പോസ്റ്റു ഗ്രാജ്വേഷൻ പൂർത്തിയാക്കണം എന്നായിരുന്നു. എന്നിട്ടു മതിയത്രെ കുട്ടികൾ. അന്നത്തെ ആർദ്രതയിൽ അതിനു സമ്മതം മൂളാൻ ശങ്ക തോന്നിയില്ല. പക്ഷേ, ഒരു വർഷത്തോളം നിഷേധിക്കപ്പെട്ടത് ഏറ്റവും അനിവാര്യമായ ഉട ൽബന്ധമായിരുന്നു…..

ജാതകം

രചന:-രഘു കുന്നുമ്മക്കര പുതുക്കാട്

സംഗീത് അത്താഴം കഴിച്ചു തീരും വരെയും, അമ്മ അരികിലുണ്ടായിരുന്നു.
ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. തെല്ലു ചൂടാക്കിയിരിക്കുന്നു എന്നൊരു വിശേഷം മാത്രമുണ്ട്. മുതിരമണികളും ചോറും ഇടകലരുമ്പോൾ, സ്റ്റീൽ കിണ്ണത്തിൽ കല്ലുരയുന്ന ശബ്ദമുയരുന്നു. മുതിര അരിയ്ക്കാതെയാകും, അമ്മ കറി വച്ചിരിക്കുക. പാവം, അരിയ്ക്കാൻ മറന്നുപോയിക്കാണണം. എഴുപതിലേക്കെത്തും കാലത്ത്, ഇത്രയൊക്കെ ചെയ്തു തരാൻ അമ്മയ്ക്കു സാധിക്കുന്നതു തന്നെ മഹാഭാഗ്യം. ഓരോ ഉരുള ചവച്ചരയ്ക്കുമ്പോഴും, സംഗീത് കാത്തു; അണപ്പല്ലിനെ വല്ലാതെ കഷ്ടപ്പെടുത്താനിരിക്കുന്ന ആ കൽപ്പരുകളെ. പക്ഷേ, ഓരോ കൽമണികളും കിണ്ണത്തിൽ വച്ചുതന്നെ ശേഖരിക്കപ്പെടുകയും പുറന്തള്ളുകയും ചെയ്യപ്പെട്ടു.

സംഗീത്, ഊണു കഴിച്ചെഴുന്നേറ്റു. അകത്തളത്തിലെ വലിയ ഘടികാരത്തിൽ, സമയം പത്തുമണിയെന്നു തെളിഞ്ഞു നിന്നു. എച്ചിൽ പാത്രങ്ങളെടുത്ത് അമ്മ അടുക്കളയിലേക്കു പതിയെ നടന്നു. അതുകൂടി കഴുകി വച്ചാൽ, അമ്മയ്ക്ക് ഉറങ്ങാൻ പോകാം. അടുക്കളയുടെ സിങ്കിൽ നിന്നും പാത്രങ്ങളുടെ കലപിലയുയരുന്നു.

സംഗീത്, ഉമ്മറമുറ്റത്തേക്കു വന്നുനിന്നു. പൂമുഖവാതിൽ പതിയെ ചാരിയിട്ടു. അമ്മ, ഇനി ഉമ്മറത്തേയ്ക്കു വരികയില്ലെന്നു തീർച്ചയാണ്. അടുക്കളയിൽ നിന്നും, സ്റ്റീൽ മൊന്തയിൽ ജലവുമെടുത്ത് സ്വന്തം കിടപ്പുമുറിയിലേക്കായിരിക്കും പോകുന്നത്. ഒന്നുരണ്ടു പതിവു ടാബ്ലറ്റുകൾ കഴിച്ചുതീർന്നാൽ, പതിയെ ഉറക്കം തേടി കിടപ്പാകും. അതിദ്രുതം നിദ്രയ്ക്കു കീഴടങ്ങുകയും ചെയ്യും. അച്ഛനില്ലാതായ കാലം മുതൽക്കേ തുടരുന്ന പതിവു ചര്യകൾ.

അയാൾ, ഒരു സി ഗരറ്റിനു തീ കൊളുത്തി. ഒരു കവിൾ പുക വിഴുങ്ങി. പതിയെ പുറത്തേക്കൂതി. മൂക്കിലൂടെയും വായിലൂടെയും നിർഗ്ഗളിച്ച ധൂമപടലങ്ങൾ, സാവകാശം മകരമഞ്ഞിൽ സമന്വയിച്ചു. ഗേറ്റിനപ്പുറത്തെ മഞ്ഞുപുതച്ച പെരുവഴിയിൽ മഞ്ഞച്ച വെളിച്ചം പ്രസരിപ്പിച്ച് തെരുവു വിളക്കുകൾ കത്തി നിന്നു. ഉടയോരില്ലാത്ത നായ്ക്കൾ പരസ്പരം പോരടിച്ചു, മുറുമുറുപ്പും കോലാഹലങ്ങളും തുടർക്കഥയാക്കുന്നു.

സ്നേഹയിപ്പോൾ എന്തു ചെയ്യുകയായിരിക്കും സംഗീത് ഓർത്തു. അത്താഴം കഴിച്ച്, സ്വന്തം കിടപ്പുമുറിയിലെ മേശമേൽ പുസ്തകങ്ങൾ നിരത്തി വച്ച് പഠനം തുടരുന്നുണ്ടാകും. മോനുറങ്ങിയിട്ടുണ്ടാകും. ഉറക്കം വരും വരെ, അവളവന് സ്വന്തം മൊബൈൽ ഫോൺ കളിക്കാൻ കൊടുത്തിട്ടുണ്ടാകും. പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഏതാനും പരീക്ഷകൾ ഈ മാസം വരാനിരിക്കുന്നുണ്ട്. കഴിഞ്ഞ റാങ്ക് ലിസ്റ്റുകളിൽ, കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട സർക്കാർ ജോലി ഇത്തവണ നേടിയെടുക്കണമെന്ന വാശിയിലായിരിക്കും അവൾ. അനുദിനം കോച്ചിംഗ് ക്ലാസ്സിനും പോകുന്നുണ്ടല്ലോ. അവൾക്കു വല്ലാതെ തല വേദനിക്കുന്നു ണ്ടായിരിക്കും. അമൃതാഞ്‌ജനെടുത്ത്, നെറ്റിയിലും ചെന്നിയിലും കഴുത്തിലും വാരിപ്പൊത്തിയിട്ടുണ്ടാകും. അവളുടെ മുറിയകത്തിനിപ്പോൾ മടുപ്പിക്കുന്നൊരു അമൃതാഞ്ജൻ ഗന്ധമായിരിക്കും. മോനുറക്കത്തിൽ തിരിഞ്ഞുമറിയുന്നുണ്ടാകും. ഏഴുവയസ്സുകാരന് തണുപ്പാറ്റാൻ, അച്ഛന്റെയൊ അമ്മയുടെയൊ ഉടൽച്ചൂട് അന്യമാവുകയാണല്ലോ.

പത്തുവർഷം മുൻപ്, വിവാഹരാത്രിയിൽ സ്നേഹ ആവശ്യപ്പെട്ടത് പാതിയിലെത്തിയ പോസ്റ്റു ഗ്രാജ്വേഷൻ പൂർത്തിയാക്കണം എന്നായിരുന്നു. എന്നിട്ടു മതിയത്രെ കുട്ടികൾ. അന്നത്തെ ആർദ്രതയിൽ അതിനു സമ്മതം മൂളാൻ ശങ്ക തോന്നിയില്ല. പക്ഷേ, ഒരു വർഷത്തോളം നിഷേധിക്കപ്പെട്ടത് ഏറ്റവും അനിവാര്യമായ ഉട ൽബന്ധമായിരുന്നു. പഠനത്തിനിടയിൽ അവൾക്ക് അതിനു താൽപ്പര്യമില്ലയെന്നായിരുന്നു കാരണം പറച്ചിൽ. കിടപ്പുമുറിയിലെ മേശവലിപ്പിൽ, വിലയേറിയ ഗർഭനി രോധന ഉറകൾ, പാക്കറ്റിൽ നിന്നും പുറത്തെടുക്കാതെ കാലാവധിയവസാനിച്ചു തപസ്സു തുടർന്നു. പകൽ, കോളേജ് പഠനം. രാത്രികളിൽ പഠനത്തോടു പഠനം. അവൾക്കു തലവേദനിച്ചപ്പോൾ മുറിയകമാകെ അമൃതാഞ്ജൻ ഗന്ധമുയർന്നു. കിടക്കവിരികളുലായത്ത ഒരു വർഷമങ്ങനെ കടന്നുപോയി. വിജൃംഭിച്ച വികാരങ്ങളെ സ്വയം തീർത്ത്, കാത്തിരുപ്പു തുടർന്നു.

ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ മാസത്തിലൊരു ദിനമാണ്, ഒരു സ്ത്രീയായി അവളെ അറിയാനായി കഴിഞ്ഞത്.?അതിൻ ഫലമായി അവൾ ഗർഭവതിയാവുകയും ചെയ്തു. ബെഡ് റസ്റ്റ് നിർദ്ദേശിക്കപ്പെട്ട കാലം. ഒരാൺകുഞ്ഞാണു അതിഥിയായെത്തിയത്. അവനു രണ്ടു വയസ്സാകാറായ പ്പോളാണ്, സ്നേഹയുടെ പുതിയ ആവശ്യം പുറത്തുവന്നത്. അവൾക്കു സർക്കാർ ജോലി വേണമത്രേ. നൂറു ശതമാനം ഫലപ്രാപ്തിയുള്ള ഒരു കോച്ചിംഗ് സെന്ററിൽ പണമടച്ചു പോയിത്തുടങ്ങി. അന്നുമുതൽ അവൾ സോഷ്യൽ മീഡിയാകൾ ഉപേക്ഷിച്ചു. സിനിമകളും സീരിയലുകളും ഒഴിവാക്കി. കുട്ടിയുടെ കാര്യങ്ങൾ അച്ഛമ്മയുടെതായി മാറി.

സംഗീത്, വൈകിട്ട് ജോലി കഴിഞ്ഞെത്തുമ്പോൾ എതിരേൽക്കുന്നത് അമ്മയായിരുന്നു. അകമുറിയിലപ്പോൾ, സ്നേഹ പഠനം തുടരുകയായിരിക്കും. ആഴ്ച്ചയിലൊരിക്കൽ മാത്രം അടിച്ചു തുടയ്ക്കുന്ന അകത്തളങ്ങളിൽ, പൊടിയും മുടിയിഴകളും സമൃദ്ധിയായി. കട്ടിൽത്തലയ്ക്കലും, മുറിക്കോണിലും വിഴുപ്പുകൾ കുന്നുകൂടി. രാത്രികളിൽ, മേശവിളക്കിന്റെ വെളിച്ചത്തിൽ അവൾ പാതിരാ കഴിയുവോളം പഠനം തുടർന്നു. മകൻ നേരത്തെയുറങ്ങും. സംഗീതിനു ഉറക്കം വരില്ല. അകമുറിയാകമാനം അമൃതാഞ്ജൻ ഗന്ധം നിറഞ്ഞു നിൽക്കും.കാത്തു കിടപ്പുകൾക്കപ്പുറം, അവന്റെ ഫോണിലെ സെർച്ചിംഗ് ഹിസ്റ്ററിയിൽ പോ ൺ ചാനലുകൾ നിറഞ്ഞു. ആദ്യം നിശബ്ദമായും, പിന്നീട് പരമാവധി ശബ്ദത്തിലും മൊബൈലിൽ നീലക്കാഴ്ച്ചകൾ വിരുന്നു വന്നു. അവളതു കണ്ടതോ കേട്ടതോ നടിച്ചില്ല. കാലം കടന്നുപോയിക്കൊണ്ടിരുന്നു. പത്തു വർഷങ്ങൾ, അതിനിടയിൽ, കപ്പിനും ചുണ്ടിനുമിടയിലെ തൊഴിൽ നഷ്ടങ്ങൾ തുടർന്നുകൊണ്ടിരുന്നു.

വെറുപ്പു നുരകുത്തിയ വർഷങ്ങൾക്കൊടുവിൽ, നീരസങ്ങൾ മൂ ർച്ഛിക്കുകയും അതു കയ്യാങ്കളിയിലേക്കും വഴക്കിലേക്കുമെത്തുകയും ചെയ്തു. അവൾ, പിണങ്ങി സ്വന്തം വീട്ടിലേക്കു പോയിട്ടിപ്പോൾ ആറുമാസം പിന്നിടുന്നു.ഇന്നു പകലിലാണ്, വിവാഹമോചന പരാതി ലഭിച്ചത്.

സംഗീത്, കിടപ്പുമുറിയിലേക്കു നടന്നു. വാതിൽ തഴുതിട്ടു. ചുവരലമാരിയ്ക്കരി കിലേക്കു വന്നു. അലമാരിയുടെ ദർപ്പണത്തിലെ പ്രതിബിംബത്തിൽ നാൽപ്പതുകാരന്റെ നര പടരാൻ തുടങ്ങിയ മുടിയിഴകൾ വ്യക്തമാകുന്നു. അലമാര തുറന്ന്, വിവാഹമോചന ഹർജി കയ്യിലെടുത്തു. കൂട്ടത്തിൽ ചെറിയൊരു പുസ്തകം താഴെ വീണു. ഒരു കുറിപ്പും. തന്റെ ജാതകമാണ് താഴെ വീണത്. അലമാരയിൽ ഇനി ശേഷിക്കുന്നത്, ഈ ജാതകവും തന്റെ ഡിഗ്രി സർട്ടിഫിക്കറ്റുകളും മാത്രമാണ്. ബാക്കിയെല്ലാം, സ്നേഹ കൊണ്ടു പോയിരിക്കുന്നു.

ജാതക പുസ്തകത്തിൽ നിന്നും വീണ കുറിപ്പ്, അയാൾ കയ്യിലെടുത്തു നിവർത്തി. അതിൽ, തന്റെയും സ്നേഹയുടെയും പൊരുത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. കല്യാണക്കാലത്ത് നോക്കിയിരുന്നതിന്റെ ബാക്കിപത്രമാണ്. സംഗീത്, കുറിപ്പിലൂടെ മിഴികൾ പരതി. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.

“രാശിപ്പൊരുത്തവും, ദശാസന്ധിപ്പൊരുത്തവും കേമം. പത്തിൽ പത്തു പൊരുത്തങ്ങളുമായി വിവാഹത്തിന് ഏറ്റവും ഉത്തമമായ രണ്ടു ജാതകങ്ങൾ.ഗജകേസരിയാദി യോഗങ്ങൾ വേറെയും കാണുന്നു. ശ്രേഷ്ഠ ജാതകം, മഹാഭാഗ്യം”

സംഗീതിനു ചിരി വന്നു. അയാൾ വിളക്കുകൾ അണച്ച്, കിടക്കയിൽ നീണ്ടുനിവർന്നു കിടന്നു.?മുറിയകത്താകെ വല്ലാത്തൊരു ഗന്ധം പ്രസരിക്കുന്നതായി അയാൾക്കു തോന്നി.?അമൃതാഞ്‌ജന്റെ കുത്തുന്ന ചൂര്.?അയാൾ, മൊബൈൽ ഫോൺ തപ്പിയെടുത്ത് തലേന്നു പാതി കണ്ടുതീർത്ത സിനിമയെടുത്തു കാണാൻ തുടങ്ങി.

മകരമഞ്ഞു പൊഴിയുന്ന രാവിനപ്പോൾ യൗവ്വനം കൈവന്നിരുന്നു.