പോകുന്നവരെല്ലാം എന്നെ കാണുമ്പോൾ സഹതാപത്തോടെ ഒന്നു നോക്കുകയും എന്റെ ജഡ പിടിച്ച മുടിയിഴയിൽ സഹതാപത്തോടെ ഒന്നു തലോടുകയും ചെയ്തു………

എന്റെ പാതി

രചന: Jomon Joseph

ആകാശം പാതി കറുത്തു തുടങ്ങി.. ദൂരെ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റിനു പതിവുപോലെ എന്റെ ശരീരത്തെ കുളിർ കോരി നിർത്തുവാൻ കഴിഞ്ഞില്ല… ആളുകൾ നിരനിരയായി ഇരുവശത്തേക്കും നീങ്ങുകയാണ് .

ഏറെ പ്രിയങ്കരമായ പല മുഖങ്ങളും മുറിക്കകത്തേക്ക് കയറുമ്പോൾ
അമ്മയുടെ നിലവിളി ഗർജ്ജനങ്ങളും ഏറ്റു പറച്ചിലുകളും പുറത്തേക്ക് ഉയർന്നു കേട്ടു .

അമ്മ പറയുന്ന ഓരോ വാക്കുകളും കേൾക്കുമ്പോൾ കരഞ്ഞിറങ്ങി ഉണങ്ങിയ കണ്ണുനീർ പാടുകളിലൂടെ ഓരോ തുള്ളി കണ്ണുനീർതുള്ളികൾ എന്റെ കവിൾ വഴി ഒഴുകിയിറങ്ങി …

കൂടി നിന്ന ആൾക്കൂട്ടത്തിന് നടുവിലൂടെ ചെറിയച്ചന്റെ കൈ പിടിച്ച് ഞാൻ നടന്നു …

അടുക്കി വച്ച വിറകുകൊള്ളികൾക്ക്‌ ഇടയിൽ ആ ശരീരം ഉറങ്ങുകയാണ് ,ഇനി ഒരിക്കലും ഒന്നു സ്പർശിക്കുവാനോ ,

ഒരു സ്നേഹചുംബനം നൽകുവാനോ കഴിയാത്ത വിധം എന്നിൽ നിന്നും ഏറെ ദൂരെയല്ലെങ്കിലും എന്നോടു യാത്ര പോലും പറയാതെ അച്ചന്റെ ജീവനറ്റ ശരീരം എന്റെ അരികിൽ തന്നെ .

ഒരു ഒറ്റമുണ്ടു മാത്രം ഉടുത്ത് കയ്യിൽ ഒരു വിറകു കൊള്ളിയുമായി നിൽക്കുമ്പോഴും ഒരു കയ്യു കൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഞാൻ തുടച്ചു . ഇന്നലെ വരെ എന്റെ കണ്ണൊന്നു നിറഞ്ഞാൽ അച്ചൻ പറയാറുള്ളത് ഞാൻ ഓർത്തു .

“ആൺകുട്ടികൾ കരയേ ,അരുതു മോനേ അതു പാടില്ല .നമ്മൾ എന്നും കണ്ണീർ തുടക്കേണ്ടവരാണ്, അമ്മയുടെ, പെങ്ങൺമാരുടെ, ഭാര്യയുടെ, മക്കളുടെ …..”

ഇന്നു – ഇന്നെന്റെ കണ്ണുതുടക്കാൻ ആ കയ്കൾ ഉയർന്നില്ല . ഓടി വന്നു നെഞ്ചോടു ചേർക്കുവാൻ ആ ശരീരവും അനങ്ങിയില്ല .

അച്ചന്റെ ചിതയ്ക്ക് തീ കൊളുത്തി ഞാൻ ഒരു അരികിലേക്ക് നീങ്ങി നിന്നു . വിതുമ്പിക്കരയുന്ന എന്റെ മുഖം ചെറിയച്ചൻ മേനിയോടു ചേർത്തു.

കുറച്ചു മാറിയുള്ള ഒരു ചുവന്ന കസേരയിൽ എന്നെ കൊണ്ടു ചെന്നു ഇരുത്തി.” അപ്പൂ ,മോനു കുടിക്കാൻ വെള്ളം വല്ലതും വേണോ ”

ചെറിയച്ചന്റെ ആ ചോദ്യത്തിന് വേണ്ടാ എന്ന ഭാവത്തിൽ ഞാൻ തലയാട്ടി . വീടിന്റെ ചുവരിനോട് ചേർന്ന് അച്ചന്റെ ആ പഴയ സൈക്കിൾ ചാരി വച്ചിട്ടുണ്ടായിരുന്നു .

എന്നും ജോലികഴിഞ്ഞു വരുമ്പോൾ വയ്ക്കാറുള്ളതു പോലെ തന്നെ . വീടിനോടു ചേർന്നുള്ള അഴയിൽ കഴിഞ്ഞ ദിവസം മാറിയ നരകയറിയ അച്ചന്റെ പഴയ ഷർട്ടും ഞാൻ കണ്ടു ,

അതിനു കീഴേ ഏകദേശം മുഴുവനായി തേഞ്ഞു തീർന്ന അച്ചൻ ഉപയോഗിച്ചിരുന്ന നീലയും വെള്ളയും നിറം ചേർന്ന വള്ളി പൊട്ടാറായ ചെരുപ്പും,

അതിൽ പതിഞ്ഞ കാൽവിരൽ പാടുകൾക്ക് എന്നോടു ഇതുവരെയും പറയാത്ത ഒരു പാടു കദനങ്ങൾ – ഇനി ഒരിക്കൽ പോലും പറയാൻ കഴിയാതെ വീർപ്പുമുട്ടും വിധം എനിയ്ക്കു തോന്നി .

ആളുകൾ ഓരോരുത്തരായി വീടിന്റെ പടിയിറങ്ങുവാൻ തുടങ്ങി .

പോകുന്നവരെല്ലാം എന്നെ കാണുമ്പോൾ സഹതാപത്തോടെ ഒന്നു നോക്കുകയും എന്റെ ജഡ പിടിച്ച മുടിയിഴയിൽ സഹതാപത്തോടെ ഒന്നു തലോടുകയും ചെയ്തു .

ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് അച്ചന്റെ സൈക്കിളിന് അരികിലേക്കു ചെന്നു . സൈക്കിളിന്റെ മുൻവശത്തു ഘടിപ്പിച്ചിരുന്ന കുഞ്ഞു സീറ്റിൽ ഒന്നു സ്പർശിച്ചു .

എത്രയോ വർഷങ്ങൾ ഞാൻ ഇരുന്നു യാത്ര ചെയ്തിരിക്കുന്നു . എന്നും രാവിലെ അച്ചന്റെ കൂടെ ഒന്നു നാടുചുറ്റിക്കാണുന്നത് എന്റെ ശീലമായിരുന്നു .

പോകും വഴി ശങ്കരേട്ടന്റെ ചായ കട എത്തുമ്പോൾ അച്ചൻ പറയും
” നാരേ സ്ട്രോങ്ങായിട്ട് ഒരു ചായ, അപ്പൂന് ഒരു പാലും വെള്ളോം ”

എന്നിട്ട് എന്റെ മുഖത്തേക്ക് ഒന്നു നോക്കി ചിരിച്ചു കൊണ്ട് ചോദിക്കും …

” ഇനി ഒന്നും വേണ്ടാലോ അപ്പൂ .”

ആദ്യമായി ഇടക്കാലിൽ സൈക്കിൾ ചവിട്ടിയത് അച്ചന്റെ ഈ സൈക്കിളിൽ തന്നെയാണ് .പിറകിൽ നിന്നും അച്ഛൻ സൈക്കിൾ താങ്ങിപ്പിടിച്ചിട്ട് പറയും .

“മോൻ ധൈര്യമായി മുന്നോട്ടു പൊയ്ക്കോ .”

അച്ഛൻ തന്നെയായിരുന്നു എന്റെ ധൈര്യം മുഴുവൻ .അച്ഛൻ തന്നെയായിരുന്നു എന്റെ ഏറ്റവും അടുത്ത ചങ്ങാതിയും.

പലപ്പോഴും അത്താഴം കഴിക്കുമ്പോൾ അമ്മ തമാശ രൂപേണ പറയും .

” അപ്പൂ… നമ്മുടെ അച്ചനേ ലോക പേടിത്തൊണ്ടനാ , നിന്നെ ഞാൻ പത്തു മാസം ചുമന്നപ്പോഴും എനിക്കല്ലായിരുന്നു ആധി മുഴുവൻ.

ഓരോ പ്രാവശ്യം ആശുപത്രിയിൽ ചെല്ലുമ്പോഴും അച്ചന്റെ ശരീരം വിറക്കായിരിയ്ക്കും. ചെക്കപ്പു കഴിയുമ്പോൾ എന്നോടു ചോദിക്കും

“ദേവൂട്ടീ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലല്ലോടീ…. ”

ഇതു പറഞ്ഞിട്ട് അമ്മ അച്ചന്റെ മുഖത്തേക്ക്‌ ഒന്നു നോക്കും ,നിറഞ്ഞ പൗരുഷത്തിലും വിരിഞ്ഞു വരുന്ന ആ നാണം കലർന്ന ചിരിയൊന്നു കാണാൻ .

” കട്ടിലിൽ കിടക്കുമ്പോൾ വെപ്രാളം ,ഞാൻ ഒന്നു തിരിഞ്ഞാൽ വെപ്രാളം … എന്തിനു പറയുന്നു ..

എന്നെ ലേബർ റൂമിലോട്ടു കയറ്റിയപ്പോൾ കരഞ്ഞു എന്നു പോലും മുത്തശ്ശി പറഞ്ഞിരുന്നു . ഞാൻ നിന്നെ വയറ്റിൽ ചുമന്നപ്പോൾ അച്ചൻ നിന്നെ തലയിൽ ചുമന്നതുപോലെ.”

എന്നിട്ട് അച്ചനെ കളിയാക്കാൻ എന്ന ഭാവത്തിൽ ഒന്നുകൂടി ചേർക്കും

“എന്നാലും നമ്മുടെ അച്ചൻ പഞ്ചപാവാട്ടോ ”

സത്യത്തിൽ അച്ചൻ എത്ര പാവമായിരുന്നു . അമ്മയോടും ഞങ്ങളോടും എത്ര സ്നേഹമായിരുന്നു. കാലത്തു എഴുന്നേറ്റാൽ തുടങ്ങും വീടിനു ചുറ്റും ഒന്നു കറങ്ങാൻ .

ഒരു കരിയില പോലും മുറ്റത്ത് കിടക്കുന്നത് അച്ചന് ഇഷ്ട്ടമല്ല .അമ്മ പുറത്തെ അടുപ്പിൽ തീയൂതി ചുമക്കണ കണ്ടാൽ അച്ചൻ ഓടി ചെല്ലും .

“മാറുപെണ്ണേ അങ്ങട് വയ്യാത്ത പണി ചെയ്യണോ” ഒരിക്കൽ അച്ചൻ തേങ്ങ ചിരണ്ടുന്നത് കണ്ടപ്പോൾ ഞാൻ അച്ചനോട് ചോദിച്ചു .

“അച്ചാ ഞാൻ ഒന്നു ചിരണ്ടി നോക്കട്ടെ.. ”

അതു കേട്ടപാതി അമ്മ ഓടി വന്നു പറഞ്ഞു

“ഡാ ചെക്കാ ,ആണുങ്ങളു തേങ്ങ ചൊരണ്ടിയാലേ സ്ത്രീധനം കിട്ടില്ല …. ”

അതു കേട്ട് അച്ചൻ അമ്മയുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടു പറയും

” എന്നെപ്പോലെ ,അല്ലേടീ…. ”.അമ്മക്കു മറുപടി ഉണ്ടാവാറില്ല …ഞാൻ പലപ്പോഴും മുൻവശത്തെ കുളത്തിൽ നിന്നും കുളിച്ചു കയറി വരുമ്പോൾ എന്റെ കയ്യിൽ നിന്നും തോർത്തു വാങ്ങി അച്ചൻ ഒന്നു കൂടെ പിഴിയും .

” വെള്ളം പോയട്ടില്യാലോ അപ്പൂ ”

ഞാൻ അഴയിൽ കിടന്ന അച്ചന്റെ പഴയ ഷർട്ടു ഒന്നു നെഞ്ചോടു ചേർത്തു . അച്ചൻ എന്റെ അരികിൽ വന്നു നിൽക്കുമ്പോൾ ഉള്ള അതേ ഗന്ധം.

കുഞ്ഞുനാളിൽ ആ നെഞ്ചിൽ തല ചായ്ച്ച് ഉറങ്ങുമ്പോൾ ആ വിയർപ്പു ഗന്ധത്തിന് സ്നേഹത്തിന്റെ അനുഭൂതി മാത്രമായിരുന്നു . ഉച്ചയൂണിന് നിലത്തിരിക്കുമ്പോൾ അച്ചൻ കുഴച്ചുവാരി ഉരുട്ടിത്തന്നിരുന്ന ഒരു ഉരുള ചോറിന് ഭയങ്കര കൊതിയായിരുന്നു .

ഭയങ്കര രുചിയായിരുന്നു . ബാല്യത്തിൽ നിന്നും. കൗമാരത്തിലേക്കെ ത്തിയപ്പോൾ അച്ചൻ ഉരുട്ടി വാരി ഉണ്ണുന്നതു കാണുമ്പോൾ പലപോഴും ഞാൻ ചോദിക്കും

” ആ കൈ ഒന്നു മെനയായി കഴുകിക്കൂടെ ….”

സ്നേഹത്തോടെ നെഞ്ചോടു ചേർക്കുമ്പോൾ ഞാൻ പറയും

” വിയർപ്പു നാറിയിട്ടു വയ്യ ”

അടുത്ത ബന്ധുക്കളും വീടുവിട്ട് ഇറങ്ങിക്കഴിഞ്ഞിരുന്നു . ചോറ്റാനിക്കരയിലെ അമ്മാവനും കുടുംബവും യാത്ര പറഞ്ഞിറങ്ങുമ്പോൾ തളർന്നു പോയ അമ്മയുടെ നൊമ്പരം വീണ്ടും ഉയർന്നു .

ഞാൻ പതിയേ അച്ചന്റെ ചിതയ്ക്ക്‌ അരികിലേക്കു തന്നെ നീങ്ങി .പാതി കത്തിക്കഴിഞ്ഞ ചിത തീ കുറഞ്ഞ് എരിഞ്ഞു കൊണ്ടേയിരുന്നു .

അതിൽ നിന്നും ഉയരുന്ന വെളുത്ത പുകയിലേക്കു തന്നെ കുറേ സമയം ഞാൻ നോക്കി നിന്നു . അച്ചന്റെ ഓർമ്മകളെ ഓരോന്നായി തിരഞ്ഞുകൊണ്ട്‌ .

പതിയെ തിരിഞ്ഞു നടക്കുമ്പോൾ എന്നെ അച്ചൻ വിളിക്കും പോലെ തോന്നീ .

ഉയരുന്ന പുകയിലൂടെ കണ്ട അച്ചന്റെ മുഖം കരഞ്ഞു കലങ്ങിയതായിരുന്നു . ആ നൊമ്പരവും പേറി അച്ചൻ എന്നോടു പറഞ്ഞു .

” അപ്പൂ ,അമ്മയെ നോക്കണേടാ പൊന്നുമോനേ .”

വീടിനകത്തേയ്ക്ക് അവൻ ഓടിക്കയറി . കട്ടിലിനോട് ചേർന്ന് അമ്മ ചാഞ്ഞു കിടക്കുകയാണ് . ഇന്നലെ വരെ നെറ്റിയിൽ തെളിഞ്ഞു കണ്ടിരുന്ന സിന്ദൂരം എന്നെന്നേക്കുമായി മാഞ്ഞു പോയിരിക്കുന്നു .

കരഞ്ഞ് കലങ്ങിയ കണ്ണുകളിൽ കണ്ണുനീരിന്റെ കറ മൂടിയിരിക്കുന്നു . കെട്ടി യൊതുക്കി വയ്ക്കാറുള്ള മുടിയിഴകൾ താളം തെറ്റിയ വരികൾ പോലെ ലക്ഷ്യം ഇല്ലാതെ പാറിപ്പറന്നു കിടക്കുന്നു .

ചിരി മാഞ്ഞു പോയ ,തമാശകൾ മാഞ്ഞു പോയ ,സ്വപ്നങ്ങൾ മാഞ്ഞുപോയ അമ്മ .പ്രായത്തിന്റെ നിഴലുകൾ ഇതുവരെ പിൻതുടരാതിരുന്ന അമ്മ ഇപ്പോൾ എന്തോ വാർദ്ധഖ്യത്തിന്റെ വഴിയിലേക്ക് തെന്നിമാറിയതു പോലെ .

എന്നെക്കണ്ടതും അമ്മ പതിയെ തലയുയർത്തി . ആ കൈകൾ കൊണ്ട് എന്നെ തലോടി .തലമുടി യിഴയിലൂടെ കൈവിരൽ ഓടിച്ചിട്ടു അമ്മ പറഞ്ഞു

” അച്ചൻ ഉണ്ടെങ്കിൽ ,പറഞ്ഞേനേ ഈ ജഡയൊന്നു വെട്ടിക്കളയാൻ ..”

അച്ചൻ എന്ന പുസ്തകത്തിലെ ഓരോ താളുകൾ തുറന്ന് അമ്മ എന്റെ മുന്നിൽ വായിക്കുമ്പോൾ എന്റെ ഹൃദയവും ഓർമ്മകളുടെ താളുകൾ മറിച്ചു കൊണ്ടേയിരുന്നു .

അച്ചൻ എന്ന പുസ്തകത്തിന്റെ മുഖചിത്രത്തിന് അൽപ്പം അഴകു കുറവായിരിക്കാം . പക്ഷേ ഉൾ താളുകളിലെ അക്ഷരങ്ങൾ അതു മുഴുവൻ സ്നേഹമാണ്, സഹനമാണ്, സത്യം മാത്രമാണ് .

വിതുമ്പി നിന്ന എന്റെ മുഖം കയ്കളാൽ തുടച്ചിട്ട് അമ്മ പറഞ്ഞു .

” അയ്യേ ..ആൺകുട്ടിയോള് കരയേ …..”

അച്ചൻ പറയാറുള്ള വാക്കുകൾ അമ്മയുടെ നാവിലൂടെ കേട്ടപ്പോൾ എന്റെ കുഞ്ഞു ഹൃദയത്തിന്റെ നൊമ്പരം താങ്ങി നിർത്തുവാൻ കഴിഞ്ഞില്ല .

വീടിനു മുറ്റത്ത് കത്തിയുയരുന്ന എന്റെ പാതിയുടെ ഓർമ്മകളിൽ മറുപാതിയുടെ മടിത്തട്ടിൽ ഞാൻ ചാഞ്ഞുറങ്ങി .

പെയ്തു തീർന്ന മഴയുടെ തുള്ളികൾ മരച്ചില്ലയിൽ തങ്ങി നിന്ന് ഓരോ തുള്ളിയായ് അടർന്നു വീഴും പോലെ എന്റെ കൺ പീലികൾ കണ്ണു നീർതുള്ളികളെ എണ്ണമില്ലാതെ പൊഴിച്ചു കൊണ്ടേയിരുന്നു …