പൊന്നിന്റെ അമ്മ വന്നെടാ…! അവള് ന്റെ ചെവിയിൽ വന്ന് പറയുവാ ദേ നമ്മുടെ ഉണ്ണിമോള് കമഴ്ന്നു വീണെന്ന്…പോയ്‌ എടുക്കാൻ…….

Story written by Binu Omanakkuttan

“നന്ദേട്ടാ ദേ ഉണ്ണിമോള് കമഴ്ന്ന് വീണു…. അവളെ എടുത്ത് നേരെ കിടത്തിയെ….!”

ഒരു ഞെട്ടലോടെ നന്ദൻ കണ്ണ് തുറന്നു… കിടക്കയിൽ ഉണ്ണിമോള് കമഴ്ന്നു വീണ്കിടന്നു കളിക്കുന്ന കണ്ട് വേഗം നന്ദൻ എഴുന്നേറ്റു.

“അച്ഛപ്പൊന്നേ… നീ കമഴ്ന്ന് വീണോ വാവേ… “

നന്ദൻ അവളെ എടുത്ത് കയ്യിലേക്ക് ചേർത്ത് പിടിച്ചു.

“പൊന്നിന്റെ അമ്മ വന്നെടാ…! അവള് ന്റെ ചെവിയിൽ വന്ന് പറയുവാ ദേ നമ്മുടെ ഉണ്ണിമോള് കമഴ്ന്നു വീണെന്ന്…പോയ്‌ എടുക്കാൻ…!”

നന്ദന്റെ ശബ്ദമപ്പോഴേക്കും ഇടറിയിരുന്നു.

“ശ്രീ എവിടാടോ താൻ….? ഇങ്ങനെ മറഞ്ഞിരിക്കാതെ നമ്മുടെ മോളുടെ അടുത്ത് വാ… എനിക്ക് തന്നെ കാണാതെ പറ്റണില്ലടോ..!”

നാല് ചുവരുകൾക്കിടയിൽ അയാൾ അവളെ തിരഞ്ഞുകൊണ്ട് ഉറക്കെ വിളിച്ചു.

നന്ദന്റെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു.

ഉണ്ണിമോളേ അയാൾ അമർത്തിപ്പിടിച്ചു. കണ്ണുകൾ നിറഞ്ഞു തുളുമ്പി.

എന്തെന്നറിയാതെ ഉണ്ണിമോൾ തന്നേ തന്നെ നോക്കുന്നത് കണ്ട് അയാളുടെ മിഴികൾ വീണ്ടും നിറഞ്ഞു.

ജനാലയോരത്ത്ന്ന് ഒരു ചന്ദനത്തിരിയുടെ മണം നന്ദന്റെ നാസികയിലേക്ക് ഇരച്ചു കയറി.

“എന്നെയും മോളെയും തനിച്ചാക്കി എവിടെ പോയതാടി നീ…”

മണം വന്ന ഭാഗത്തേക്ക് നോക്കി അയാൾ ചോദിച്ചു.

“എനിക്ക് നിന്നെ ഒന്ന് മുറുക്കെ കെട്ടിപ്പിടിക്കാൻ തോനുന്നു ശ്രീ…”

അയാൾ പൊട്ടിക്കരഞ്ഞു.

♡♡♡♡♡♡♡♡♡♡♡

“നന്ദേട്ടാ…. എനിക്ക് അമ്മയാവണം…! നമ്മൾ പണ്ട് സ്വപ്നം കണ്ടത് പോലെ ഒരുണ്ണിമോള്…!

നന്ദന്റെ മടിയിൽ തല ചായ്‌ച്ച് മേലെ ആകാശത്ത് പാതി തെളിഞ്ഞ ചന്ദ്രനും കൂടെ കൊറേ നക്ഷത്രങ്ങളെനോക്കി തന്റെ കെട്ട്യോനോട് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹവും സന്തോഷവും പങ്ക് വെക്കുകയാണ് ശ്രീ…

“ഇപ്പൊ വേണോ…!?”

നന്ദൻ നേർത്ത പുഞ്ചിരിയോടെ അവളെ നോക്കി.

“ഈ നവംബറിൽ കെട്ട് കഴിഞ്ഞിട്ട് അഞ്ച് കൊല്ലം തികയും….! ഞാൻ മ ച്ചിയാണെന്ന് പരക്കെ ഒരു കിംവാദന്തിയുണ്ട്….! അതൊക്ക മാറ്റി ദേ എന്റെ ഈ വയറ്റിൽ നമ്മുടെ മോള് വളർന്നു വരണം നന്ദേട്ടാ….!

ശ്രീയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയത് നന്ദൻ മെല്ലെ തുടച്ചു.

“നമ്മളാ വിഷയം അന്നേ വിട്ടതല്ലേ ശ്രീ… എനിക്ക് നീയും നിനക്ക് ഞാനും മാത്രം മതിയെടി…! സ്വന്തം ജീവൻ വച്ച് ഒരു പരീക്ഷണം വേണ്ട….!”

നന്ദൻ അവസാനവാക്കെന്നോണം ശ്രീയെ നോക്കി.

“ഞാൻ മ ച്ചിയല്ലെന്ന് തെളിയിക്കാനല്ല നന്ദേട്ടാ…! എനിക്ക് ഗർഭം ധരിക്കണം…
ഓരോ ദിവസവും എന്റെ വയറ്റിൽ നമ്മുടെ മോള് വളരുന്നത് എനിക്ക് അനുഭവിച്ച് അറിയണം…! എന്നെ അഡ്മിറ്റ് ചെയ്യുന്നതിന്റെ തലേദിവസം വരെ ഇതുപോലെ ഏട്ടന്റെ കൈകൾ കൊണ്ട് എന്റെ വയറ്റിൽ വച്ച് ദേ ഏട്ടന്റെ മടിയിൽ തല വച്ച് ഇങ്ങനെ കിടക്കണം….!”

“പിന്നെ എനിക്ക് മു ലയൂട്ടണം..!” നന്ദേട്ടന് അറിയുവോ ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അതിൽ ആദ്യത്തേത് എനിക്ക് ദൈവം തന്നു. എന്റെ ഈ ചക്കരക്കെട്ട്യോൻ…

അവൾ നന്ദന്റെ കവിളിൽ പറ്റേപൊതിഞ്ഞ താടിയിൽ മുറുക്കെ പിടിച്ചുകൊണ്ട് കള്ളച്ചിരികാട്ടി…

“ന്റെ ശ്രീക്കുട്ടി… ശരിക്കും ഞാൻ നീ കരുതുന്ന പോലെ നിന്റെ ആഗ്രഹം പോലെ നല്ലൊരു ഭർത്താവാണോ..!?”

“അതേലോ….! ഇതുപോലൊരു കെട്ട്യോനെ മറ്റൊരു പെണ്ണിനും കൊടുക്കില്ല ദൈവം…!”

ശ്രീ ചിരിയോടെ പറഞ്ഞു…

“അതെന്താടോ അങ്ങനെ…?”

“ന്റെ കെട്ട്യോനെപ്പോലെ ന്റെ കെട്ട്യോൻ മാത്രം മതി…!”

“ഹാ… കുശുമ്പി…!”

നന്ദൻ, ശ്രീയുടെ മുഖം തന്റെ മാ റിലേക്ക് അമർത്തി പിടിച്ചുകൊണ്ട് അവളുടെ മുടിയിഴകളിൽ ഉമ്മ വച്ചു.

“ഈ സ്നേഹപ്രകടനമൊക്കെ കാട്ടി വിഷയം മാറ്റാനുള്ള വഴി കണ്ടു പിടിക്കേണ്ട…! ദേ എനിക്ക് അമ്മയായെ പറ്റു… ഇത് എന്റെ ജന്മവകാശം ആണ്…!”

“ശ്രീ…. ഈ വാശി…

അപ്പോഴേക്കും ശ്രീയുടെ കൈകൾ നന്ദന്റെ ചു ണ്ടുകളിൽ പൊതിഞ്ഞുകഴിഞ്ഞു…

“മടുത്തൊന്നും പറയല്ലേ നന്ദേട്ടാ…! നന്ദേട്ടന്റെ ശ്രീയുടെ ഏറ്റവും വലിയ ആഗ്രവ ഇത്…!” എനിക്ക് അറിയാം കല്യാണത്തിന്മുൻപ് നമ്മൾ സംസാരിക്കു മ്പോഴൊക്കെ കുഞ്ഞിന്റെ കാര്യം പറയുമ്പോ നൂറു നാവായിരുന്നു ന്റെ നന്ദേട്ടന്…., ആദ്യത്തെ കണ്മണിക്ക് നമ്മൾ പേര് പോലു കണ്ടുപിടിച്ചു വച്ചിരുന്നില്ലേ…! നന്ദേട്ടനല്ലേ പറഞ്ഞത് ന്നെപ്പോലെയൊരു ഉണ്ണിമോളേ ദൈവം തരുമെന്ന്…!”

കല്യാണത്തിന് ശേഷം എന്നെ കിട്ടിയപാടെ നന്ദേട്ടൻ എന്താ ചെയ്തത്… എന്തൊരു ആവേഷമായിരുന്നു…

കല്യാണം കഴിഞ്ഞു മൂന്നാമത്തെ മാസം ഞാൻ പ്രഗ്നന്റയപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ നന്ദേട്ടനല്ലേ… ആദ്യത്തെ ചെക്കപ്പിന് ഒരുമിച്ചു പോയത് പോലും മറന്നോ….!

അന്ന് ചെക്കപ്പ് കഴിഞ്ഞു ഡോക്ടറുടെ മുറി വിട്ട് പുറത്തിറങ്ങിയപ്പോ മുതൽ നന്ദേട്ടൻ വേറൊരു മനുഷ്യനായി….

ഞാൻ അന്ന് വരെ കണ്ട നന്ദേട്ടനല്ലായിരുന്നു…..

പക്ഷെ എനിക്ക് തരുന്ന സ്നേഹത്തിനു അന്നും ഇന്നും ഒരു കുറവും വന്നിട്ടില്ല….

എനിക്ക് പ്രസവിക്കാൻ കഴിയും പക്ഷെ കുഞ്ഞോ അല്ലെങ്കിൽ അമ്മയെയോ ആരെയെങ്കിലുമൊരാളെ ജീവനോടെ ഉണ്ടാവു എന്ന് കേട്ടപ്പോ എനിക്ക് കുഞ്ഞ് വേണ്ട എന്റെ പെണ്ണ് മാത്രം മതിയെന്ന് ഉറക്കെ പറഞ്ഞു നിലവിളിയോടെ എന്നെ കെട്ടിപ്പിടിച്ച എന്റെ നന്ദേട്ടന് ഞാൻ എന്ത് മാത്രം പ്രീയപ്പെട്ടതാണെന്ന് എനിക്ക് അറിയാം.

ആ ഡോക്ടർ അന്ന് എന്തോ പറഞ്ഞുന്ന് വച്ച് അതൊക്കെ വിശ്യസിച്ച് ഈ അഞ്ചു കൊല്ലം കഴിച്ചുകൂട്ടിയില്ലേ…!

എത്രയൊക്കെ വലിയ സങ്കീർണമായ പ്രശ്നം ആണേലും നമ്മൾ അത് ആഭിമുഖീകരിക്കുക തന്നെ ചെയ്യും…

എല്ലാം കഴിഞ്ഞു ഞാനും നമ്മുടെഉണ്ണിമോളും ദേ ഈ വീടിന്റെ മട്ടുപ്പാവിൽ ഇത് പോലെ ഈ അച്ഛന്റെ മടിയിൽ തലചായ്‌ച്ച് ആകാശത്തെ ആ കുഞ്ഞ് ചന്ദ്രനെയും ആ മിന്നാമിനുങ്ങുകളെയും നോക്കി ഇങ്ങനെ കിടക്കും..!”

അന്ന് നമ്മൾ ഇപ്പൊ ഈ ടെൻഷൻ അടിക്കുന്നതോർത്ത് ഒന്ന് ഉറക്കെ ചിരിക്കണം….!”

നന്ദന്റെ കണ്ണുകളിൽ നിന്നൊരുതുള്ളി അവളുടെ നെറ്റിയിലേക്ക് പതിച്ചു.

“ദൈവം ചേർത്ത് പിടിക്കുമായിരിക്കുമല്ലേ… ” എടോ താനില്ലാത്താ നിമിഷങ്ങളിൽ ഞാൻ ഞാനൊരു അബോധവസ്ഥയിലായിരിക്കും…!”

“അങ്ങനെ ഒന്നുല്ല എന്റെ നന്ദേട്ടാ… ഞാനില്ലെങ്കിലും നമ്മുടെ ഉണ്ണിമോള് ഉണ്ടാവൂലോ…. അവള് ചേർത്ത് പിടിക്കും അവളുടെ അച്ഛനെ…!”

♡♡♡♡♡♡♡♡♡♡♡♡♡♡♡♡

ആദ്യത്തെ ചെക്കപ്പിൽ തന്നെ ഫേസ് ചെയ്യാൻ പോകുന്ന ആ വലിയ അപകടം ഞങൾ തിരിച്ചറിഞ്ഞു.

ഞാൻ തകർന്ന് പോകുമ്പോഴും എന്നെ പിടിച്ചു നിർത്തിയത് അവളുടെ ആത്മവിശ്യാസം തന്നെയായിരുന്നു….! അവളുടെ വേദനകൾ ചിലപ്പോഴൊക്കെ ചിരിയാക്കി എന്നെ പറ്റിച്ചിരുന്നു.

അവൾക്ക് അറിയാമായിരുന്നു സ്വായം നടന്ന് നീങ്ങുന്നത് മരണത്തിലേക്കാണെന്ന്…!”

വേഴാമ്പലിന്റെ ജീവിതം പോലെ എല്ലാം എന്നിൽ അർപ്പിച്ച്….

അവളുടെ ആഗ്രഹം പോലെ ഗർഭിണിയായ ദിവസം മുതൽ അഡ്മിറ്റ്‌ ചെയുന്ന ദിവസം വരെ എന്റെ കൈകൾ അവളുടെ വയറ്റിൽ തലോടിയിരുന്നു. വയർ വീർത്ത് വരുന്നത് പോലും ഞാൻ അറിഞ്ഞു….

ഞങ്ങളുടെ ആ പോരാട്ടത്തിൽ മുന്നിൽ നിന്നു ആത്മാർഥമായി കൂടെ നിന്ന വിദഗ്ദ്ധരായ ഒട്ടനവധി ഡോക്ടർമാർ നേഴ്‌സ് മറ്റുള്ള സ്റ്റാഫുകൾ…. ആ ഹോസ്പിറ്റലിലുള്ള മുഴുവനാളുകളുടെയും പ്രാർത്ഥനയും നേർച്ചയും വഴിപാടുമൊക്കെ ശ്രീയുടെയും ഉണ്ണിമോളുടെയും കൂടെ ഉണ്ടായിരുന്നു.

ഓപ്പറേഷൻ തിയേറ്ററിലേക്ക് പോകും മുൻപ് അവൾ എന്നോട് ഒരു കാര്യം പറഞ്ഞു.

“നന്ദേട്ടാ എനിക്ക് പേടിയാവുന്നു…. എനിക്ക് ഗർഭിണി ആവണ്ടാ… എനിക്ക് പ്രസവിക്കണ്ട….! എന്നെ വീട്ടിലേക്ക് കൊണ്ട് പോകുവോന്ന്….! എന്റെ മടിയിലൊന്ന് തല ചായ്‌ച്ച് കിടക്കണമെന്ന്….!”

“പേടിക്കാൻ ഒന്നുല്ല എന്റെ പെണ്ണെ…. നിനക്ക് ഈ ലോകം തന്നെ നിന്റെ കൂടെയാ…..! ന്റേം മോളേം കൊണ്ട് വേഗം വാടി…. ഞാൻ പുറത്ത് എല്ലാ കെട്ട്യോന്മാരേം പോലെ ടെൻഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കട്ടെയെന്ന്…!”

ഒരു പുഞ്ചിരിയോടെ അവൾ എനിക്ക് ഒരുമ്മ തന്നു…. കൈ വിട്ടകന്നപ്പോൾ പന്തം കത്തിച്ച് നെഞ്ചിൽ വച്ച പോലെ ആയി…..

തിയേറ്ററിലേ ഡോർ അടയും വരെ അവൾ എന്നെയും ഞാൻ അവളെയും നോക്കി നിന്നു…..

♡♡♡♡♡♡♡♡♡♡♡♡♡♡♡

ഈ ലോകത്തുള്ള എല്ലാ ദൈവങ്ങളോടും തന്റെ പ്രാണന് വേണ്ടി കെഞ്ചി കേണ് കുമ്പിട്ട് ആകെ തളർന്നു അവശനായ എന്റെ അടുത്തേക്ക് ഡോക്ടർ വന്നു….

എന്നെ ഉള്ളിലേക്ക് കൊണ്ട് പോയ്‌….

ഡോക്ടർ എന്റെ തോളിലൂടെ കൈയ്യിട്ടിരുന്നു….

വിധിയെ തടുക്കാനാവില്ല നന്ദ…. ശ്രമങ്ങളൊക്കെ അസ്തമിച്ചു….?ശ്രീ പോയെടോ… പോകും മുൻപ് നിങ്ങൾക്ക് നൽകാൻ അവൾ ഒരു സമ്മാനം ഏൽപ്പിച്ചിട്ടുണ്ട്….

ഡോക്ടർ അശോക് കുറച്ചു കൂടെ എന്നെ മുറുകെ പിടിക്കുന്നത് ഞാൻ അറിഞ്ഞു….

വെള്ള പുതച്ച എന്റെ ശ്രീയുടെ മുന്നിൽ ഞാൻ നിന്നു. പിന്നെ…. പിന്നെ ഞാൻ ആ അബോധാവസ്ഥയിലേക്ക്….

♡♡♡♡♡♡♡♡♡♡♡♡♡

“ശ്രീ എവിടാ താൻ….!”

ഒന്ന് വായോ…. എനിക്ക് നീയില്ലാതെ പറ്റണില്ല പെണ്ണെ….!”

മോൾക്ക് മുലയൂട്ടനും നിനക്ക് ആഗ്രഹമുണ്ടായിരുന്നു പെണ്ണെ….

നാല് ചുവരുകൾ….. കൊട്ടിയടക്കപ്പെട്ട നാല് ചുവരുകൾ….!!”

🖤