പലവീ.. പ്ലീസ് സ്റ്റോപ്പ് ദി അൺനെസ്സസ്സറി ക്രയിങ്..
പ്രണവിന്റെ അലർച്ച കേട്ട് കാൽമുട്ടിൽ മുഖമമർത്തി തേങ്ങിക്കൊണ്ടിരുന്ന പല്ലവി മുഖമുയർത്തി.
പുറത്തുനിന്നും വാതിലിൽ തുടർച്ചയായി തട്ടുന്ന ശബ്ദം നന്നായി കേൾക്കാമായിരുന്നു. അത് കേൾക്കുന്തോറും അവളുടെ കരച്ചിൽ ഉയർന്നു കൊണ്ടേയിരുന്നു.
ഒടുവിൽ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പ്രണവ് വാതിൽ തുറന്നു.
ആഹാ.. രണ്ടുപേരും ഇതിനകത്ത് തന്നെയുണ്ടായിരുന്നല്ലോ. പിന്നെന്താ മക്കളേ തുറക്കാനിത്ര താമസം. കുറേ നേരമായി വാതിലിൽ മുട്ടുന്നത് കേട്ടില്ലേടാ നീ.. എസ് ഐ പ്രകാശൻ ശബ്ദമുയർത്തി.
സാർ പ്ലീസ്.. ഞാൻ പി ആർ ഗ്രൂപ്പിന്റെ സി ഇ ഒ ആണ്. പ്രണവ് വർമ്മ. ഇതെന്റെ പി എ പല്ലവി വാര്യർ. ഞങ്ങളൊരു മീറ്റിങ്ങിന് വന്നതാണ്. ഇവിടെയെത്തി വിളിച്ചു നോക്കിയിട്ടും അവർ ഫോൺ എടുക്കുന്നില്ല. കുറച്ച് മുൻപേ ട്രാപ് എന്ന് പറഞ്ഞൊരു മെസ്സേജ് വന്നു. അപ്പോഴേക്കും നിങ്ങളുമെത്തി. പ്രണവ് വിശദീകരിച്ചു.
കൂടുതൽ തെളിവിനായി മീറ്റിംഗ് അറേഞ്ച് ചെയ്തതിന്റെ മെയിലും മെസ്സേജുകളും അവൻ പ്രകാശിന് നൽകി.
ചുവരോട് ചേർന്നുനിന്ന് വിങ്ങിക്കരയുന്ന പല്ലവിയിലേക്ക് എസ് ഐയുടെ ശ്രദ്ധ പതിഞ്ഞു.
ലുക്ക് മിസ്റ്റർ പ്രണവ്.. ഇത് നിങ്ങളെ ട്രാപ് ചെയ്തതാകാം. പക്ഷേ ന്യൂസ് ഫുൾ ലീക്ക് ആണ്. ഞങ്ങൾ ഇവിടെ എത്തുമ്പോൾ തന്നെ മീഡിയാസും ഇവിടെ ഉണ്ടായിരുന്നു. ഇവിടുള്ളത് പി ആർ ഗ്രൂപ്പ് സി ഇ ഒ പ്രണവ് വർമ്മ ആണെന്ന് എല്ലാവർക്കും അറിയാം. നിങ്ങൾക്കറിയാമല്ലോ അവിഹിതവും അനാശ്യാസ്യവും ഒക്കെ ന്യൂസ് ആയിക്കിട്ടിക്കഴിഞ്ഞാൽ അവർ അത് വിടില്ലെന്ന്. ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല മിസ്റ്റർ പ്രണവ്. എസ് ഐ തന്റെ നിസഹായത വെളിപ്പെടുത്തി.
വർദ്ധിച്ച കോപത്തോടെ മുഷ്ടി ചുരുട്ടി ചുമരിലേക്ക് ആഞ്ഞിടിച്ചു പ്രണവ്.
ശേഷം പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ഏതൊക്കെയോ നമ്പർ ഡയൽ ചെയ്ത് ചെവിയിലേക്ക് ചേർത്തു. ഫോണിലേക്ക് വന്ന മറ്റു കാളുകളൊന്നും തന്നെ അവൻ അറ്റൻഡ് ചെയ്തില്ല.
മിനിറ്റുകൾ കൊണ്ട് ജീവിതത്തിൽ സംഭവിച്ച സംഭവങ്ങൾ അവളെ നോക്കി പല്ലിളിക്കുന്നതായി അവൾക്ക് തോന്നി.
തന്റെ അരികിലെത്തിയ പ്രണവിനെ കണ്ട് അവൾ മുഖമുയർത്തി. കരഞ്ഞു ചുവന്ന മുഖവും വിങ്ങിയ കൺപോളകളിലും അവന്റെ നോട്ടം തങ്ങി നിന്നു.
കം പല്ലവി ലെറ്റ് അസ് ഗോ.. പ്രണവ് മന്ത്രിച്ചു.
നിഷേധാർഥത്തിൽ തലയാട്ടിയവൾ ചുവരോട് ഒന്നുകൂടി ചേർന്നു.
പിന്നെ ഇവിടെത്തന്നെ നിൽക്കുവാനാണോ പോകുന്നത്. തന്റെ മാത്രം ജീവിതമല്ല എന്റെയും കൂടി ജീവിതമാ. താൻ വന്നേ.. പ്രണവ് ഉറച്ച ശബ്ദത്തിൽ പറഞ്ഞുനിർത്തി.
തോളിൽ കിടന്ന ദുപ്പട്ട കൊണ്ടവളുടെ മുഖം മറച്ചശേഷം അവനവളെ ചേർത്തു പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
ആളുകളുടെ ആരവം കേൾക്കുന്തോറും അവൾ പൂച്ചക്കുഞ്ഞിനെപോലെ അവനിൽ അഭയം തേടുന്നുണ്ടായിരുന്നു.
തന്റെ കരവലയത്തിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന പെൺകുട്ടിയുടെ വിറയൽ പ്രണവ് നന്നായി അറിയുന്നുണ്ടായിരുന്നു.
പോലീസ് സ്റ്റേഷനിൽ എത്തുമ്പോൾ തന്നെ പ്രണവിന്റെ അച്ഛൻ പ്രദീപ് വർമ്മയും അഡ്വക്കേറ്റ്. അനിൽ പ്രഭാകരനും അവിടെ നിൽപ്പുണ്ടായിരുന്നു.
സത്യം മീഡിയാസിനെ ബോധ്യപ്പെടുത്തിയെങ്കിലും സത്യത്തിനേക്കാൾ വേഗത്തിൽ മിഥ്യാധാരണ ന്യൂസുകളിലും മനസ്സുകളിലും ഇടം പിടിച്ചിരുന്നു.
പല്ലവിയുടെ കഴുത്തിലെ ഐ ഡി കാർഡിൽ നിന്നും പി ആർ ഗ്രൂപ്പ് സി ഇ ഒ പ്രണവ് വർമ്മയും പി എ പല്ലവി വാര്യരും അനാശ്യാസത്തിന് പിടിയിലായെന്ന വാർത്ത തീപോലെ പടർന്നു.
കാറിലിരുന്ന് മുഖം പൊത്തിക്കരയുന്ന പല്ലവിയെ പ്രദീപ് അനുകമ്പയോടെ നോക്കി.
തന്റെയീ കരച്ചിൽ ഒന്ന് നിർത്തുന്നുണ്ടോ. കുറേ നേരമായി തുടങ്ങിയിട്ട്. സത്യമെന്താണെന്ന് ബോധ്യമായല്ലോ എല്ലാവർക്കും. പ്രണവ് പൊട്ടിത്തെറിച്ചു.
പ്രണവ്… പ്രദീപിന്റെ സ്വരത്തിൽ ശാസന നിറഞ്ഞിരുന്നു.
ഏറിയാൽ ഇരുപത്തിരണ്ടോ ഇരുപത്തിമൂന്നോ വയസ്സ് വരുന്നൊരു പെൺകുട്ടി. ഇന്നത്തെ സംഭവം അവളെ അടിമുടി തകർത്തു കളഞ്ഞെന്നയാൾ തിരിച്ചറിഞ്ഞു.
കുട്ടീ.. കരയരുതെന്നോ വിഷമിക്കരുതെന്നോ പറയാൻ എനിക്കാവില്ല. നമ്മുടെ ആരുടേയും തെറ്റ് കൊണ്ട് സംഭവിച്ചതല്ലല്ലോ. എനിക്കുമുണ്ട് ഇതേ പ്രായത്തിൽ ഒരു മകൾ. അതുകൊണ്ടുതന്നെ കുട്ടിയെ എനിക്ക് മനസ്സിലാകും.അയാളുടെ ആശ്വാസവചനങ്ങൾ അവളിൽ തെല്ലും ആശ്വാസം പകർന്നില്ല.
കുട്ടിയുടെ വീടെവിടെയാ.. അവിടെ ഞാൻ കൊണ്ടാകാം.. അയാൾ പറഞ്ഞു.
ഇതൊക്കെ കേട്ടുകൊണ്ട് പ്രണവ് പുറത്തേക്ക് നോക്കി ഇരുന്നു.
അത്.. അച്ഛൻ.. അച്ഛനറിഞ്ഞാൽ എന്നെ കൊല്ലും.. പതറിപിടഞ്ഞവൾ പറഞ്ഞൊപ്പിച്ചു.
ഏയ്.. ഇല്ല ഞാനുണ്ടല്ലോ കൂടെ.. പ്രദീപ് സമാധാനിപ്പിച്ചു.
വായിൽ ദുപ്പട്ട അമർത്തി അവൾ കരഞ്ഞു കൊണ്ടേയിരുന്നു.
പഴയൊരു ഇല്ലം പോലൊരിടത്തേക്കാണ് വണ്ടി നിന്നത്. കാറിലിരിക്കുമ്പോഴേ പല്ലവി കണ്ടിരുന്നു ഉമ്മറത്ത് ഇരിക്കുന്ന അച്ഛനെയും മുത്തശ്ശനെയും അമ്മാവനെയും പിന്നിൽ കരഞ്ഞുകൊണ്ട് അമ്മയും അമ്മായിയും. വണ്ടി വന്നുനിന്നിട്ടും അവർ ഇരുന്നിടത്തുനിന്നും അനങ്ങിയില്ല.
കുട്ടി ഇറങ്ങിക്കോളൂ.. പ്രദീപ് പറഞ്ഞതനുസരിച്ച് ഭയം കൊണ്ട് വിറച്ചവൾ ഇറങ്ങി.
പടിയിലേക്ക് കാലെടുത്ത് വച്ചതും അച്ഛൻ ചീറിയെത്തി.
ഫ്ഭ.. ജോലിക്കെന്നും പറഞ്ഞിവിടെ നിന്നും ഇറങ്ങിപ്പോയിട്ട് കണ്ടവന്മാരുടെ കൂടെ ഹോട്ടലിൽ കയറി പോലീസ് പിടിച്ചിട്ടും ഞങ്ങളെയെല്ലാം ഇത്രയും അപമാനിച്ചിട്ടും നീ വീണ്ടും വന്നോടീ… കവിളടക്കം കിട്ടിയ അടിയിൽ പല്ലവി ആടിയുലഞ്ഞു.
പവിമോളേ… കരഞ്ഞുകൊണ്ട് ഓടിയെത്തിയ അമ്മയെയും അമ്മായിയേയും അച്ഛനൊരു നോട്ടം കൊണ്ട് നിർത്തി.
അച്ഛാ.. ഞാനൊരു.. തെറ്റും ചെയ്തിട്ടില്ലച്ഛാ.. അച്ഛന്റെ പവിമോൾ തെറ്റ് ചെയ്യില്ലച്ഛാ.. പവി വിങ്ങിപ്പൊട്ടി പറഞ്ഞു.
ആ വിശ്വാസo ആണല്ലോ നീ തകർത്തതും. നിനക്ക് വേണ്ടി ഉറപ്പിച്ച വിഷ്ണുവിന്റെ വീട്ടിൽനിന്നും വിളിച്ചിരുന്നു. ജോലിക്കെന്നും പറഞ്ഞ് വേറെ ജോലിക്ക് പോകുന്ന പെണ്ണിനെ അവർക്ക് വേണ്ടെന്ന്..നിനക്ക് താഴെ ഒന്നുകൂടി ഉണ്ട്. അതിനെ ഞാൻ എന്ത് ചെയ്യണം. പോയി ചാകെടീ.. അയാൾ വീണ്ടും കൈയുയർത്തിയതും പ്രദീപ് അയാളുടെ കൈയിൽ പിടിച്ച് തടഞ്ഞു.
ആ കുട്ടി പറഞ്ഞില്ലേ സത്യം. നിങ്ങളുടെ മകളല്ലേ അവൾ. അവളുടെ വാക്കുകൾ നിങ്ങളല്ലാതെ ആരാ പിന്നെ കേൾക്കേണ്ടത്. എന്റെ മകനൊപ്പമാ അവൾ ജോലി ചെയ്യുന്നത്. അവരെ ട്രാപ് ചെയ്തതാ.. പ്രദീപ് വീണ്ടും സത്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
ഇതിനിടയിൽ പവി അകത്തേക്ക് പോയി.
തന്റെ മോൾക്കാനിങ്ങനെ സംഭവിച്ചതെങ്കിൽ നിങ്ങളിത് പറയുമായിരുന്നോ.
വിവാഹമുറപ്പിച്ച പെണ്ണാ അവൾ. ആ വീട്ടുകാരാ ആ ബന്ധം വേണ്ടെന്ന് വിളിച്ചു പറഞ്ഞത്. ദേ.. കണ്ടില്ലേ ചുറ്റും നിൽക്കുന്നത് ആളുകൾ. ഇവരോടൊക്കെ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ…എനിക്കിനിയുമുണ്ടൊരു ഇളയ മകൾ. അവൾക്ക് നല്ലൊരു ആലോചന വരുമോ. പവിയുടെ വിവാഹം ഇനി നടക്കുമോ.. പല്ലവിയുടെ അച്ഛൻ കൃഷ്ണ വാര്യർ ചോദിച്ചു.
അയാളുടെ വാക്കുകളിൽ നിഴലിച്ചിരുന്ന ആധിയും ഉൽഘണ്ഠയും കോപവുമെല്ലാം പ്രദീപിന് മനസ്സിലാകുന്നുണ്ടായിരുന്നു.
മീഡിയാസിനോട് ഞങ്ങൾ സത്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. മോൾ നിരപരാധിയാണെന്ന് എല്ലാവരും മനസ്സിലാക്കും.. പ്രദീപ് വിശദീകരിക്കാൻ ശ്രമിച്ചു.
ശരിയാ സാറേ.. പക്ഷേ ആളുകളുടെ വായ മൂടിക്കെട്ടാൻ പറ്റില്ലല്ലോ. എന്തൊക്കെ സത്യം തെളിഞ്ഞാലും എന്റെ മകളുടെ മേൽ വന്ന കളങ്കം മായ്ച്ചാലും തൂത്താലും പോകില്ലല്ലോ.. അയാൾ നെടുവീർപ്പിട്ടു.
മറുപടിയില്ലാതെ പ്രദീപ് ഒരുനിമിഷം നിന്നു. ശേഷം അയാൾ തിരിഞ്ഞ് കാറിനടുത്തേക്ക് നടന്നു.
പ്രണവ് കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു. ഇത്രയും നേരമായിട്ടും പല്ലവിയുടെ അച്ഛനോട് ഒരു വാക്ക് പോലും അവൻ സംസാരിക്കുവാനോ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താനോ ശ്രമിച്ചില്ല എന്നത് പ്രദീപിൽ നിരാശയും കോപവും ഒരുപോലെ ജനിപ്പിച്ചു.
ചെവിയിലിരിക്കുന്ന ഫോണിലൂടെ അവനാരെയോ സത്യം ബോധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മറുവശത്ത് നന്ദനയാണെന്ന് അയാൾക്ക് മനസ്സിലായി.
രൂക്ഷമായി മകനെ നോക്കിക്കൊണ്ട് പ്രദീപ് കാറിലേക്ക് കയറി.
വെടിയുണ്ടപോലെ കാർ ഇല്ലത്തുനിന്നും പാഞ്ഞുപോയി.
തുടരും….
പുതിയൊരു കഥയുമായി ഞാൻ വീണ്ടുമെത്തിയിരിക്കുകയാണ്. എന്ന് പ്രണയത്തോടെ, രുദ്രാക്ഷ ഇവയെപ്പോലെ പ്രണവപല്ലവിയെയും സ്വീകരിക്കുമെന്ന് വിശ്വസിച്ചോട്ടെ.
സ്നേഹപൂർവ്വം.. ആർദ്ര നവനീത്