ഫോൺ വയ്ക്കുമ്പോൾ മനസ്സു ശൂന്യം ആയിരുന്നൂ. ഈ നാട്ടിൽ എത്തിയിട്ട് വർഷം പത്തായിരിക്കുന്നൂ. നാട്ടിൽ ഇതിനിടയിൽ രണ്ടു വട്ടം മാത്രമാണ് പോയത്……

സ്നേഹം

Story written by Suja Anup

കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…

ഫോൺ അടിക്കുന്നൂ, നോക്കുമ്പോൾ അച്ഛനാണ്.

“മോനെ അമ്മയ്ക്ക് തീരെ വയ്യ. നീ ഒന്ന് നാട്ടിലേക്ക്‌ വരണം. കുറച്ചു ദിവസ്സം നിന്നിട്ടു തിരിച്ചു പൊക്കോളൂ. പറ്റില്ല എന്ന് പറയരുത്.”

“ഞാൻ നോക്കട്ടെ, അച്ഛാ. എനിക്ക് വരുവാൻ പറ്റുമെന്ന് തോന്നുന്നില്ല. കുട്ടികൾക്ക് പരീക്ഷ ഉണ്ട്. അവളെ കൊണ്ട് ഒറ്റയ്ക്ക് എല്ലാം നോക്കുവാൻ പറ്റില്ല.”

“ഞാൻ നിർബന്ധിക്കുന്നില്ല. വീണയും വിനോദും വന്നിട്ട് പോയി. നീ വരുന്നില്ലേ എന്നവൾ ചോദിച്ചൂ. അവൾക്കു നിന്നെ ഒന്ന് കാണണം.”

“ഊം നോക്കട്ടെ..”

ഫോൺ വയ്ക്കുമ്പോൾ മനസ്സു ശൂന്യം ആയിരുന്നൂ. ഈ നാട്ടിൽ എത്തിയിട്ട് വർഷം പത്തായിരിക്കുന്നൂ. നാട്ടിൽ ഇതിനിടയിൽ രണ്ടു വട്ടം മാത്രമാണ് പോയത്.

അല്ലെങ്കിലും നാട്ടിൽ എനിക്ക് ആരാണുള്ളത്?

അമ്മയും അച്ഛനും സഹോദരങ്ങളും. ആ ബന്ധത്തിനു എന്തെങ്കിലും അർത്ഥ മുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

എല്ലാം ഒരു ചോദ്യചിഹ്നം പോലെ ഇന്നും മനസ്സിലുണ്ട്. മനസ്സു ഒത്തിരി പുറകിലേക്ക് പോയി.

*********************

എത്ര സന്തോഷത്തോടെയാണ് ഞാൻ അന്ന് അമ്മവീട്ടിലേയ്ക്ക് വന്നത്. അവിടെ അമ്മമ്മയും അമ്മാവനും മാത്രമേ ഉള്ളൂ. അന്ന് ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു. അമ്മവീട്ടിൽ രണ്ടു മാസം നില്ക്കുവാൻ എല്ലാവരും ഒന്നിച്ചാണ് വന്നത്. അനിയന് നാലു വയസ്സ് ഉണ്ട് അന്ന്. അനിയത്തിക്ക് രണ്ടു വയസ്സും. ഞാൻ അങ്ങനെ ചേട്ടനായി വിലസ്സുന്നൂ. അമ്മയും അച്ഛനും സർക്കാർ ജോലി. എല്ലാവരും ഒന്നിച്ചു സന്തോഷത്തോടെ കഴിയുന്നൂ.

സാധാരണ വേനൽ അവധിക്കു രണ്ടാഴ്ചയോളം ‘അമ്മ വീട്ടിൽ വന്നു നിൽക്കാറുണ്ട്. ഈ പ്രാവശ്യം മാത്രം അത് അങ്ങനെ നീണ്ടു. ഇനി ഒരാഴ്ച മാത്രമേ ഉള്ളൂ. അത് കഴിഞ്ഞാൽ പിന്നെ ക്ലാസ്സു തുടങ്ങും. അതിനു മുൻപേ തിരിച്ചു പോകണം. പുതിയ ക്ലാസ്സ്‌, കൂട്ടുകാരൊക്കെ പഴയതു തന്നെ. എല്ലാവരോടും ഒത്തിരി കാര്യങ്ങൾ പറയുവാൻ ഉണ്ട്.

ഓരോന്ന് ആലോചിച്ചാണ് മുറിയിലേക്ക് ചെന്നത്. നോക്കുമ്പോൾ ‘അമ്മ എല്ലാം പാക്ക് ചെയ്യുന്നൂ.

“അമ്മ എന്താ എല്ലാം പാക്ക് ചെയ്യുവാണോ. നമ്മൾ നാളെ തിരിച്ചു പോകുമോ..”

“ഇല്ല മോനെ, പതുക്കെ എല്ലാം എടുത്തു വായിക്കുവാണ്, ഇനി ഒരാഴ്ച അല്ലെ ഉള്ളു. മോൻ പോയി കളിച്ചോ കേട്ടോ.”

“ശരി അമ്മെ..”

ഞാൻ നേരെ അപ്പുറത്തെ പറമ്പിലേക്ക് ഓടി. അവിടെയാണ് ഉണ്ണിയും കൂട്ടുകാരും എല്ലാം ഉണ്ടാവുക. ഉണ്ണി ആണ് എൻ്റെ അടുത്ത കൂട്ടുകാരൻ, തൊട്ടപ്പുറത്തെ വീട്ടിലെ ആണ്. ഞങ്ങൾ ഒന്നിച്ചാണ് കളിക്കുന്നത് നാട്ടിൽ വരുമ്പോൾ കളിക്കാറുള്ളത് .

കളി കഴിഞ്ഞു വന്നു ക്ഷീണിച്ചാണ്‌ ഉറങ്ങിയത്. രാവിലെ എഴുന്നേൽക്കാനും വൈകി. അമ്മവീട്ടിൽ ചെന്നാൽ അമ്മമ്മയോടൊപ്പം ആണ് എപ്പോഴും ഉറങ്ങാറുള്ളത്. എഴുന്നേറ്റു നോക്കുമ്പോൾ സമയം ഒൻപതു മണി. നേരെ അടുക്കളയിലേക്കു ഓടി.

അമ്മമ്മ അടുക്കളയിൽ ഉണ്ട്.

“അമ്മമ്മേടെ ചക്കര എഴുന്നേറ്റോ, വേഗം പല്ലു തേക്ക് കേട്ടോ. അമ്മമ്മ മോനിഷ്ടമുള്ള കൊഴുക്കട്ട ഉണ്ടാക്കി വച്ചിട്ടുണ്ട്.”

“അതെന്താ രാവിലെ, അമ്മമ്മ വൈകീട്ടല്ലേ എനിക്ക് ഉണ്ടാക്കി തരാറുള്ളത്.”

അമ്മമ്മ ഒന്നും പറഞ്ഞില്ല.

ഞാൻ ഓടി പോയി പല്ലു തേച്ചു വന്നൂ. അമ്മമ്മേടെ കൊഴുക്കട്ടയ്ക്കു ഒരു പ്രത്യേക രുചി ആണ്. ഒറ്റ ഇരുപ്പിനു ആറെണ്ണം ഞാൻ കഴിക്കും. വയറു നിറഞ്ഞപ്പോഴാണ് ഓർത്തത് അമ്മയേയോ അച്ഛനെയോ സഹോദരങ്ങളേയോ കാണുവാനില്ല. അവരെല്ലാം എവിടെ പോയി.

അപ്പോഴേക്കും അമ്മാവൻ വന്നൂ.

“ബാബു, അവരെല്ലാം ട്രെയ്നിൽ കയറിയോ..”

“ഊം അമ്മെ.”

അവർ ആരെപ്പറ്റിയാണ് പറയുന്നത്.

“അമ്മമ്മേ ആരാ ട്രെയ്നിൽ പോയത്..”

“കണ്ണാ അത്..”

അമ്മമ്മ എന്നെ കണ്ണൻ എന്നാണ് വിളിക്കാറ്. ഒത്തിരി സ്നേഹം വരുമ്പോൾ ചക്കര എന്നും.

അമ്മമ്മ ഒന്നും പറഞ്ഞില്ല. അമ്മാവൻ എന്നെ വിളിച്ചു മടിയിലിരുത്തി.

“എൻ്റെ കണ്ണൻ വിഷമിക്കരുത്. അവരെല്ലാം തിരിച്ചു പോയി. ഇനി കുറച്ചു നാൾ മോൻ ഇവിടെ നിന്നാണ് പഠിക്കേണ്ടത്. മോനും അണിയൻ കുട്ടനും കൂടെ വഴക്കു കൂടുമ്പോൾ അമ്മയ്ക്ക് സമയം കിട്ടില്ല ഒന്നിനും. അമ്മയ്ക്ക് ജോലിക്കു പോവേണ്ടെ.”

എനിക്ക് ഒന്നും മനസ്സിലായില്ല. അനിയൻകുട്ടനെയും അനിയത്തിയേയും കൂടെ കൂട്ടി. എന്നെ മാത്രം ഒഴിവാക്കി. എൻ്റെ മനസ്സു ആരും കണ്ടില്ല. അപ്പോൾ അമ്മയ്ക്ക് എന്നെ ഇഷ്ടമല്ല. ഞാൻ കരയുന്നതിൽ കുഴപ്പമില്ല.

“വേണ്ട, എനിക്ക് അമ്മയെ കാണണം.”

ഞാൻ കരയുവാൻ തുടങ്ങി. അമ്മമ്മ എന്നെ വന്നെടുത്തു. അമ്മാവൻ പിന്നെ ഒന്നും പറഞ്ഞില്ല.

അന്ന് മുഴുവൻ ഞാൻ കരഞ്ഞു. പിറ്റേന്ന് ഞാൻ ജനലിലൂടെ റോഡിലേക്ക് നോക്കി നിന്നൂ.

“എന്നെ കാണാതെ അമ്മയ്ക്ക് ഉറങ്ങുവാൻ പറ്റുമോ. ഇല്ല അമ്മ വരും. എന്നെ തനിച്ചാക്കി അമ്മ എങ്ങും പോകില്ല.’

പക്ഷേ ആരും എന്നെ തേടി വന്നില്ല.

പിന്നീടുള്ള രാത്രികളിൽ ഒക്കെ ഞാൻ അമ്മമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു. എന്നെ തേടി എന്നിട്ടും ആരും വന്നില്ല. പിന്നെയുള്ള എല്ലാ രാത്രികളിലും ഞാൻ അമ്മമ്മയോടൊപ്പം ഉറങ്ങി. പതിയെ എൻ്റെ ലോകത്തിൽ നിന്ന് അമ്മയും അച്ഛനും സഹോദരങ്ങളും അകന്നു.

ഉണ്ണിയുടെ സ്കൂളിൽ അമ്മാവൻ എന്നെ ചേർത്തൂ. ഓണത്തിന് അമ്മയും അച്ഛനും സഹോദരങ്ങളും വന്നൂ. അവർ തിരിച്ചു പോകുമ്പോൾ എന്നെ കൂടെ കൊണ്ടുപോയില്ല. കൂടെ കൊണ്ടു പോകുമെന്ന് ഞാൻ ആശിച്ചൂ. അമ്മ അത് മാത്രം എന്നോട് ചോദിച്ചില്ല.

സ്കൂളിൽ പോകുന്ന വഴിയിൽ എന്നെ പേടിപ്പിക്കുവാൻ വന്ന ഭ്രാന്തൻ കൃഷ്ണനെ ഞാൻ ഭയന്നൂ. ഉണ്ണിയുടെ കൈ മുറുകെ പിടിച്ചു ഞാൻ നടന്നൂ.

ഒരിക്കൽ ഒളിച്ചു കളിക്കുമ്പോൾ അപ്പുറത്തെ വീട്ടിലെ രാഘവൻ എൻ്റെ മുഖം പൊത്തി എന്നെ എടുത്തിട്ട് പോകുവാൻ നോക്കി. ഞാൻ ആ കൈയ്യിൽ കടിച്ചു. അന്നെനിക്ക് രാത്രിയിൽ പനി വന്നൂ. ഞാൻ അമ്മ എന്ന് വിളിച്ചു കരഞ്ഞു.

“ആ വിളി അമ്മ കേട്ടില്ല.”

പിറ്റേന്ന് പക്ഷേ അമ്മാവൻ രാഘവനെ തല്ലി. പിന്നീട് ഒരിക്കലും അമ്മാവൻ എന്നെ ഒറ്റയ്ക്ക് സ്കൂളിൽ വിട്ടില്ല.

ഞാൻ നാലിൽ പഠിക്കുമ്പോൾ ആയിരുന്നൂ അമ്മാവൻ്റെ വിവാഹം. പിന്നെ അവരുടെ മകനായി ഞാൻ വളർന്നൂ. അവരുടെ മകൻ ദീപക്ക് എനിക്ക് അനിയൻ ആയി.

പത്താം തരം വരെ ഞാൻ അവിടെ നിന്ന് പഠിച്ചൂ. പ്ലസ് വണ്ണിന് പഠിക്കുവാൻ തിരിച്ചു വരുവാൻ അമ്മ ആവശ്യപ്പെട്ടൂ. പക്ഷേ അപ്പോഴേക്കും ഞാൻ അമ്മയിൽ നിന്ന് ഒത്തിരി അകന്നിരുന്നൂ.

എൻ്റെ മനസ്സിലെ അമ്മയുടെ സ്ഥാനം അമ്മമ്മയിലേക്കു അല്ലെങ്കിൽ അമ്മായിയിലേക്കു മാറിയിരുന്നൂ. കോളേജ് പഠനം വരെ എൻ്റെ എല്ലാ ചെലവും നോക്കിയത് അമ്മാവൻ ആയിരുന്നൂ. അതിലൊന്നും അമ്മായി ഒരു തെറ്റും പറഞ്ഞില്ല.

എൻ്റെ നാട് ഞാൻ എന്നേ വെറുത്തിരുന്നൂ. എന്നെ സ്നേഹിക്കാത്ത കുറെ ആളുകൾ മാത്രം അവിടെ ഉണ്ട്. വാശിക്ക് പഠിച്ചൂ. ജോലി കിട്ടി ആദ്യശമ്പളത്തിനു അമ്മമ്മയ്ക്കു നല്ലൊരു സ്വർണ്ണ വളയും അമ്മായിക്ക് നല്ലൊരു സാരിയും വാങ്ങി കൊടുത്തൂ. പിന്നെ അധികകാലം അമ്മമ്മ ഉണ്ടായില്ല. എൻ്റെ കല്യാണത്തിന് ഒത്തിരി മുൻപേ അമ്മമ്മ പോയി.

അമ്മമ്മ ഇല്ലാത്ത ആ വീട്ടിൽ പിന്നെ എനിക്ക് നിൽക്കുവാൻ ആയില്ല. അങ്ങനെയാണ് വിദേശവാസം മനസ്സിൽ കയറി പറ്റിയത്. സ്വന്തം വീട് എനിക്ക് എന്നും അന്യമായിരുന്നൂ. ഞാൻ വന്നു കുറച്ചു കഴിഞ്ഞപ്പോൾ ദീപക്കും ജോലി കിട്ടി ഇവിടേക്ക് വന്നൂ, ഒപ്പം അമ്മാവനും അമ്മായിയും. വിവാഹം അമ്മവീട്ടിൽ വച്ച് നടത്തണ മെന്നത് അമ്മാവൻ്റെ താല്പര്യം ആയിരുന്നൂ. അമ്മ എതിരൊന്നും പറഞ്ഞില്ല. ഇപ്പോൾ എന്നെ സംബന്ധിച്ച് എൻ്റെ പ്രീയപ്പെട്ട എല്ലാവരും ഇവിടെ ഉണ്ട്.

******************

“കണ്ണാ നീ എന്താ ആലോചിക്കുന്നത്.”

“അമ്മ വന്നത് ഞാൻ അറിഞ്ഞില്ല. ദീപക്ക് എവിടെ?”

അമ്മായിയാണ്

“ഞാൻ വന്നിട്ട് നേരം കുറച്ചായി. ഇനി ഒരു മാസം ഞാനും അമ്മാവനും ഇവിടെ ഉണ്ടാകും. ദീപക്ക് ഇവിടെ നിന്ന് ജോലിക്കു പൊക്കോളും. എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ. മോനെ, നീ പോയി നിൻ്റെ അമ്മയെ കാണണം. പെറ്റവയറു വേദനിപ്പിക്കരുത്.”

“അമ്മേ, അത്.”

“അവൾക്കു അന്നത്തെ സാഹചര്യത്തിൽ അങ്ങനെ ചെയ്യേണ്ടി വന്നൂ. മോൻ അത് ഇനിയും മനസ്സിൽ കൊണ്ടുനടക്കരുത്.”

“എന്നിട്ടു അമ്മയെന്താ ദീപക്കിനെ ആർക്കെങ്കിലും കൊടുത്തിട്ടു ജോലിക്കു പോവാതിരുന്നേ.”

“എല്ലാവരും ഒരുപോലെ അല്ലല്ലോ കണ്ണാ. ഒരമ്മയുടെ സ്നേഹം ഞാനും അമ്മമ്മയും നിനക്ക് തന്നില്ലേ. എനിക്ക് വേണ്ടി മോൻ പോയി കുറച്ചു ദിവസ്സം അവിടെ നിൽക്കണം.

അമ്മായിയുടെ കണ്ണ് നിറഞ്ഞു.

അത് കാണുവാൻ എനിക്ക് വയ്യ., ആ കണ്ണ് നിറഞ്ഞാൽ ഞാൻ സഹിക്കില്ല.
“ഇനി അതും പറഞ്ഞു അമ്മ കരയണ്ട. ഞാൻ നാട്ടിൽ പോയിട്ട് വരാം, അമ്മയ്ക്ക് വേണ്ടി മാത്രം. “

അത് പറയുമ്പോൾ മനസ്സു വീണ്ടും ശൂന്യം ആയിരുന്നൂ. ആരാണ് പെറ്റമ്മയുടെ സ്നേഹം ആഗ്രഹിക്കാത്തത്. അത് വേണ്ട സമയത്തു കിട്ടേണ്ടേ. ഈ പ്രായത്തിൽ ആ സ്നേഹം എനിക്ക് എന്തിനാണ്..