പേടി കാരണം വേദനയുടെ സ്ഥാനം പിണഞ്ഞുപോയ ഞെട്ടലിൽ നിന്ന് ഞാൻ മുകത്നാകും മുൻപ് സുനിൽ സാറ് ഓഫീസിലേക്ക് ഒറ്റച്ചാട്ടം

രചന: അനസ് അബ്ദുൽസലാം

ഉച്ചക്ക് ശേഷം നിങ്ങൾക്ക് സുനിൽ സാറിന്റെ അക്കൗണ്ടൻസി മാത്രമായിരിക്കും ക്ലാസ്…പുഷ്പലത ടീച്ചർ ക്ലാസിലേക്ക് കയറി വന്നു പറഞ്ഞു.

കല്യാണമണ്ഡപത്തിലേക്ക് കടന്നു വന്ന് പെണ്ണ് ഒളിച്ചോടി പോയെന്ന് പറഞ്ഞാൽ എന്താണോ ചെക്കന്റെ അവസ്ഥ, ആ ഒരു നിരാശയോടും അങ്കലാപ്പോടും കൂടി ഞങ്ങളേവരും മുഖാമുഖം നോക്കി.

ക്ലാസിലെ ഏറിയ പങ്ക് വിദ്യാർത്ഥികളും ഉച്ച ഊണും കഴിഞ്ഞ് പുറത്തും മറ്റുമായ് വിഹരിക്കയായിരുന്ന ആ സമയത്ത് അവിടേക്ക് ടീച്ചറുടെ രൂപത്തിൽ വന്ന് വീശി മറഞ്ഞത് ചുഴലിയാണോ അതോ ഇനിയും പേരിട്ടട്ടില്ലാത്ത മഹാദുരന്തമാണോയെന്ന വിഭ്രാന്തിയിൽ ഞാനെഴുന്നേറ്റൂ…

ഞാൻ മെല്ലെ ചുറ്റുപാടുകൾ നോക്കി. ഇതൊന്നും നമുക്ക് ബാധകമല്ലെന്ന നിലയിൽ എല്ലാപേരും അങ്ങിങ്ങായ് ഇരിക്കയാണ്. അക്രൂട്ട് കാമുകിയുടെ കൈ രേഖകളുമായി ഘോര യുദ്ധത്തിലാണ്, അവൻ ഭാവി പ്രവിചിച്ചു. അതുപോലെ ഫലിച്ചു. അവൾ രക്ഷപ്പെട്ടു.

അതിനടുത്തായ് അനസ്സും( സായിപ്പ്) അന്തസ്സായ് പുഷ്പ്പിക്കുന്നുണ്ട്. തൊട്ടുമാറി അൻവർഷ സയൻസിലെ സുന്ദരിക്കായ് ഹിന്ദി assignment എഴുതുകയാണ്.

ഞാൻ അപർണ്ണയെ നോക്കി. അക്കൗണ്ടൻസിയെന്ന് തീർത്ത് ഉച്ഛരിച്ചാൽ മുന്നിൽ നിൽക്കുന്നവനെ ഇടവപ്പാതി നനയിക്കുന്ന മുതലാണ്. തനിക്ക് യാതൊന്നും ബാധകമല്ലെന്ന നിലയിൽ പിത്തം പേറിയ പോത്തിനെപോലെ അവളും എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു.

തങ്ങളെ കാണാനൊരു കാട്ടുവണ്ട് പോലുമില്ലെങ്കിലും ക്ലാസിലെ മഹിളാ സമാജത്തിലെ മിക്കതും ഒരുങ്ങി മറിയുകയാണ് അപ്പോഴും. അക്കൗണ്ടൻസിയുടെ തുടർച്ചയായ നാല് ക്ലാസുകളിൽ ഇരിക്കുന്നതിലും വലിയ ശിക്ഷ ദുനിയാവിൽ വേറെ ഇല്ലെന്ന സത്യം ഞാനാരോട് പങ്കുവെക്കുമെന്ന ആധിയിൽ നിൽക്കുമ്പോഴാണ് അത് കണ്ടത്.

അൽ പഠിപിസ്റ്റ് അഖിൽദാസ് ഡസ്ക്കിലേക്ക് തലവെച്ച് കിടക്കുന്നു. ശ്ശെടാ..
ഇവനിതെന്തു പറ്റി…ഞാനരികിലേക്ക് ചെന്നു.

എന്താടാ…?

ഒന്നൂല്ല…നല്ല തലവേദന. കണ്ണാടി എടുക്കാൻ മറന്നു. (ഒരായിരം മാരിവില്ല് എന്റെ മനസ്സിൽ മാലകോർത്തു).

എന്നിലെ സൂത്രധാരൻ ഉണർന്നു. അളിയാ നീ ഒന്ന് ചിന്തിച്ച് നോക്കിയേ…

എന്ത്…?

നിനക്ക് വയ്യെന്ന് പറഞ്ഞ് നമുക്ക് മുങ്ങിയാലോ…?ഞാൻ നിന്നെ കൊണ്ടു വിടാം. അങ്ങിനെ എനിക്കും ഈ Accountancy എന്ന അഗ്നിപർവതത്തിൽ നിന്ന് രക്ഷപെടാമല്ലോ…?

നീ ഒന്ന് പോയെ…ഉച്ചകഴിഞ്ഞ് സുനിൽ സാറ് financial statement കംപ്ലീറ്റ് ചെയ്യാൻ സാധ്യത ഉണ്ട്…

വേണ്ടത്ര ആരോഗ്യമില്ലാതിരുന്നിട്ട് കൂടി ആ നിമിഷം അവനെ കാലേൽ പിടിച്ച് കുടഞ്ഞാലോ എന്നെനിക്ക് തോന്നി. എന്നിട്ടും ഞാൻ വിണ്ടും ആരാഞ്ഞൂ. അളിയാ. ഈ തലവേദന നിയോഗമാണ്. നീ ഒന്ന് മനസ്സ് വെച്ചാൽ…

എഴുനേറ്റ് പോടാ *&^%$…

അങ്ങിനങ്ങ് തോൽക്കാൻ പറ്റില്ല. ഞാൻ ക്ലാസിനു പുറത്തിറങ്ങി ജനാലയ്ക്കരികിലേക്ക് നീങ്ങി. പുറത്ത് നിന്ന് അവനെ നോക്കി വീണ്ടും ചോദിച്ചു. അളിയാ…ഞാൻ ഓഫീസിൽ പറയട്ടെ നിനക്ക് തലവേദനയാണെന്ന്. അനക്കമില്ല…

കുറച്ച് കൂടി ഒച്ചയെടുത്ത് മിഥുനത്തിലെ നെടുമുടിയെ പോലെ വീണ്ടും പറഞ്ഞൂ….ഞാൻ പറയും. പറയാൻ പോകുന്നു. ദാ…ഇപ്പോ പറയും. പറഞ്ഞു തീർന്നില്ല…ചുമലിൽ ബലിഷ്ഠമായൊരു കൈ. മുകളിലേക്ക് ഒന്നേ നോക്കിയുള്ളൂ എന്നാണ് ഓർമ്മ.

പിന്നിൽ ഉഹദ് മല പോലെ സുനിൽ സാറ്..! ലങ്കാ ദഹനത്തിന് പോയി ആദ്യം തന്നെ രാവണന്റെ മുന്നിൽപ്പെട്ടാൽ എന്താണോ ഹനുമാന്റെ അവസ്ഥ, ആ രംഗമായിരുന്നു ഉളളിൽ.

എന്തിനാടാ ഇവിടെ കിടന്ന് കൂവുന്നേ…?

അത്…പിന്നെ സാറെ അഖിൽദാസിന് നെഞ്ചുവേദന. പേടി കാരണം വേദനയുടെ സ്ഥാനം പിണഞ്ഞുപോയ ഞെട്ടലിൽ നിന്ന് ഞാൻ മുകത്നാകും മുൻപ് സുനിൽ സാറ് ഓഫീസിലേക്ക് ഒറ്റച്ചാട്ടം.

എങ്ങിനെ ചാടാതിരിക്കും. സാറിന്റേ കാഴ്ച്ചപാടിൽ
ഈ കൊല്ലത്തെ പത്തരമാറ്റ് റിസൾട്ട് പ്രതീക്ഷയാണ് അകത്ത് നെഞ്ചുവേദനയുമായ് മല്ലിടുന്നത്. ആ ചാട്ടത്തിന്റെ ആക്കം അങ്ങിനെ അനുമാനിക്കണം.

ഒരു നിശ്വാസത്തിന്റെ ഇടവേളയിൽ ഓഫീസിൽ നിന്ന് അധ്യാപകരെല്ലാം എന്റെ മുന്നിലൂടെ ക്ലാസിലേക്ക് മാർച്ച് ചെയ്തു. ഒന്ന് കണ്ണ് ചിമ്മാൻ സമയത്തെ അനുവദിക്കാതെ അധ്യാപക സമൂഹം അഖിൽദാസിനെ താങ്ങിയെടുത്തു.

തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് തെല്ലുമറിയാതെ പരിഭ്രാന്തിയുടെ പരമോന്നതിയിൽ അഖിൽദാസ് അവരുടെ കരവലയത്തിലായി. വേട്ടയാടിയ വന്യമൃഗത്തെ കരുതലോടെ പുറത്തെത്തിക്കുന്ന കർക്കശത്തിൽ അവനെ ക്ലാസിന് വെളിയിലെത്തിച്ചു.

മായാവിയിലെ മമ്മൂട്ടിയെ പോലെ അവൻ എന്നെ നോക്കി. സുരാജിനെ പോലെ തിരിച്ച് ഞാനും കൈ മലർത്തി.

ഷാനവാസ് സാറ് മാരുതിയുടെ താക്കോൽ അന്വേഷിച്ചു പടി കയറവെ അടുത്ത ഉത്തരവ്. എന്റെ കാറിൽ AC ഉണ്ട് സാറെ…നമുക്ക് അതിൽ പോകാം…പ്രദീപ് സാറാണ്.

അഖിൽ ദാസിന് പോകാനായ് പ്രദീപ് സാറിന്റെ Tata indica ആംബുലൻസിന്റെ ആവരണമണിഞ്ഞു. അഖിൽ ദാസിനേയും വഹിച്ചുളള ആ ആഗമനം കണ്ട് സയൻസ് ബാച്ചിലെ നന്ദു ആണെന്ന് തോന്നുന്നു, പോയി indica യുടെ ഡിക്കി ആദ്യം തുറന്നു.

അങ്ങോട്ട് മാറെടാ…എന്ന ഷാനവാസ് സാറിന്റെ ആക്രോശത്തിൽ ആ ഡിക്കി അടഞ്ഞു. സ്ക്കൂൾ മുറ്റത്തെ പൊടി പടലങ്ങളെ പറത്തി അഖിൽ ദാസിനേയും വഹിച്ച് ആ കാർ ഗേറ്റ് കടന്നു.

നേരത്തെ ആശങ്കപ്പെട്ട ചുഴലി ഇപ്പൊഴാണ് വീശിയതെന്നോർത്ത് പേടിച്ച് പെടുക്കാതെ നിൽക്കുമ്പോഴാണ് ആ കിളിമൊഴി. മിക്കവാറും നിനക്ക് TC കിട്ടും. എന്തിനാ സാറിനോട് കളളം പറഞ്ഞത്…

അത് മറ്റാരുമല്ല ക്ലാസിലെ BBC സലിജയാണ്. പൊളളലേറ്റവനെ ശുശ്രൂഷയ്ക്കായ് കൊണ്ടിരുത്തിയത് കുഴിബോംബിന്റെ മുകളിലാണോ പടച്ചോനെ എന്ന് ഒരുവേള ആശങ്കപ്പെടാതെ തരമില്ലായിരുന്നു എനിക്കപ്പോൾ. അജ്ജാതി ആകാശവാണിയാണത്.

കാറ് അതിധ്രുതം ആശുപത്രിയെ ലക്ഷ്യമാക്കി പായുകയാണ്. അഖിൽദാസ് നടുവിലും മറ്റധ്യാപകർ ഇടവും വലവുമുണ്ട്. എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല സാറെ…എന്ന് അഖിൽ ദാസ് പറഞ്ഞു മുഴുവിപ്പിക്കാൻ അവർ സമ്മതിച്ചില്ല.

നെഞ്ചുതടവി അവർ അവരെ സമാധാനിപ്പിച്ചു. ഡോക്ടറെ കണ്ടിട്ട് ECG എടുക്കണോ അതോ ECG എടുത്തിട്ട് ഡോക്ടറെ കാണണോ…? കാറിനുളളിൽ ചർച്ച പുരോഗമിക്കുകയാണ്. സ്ഥിതി അത്ര പന്തിയല്ലെന്ന് അഖിൽദാസിന് അതിനോടകം ബോധ്യമായി.

ഹോസ്പിറ്റൽ വരാന്തയിൽ കടിഞ്ഞുൽ കീടാങ്ങളെ കാത്ത് അലഞ്ഞു തിരിയുന്നവന്റെ വഗ്രതയിൽ ഇവിടെ സ്കൂൾ വര്ന്തയിൽ ഞാൻ കിഴക്ക് പടിഞ്ഞാറ് നഖവും കടിച്ച് നടക്കുകയാണ്. ദൈവാനുഗ്രഹമെന്ന് പറയണം, കൂടെ നിൽക്കുന്നവന്റെ കൂടാരത്തിലിട്ട് പന്നിപടക്കം പൊട്ടിക്കാൻ എന്റെ കൂട്ടുകാരെ കഴിഞ്ഞേ ഉളളൂ…അത്രകണ്ട് പിരികയറ്റി തരുന്നുണ്ട് കൂടെ നിന്ന സകല തെണ്ടികളും.

ലേബർ റൂമിൽ നിന്ന് ഉറുമാലിൽ പൊതിഞ്ഞ കുഞ്ഞുമായ് ഭൂമിയിലെ മാലാഖ വരുന്നതുപോലെ അതാ പ്രദീപ് സാറിന്റെ indica ഗേറ്റ് കടന്നു വരുന്നു. അധ്യാപകരുടെ ആ വരവ് കണ്ട് അതുവരെ മാമാങ്ക പ്രതീതിയിൽ നിന്ന സ്കൂൾ വരാന്ത, സുനാമി വീശിയ തീരദേശം പോലെ വിജനമായി.

എന്റെ ഹൃദയതാളം മുറുകി…കണ്ണുകളിൽ ഇരുട്ട് പടർന്നു…ദേഹം തളരുന്നതു പോലെ…എന്റെ ലോകം ദേ ഇവിടെ അവസാനിക്കുന്നു എന്ന് തോന്നി.

വെറുമൊരു തലവേദനയുമായ് കിടന്നവൻ വിദഗ്ധ ചികിത്സകഴിഞ്ഞ് ECG റിസൾട്ട് ഉൾപ്പെടെ ഒരാഴ്ചത്തേക്കുളള മരുന്നും മറ്റു കടലാസ്സുകളുമായ് കാറിൽ നിന്ന് ഇറങ്ങി.

അവനെ സ്ക്കൂൾ വരാന്തയിലേക്ക് ആനയിപ്പിച്ച് അധ്യാപകർ ഓഫീസീലേക്ക് മടങ്ങി. വരാന്തയുടെ ഒത്ത മധ്യത്തിൽ നിന്ന് ഇങ്ങ് തൂണുകളുടെ ഇടയിൽ പതിയിരുന്ന എന്റെ നേരെതന്നെ അവൻ ആദ്യത്തെ നോട്ടമയച്ചു. ഞാൻ കല്ലുപോലെ നിന്നു….

*** *** *** ***

ഇന്നും ഞാനാ നിമിഷം ഓർക്കാറുണ്ട് അഖിൽദാസേ…നിന്റെ നിസ്സഹായതയുടെ ക്രൗര്യനോട്ടത്തെ…അന്ന് ഉച്ചയ്ക്ക് കഴിച്ചിറക്കിയതും ഇനി അങ്ങോട്ട് കഴിച്ചിറക്കേണ്ടുന്ന സകലതും ദഹിപ്പിച്ച്, എന്റെ നല്ല ജീവനെ പറഞ്ഞയക്കാൻ തക്കവണ്ണം പ്രഹരമുളള ആ നോട്ടത്തെ…

ഓർമ്മകളുടെ തീരത്തുകൂടി ഓടിയടുക്കുമ്പോഴെല്ലാം നർമ്മങ്ങളുടെ നറു നിലാവ് നമ്മെ കടന്നു പോകാതെയിരിന്നിട്ടില്ല. ആ ഓർമ്മകളുടെ ശോഭയ്ക്കുമേൽ ഒരു നിലാവും ജയിച്ചിട്ടുമില്ല….