രചന: ജിഷ്ണു രമേശൻ
കൗമാര പ്രായത്തിന്റെ തുടക്കത്തിൽ, പ്രണയമെന്ന പക്വതക്കുറവിന്റെ തുടക്കത്തിൽ നിങ്ങളാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…?
എട്ടാം ക്ലാസ്സുവരെ ഇല്ലാത്ത ഭയമായിരുന്നു ഒമ്പതിൽ നിന്ന് പത്താം ക്ലാസ്സിലേക്ക് ജയിച്ചോ എന്നറിയാൻ പോയപ്പോ..കാരണം, ഒരു വർഷത്തോളം ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയുടെ പുറകെ നടന്ന അലംഭാവം തന്നെ…
ജീവിതത്തിൽ ഒരു വർഷത്തോളം പുറകെ നടന്നു കഷ്ടപ്പെട്ട് തുറന്നു പറഞ്ഞ ആദ്യ പ്രണയം ഒരു പെൺകുട്ടി സ്വീകരിച്ച സന്ദർഭം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ..?
അച്ഛന്റെ കയ്യിലുള്ള നോക്കിയയുടെ കീപാഡ് ഫോണല്ലാതെ ടച്ച് ഫോൺ കണ്ടിട്ടില്ലാത്ത ഞാൻ അന്നാദ്യമായി അവൾക്ക് സിനിമയിൽ മാത്രം കണ്ടു പരിചയമുള്ള പ്രേമലേഖനം എഴുതി…
പ്രണയിക്കുന്ന പെൺകുട്ടിക്ക് എഴുത്ത് കൊടുക്കാൻ അവളുടെ അടുത്തേക്ക് പോകുമ്പോ ഉള്ളൊരു മാനസികാവസ്ഥ ആരെങ്കിലും ഇതിന് മുമ്പ് അനുഭവിച്ചിട്ടുണ്ടോ…?
അവളോട് ഇരന്നു വാങ്ങിയ അവളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ വീട്ടിൽ ആരും കാണാതെ ഒളിപ്പിക്കാൻ കഴിയാത്ത അവസ്ഥ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ…?
അലമാരയിലെ തുണികൾക്കിടയിലും സമാധാനം ഇല്ലാത്തത് കൊണ്ട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കോഴികൂടിന്റെ ഓടുകൾക്കിടയിൽ വരെ വെച്ചിട്ടുണ്ട്…ജീവിതത്തിലെ ആദ്യ കവാടമായ പത്താം ക്ലാസ് പരീക്ഷ ഒരു എ പ്ലസ്സിൽ ഒതുങ്ങിയത് എന്റെ പ്രണയം കാരണമാണെന്ന് സംശയമില്ലാതെ പറയാൻ കഴിയും…പക്ഷേ അവളുടെ ഒമ്പത് എ പ്ലസ്സിന്റെ വിജയത്തിന്റെ രഹസ്യം ഇന്നും എനിക്ക് മനസ്സിലായിട്ടില്ല…
പ്രണയിക്കുന്ന പെൺകുട്ടി തന്നിരുന്ന പ്രേമലേഖനങ്ങൾ വായിച്ച് കഴിഞ്ഞ് മറ്റാരെങ്കിലും കാണുമോ എന്ന ഭയം കാരണം കീറിയതിന് ശേഷം മണ്ണിൽ കുഴിച്ചിട്ടുണ്ടോ…?
എനിക്ക് പ്ലസ് വൺ തൃശൂർ ടൗണിനടുത്തുള്ള സ്കൂളിൽ കിട്ടിയപ്പോ മാർക്കിന്റെ ഗുണം കൊണ്ട് പഠിച്ച സ്കൂളിൽ തന്നെ അവൾക്ക് അഡ്മിഷൻ കിട്ടി. അന്നൊക്കെ ചങ്ങാതിമാർ പറയുമായിരുന്നു, “ഡാ അവളിപ്പോ അവിടെ വേറെ ആരെയെങ്കിലും പ്രേമിച്ച് നടക്കുന്നുണ്ടാവുമെന്ന്”…
പക്ഷേ ചങ്ങായിമാരുടെ വീക്ഷണം തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചു. എന്റെ ഉച്ച വരെയുള്ള ക്ലാസ്സ് കഴിഞ്ഞ് ആഴ്ച്ചയിൽ ഒരിക്കൽ അവളെ കാണാൻ ഞാൻ പഠിച്ച സ്കൂളിൽ പോകുമായിരുന്നു.
അകലം മനസ്സിനെ തമ്മിൽ കൂടുതൽ അടുപ്പിക്കുമെന്ന് പറയുന്നത് ശരിയായിരുന്നു. നാലു ദിവസമെടുത്ത് എഴുതുന്ന എഴുത്ത് അവൾക്ക് കൈമാറുമ്പോ വല്ലാത്തൊരു വിറയായിരുന്നു. തിരിച്ച് അവളുടെ എഴുത്ത് കൈനീട്ടി വാങ്ങുമ്പോ ഉള്ളൊരു ഫീലുണ്ട്…!നിങ്ങള് അനുഭവിച്ചറിഞ്ഞിട്ടുണ്ടോ…?
ഇല്ലെങ്കിൽ ഒരിക്കലും ഇനി അറിയാൻ കഴിയില്ല…കാരണം, ഇന്നത്തെ കാലമായിരുന്നില്ല അന്ന്, വല്ലപ്പോഴും നേരിട്ട് കണ്ട് കൈമാറുന്ന പ്രേമലേഖനം മരണം വരെ മറക്കാത്ത അനുഭവമായിരിക്കും.
അവളുടെ എഴുത്തിൽ എനിക്കുള്ള പ്രണയവചനങ്ങൾ കുറവായിരുന്നു. എനിക്കുള്ള ഉപദേശമാണ് കൂടുതലും, നന്നായി പഠിക്കുക എന്നത് തന്നെ…ഞാനത് അതേപടി അനുസരിച്ചില്ലെന്ന് മാത്രമല്ല, പ്ലസ് ടൂ തോറ്റു…പിന്നീട് കഷ്ടപ്പെട്ട് എഴുതി എടുക്കേണ്ടി വന്നു.
കാമുകിക്ക് ഗിഫ്റ്റ് വാങ്ങിച്ചു കൊടുക്കാനും, ഐസ്ക്രീമും മറ്റും വാങ്ങാനും അച്ഛന്റെ പോക്കറ്റിൽ നിന്ന് കാശ് അടിച്ചു മാറ്റിയിട്ടുണ്ടോ…? ഉണ്ടാവാൻ സാധ്യത കുറവാണ്. പക്ഷേ ഞാൻ ചെയ്തിട്ടുണ്ട്.
രാവിലെ നേരത്തെ ഉണർന്ന് അച്ഛന്റെ പോക്കറ്റിൽ നിന്ന് നൂറു രൂപ എടുക്കും…(ചോദിച്ചാൽ പാവം അച്ഛൻ തരും, പക്ഷേ എന്തിനാണെന്ന് പറയാതെ തരില്ല.. ഈ അവസരത്തിൽ കാരണം പറയുക സാധ്യമല്ല)
ടൗണിൽ മ്മ്ടെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ ഉള്ള കൂടിക്കാഴ്ച മനോഹരം എന്നൊന്നും വിശേഷിപ്പിക്കാൻ കഴിയില്ല, ഭയാനകം തന്നെയാണ്. വേറൊന്നും കൊണ്ടല്ല അറിയുന്നവർ കാണുമോ എന്നുള്ള ഭയം.
വരുന്ന സമയവും മറ്റും അമ്മയുടെ ഫോണിൽ നിന്ന് അവള് എന്നെ വിളിച്ചറിയിക്കും. അച്ഛന്റെ പഴയ നോക്കിയ ഫോൺ എനിക്ക് ഉപയോഗിക്കാൻ തന്ന സമയം എന്റെ മനസ്സിൽ എന്റെ സ്ഥാനം അംബാനിക്ക് മുകളിൽ ആയിരുന്നു.
അവള് എത്തുന്നതിനു ഒരു മണിക്കൂർ മുമ്പേ ചെന്ന് ഫാൻസി കടയിൽ കയറി ചമ്മൽ മറച്ച മുഖത്തോട് കൂടി കരിവളകളും, പ്ലാസ്റ്റിക് കമ്മലും, പേര് കൊത്തിയ ചിരട്ട മോതിരവും വാങ്ങി ഒരു ചെറിയ ബോക്സിൽ ഭംഗിയുള്ള കളറ് പേപ്പറുകൊണ്ട് പൊതിഞ്ഞ് കയ്യിൽ സൂക്ഷിക്കും…അവൾക്ക് സമ്മാനിക്കാൻ…
വടക്കുംനാഥന് മുന്നിലെ പൂരപ്പറമ്പിൽ അവളെയും നോക്കിയിരിക്കുമ്പോ മനസ്സിലെ പേടി നിറഞ്ഞൊരു ആകാംക്ഷയുണ്ട്…ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ…?
പരസ്പരം വാതോരാതെ സംസാരിക്കുന്ന സമയത്തും എന്റെ മനസ്സിൽ ചിന്ത ഒന്നേ ഉള്ളൂ, രാവിലെ എടുത്ത നൂറു രൂപയുടെ കണക്കും കാരണവും അച്ഛനെ എങ്ങനെ ബോധ്യപ്പെടുത്തും എന്ന് തന്നെ….
പ്രണയപര്യവശ്യയായി വീഡിയോ കോളിൽ തുണിയുരിയുകയും ശരീരം പങ്കിടുകയും ചെയ്യുന്ന ഇന്നത്തെ പല പ്രണയ ബന്ധങ്ങളെക്കാൾ എത്രയോ മനോഹരമാണെന്നറിയോ…അടുത്തടുത്തിരുന്ന് ഉൾഭയത്തോടെയുള്ള സംസാരവും, പരസ്പരം കൈമാറുന്ന എഴുത്തിലെ ഉള്ളടക്കം വായിക്കാനുള്ള ആകാംഷയും നിറഞ്ഞ ഒരിക്കലും തിരിച്ചു കിട്ടാത്ത പഴയ പ്രണയകാലം.
പ്ലസ് ടൂ കഴിഞ്ഞ് പെട്ടന്നൊരു ജോലിയെന്ന ആഗ്രഹം കൊണ്ട് എടുത്ത് ചാടി ഒരു ടെക്നിക്കൽ കോഴ്സ് പഠിച്ച് തൃശ്ശൂര് തന്നെ ഒരു ജോലിക്ക് കയറി. എന്നിട്ടും ദിവസവും ജോലിക്ക് പോകാനുള്ള ബസ് കൂലി അച്ഛൻ തരണം…എനിക്ക് മാത്രമല്ല ഇവിടെ പലരും അങ്ങനെ തന്നെയാവും…
കാലം എന്നെയും അവളെയും ഒന്നുകൂടി അടുപ്പിച്ചു. ഡിഗ്രിക്ക് ടൗണിൽ തന്നെയുള്ളൊരു കോളേജിൽ അവള് ചേർന്നു, എന്റെ കമ്പനിയുടെ തൊട്ടടുത്ത്…പിന്നീട് രാവിലെയുള്ള കൂടിക്കാഴ്ച പതിവായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്ന് ഒരുമിച്ചാണ് നടത്തം. വഴിനീളെ ഓട്ടോ ചേട്ടൻമാർക്കും മാരിയമ്മൻ കോവിലിന് അടുത്തുള്ള ചെറിയ ചായക്കടയിലെ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന അമ്മാവനും ഞങ്ങളൊരു പുതുമയില്ലാത്ത പരിചയക്കാരായി മാറിയിരുന്നു.
ഗൾഫിൽ നിന്നും വന്ന അവളുടെ ചാച്ചൻ “ഡിഗ്രീ ആയില്ലേ, ഇനിയൊരു ഫോൺ ഉപയോഗിക്കാം” എന്ന് പറഞ്ഞ് കൊണ്ട് അവൾക്കൊരു മൊബൈൽ ഫോൺ സമ്മാനിച്ചു. പേടിയില്ലാതെ അവളുടെ ശബ്ദം മതിവരുവോളം കേൾക്കാൻ അവസരം വന്നെന്ന് തന്നെ പറയാം.
പ്രായത്തിൽ എന്നെക്കാൾ ഒരു വയസിന് താഴെയുള്ള അവൾക്ക് പക്വതയില് എന്നെക്കാൾ അഞ്ച് വയസെങ്കിലും കൂടുതലുണ്ട്. അന്നു കിട്ടുന്ന ആറായിരം രൂപ ശമ്പളത്തിൽ ആയിരം രൂപ മാറ്റിവെച്ച് ബാക്കി അച്ഛന്റെ കയ്യിൽ കൊടുക്കുമ്പോ ആ പാവം പറയും ” നിന്റെ കയ്യിൽ വെച്ചോ, അല്ലെങ്കിൽ അമ്മയുടെ കയ്യിലേക്ക് കൊടുത്തേക്കെന്ന്…”
ശമ്പള ദിവസം അവൾക്ക് ഇഷ്ടമുള്ളത് വാങ്ങുവാൻ കൂടെ വിളിച്ചാൽ എന്നെ ശകാരിക്കും…” ഇപ്പോഴേ ധൂർത്ത് വേണ്ട വീട്ടിൽ കൊടുക്ക്…” എന്നുള്ള അവളുടെ ഉപദേശം പാടെ അനുസരിക്കും.
എന്നെ നിർബന്ധിച്ച് പി എസ് സി രജിസ്റ്റർ ചെയ്യിക്കാൻ കൊണ്ടുപോയ ദിവസം ഒരിക്കലും മറക്കാൻ കഴിയില്ല. രണ്ടു മൂന്നു കൊല്ലം മുമ്പ് പത്താം ക്ലാസ്സിൽ വെച്ച് ഈ ബന്ധം തുടങ്ങിയപ്പോ പലരും പറഞ്ഞിരുന്നു ” ഇതൊക്കെ കുറച്ച് കഴിഞ്ഞാൽ പോവൂടാ എന്ന്….”പക്ഷേ പ്രായത്തിന്റെ വളർച്ചയിൽ ഞങ്ങളുടെ പ്രണയത്തിനും പക്വത വന്നെന്ന് തന്നെ പറയാം.
ഈസ്റ്ററിന് അവളുടെ ക്ലാസ്സിൽ പഠിച്ച കൂട്ടുകാരികളുടെ കൂടെ ആർക്കും സംശയം തോന്നാത്ത രീതിയിൽ എന്നെയും അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു. ഹോ അവിടേക്ക് കയറി ചെല്ലുന്ന സമയത്ത് നെഞ്ചില് തൃശൂർ പൂരത്തിന്റെ വെടിക്കെട്ടായിരുന്നു. അവളുടെ ആങ്ങളയോട് കൂളായിട്ട് തന്നെ ഇടപെഴുകി. അല്ല, ഭാവിയിൽ ആവശ്യം വരുമെന്ന് തോന്നിച്ചു…
ഡിഗ്രീ കഴിഞ്ഞ് കോച്ചിംഗ് ക്ലാസിനു പോകുന്ന സമയത്ത് അവളെ എന്നും കാണുന്ന പതിവ് ഇല്ലാതായി. കാരണം, ശനിയും ഞായറും ആയിരുന്നു ക്ലാസ്സ്…അപ്പോഴും ഇടയ്ക്ക് നേരിട്ട് കാണുന്ന സന്ദർഭങ്ങൾ മനോഹരമായിരുന്നു.
ജീവിതത്തിൽ മുന്നോട്ടുള്ള യാത്രയിൽ അവളുടെ മുഖമായിരുന്നു മനസ്സ് നിറയെ..! ജീവിതാവസാനം വരെ അവളാണ് ഇനിയെനിക്ക് കൂട്ടുള്ളതെന്ന് ഉറപ്പിച്ചു.
അത്രയും സന്തോഷത്തോടെ മുന്നോട്ട് പോകുന്ന സമയത്ത് പ്രണയിക്കുന്ന ( അല്ല, ജീവനായി കാണുന്ന) പെൺകുട്ടി നമ്മളെ വിട്ട് ഈ ലോകത്ത് നിന്നും പോകുന്നത് ആർക്കെങ്കിലും സങ്കൽപ്പിക്കാൻ കഴിയുമോ…?
മരണമെന്ന അവസ്ഥ എല്ലാവർക്കും ഉണ്ടാകും, അതിനുള്ള കാരണങ്ങൾ പലതാണ്. അവൾക്ക് ശരീരത്തിൽ നിന്നും വിട്ടൊഴിഞ്ഞ അസുഖം മൂർച്ഛിച്ചതായിരുന്നു കാരണമെന്ന് മാത്രം.
നിങ്ങളാരെങ്കിലും നിങ്ങളുടെ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ടോ…? ഞാൻ കരഞ്ഞിട്ടുണ്ട്, മരണം അവളെയും സ്വന്തമാക്കി ദൂരേക്ക് പോയ നിമിഷം.
ഞങ്ങളുടെ ബന്ധം മുമ്പേ അറിയാമായിരുന്നിട്ടും അച്ഛനും അമ്മയും അറിയാത്ത ഭാവം നടിച്ചു. പക്ഷേ അന്നത്തെ എന്റെ അവസ്ഥ കണ്ട അച്ഛൻ നിസ്സഹായനായിരുന്നു.
പ്രണയത്തിന്റെ തുടക്കവും പിന്നീടങ്ങോട്ടുള്ള മനോഹരമായ നിമിഷങ്ങളും വായിച്ച നിങ്ങൾക്ക് അവളുടെ മരണം ഒരു ഞെട്ടലായെങ്കിൽ ജീവിതത്തിൽ അതനുഭവിച്ച അവസ്ഥ സങ്കൽപ്പിക്കാൻ കഴിയുമോ…?
ഒരു കാട്ടരുവി പോലെ പതിയെ ജീവിതത്തിലെ പല ഭാഗങ്ങളിലും തട്ടിയൊഴുകി പോകുന്ന അരുവിക്ക് പെട്ടന്നൊരു തടയണ വന്നാൽ അത് കര കവിഞ്ഞൊഴുകും. പിന്നീട് കുറച്ച് ദൂരം എങ്ങോട്ടെന്നില്ലാതെ ദിശ തെറ്റിയൊഴുകി മണ്ണിൽ ഊർന്നിറങ്ങും…അവള് പോയതിനു ശേഷം ഒരു വർഷത്തോളം കാട്ടരുവി പോലെ കര കവിഞ്ഞൊഴുകി…പിന്നീട് എല്ലാം മറക്കാനും ജീവിക്കാനും വേണ്ടി കടൽ കടന്നു…
എന്നിട്ടിപ്പോ മറക്കാൻ ശ്രമിക്കും തോറും മനസ്സിൽ കൂടുതൽ ആഴത്തിൽ പതിയുന്നു…കഴിഞ്ഞുപോയ മനോഹരമായ നിമിഷങ്ങൾ ഇപ്പൊ വേദനയാണ്…അതങ്ങനെ വേദനയായി തന്നെ കിടക്കട്ടെ…!!