പ്രണയവിഹാർ ~ ഭാഗം 24, എഴുത്ത്: ആർദ്ര നവനീത്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

നവി നീട്ടിയ തണുത്ത വെള്ളം തരുണി കുടിച്ചു.അവരപ്പോഴും ഞെട്ടലിൽ നിന്നും മോചിതയായിരുന്നില്ല.തറയിലിരുന്ന് ചുമരിലേക്ക് ചാരിയിരുന്ന് വിങ്ങിക്കരയുന്ന ശ്രാവണിയെ അവർ അലിവോടെ നോക്കി.ചെയ്തുപോയ തെറ്റുകൾ മുൻപിൽ വന്ന് പല്ലിളിക്കുന്നതുപോലെ അവർക്ക് തോന്നി.നിരഞ്ജനരികിൽ നിന്നും അവർ എഴുന്നേറ്റു.പലതവണ ചുവടുകൾ വേച്ചുപോയി.എന്നിട്ടും അവർ അവൾക്കരികിലേക്ക് നടന്നു.

ജന്മം നൽകിയ മകൾ.മുലപ്പാലിന്റെ മാധുര്യം പോലും പലപ്പോഴും നിഷേധിച്ച് മാറിലെ ചൂടേറ്റ് വളരേണ്ട പ്രായത്തിൽ ജോലിക്കാരുടെ അടുക്കലും പ്ലേ സ്കൂളിലുമായി ഒതുക്കി തീർത്തതാണ് അവളുടെ ബാല്യം.പ്രൊഫഷനിൽ ബെസ്റ്റ് ഡോക്ടർ എന്ന പേര് നേടിയ തരുണിക്ക് നല്ലൊരു അമ്മയാകാൻ കഴിഞ്ഞില്ല. നല്ലൊരു ഭാര്യയാകാൻ കഴിഞ്ഞില്ല .ജീവിതത്തിൽ ബന്ധങ്ങളുടെ മുൻപിൽ തോറ്റുപോയവൾ.അവർക്ക് സ്വയം പുച്ഛം തോന്നി.ഒരിക്കലെങ്കിലും നല്ലൊരു അമ്മയായി മാറിയിരുന്നെങ്കിൽ തന്റെ മകൾക്ക് ഇന്നീ ഗതിയുണ്ടാകില്ലായിരുന്നു.മകളെ മനസ്സിലാക്കുവാൻ ശ്രമിക്കാതെ അവളോടൊപ്പം നിൽക്കുവാതെ പ്രവർത്തിച്ചതിനും അനുഭവിക്കേണ്ടി വന്നത് അവൾക്ക് തന്നെയാണ്.അവൾ പോയെന്നറിഞ്ഞപ്പോൾ എന്തായിരുന്നു മനസ്സിൽ.ശൂന്യതയായിരുന്നു വല്ലാത്തൊരു ശൂന്യത.നികത്താൻ കഴിയാത്ത ശൂന്യത.അവളുടെ താളമില്ലാതെ ഇടയ്ക്കുള്ള കൊലുസിന്റെ നാദമില്ലാതെ ഉറങ്ങിയ വീട്.ഒരിക്കൽ വല്ലാതെ വീർപ്പുമുട്ടൽ അനുഭവപ്പെട്ടപ്പോൾ അവളുടെ മുറിയിലേക്ക് കയറി.ആ ചുവരുകളും ഡയറിത്താളുകളിൽ പോലും വ്യക്തമായിരുന്നു അവളുടെ മനസ്സ്.ജന്മം നൽകിയവർ ഇരുപത് വർഷം കാണാതെ പോയ മകളുടെ മനസ്സ്. ഒറ്റപ്പെട്ടുപോയ അവളുടെ ബാല്യം.. ലഭിക്കാതെ പോയ അമ്മയുടെ മാറിലെ ചൂട്..അച്ഛന്റെ വാത്സല്യം..സഹോദരസ്നേഹം അങ്ങനെയെല്ലാം.വിഹാന്റെ അമ്മയിലും അച്ഛനിലും അവൾ ആ സ്നേഹം കണ്ടെത്തിയെന്നുള്ള സന്തോഷവും അതിലുണ്ടായിരുന്നു.അത് വായിച്ചപ്പോൾ ഉണർന്നതല്ലായിരുന്നോ തന്നിലെ അമ്മ.അന്യയായൊരു പെൺകുട്ടിയെ ഇത്രയേറെ സ്നേഹിക്കാൻ അവർക്കെങ്ങനെ സാധിക്കുന്നു.. ചെറിയൊരു അസൂയ നാമ്പിട്ടിരുന്നില്ലേ അപ്പോൾ .വിഹാൻ.. അവൾക്കെത്രമാത്രം പ്രിയപ്പെട്ടവനായിരുന്നെന്ന് അറിഞ്ഞത് ആ കടലാസ്സ് താളുകളിലൂടെയായിരുന്നു.തരുണി മിഴികൾ ഇറുകെയടച്ചു.കണ്ണുനീർത്തുള്ളികൾ മത്സരിച്ചൊഴുകി.

ശ്രാവണിയുടെ മുൻപിൽ അവർ മുട്ടുകുത്തി ഇരുന്നു.അവരുടെ തകർന്ന മനസ്സ് പ്രവർത്തികളിൽ വ്യക്തമായിരുന്നു.വിഹാൻ എല്ലാത്തിനും സാക്ഷിയായി മിണ്ടാതെ നിന്നതേയുള്ളൂ.

അവരുടെ ഇരുകൈകളും അവളുടെ മുഖം ലക്ഷ്യമാക്കി നീങ്ങി.കണ്ണുനീർപ്പാട നിറഞ്ഞ ആ മുഖം അവർ കൈകളിൽ കോരിയെടുത്തു.അന്നാദ്യമായി സ്നേഹത്താൽ അവരുടെ മാറ് ചുരന്നു.പ്രസവിച്ച് തന്നോട് ചേർന്ന് കിടക്കുന്ന ടവ്വലിൽ പൊതിഞ്ഞ ചുവന്ന റോസാപ്പൂവ് പോലുള്ള കുരുന്നിന്റെ മുഖംഅവർക്കുള്ളിൽ തെളിഞ്ഞുവന്നു.വാത്സല്യം അണപൊട്ടിയൊഴുകി. അതീവസ്നേഹത്തോടെ.. ഇതുവരെ പകർന്നു നൽകാൻ കഴിയാത്ത വാത്സല്യം അവർ അവളുടെ നെറുകയിൽ ചുംബനമായി പകർന്നു നൽകി .

ആവണിയുടെ വാക്കുകളിൽ കോറിയിട്ടൊരു അമ്മയെന്ന രൂപത്തിന് വന്ന മാറ്റം ശ്രാവണി ശ്രദ്ധിച്ചു.അമ്മയുടെ ചുംബനം കണ്ണുകൾ അടച്ചവൾ ഏറ്റുവാങ്ങി.

അവരുടെ മാറിലേക്ക് അവരവളെ ചേർത്തുവച്ചു.

അമ്മ ചെയ്തതെല്ലാം തെറ്റായിരുന്നു മോളേ.ഈ അമ്മ കാരണമാണ് എന്റെ കുഞ്ഞിന് ഇതെല്ലാം അനുഭവിക്കേണ്ടി വന്നത്. അവർ വിങ്ങിപ്പൊട്ടി.

പരിഭവങ്ങൾ പെയ്തു തീരുകയായിരുന്നു അവിടെ.പുതിയൊരു മാറ്റം പിറവിയെടുക്കുകയായിരുന്നു. നേടിയെടുക്കാൻ സാധിക്കാതിരുന്നവ തന്നെത്തേടിയെത്തിയപ്പോൾ അതുപോലും തിരിച്ചറിയാനാകാതെ നിസ്സഹായയായി നിൽക്കേണ്ടി വന്ന ശ്രാവണി നെരിപ്പോടായി കിടന്നു .എങ്കിലും അവളനുഭവിക്കുകയായിരുന്നു പെറ്റമ്മയുടെ സ്നേഹം… അച്ഛന്റെ വാത്സല്യം.പണത്തിനോ പ്രതാപത്തിനോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല. തരുണിയും നിരഞ്ജനും കാണുകയായിരുന്നു ഒരു കുടുംബത്തെ.. മനസ്സിലാക്കുകയായിരുന്നു കുടുംബത്തിന്റെ മൂല്യവും ബന്ധങ്ങളുടെ കെട്ടുറപ്പും.മകൾ സുരക്ഷിതമായ കൈകളിലാണെന്ന സന്തോഷം മാത്രമാണ് അപ്പോൾ അവരിൽ നിറഞ്ഞു നിന്നത്.വിഹാൻ എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു.ബന്ധങ്ങൾ അറുത്ത് മുറിക്കുവാൻ വളരെ എളുപ്പമാണ്.. കൂട്ടിച്ചേർക്കുവാനാണ് പ്രയാസം.കൂട്ടിച്ചേർത്ത ബന്ധങ്ങളുടെ കണ്ണികൾ അറ്റുപോകാതെ ചേർത്തു പിടിക്കുമ്പോഴല്ലേ ബന്ധങ്ങൾ നിലനിൽക്കുകയുള്ളൂ.സ്വന്തo മകനെപ്പോലെ… അല്ല മകനായി തന്നെ തരുണിയും നിരഞ്ജനും വിഹാനെ ചേർത്തണച്ചു.

ശ്രാവണിയുടെ ചികിത്സകൾ തുടങ്ങുകയായിരുന്നു.എല്ലാവരുടെയും സ്നേഹം അവളിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.പതിയെ അപരിതത്വo മാറുവാൻ തുടങ്ങി.സംസാരിക്കുവാൻ തുടങ്ങി.വിഹാനോട് മാത്രം അവൾ അകൽച്ച കാട്ടി.

വൈകുന്നേരം വീട്ടിലേക്ക് വന്ന അതിഥികളെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.സഞ്ജുവും ഐഷുവും.ചിരിയോടെ ഐഷുവിനെ പുണർന്നപ്പോൾ ഐഷുവിന്റെ കരങ്ങൾ അവളെ മുറുകെ പിടിച്ചു.ശ്രാവണിയുടെ മാറ്റം ഇരുവരിലും സന്തോഷം നിറച്ചു.

ഒരാഴ്ച കഴിഞ്ഞില്ലേ വിവാഹം കഴിഞ്ഞിട്ട് റിസപ്‌ഷൻ വയ്ക്കാമെന്ന് ഇരുവീട്ടുകാരും ഉറപ്പിച്ചു.എല്ലാവരെയും ക്ഷണിക്കാനാണ് ഞങ്ങൾ വന്നത്.. സഞ്ജു കാര്യം അവതരിപ്പിച്ചു.

ഐഷു ഇതേസമയം കുളപ്പടവിലായിരുന്നു ശ്രാവണിയോടൊപ്പം.

ശ്രാവൂ.. നിനക്കിപ്പോൾ ഓർക്കാൻ സാധിക്കുന്നുണ്ടോ എന്തെങ്കിലും.. ഐഷു ആകാംഷയോടെ ചോദിച്ചു.

മങ്ങിയ ചില രൂപങ്ങൾ മാത്രമേ ഉള്ളൂ മനസ്സിൽ.പക്ഷേ ഇവരെല്ലാം നീയുൾപ്പെടെ എനിക്കറിയാവുന്നവരാണെന്ന് തോന്നുന്നുണ്ട്.ഇടയ്ക്കിടെ ഒരു പെൺകുട്ടിയുടെ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടുന്ന മങ്ങിയ ഒരു രൂപം തെളിയുന്നുണ്ട്.അതല്ലാതെ മറ്റൊന്നും ഓർക്കാൻ പറ്റുന്നില്ല.. അവളുടെ വാക്കുകളിലെ നിരാശ ഐഷു തിരിച്ചറിഞ്ഞു.

എല്ലാം ശരിയാകും. ഇത്രയും ഓർത്തെടുക്കാൻ സാധിച്ചില്ലേ. അതുപോലെ പതിയെ എല്ലാം ഓർമ്മ വരും.ഞങ്ങളുടെ പഴയ കിലുക്കാംപെട്ടിയായി നീ വരും.. ഐഷുവിന്റെ വാക്കുകൾ കേട്ടവൾ പുഞ്ചിരിച്ചു.

വിഹാൻ.. അവനുമായി..ഐഷു അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

ശ്രാവണിയുടെ മുഖം താഴ്ന്നു.

ഐഷു മനസ്സിലായതുപോലെ അവളുടെ കൈകളിൽ കൈ അമർത്തി..സാന്ത്വനമെന്നോണം.

ഐഷു ദൂരേക്ക് മിഴികളൂന്നി.അന്തിച്ചുവപ്പ് ആകാശത്തെ കീഴടക്കിയിരുന്നു.കൂടണയാനായി പക്ഷികൾ പറന്നു പോകുന്നുണ്ടായിരുന്നു.

നിങ്ങൾ രണ്ടുപേരും ഒരുപാട് കൊതിച്ച ജീവിതം കിട്ടിയപ്പോൾ അതിങ്ങനെ ആയി.
എനിക്കറിയാം അതിൽ അവന് ലേശം പോലും പരിഭവം കാണില്ല.കാരണം അവൻ സ്നേഹിച്ചത് ശ്രീക്കുട്ടിയെയാണ്.അവളുടെ മനസ്സിനെയാണ്.അവളുടെ ഓരോ ചെറിയ കാര്യങ്ങളെയുമാണ്.ശരീരം കൊണ്ടൊരു ബന്ധത്തിനേക്കാൾ നിന്റെ മനസ്സിനും നിന്റെ സന്തോഷങ്ങൾക്കും മാത്രമാണ് അവൻ പ്രാധാന്യം നൽകുന്നത്.ഞാനറിയുന്ന വിഹാന് അങ്ങനെയാകുവാനേ കഴിയൂ.അവൻ നിന്നെ സ്നേഹിച്ചതുപോലെ മറ്റാർക്കെങ്കിലും സ്നേഹിക്കാനാകുമോ എന്നെനിക്കറിയില്ല.രണ്ടരവർഷം അവൻ ജീവിച്ചത് നിന്റെ ഓർമ്മകളിലാണ്.അവന്റെ ചുറ്റും നീ മാത്രമേയുണ്ടായിരുന്നുള്ളൂ.നീയില്ലാത്ത ജീവിതം വേണ്ടെന്ന് പറഞ്ഞ് സ്വയം ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ച വിഹാനെ നിനക്കറിയില്ല.

ശ്രാവണി ഞെട്ടലോടെ മുഖമുയർത്തി.ഐഷു അവളെ നോക്കാതെ തുടർന്നു.

കൈയിലെ ഞരമ്പുകൾ മുറിച്ച് കിടന്നവൻ.നവിച്ചേച്ചി കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ..ജീവിതത്തിലേക്ക് മടങ്ങിവരാൻ പ്രാർത്ഥനയുമായി കാത്തിരുന്നു എല്ലാവരും.മരണം പോലും കനിഞ്ഞില്ലെന്ന് പറഞ്ഞ് കരഞ്ഞ വിഹാന്റെ മുഖം ഇന്നലത്തേത് പോലെ ഇപ്പോഴുമുണ്ട് എന്റെ മനസ്സിൽ.നൽകിയ കൗൺസിലിംഗിനൊന്നും നിന്നോടുള്ള അവന്റെ ഭ്രാന്തെന്ന് തന്നെ പറയാം അതിനെ കുറയ്ക്കുവാനായില്ല.ഒടുവിൽ അവന്റെ അമ്മ മരിക്കുമെന്ന് കണ്ടപ്പോൾ ജീവിതം അവസാനിക്കാൻ ശ്രമിക്കില്ലെന്ന വാക്കവൻ നൽകി.

മനസ്സിനെ പഠിപ്പിക്കാൻ ശ്രമിച്ചുകൂടേ ശ്രാവൂ അവൻ നിന്റെ പ്രാണനാണെന്ന്. പരസ്പരം ആഴത്തിൽ പ്രണയിച്ചവരാണ് നിങ്ങളെന്ന്.നിന്റെ മനസ്സിനെ നീ വിശ്വസിക്കാൻ ശ്രമിക്കാത്തിടത്തോളം നിന്റെ ഓർമ്മകൾക്ക് പൂർണ്ണത കൈവരില്ല.

ശ്രാവണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

കുറ്റപ്പെടുത്തുകയല്ല ശ്രാവൂ.നിനക്ക് നിന്റെ സങ്കടം കണ്ണുനീരാൽ ഒഴുക്കി കളയാം.അത് സ്ത്രീകൾക്ക് മാത്രമുള്ള പ്രത്യേകതയാണ്.എന്നാൽ പുരുഷനോ..അവൻ അവന്റെ സങ്കടം എങ്ങനെ പ്രകടിപ്പിക്കണം.അവന്റെ നെഞ്ച് നീറുകയായിരിക്കും.പക്ഷേ അവനിൽ പ്രത്യാശയുടെ നാളമുണ്ട്.അവന്റെ പെണ്ണ് അവനിലേക്ക് എത്തിച്ചേരുമെന്ന വിശ്വാസം.ആ ഒരു വിശ്വാസമാണ് അവനെ ഉള്ളിൽ ആർത്തു കരയുമ്പോഴും പുറമേ ചിരിക്കുവാൻ പ്രേരിപ്പിക്കുന്നത്.ഒരിക്കലും കണ്ടുമുട്ടുകില്ലായിരുന്ന നിങ്ങളെ വീണ്ടും ഒന്നിച്ചു ചേർക്കാൻ ദൈവത്തിനായെങ്കിൽ അധികം വൈകാതെ നിന്റെ ഓർമ്മകൾ നൽകുവാനും സർവ്വേശ്വരനാകും.അതിന് നീ അക്‌സെപ്റ്റ് ചെയ്യണം വിഹാൻ അവൻ നിന്റെ ആരാണെന്ന്.നിനക്ക് കഴിയും.ഐഷുവിന്റെ വാക്കുകൾ ശ്രാവണിയിലേക്ക് പുത്തൻ ഊർജ്ജമാണ് പകർന്നു നൽകിയത്.

അതേയ് പോകണ്ടേ നമുക്ക്..സഞ്ജുവിന്റെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞത്.ശ്രാവണി പെട്ടെന്നുതന്നെ ദാവണിത്തുമ്പിൽ മുഖം തുടച്ചു .

മ്.. ഐഷു പുഞ്ചിരിയോടെ അവനോട് ചേർന്നുനിന്നു.അവൻ അവളെ തന്നോട് ചേർത്ത് പിടിക്കുന്നത് ശ്രാവണി നോക്കി നിന്നു.അവളുടെ കണ്ണുകൾ വിഹാനിലേക്ക് പാഞ്ഞു.അവൻ ചിരിയോടെയാണ് നോക്കി നിൽക്കുന്നത്.മുഖത്ത് സങ്കടത്തിന്റെ ചെറുകണികയെങ്കിലും ഉണ്ടോയെന്നറിയാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.

യാത്ര പറഞ്ഞവർ പോയി.വിഹാൻ തനിക്കരികിലേക്ക് വരുന്നതവൾ അറിഞ്ഞു.ഐഷുവിന്റെ വാക്കുകളാണ് മനസ്സിൽ മുഴങ്ങിയത്.

അവളുടെ മിഴികൾ അവനുനേരെ ഉയർന്നു.ആ കണ്ണുകളിലെ പ്രണയം ആദ്യമായി അവൾ നോക്കിനിന്നു.തിരികെ ഒന്നും പ്രതീക്ഷിക്കാതെയുള്ള സ്നേഹം അതുമാത്രമാണ് വിഹാൻ.അവനുവേണ്ടി ചൊടികളിൽ വിരിഞ്ഞ പുഞ്ചിരി മറയ്ക്കാതെ അവളവന് നൽകി.അവനും തിരികെ പുഞ്ചിരിച്ചു.

ഈ കുളം മുൻപ് കണ്ടതായി ഓർത്തെടുക്കാൻ പറ്റുന്നുണ്ടോ.. അവൻ കൈകൾ മാറിൽ പിണച്ചു കെട്ടി വിരൽ കുളത്തിലേക്ക് ചൂണ്ടി ചോദിച്ചു.

അവളവനെ നോക്കിക്കാണുകയായിരുന്നു.കാവിമുണ്ടും ഷർട്ടുമാണ് വേഷം. ഉറച്ച ശരീരമാണ്. നെറ്റിയിലേക്ക് വീണുകിടക്കുന്ന ചെമ്പൻ കലർന്ന മുടിയിഴകൾ.കട്ടിമീശ.

ടോ.. അവൻ വിരൽ ഞൊടിച്ചു.

ചമ്മലോടെയവൾ തല താഴ്ത്തി.ചിരിയോടെ അവൻ ചോദ്യം ആവർത്തിച്ചു.

അവൾ അവനെ നോക്കി.ആ മിഴികളിലെ നിരാശ അവൻ തിരിച്ചറിഞ്ഞു.

ഒരിക്കൽ താനിവിടെ വീണിട്ടുണ്ട്.ആദ്യമായി തന്നെ ഞാനിവിടെ കൊണ്ടുവന്നതിന്റെ അന്ന്.അന്ന് താനിതിൽ കിടന്ന് പിടച്ചപ്പോൾ നിലയ്ക്കാൻ തുടങ്ങിയത് ഈ നെഞ്ചിലെ ശ്വാസമാണ്. അവൻ തന്റെ നെഞ്ചിലേക്ക് കൈകൾ ചേർത്തു.ഒടുവിൽ അടിത്തട്ടിലേക്ക് താഴ്ന്നുപോയ തന്നെ കോരിയെടുത്തുകൊണ്ട് വന്നത് വിറയ്ക്കുന്ന ദേഹത്തോടെയാണ്.പകർന്നുതന്നത് എന്റെ പ്രാണനായിരുന്നു .അവന്റെ കണ്ണുകളിലെ നീർത്തിളക്കം അവൾ കണ്ടറിഞ്ഞു.അവളുടെ മനസ്സ് വേദനിച്ചു.വിഹാന് വേണ്ടി ആദ്യമായി അറിഞ്ഞ തന്റെ നോവിനെ അവൾ സംതൃപ്തിയോടെ തിരിച്ചറിഞ്ഞു.

തിരികെ വീട്ടിലേക്ക് നടക്കുമ്പോൾ വിഹാന്റെ കൈകളിൽ ശ്രാവണിയുടെ കൈകൾ ഭദ്രമായിരുന്നു.

രാത്രി വിഹാനരികിൽ കിടക്കുമ്പോൾ കാട്ടിൽ വച്ച് അവനെ കണ്ടത് മുതലുള്ള കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയി.ഐഷുവിന്റെ വാക്കുകൾ ഓർമ്മയിലെത്തിയപ്പോൾ അവൾ വിഹാന് നേരെ ചരിഞ്ഞു കിടന്നു.ഉറങ്ങുന്ന അവനെ കണ്ണിമ ചിമ്മാതെയവൾ നോക്കി.നെഞ്ചിൽ വച്ചിരിക്കുന്ന കൈകൾ അവൾ പതിയെ എടുത്തു.കൈത്തണ്ടയിലെ വരഞ്ഞ മുറിപ്പാടുകളിലേക്ക് നോക്കിയപ്പോൾ അവൾക്ക് നെഞ്ച് നീറി.അവൾപോലുമറിയാതെ അവളുടെ അധരങ്ങൾ ആ പാടുകളിലേക്ക് അമർന്നു.. വളരെ മൃദുവായി.. പനിനീർദളം പോലെ.കണ്ണുനീർ കൈത്തണ്ടയിൽ വീണുടഞ്ഞു.

ശ്രീക്കുട്ടീ..അതേ ആർദ്രമായ വിളി.അവളുടെ കണ്ണുകൾ അവന്റെ മുഖത്തേക്ക് നീണ്ടു.

എനിക്ക് വേണ്ടിയായിരുന്നല്ലേ.. ആ പാടുകളിലേക്ക് വേദനയോടെ നോക്കിക്കൊണ്ടവൾ ചോദിച്ചു.

മ്ഹും..അവൻ നിഷേധപൂർവ്വം തലയനക്കി .നമുക്ക് വേണ്ടി.നീയില്ലാത്ത ലോകത്ത് ഞാനെങ്ങനെ ഒറ്റയ്ക്ക് കഴിയുമെന്നോർത്തപ്പോൾ..

എന്തിനാ.. എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നത്.

നിന്നെയല്ലാതെ മറ്റാരെ സ്നേഹിക്കാനാണ്.കണ്ടനാൾ മുതൽ കൊണ്ടുനടക്കുന്നതല്ലേ പെണ്ണേ നിന്നെയീ ഇടനെഞ്ചിൽ.നെയ്തുകൂട്ടിയ കുന്നോളം സ്വപ്‌നങ്ങൾ പൂർത്തീകരിക്കണമെങ്കിൽ നീ വേണ്ടേ എന്റെ കൂടെ. അല്ലാതെ ഒറ്റയ്ക്കെങ്ങനെയാടീ ഞാൻ.കണ്ണുനീർ ചെന്നിയിലൂടെ ഒലിച്ചിറങ്ങി.

വാക്കുകൾ നഷ്ടമായി..പരസ്പരം നോക്കിക്കിടന്നു.അപ്പോഴും അവന്റെ കൈക്കുള്ളിൽ അവളുടെ കൈകളും അവന്റെ നെഞ്ചോട് ചേർന്നിരിപ്പുണ്ടായിരുന്നു.

ദിവസങ്ങൾ കൊഴിഞ്ഞുവീണു.ഇന്നാണ് ഐഷുവിന്റെയും സഞ്ജുവിന്റെയും റിസപ്‌ഷൻ.വിഹാനും ശ്രാവണിയും ബൈക്കിൽ വരാമെന്ന് പറഞ്ഞതിനാൽവീട്ടിലുള്ളവരെല്ലാം നിഹാറിന്റെ കാറിൽ പോയി.

താഴേക്ക് ഇറങ്ങിവന്ന ശ്രാവണിയെ വിഹാൻ കണ്ണ് ചിമ്മാതെ നോക്കിനിന്നു.പ്യുവർ വൈറ്റിൽ ബേബി പിങ്കും വൈറ്റും കലർന്ന ബീഡ്‌സ് വർക്ക് ചെയ്ത ഡയമണ്ട് ജോർജറ്റ് സാരിയും ബേബി പിങ്ക് ഹാഫ് സ്ലീവ് ബ്ലൗസുമായിരുന്നു അവളുടെ വേഷം. സമൃദ്ധമായ മുടി അഴിച്ചിട്ടിരുന്നു.ഭംഗിയായി എഴുതിയ മിഴികൾ.പുരികക്കൊടികൾക്ക് മധ്യത്തിലായി വെള്ളക്കല്ല് പൊട്ട്.കാതിൽ വെള്ളസ്റ്റോൺ പതിച്ച കമ്മൽ.കൈകൾ ശൂന്യമാണ്.കഴുത്തിൽ താലിമാല മാത്രം.നെറ്റിയിൽ തന്റെ പേരിലെ സിന്ദൂരത്തിലേക്ക് അതീവ പ്രണയത്തോടെ അവൻ നോക്കി.

വിഹാന്റെ പ്രണയം നിറഞ്ഞ നോട്ടം കണ്ടവളുടെ മുഖം തുടുത്തു.

പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ചില കാഴ്ചകൾ തെളിഞ്ഞുവന്നു.സാരിയുടുത്ത പെൺകുട്ടിയെ ചുവരോട് ചേർത്ത് നിൽക്കുന്ന പുരുഷൻ.അവളുടെ ചുവടുകൾ മെല്ലെയായി.കൈകൾ തലയിലമർന്നു.ആ പുരുഷന്റെ മുഖം ഓർത്തെടുക്കാൻ അവൾ ശ്രമിച്ചു.പ്രണയം നിറഞ്ഞ തിളക്കമുള്ള മിഴികളാണ് ആദ്യം തെളിഞ്ഞു വന്നത്.നെറ്റിയിൽ വീണുകിടക്കുന്ന ചെമ്പൻ കലർന്ന തലമുടി.ആ കണ്ണുകൾ പരിചിതമാണ്.ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.ചുവട് പിഴച്ചു.പിന്നിലേക്ക് മറിയും മുൻപേ നീണ്ടുവന്ന കരങ്ങൾ ഇടുപ്പിൽ ചുറ്റി അവളെ വലിച്ച് തന്നിലേക്ക് ചേർത്തിരുന്നു.വിഹാന്റെ മാറിലേക്ക് അവൾ ചേർന്നുനിന്നു.പതിയെ കണ്ണുകൾ തുറന്ന അവളുടെ നോട്ടം ആദ്യമെത്തിയത് ആ മിഴികളിലേക്കായിരുന്നു.പ്രണയവും കരുതലും നിറഞ്ഞ തിളക്കമുള്ള ആ മിഴികളിലേക്ക്..നെറ്റിയിൽ വീണുകിടക്കുന്ന ചെമ്പൻ മുടിയിഴകൾ.വിഹാൻ. ഓർമ്മയിൽ തെളിഞ്ഞ ആ മിഴികൾ വിഹാന്റേതാണ്..ഉള്ളിൽ ആർത്തിരമ്പുന്ന സന്തോഷത്തോടെയവൾ ആ മിഴികളിലേക്ക് അതീവസ്നേഹത്തോടെ ഉറ്റുനോക്കി.

പേടിച്ചോ.. അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടവൻ ചോദിച്ചു.

ഇല്ല..

അവൻ ചോദ്യഭാവത്തിൽ കുസൃതിയോടെ അവളെ നോക്കി.

നീയില്ലേ വിഹാൻ കൂടെ.. നീയുള്ളപ്പോൾ ഞാനെന്തിന് ഭയക്കണം. എന്റെ കണ്ണുനീരൊപ്പാൻ നിന്റെ അധരങ്ങളും വേദനകൾ പെയ്തു തീർക്കുവാൻ നിന്റെ നെഞ്ചും വീഴ്ചകളിൽ താങ്ങാകാൻ നിന്റെ കരങ്ങളുള്ളപ്പോൾ വീഴില്ലെന്ന് എനിക്കുറപ്പുണ്ട്.

താൻ പറഞ്ഞ വാക്കുകൾ തന്നിലേക്കവൾ വർഷിക്കുമ്പോൾ അവൻ കാണുകയായിരുന്നു തന്റെ ശ്രീക്കുട്ടിയെ..അറിയുകയായിരുന്നു തിരികെയുള്ള തന്റെ പെണ്ണിന്റെ മടക്കത്തെ..

തുടരും….