തിരുത്തലുകൾ
രചന: Jils Lincy
ഓട്ടോയിൽ വീടിന്റെ മുൻപിലെത്തിയതും വിമല കണ്ടു റോഡും വീടും നിറഞ്ഞു ആൾകൂട്ടം….
പതിയെ മുൻപോട്ട് പോയി നോക്കി… പോലീസ് വീടിന്റെ മുൻപിൽ ലോക്ക് ചെയ്തിരിക്കുന്നു.. ആരെയും കടത്തി വിടുന്നില്ല…..
മുഖത്തെ വിയർപ്പ് സാരിയുടെ അറ്റം കൊണ്ട് ഒപ്പുമ്പോളാണ് കണ്ടത് മുറ്റത്തിന്റെ അങ്ങേ തലക്കൽ അശ്വിൻ നിൽക്കുന്നു…. ഇവനെപ്പോൾ വന്നു?
അവന്റെ നേരെ നടക്കാൻ ആഞ്ഞപ്പോഴാണ് മോളമ്മ വന്ന് കയ്യിൽ പിടിച്ചത്… വിമലേ നീ എപ്പോൾ വന്നൂ?? ഞാനിപ്പോൾ വന്നതേ ഉള്ളൂ ചേട്ടത്തി..
ആ പ്രദേശത്തു വീട്ടുജോലിക്ക് പോകുന്ന ആളാണ് മോളമ്മ…. ഇടയ്ക്ക് ഞങ്ങളുടെ വീട്ടിലും വരാറുണ്ട്…
നീ കണ്ടായിരുന്നോ…
ഇല്ല… ഞാൻ പറഞ്ഞു .. ദാ അവിടെ കിടപ്പുണ്ട് ഇവിടുന്ന് നോക്കിയാൽ കാണാം….
മോളമ്മ എന്നെ പിടിച്ചു ഒരു ജനലിന്റെ അടുത്തേക്ക് കൊണ്ട് പോയി…. ജനൽ ചില്ലുകൾ പൊട്ടി കിടപ്പുണ്ടായിരുന്നു….
പൊട്ടിയ ചില്ലിനിടയിലൂടെ നോക്കിയതും ഒരു നിമിഷം ഒരു വിറയൽ എന്നെ ബാധിക്കുന്നതായി ഞാനറിഞ്ഞു…..
മുറിയിലാകെ ര ക്തം തളം കെട്ടി നിൽക്കുന്നു… ജോസേട്ടന്റെ ബോഡി തറയിലും അഭിജിത്തിന്റെത് ഫാനിൽ തൂങ്ങിയാടുന്ന നിലയിലും ആയിരുന്നു….
ജോസേട്ടന്റെ തലയുടെ യും മുഖത്തിന്റെയും ഭാഗം ഏറെക്കുറെ തകർന്ന നിലയിൽ ആയിരുന്നു…. ര ക്ത ത്തി ന്റെ രൂക്ഷ ഗന്ധം കാറ്റ് വന്നപ്പോൾ എന്റെ മൂക്കിലേക്കടിച്ചു…
ശർദ്ധിക്കാൻ വന്നപോലെ ഞാൻ മൂക്ക് പൊത്തി മാറി നിന്നു…….
എന്നാലും എന്റെ വിമലേ.. ആ പയ്യൻ ഇങ്ങനത്തെ ഒരു കടും കൈ ചെയ്യുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ..? എങ്ങനെ വളർത്തിയ കുഞ്ഞായിരുന്നു….
കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി താഴത്തും തറയിലും വെക്കാതെ വളർത്തിയിട്ടിപ്പോൾ അവൻ തന്നെ സ്വന്തം അച്ഛന്റെ കാലനായി….
നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് ആരെങ്കിലും ഓർത്തോ..???
സാലി എവിടെ ഞാൻ ചോദിച്ചു?? അപ്പുറത്തെ റൂമിലുണ്ട്.. വാ കാണിച്ചു തരാം……
അപ്പുറത്തെ മുറിയിലെ കട്ടിലിൽ ഭിത്തി ചാരി സാലി ഇരിക്കുന്നുണ്ട്….. മുഖമാകെ നീര് വന്ന പോലെ വീർത്തിരിക്കുന്നു….
വാ പോകാം.. മോളമ്മ എന്നെ പിടിച്ചു വലിച്ചു.. പോലീസുകാർ കണ്ടാൽ വഴക്ക് പറയും… എപ്പോഴാണ് സംഭവം? ഞാൻ മോളമ്മയോട് ചോദിച്ചു….
എനിക്കറിയാൻ മേലാ എന്റെ മോളേ…. പിന്നെ എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ ഒച്ച താഴ്ത്തി പറഞ്ഞു…. ആ ചെക്കനെന്തോ ക ഞ്ചാ വി ന്റെ ഒക്കെ പ രിപാടി ഉണ്ടത്രേ…
ഇന്നലെ രാത്രി ഒരു 12 മണി ഒക്കെ ആയിക്കാണും… അവനപ്പോൾ ഏതോ കൂട്ടുകാരനെ കാണാൻ പോകണമെന്ന് പറഞ്ഞു ബഹളമുണ്ടാക്കി….
ജോസേട്ടൻ സമ്മതിച്ചില്ല…. വീട് പൂട്ടി താക്കോൽ എടുത്തു വെച്ചു… ചെക്കൻ അങ്ങ് violent ആയി…. ജനൽ ചില്ലൊക്കെ അവൻ അടിച്ചു പൊളിച്ചു….
മൂന്ന് ഏക്കറിലുള്ള വീടല്ലേ ആരും ശബ്ദം പോലും കേട്ടില്ല…
തടയാൻ ചെന്ന സാലിയെ പിടിച്ചു തള്ളി ഭിത്തിയിൽ ഇടിച്ചു അവളുടെ ബോധം പോയെന്നാ കേട്ടത്… രാവിലെ അവൾ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച്ച ഇതാണ്….
ചെക്കൻ കസേര കൊണ്ട് ജോസേട്ടന്റെ തല അടിച്ചു പൊട്ടിച്ചതാണെന്നാ പോലീസുകാർ പറഞ്ഞത്……
പാവം സാലി ഇനി അവൾക്കാരുണ്ട്… മോളമ്മ നെടു വീർപ്പിട്ടു….
വിമല ഒന്നും മിണ്ടിയില്ല… ആൾ കൂട്ടത്തിനിടയിൽ അവൾ അശ്വിനെ നോക്കുകയായിരുന്നു…. അവിടെങ്ങും കണ്ടില്ല അവൻ പോയോ???
അറിയില്ല…
ഒരു വർഷമായി അവൻ തന്നോടൊന്ന് മര്യാദയ്ക്ക് സംസാരിച്ചിട്ട്….
പ്ലസ് വണ്ണിന് പഠിക്കുമ്പോഴായിരുന്നു സംഭവം… പതിവ് പോലെ അവന്റെ റൂം വൃത്തിയാക്കുമ്പോഴാണ് ബാത്‌റൂമിന്റെ വെന്റിലേഷനിൽ ഇരിക്കുന്ന ഒരു ക വർ ഞാൻ ശ്രദ്ധിച്ചത്…
പാക്കറ്റ് തുറന്ന് നോക്കിയ താൻ ഞെട്ടിപോയി… ക ഞ്ചാ വി ന്റെ ചെറിയ പാ ക്കറ്റ്…
അശ്വിൻ ഇത് ഉ പ യോഗിക്കുന്നുണ്ടെന്ന് സങ്കൽപ്പിക്കാൻ പോലും ആകുമായിരുന്നില്ല….. ചോദിച്ചപ്പോൾ അവൻ ആദ്യമൊന്നും ഒന്നും വിട്ടു പറഞ്ഞില്ല…..
പിന്നെ അതിശക്തമായി പ്രതിരോധിച്ചു… പിന്നെ പറഞ്ഞു അഭിജിത് തന്നതാണെന്ന്… കുറച്ചു നാളുകളായി അവരിത് ഉ പ യോ ഗിക്കുന്നുണ്ടെന്ന്…..
അഭിജിത് സാലിയുടെ മോൻ. തന്റെ കൂട്ടുകാരിയുടെ ഒരേ ഒരു മോൻ…
ആദ്യം തന്നെ അവളെ വിളിച്ചു… പക്ഷേ… അവളുടെ മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞു….
അഭിജിത്തിന് അങ്ങനത്തെ ഒരു ശീലവുമില്ല…. അശ്വിൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അഭിജിത്തിന്റെ തലയിൽ അല്ല ഇടേണ്ടത് എന്ന്….
താൻ തകർന്നില്ല… അശ്വിന്റെ ഭീഷണിക്കും വാശിക്കും വഴങ്ങാതെ കാര്യം സ്കൂൾ പ്രിൻസിപ്പലിനെയും ക്ലാസ്സ് ടീച്ചറെയും അറിയിച്ചു….
നാണക്കേടാവൂല്ലേ വിമലേ എന്ന വേണുവേട്ടന്റെ ചോദ്യം അവഗണിച്ചു….
ടീച്ചേഴ്സിന്റെ സഹായത്തോടെ de addiction സെന്ററിൽ അവനെ ആക്കി… ഫലമുണ്ടായി… ആ ദുശീലത്തിൽ നിന്നവൻ പുറത്തു കടന്നു…… പക്ഷേ അതോടെ അവന് ഞാൻ ശത്രുവായി…..
അവന്റെ സുഹൃത്തുക്ക ളെല്ലാം ഇക്കാര്യം പറഞ്ഞു കളിയാക്കുന്നു അത്രേ…
ഞാനത് കാര്യമാക്കിയില്ല കാരണം ഞാൻ ചെയ്തത് എന്റെ ഉത്തരവാദിത്തവും കടമയും ആണെന്ന് എനിക്കറിയാമായിരുന്നു…
മാത്രമല്ല എന്നെങ്കിലും ഞാൻ ചെയ്ത നന്മ അവൻ മനസ്സിലാക്കുമെന്നും എനിക്കുറപ്പായിരുന്നു…,.
വെറുതെ ഭക്ഷണവും സ്നേഹവും മാത്രം കൊടുത്താൽ പോരാ..
മക്കളെ വളർത്തുമ്പോൾ ഒരമ്മയുടെയും ഒരഛന്റെയും നിരന്തരമായ ശ്രദ്ധയും ഇടപെടലും.. തിരുത്തലുകളും ആവശ്യമാണ്..
ഓട്ടോ വീട്ടിലെത്തിയത് അറിഞ്ഞില്ല…. അകത്തു കയറിയപ്പോൾ അശ്വിൻ അവന്റെ റൂമിൽ കട്ടിലിൽ കിടപ്പുണ്ട്…. ഞാൻ അടുക്കളയിൽ ചെന്ന് ഒരു ചായയുമായി അവന്റെ റൂമിലേക്ക് ചെന്നു…
അവന്റെ അടുത്തിരുന്നു… എന്താ മോനേ സുഖമില്ലേ…. അവൻ പതുക്കെ എഴുന്നേറ്റു… മുഖം ആകെ കരഞ്ഞപോലെ ഇരിക്കുന്നു… എന്തു പറ്റി? മോനേ…
മറുപടി ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു…. സോറി” അമ്മേ എന്നോട് ക്ഷമിക്ക്….
ഞാനവന്റെ മുഖത്തെ കണ്ണീർ കൈകൾ കൊണ്ട് തുടച്ചു… പിന്നെ അവന്റെ മൂർദ്ധാവിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു…..
എന്റെ മോനോട് അമ്മയ്ക്ക് ഒരു പിണക്കവുമില്ല…. നീയെന്റെ ഭാഗ്യമാണ്… എന്റെ ജീവനാണ് … അതാരും നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല……
N B…തെറ്റുകൾ ചെയ്യുന്നതിന് ഒപ്പമാണ് അത് മൂടി വെക്കുന്നതും അറിഞ്ഞിട്ട് തിരുത്താത്തതും….