ഭ്രാന്തിയെപ്പോലെ എഴുനേൽക്കാൻ തുനിഞ്ഞ ജാനകിയെ വേലു വട്ടം പിടിച്ചു അടുത്ത മുറികളിൽ ഉറങ്ങിയിരുന്ന രണ്ടു ബന്ധുക്കളുടെ സഹായത്തോടെ…..

പ്രണാമം.

Story written by Sumayya Beegum T A

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

മഴ എനിക്ക് പേടിയാണ് അമ്മാ എന്നെ ചേർത്തുപിടിക്കു, അമ്മാ എവിടാ അമ്മാ അമ്മൂന് പേടിയാവുന്നു. പെട്ടന്ന് ഒരു കൊള്ളിയാനും ഒപ്പം അതിഭയങ്കരമായ ഇടിയും.

പാതിരാത്രി തണുത്ത കാറ്റിൽ ജനൽപ്പാളി ശക്തിയായി വന്നടഞ്ഞു.

മോളേ…….. വിയർപ്പിൽ കുതിർന്നു ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു ജാനകി അലറി വിളിച്ചു ന്റെ അമ്മുവേ..

തൊട്ടടുത്തു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന വേലു ജാനകിയെ ചേർത്തുപിടിച്ചു ശക്തിയായി അവളുടെ ചുമലുകളിൽ പിടിച്ചുകുലുക്കി. ശ്വാസം പോലും നിലച്ചവണ്ണം പകച്ചിരുന്ന ആ ശരീരം ഒരു പൊട്ടിക്കരച്ചിലോടെ കട്ടിലിലേക്ക് മറിഞ്ഞു.

ന്റെ പൊന്നുമോളെ ഞാൻ കൊ ന്നു. എന്നിട്ടും ന്റെ കുഞ്ഞു, അവൾ ദാ ഇപ്പോൾ എന്റെ അടുത്ത് വന്നു വേലു അണ്ണാ, ഞാൻ അവളെ കണ്ടു ആ സ്വരം കേട്ടു. അവൾ എന്നെ വിളിക്കുന്നു എനിക്ക് പോകണം ഞാനും പോകും എനിക്കു ജീവിക്കണ്ട.

ഭ്രാന്തിയെപ്പോലെ എഴുനേൽക്കാൻ തുനിഞ്ഞ ജാനകിയെ വേലു വട്ടം പിടിച്ചു അടുത്ത മുറികളിൽ ഉറങ്ങിയിരുന്ന രണ്ടു ബന്ധുക്കളുടെ സഹായത്തോടെ കട്ടിലിൽ തന്നെ കെട്ടിയിട്ടു മുറി പൂട്ടി ഇറങ്ങി. ആ വാതിൽ ചാരി ശവം പോലെ അയാൾ ചലനമറ്റിരുന്നു.

ആദ്യമായി അവളെ കയ്യിൽ കിട്ടിയ ദിവസം. ജാനകി ഓർത്തു, നേഴ്സ് വന്നു ജാനകിക്ക് മകൾ ആണെന്ന് പറഞ്ഞു കയ്യിൽ തന്ന നിമിഷങ്ങൾ, ആ നെറുകിൽ ഉമ്മ വെച്ചപ്പോൾ ചുരന്ന മാറിടങ്ങൾ.

അമ്മേ എന്ന് ആദ്യം വിളിച്ചവൾ അമ്മാളു എന്റെ ആദ്യത്തെ കണ്മണി. ചേലത്തുമ്പിൽ പിടിച്ചു കൂടെ നടന്നവൾ എന്തിനും ഏതിനും ഞാൻ ഒപ്പം വേണമെന്ന നിർബന്ധക്കാരി. കുസൃതിക്കുടുക്കയായ മിടുമിടുക്കി ഇളയത്തുങ്ങളുടെ പോറ്റമ്മ. എത്ര പെട്ടന്നാണ് അവൾ വളർന്നത്.

മുടിത്തുമ്പു മുട്ടോളമെത്തിയതും കണ്ണുകൾ കരിങ്കൂവളപ്പൂപോലെ മനോഹരമായതും അതിശയത്തോടെ അഭിമാനത്തോടെ ഞാൻ നോക്കി നിന്നു.

അന്നവൾ സ്കൂളിൽ നിന്നും വന്നപ്പോൾ താമര പോലെ കൂമ്പിയ മിഴികൾ കാണിച്ചുതന്നത് പാവാടയുടെ പുറകിലെ ചുവന്ന വട്ടത്തിലേക്കാണ്. ഉടുപ്പ് മാറ്റി കുളിപ്പിച്ചു വൃത്തിയാക്കുമ്പോൾ പേടിച്ചരണ്ട കുഞ്ഞു മാ റോടു ചേർന്നു. അമ്മേടെ മോളൊരു വല്യ പെണ്ണായി എന്ന് മനസിലാക്കികൊടുക്കുമ്പോൾ എന്തോ എന്റെ മിഴികളും നിറഞ്ഞു തൂവി.

മതാചാര പ്രകാരം അന്നുതൊട്ട് അവൾ കഴിയേണ്ട ഓലപ്പുര ഒരു കാരാഗ്രഹം പോലെ അവളെ ഭയപ്പെടുത്തി. അപ്പോഴും ദൈവകോപം ഉണ്ടാവാതിരിക്കാൻ മനസ് കല്ലാക്കി ഞാൻ അവളെ അതിലാക്കി വാതിൽ ചേർത്തടച്ചു.

ന്റെ മോൾ ഒരു നല്ല പെണ്ണായി മാതാവായി തീരാൻ അതിനുമുന്നുള്ള ചെറിയ വേദനകൾ,ഒറ്റപെടലുകൾ എല്ലാം മതപ്രകാരം ഞാനും കണ്ടില്ലെന്നു നടിച്ചു . അവളെ തനിച്ചാക്കി വീട്ടിൽ കയറുമ്പോൾ എന്തോ കല്ലുകയറ്റി വെച്ചപോലെ മനസ് ഭാരപ്പെട്ടു. പേടിച്ചരണ്ട കണ്ണുകളും പോകല്ലമ്മേ എന്നു പറഞ്ഞു വട്ടം ചുറ്റിപിടിച്ചതും എന്നെ അസ്വസ്ഥമാക്കി.

ഒരു ചെറിയ കാറ്റിലും മഴയിലും എന്റെ പുതപ്പിലേക്കു ചുരുണ്ടുകൂടി ആലില പോലെ വിറക്കുന്നവൾ അന്ന് രാത്രി പതിവില്ലാതെ ഉണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും അലറി കരയുന്നത് എന്റെ ചെവികളെ പൊള്ളിച്ചു.

അതുവരെ പിടിച്ചുനിന്നു എങ്കിലും ന്റെ കുഞ്ഞിന്റെ കരച്ചിൽ കൂടിവന്നപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ഓടിയതാണ് പക്ഷേ കുടുംബത്തിലെ മുതിർന്ന സ്ത്രീകളും വേലു അണ്ണനും എന്നെ ബലമായി പിടിച്ചുവച്ചു. അപ്പോഴേക്കും കാറ്റിനു ശക്തികൂടി മരങ്ങൾ കടപുഴുകാനും മേൽക്കൂരകൾ പറന്നുപോകാനും തുടങ്ങിയിരുന്നു. പേടിച്ചുപോയ എല്ലാവരുടെയും കൈകൾ അയഞ്ഞ നിമിഷം വാക്കത്തി ചാടിയെടുത്തു എന്റെ അടുത്ത് വരരുത് എന്ന് ഭദ്രകാളിയെപോലെ ചീറി പുറത്തേക്കു പാഞ്ഞതും മോളെ താമസിപ്പിച്ചിരുന്ന ഓലഷെഡിലേക്കു അടുത്ത് നിന്ന തെങ്ങു കടപുഴുകി വീണതും ഒരുമിച്ചായിരുന്നു.

മോളെ… എന്ന് കരഞ്ഞു ചെളിയിലേക്കു കുഴഞ്ഞു വീഴുമ്പോൾ ആരൊക്കെയോ എന്റെ പൊന്നുമോളുടെ ജീവനറ്റ ശരീരം മരത്തിനടിയിൽ നിന്നും പൊക്കിയെടുത്തു.

ഞാൻ കേട്ടതാണ് ന്റെ കുഞ്ഞു അവസാനം വിളിച്ചതും എന്നെയാണ്. ഏത് ദുരന്തത്തിലും ഞാൻ എത്തും എന്ന് അവസാനം വരെ അവൾ പ്രതീക്ഷിച്ചിരുന്നിരിക്കാം. എന്നിട്ടും ന്റെ കുഞ്ഞിനെ രക്ഷിക്കാൻ എനിക്കായില്ല. എന്തൊരു ദുർവിധിയാണ് ന്റെ നെഞ്ച് പൊട്ടിപിളരുന്നു. ന്റെ കുഞ്ഞേ എന്നെ കൂടി കൊണ്ടുപോകു ഈ വേദന മരണ വേദനയെക്കാളും സഹിക്ക വയ്യ. കണ്ണടച്ചാലും എവിടെ തിരിഞ്ഞാലും എന്റെ കുഞ്ഞിന്റെ അമ്മാ എന്ന കരച്ചിൽ മാത്രം.

വേലു അണ്ണാ, എന്നെകൂടി കൊ ന്നുതരൂ ന്റെ മോളെ കുരുതികൊടുത്ത ആചാരങ്ങളെ എനിക്ക് പേടിയാണ്, ആ ദൈവങ്ങളെ ഞാൻ ഇനി വിളിക്കില്ല. എന്നെ കൊbല്ലൂ ആരെങ്കിലും… കട്ടിലിൽ ശക്തിയായി അടിച്ചു അവൾ അലറി.

മുഴുഭ്രാന്തിയെ പോലെയുള്ള അവളുടെ കരച്ചിലിന്റെ മാറ്റൊലികൾ ആ നാട്ടിലെ എല്ലാ അമ്മമാരിലും കൊടുംകാറ്റാവുക ആയിരുന്നു. അനാചാരങ്ങൾക്ക് എതിരെ അന്ധവിശ്വാസികൾക്കെതിരെ.. മാറ്റത്തിന്റ മാറ്റൊലികൾ.

ശാസ്ത്രം ഇത്രത്തോളം പുരോഗമിച്ചിട്ടും ആ ർത്തവ അശുദ്ധിയുടെ പേരിൽ ഒരു കുഞ്ഞിനെ കുരുതികൊടുത്ത സമൂഹമേ മാപ്പില്ല.. ഇനി ഒരു പെൺകുഞ്ഞും ഇതുപോലെ ബ ലിയാടാവാൻ ഒരു അമ്മയും അനുവദിച്ചുകൂടാ ഉണരുക യാഥാർഥ്യത്തിലേക്ക് എതിർക്കുക ആചാരത്തിന്റ പേരിലുള്ള കാടത്തങ്ങളെ…