തിയിരിക്കുന്നു, ശരീരം പൂർണ്ണമായും വെളുത്തു പോയിരിക്കുന്നു,
മരുന്നുകളും ഡോക്റുമാരെയും മാറി മാറി പരീക്ഷിച്ചെങ്കിലും പണനഷ്ടമല്ലാതെ മറ്റൊരു മാറ്റവും മാന്യതയിൽ സംഭവിച്ചില്ല,
അവളുടെ ആ പഴയ ചന്തം അതല്ലെങ്കിൽ ആ രൂപം അവൾക്കു തീർത്തും നഷ്ടമായിരിക്കുന്നു, ശരീരം വെളുത്തു പോയതിനേക്കാൾ അതു കണ്ട് ചുറ്റുമുള്ളവരുടെയെല്ലാം നോട്ടത്തിൽ വന്ന വ്യത്യാസമാണ് മാന്യതയെ ഇന്ന് വല്ലാതെ വേദനിപ്പിക്കുന്നത്,
മുൻപരിചയക്കാരായ പലരും ഇന്നു അവളെ കാണുമ്പോൾ ഒന്നു സംസാരിക്കാൻ പോലും ശ്രമിക്കാതെ മാറി നടക്കാൻ തുടങ്ങി യിരിക്കുന്നു, ശരീരത്തിൽ വന്നു ചേർന്ന മാറ്റത്തേക്കാൾ മറ്റുള്ളവർക്ക് അവളോടു വന്നു ചേർന്ന അവഗണനയാണ് അവൾക്ക് ഉൾക്കൊള്ളാൻ പ്രയാസകരമായി തോന്നിയത്, വളരെ അടുത്തറിയുന്നവർ പോലും തന്നെ തന്റെ പഴയ നിറത്തിന്റെയും രൂപത്തിന്റെയും ആകർഷണത്തിൽ മാത്രമായിരുന്നു നോക്കിയിരുന്ന തെന്നും തന്നോടു സംസാരിച്ചിരുന്നതെന്നും ഉള്ള തിരിച്ചറിവ് അവളിൽ വല്ലാത്ത മനോവിഷമം സൃഷ്ടിച്ചു,
എല്ലാവരും മനഃപ്പൂർവം അവളെ അവരിൽ നിന്നു മാറ്റി നിർത്തുകയാണ് എന്നു മനസിലായി തുടങ്ങിയത്തോടെ ജീവിതം തന്നെ അവൾക്ക് അസഹനീയമായി തോന്നി, അതേ തുടർന്നാണ് അവൾ ജീവിതം അവസാനിപ്പിക്കേണ്ടി വരുമോ എന്നതിനെ കുറിച്ചു പോലും ചിന്തിച്ചു തുടങ്ങിയത്,
അതിനിടയിൽ തന്നെയാണ് സ്വന്തം മകൾ വിഭൂതിക്കു പോലും അവളോടുള്ള സമീപനത്തിലും താൽപ്പര്യത്തിലും ഇഷ്ടക്കുറവു വന്നിട്ടുണ്ടോ എന്നൊരു സംശയം കൂടി അവളിൽ ബലപ്പെടുന്നത്,
ഈയിടെയായി മകൾ അച്ഛനോട് കൂടുതലായി അടുപ്പം കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അവൾക്ക് അങ്ങിനൊരു സംശയമുണ്ടായത് തന്നെ !
അപ്പോഴും ഭർത്താവിന്റെ കാര്യത്തിൽ അവൾ മകളോടുള്ളത്ര പ്രാധാന്യത്തോടെ ചിന്തിക്കാൻ ശ്രമിച്ചതേയില്ല, കാരണം അങ്ങിനൊരു മാറ്റം സംഭവിച്ചേക്കാമെന്നു തുടക്കം മുതലേ അവൾ കരുതിയിരുന്നതും പ്രതീക്ഷിച്ചതുമാണ്, അതു കൊണ്ടു തന്നെ മറ്റുള്ളവരെ പോലെ ഭർത്താവിന് അങ്ങിനെ ഒരു മാറ്റം വന്നാൽ തന്നെ അവൾക്കതിൽ വലിയ വിഷമം തോന്നാൻ സാധ്യതയില്ലായിരുന്നു ,
പക്ഷേ മകൾ വിഭൂതി അവൾക്ക് അങ്ങിനെയായിരുന്നില്ല മകളിൽ അവൾ അവളെ തന്നെയായിരുന്നു കണ്ടിരുന്നത്, അതു കൊണ്ടു തന്നെ മകളിൽ അങ്ങിനെയൊരു മാറ്റം ഉണ്ടാകുന്നതിനേ കുറിച്ച് ചിന്തിക്കാൻ പോലും അവൾ അശക്തയായിരുന്നു, അതും കൂടി സംഭവിച്ചാൽ പിന്നെ ജീവിച്ചിരിക്കേണ്ടതില്ലെന്ന ചിന്തയിലേക്കാണ് അതവളെ കൊണ്ടെത്തിച്ചത് !
എന്നിരുന്നാലും ഒരു സംശയം ഉണ്ടായാൽ അതിന്റെ ഉത്തരം അറിയാതെ പിന്നെ നമുക്കൊരു മന:സമാധാനം ഉണ്ടാവില്ലല്ലൊ ?
മകളോടു മാത്രമായാത് ചോദിക്കാമെന്നാണു ആദ്യമവൾ കരുതിയതെങ്കിലും പിന്നീട് അവർ രണ്ടു പേരോടും അതു ചോദിക്കാമെന്നു തന്നെ അവൾ തീരുമാനിച്ചു,
ആദ്യം ചോദിച്ചത് ഭർത്താവിനോടായിരുന്നു അവളോടുണ്ടായിരുന്ന ആ പഴയ ഇഷ്ടം ഇപ്പോഴും ഉണ്ടോയെന്ന് ?
അതിനയാൾ അവളെ നോക്കി ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത് ! ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല ഭർത്താവ് എന്തോ ഒളിപ്പിക്കുന്ന പോലെയാണ് അവൾക്കു തോന്നിയത്, അതു കൊണ്ടു തന്നെ കൂടുതലായി അവളൊന്നും ചോദിച്ചില്ല,
മകൾ എന്തായാലും സത്യം പറയും എന്നുറപ്പുള്ളതു കൊണ്ട് അതേ തുടർന്നവൾ മകളെ അരികിൽ വിളിച്ച് അവളോടും ചോദിച്ചു,.മോൾക്ക് അമ്മയോട് ഇഷ്ടം ഇല്ലെയെന്ന് ?
” എനിക്കച്ഛനെ ആണു ഇഷ്ടം ! “
എന്നവൾ പറഞ്ഞതോടെ ഭൂമി പിളർന്നു താഴേക്കു പോകും പോലെ തോന്നിയവൾക്ക് !
മകളുടെ ആ വാക്കുകൾ ഒറ്റ നിമിഷം കൊണ്ട് അവളെ കൊ ല്ലാതെ കൊ ല്ലും വിധമാക്കി ! മകൾ അതു പറഞ്ഞ് പെട്ടന്നു തന്നെ അവളെയും ആ മുറിയും വിട്ടു പോയി !
അതോടെ അവളൊരു നിമിഷം ഹൃദയശൂന്യയായി മാറി,.അവൾ കണ്ണുകൾ കണ്ണീരാൽ ഇറുക്കിയടച്ചു,.അന്നേരം ശരിക്കും മകൾ വിഭൂതിയുടെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു, സ്വന്തം അമ്മയേ ആശ്വസിപ്പിക്കാനായെങ്കിലും വിഭൂതിക്ക് അമ്മയേ ഇഷ്ടമാണെന്നൊരു കള്ളം പറയാമായിരുന്നെന്ന് വെറുതെയെങ്കിലും അവൾ ആശിച്ചു, ചെറിയൊരു കള്ളം കൊണ്ട് മറ്റൊരാൾ സന്തോഷിക്കു മെങ്കിൽ അതിൽ തെറ്റൊന്നുമില്ലെന്ന് മകൾ മനസിലാക്കേണ്ടിയിരുന്നെന്നും അവൾക്ക് തോന്നി,
അങ്ങിനെയെല്ലാം ഒാർത്തു സങ്കടപ്പെട്ടെങ്കിലും മാന്യത വളരെ പെട്ടന്നു തന്നെ യാഥാർത്ഥ്യ ബോധത്തിലേക്കു തിരിച്ചു വന്നു കൊണ്ട് മറ്റൊന്നാലോചിച്ചു,
കേൾക്കുന്നവർക്കു ഒരൽപ്പം വേദനിച്ചാലും, അവർ സങ്കടപ്പെട്ടാലും അവർക്കു സത്യം മനസിലാകും വിധം വിഭൂതി പറഞ്ഞതു തന്നെയാണു ശരിയെന്ന് !
അവിടെ മാന്യതയുടെ സംശയങ്ങൾ മാറിയെങ്കിലും ആരുടെയും ഇഷ്ടങ്ങൾക്കുപാത്രമാകാതെ വേണ്ടപ്പെട്ടവരെന്നു കരുതുന്നവർക്കു പോലും ഭാരമായി ഇനിയും ജീവിക്കണമോയെന്ന സംശയമാണ് പിന്നെ അവരെ പിടികൂടിയത്,
അതിനും ഒരുത്തരമില്ലാതെ ഇരിക്കവേ വിഭൂതി പിന്നെയും അവളുടെ മുറിയിലേക്കു കയറി വന്ന് ഒരു കടലാസ് അവൾക്കു നേരെ നീട്ടി കൊണ്ട് അവളോടു പറഞ്ഞു,
അമ്മ എന്നെങ്കിലും ഇതു പോലൊരു ചോദ്യം ചോദിച്ചാൽ അന്ന് ഇത് അമ്മയേ ഏൽപ്പിക്കണം എന്നു പറഞ്ഞു അച്ഛൻ സൂക്ഷിക്കാൻ തന്നതാണ് !
അതു കേട്ടതും അവൾ വേഗം മകൾ നീട്ടിയ ആ കടലാസു വാങ്ങി നിവർത്തി വായിച്ചു, അതിലയാൾ എഴുതിയിരുന്നു,
” ലഭ്യമായ എല്ലാ ഇഷ്ടങ്ങളുടെയും അവസാന വാക്കാണു നീ ” !
അതു വായിച്ചതും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു,.നിറകണ്ണുകളോടു മകൾ വിഭൂതിയേ നോക്കവേ അവളെ നോക്കി വിഭൂതിയും പറഞ്ഞു,
എനിക്കച്ഛനെയാണിഷ്ടം, അത് അച്ഛനു എന്റമ്മയേ ജീവനു തുല്യമായ ഇഷ്ടമുള്ളതു കൊണ്ടാണ് എന്ന് ” !