പുറത്തേക്ക് നടന്നു.. റൂമിനു മുൻപിലുള്ള കസേരയിലിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്ത്……

എഴുത്ത്:-കർണൻ സൂര്യപുത്രൻ

പ്രകാശേട്ടന്റെ വർക്ക്‌ഷോപ്പിന് പിന്നിലുള്ള തെങ്ങിൽ ചാരി ഇരിക്കുമ്പോഴാണ് ഫോൺ അടിച്ചത്… ഇവളെന്തിനാ ഇപ്പോൾ വിളിക്കുന്നത്?

“ടാ പട്ടീ… നീ എവിടാ?”

“ഞാൻ മിസ്റ്റർ കെ പി പ്രകാശന്റെ സാമ്രാജ്യത്തിൽ….”

“എന്താ പരിപാടി “?

“അങ്ങേരുടെ ഒരു പഴയ കേസിന്റെ വിധി ആയിരുന്നു ഇന്ന്. അത് ജയിച്ചതിനു ചിലവ് ചെയ്യാമെന്ന് പറഞ്ഞിട്ട് വന്നതാ?”

“നീ വെ ള്ളമടിച്ചോ?”

“ഇല്ല.. വാങ്ങാൻ പോയിട്ടുണ്ട് “

“എന്നാ അടുത്ത ബസ് കേറി നേരെ സഹകരണ ആശുപത്രിയിലേക്ക് വാ “.

“എന്ത് പറ്റി?”

“എനിക്കൊന്നും പറ്റിയില്ല. ഷീബ ചേച്ചി പ്രസവിച്ചു… പെൺകുട്ടിയാണ് “..

അവളുടെ മൂത്ത ചേച്ചി ആണ്. ഇന്നലെ ഹോസ്പിറ്റലിൽ പ്രസവത്തിനു അഡ്മിറ്റ്‌ ആകുമെന്ന് പറഞ്ഞിരുന്നത് ഞാൻ മറന്നു പോയിരുന്നു.

“സന്തോഷം. പക്ഷേ ഞാൻ വരുന്നില്ല.. നിന്റെ കുടുംബക്കാരൊക്കെ കൂടുന്നിടത്തു ഞാൻ എന്തിനാ??”..

പറഞ്ഞു തീരും മുൻപ് അവള് ഫോൺ വച്ചു. മെല്ലെ എഴുന്നേറ്റ് പുറത്തേക്കു നടന്നു. വർക്ക്‌ ഷോപ്പിലെ ജോലിക്കാർ തിരക്കിട്ട ജോലിയിൽ ആണ്.. കൈയിൽ മ ദ്യകുപ്പിയും ഭക്ഷണവുമായി ഒളിമ്പിക്സ് മെഡൽ ജേതാവിന്റെ മുഖഭാവവുമായി പ്രകാശേട്ടൻ വരുന്നുണ്ടായിരിന്നു…

“തുടങ്ങാം “..

“ഞാനില്ല. എനിക്കൊന്നു ടൗണിൽ ഹോസ്പിറ്റലിൽ പോണം. ഒരാളെ കാണാനുണ്ട്”

“ഒരുമാതിരി മറ്റേ പണി കാണിക്കരുത്. എത്ര കഷ്ടപെട്ടിട്ടാ ഇത് കിട്ടിയതെന്ന് അറിയാമോ “?

“നിങ്ങള് തുടങ്ങിക്കോ ഞാൻ വന്നോളാം “

“പിന്നേ… നീ വരും വരെ ഇതും വച്ചോണ്ടിരിക്കാം…”

ഒരു തെറിയും പറഞ്ഞു പ്രകാശേട്ടൻ പിന്നാമ്പുറത്തേക്ക് നടന്നു.

കിട്ടിയ ബസിൽ കയറി ഹോസ്പിറ്റലിൽ എത്തി. മുൻപിലുള്ള കടയിൽ നിന്നു ഒരു കുട്ടിക്കുപ്പായം വാങ്ങി അവളെ വിളിച്ചു.

“ഫസ്റ്റ് ഫ്ലോർ, റൂം 245..നേരെ കേറി വാ “.ഫോൺ കട്ട് ആയി. ഇതാണ് അവൾ.. വരില്ലെന്ന് പറഞ്ഞാലും ഞാൻ എത്തും എന്ന് അവൾക്കു അറിയാം..

245 എന്നെഴുതിയ റൂമിന്റെ കതക് തട്ടി.. അവൾ തുറന്നു.

“വാടാ “

കട്ടിലിൽ ഷീബ ചേച്ചി കിടക്കുന്നുണ്ട്.. അടുത്ത് കുഞ്ഞും. ചേച്ചിയുടെ ഭർത്താവ് ബാബുവേട്ടൻ കസേരയിൽ അടുത്ത് ഇരിക്കുന്നുണ്ട്.. അങ്ങേരു ഗൾഫിൽ ആണ്. നാട്ടിൽ വന്നിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ…രണ്ടു പേരും എന്നെ നോക്കി പുഞ്ചിരിച്ചു..

“ബാബുവേട്ടാ, ഇത് സതീഷ്. എന്റെ ഫ്രണ്ട് ആണ്.””

“ഇവരെല്ലാം പറഞ്ഞു കേട്ടിട്ടുണ്ട്… സതീഷ് എന്ത് ചെയ്യുന്നു?”.. അദ്ദേഹം എന്നോട് ചോദിച്ചു.

പെയിന്റിംഗ് ജോലി ആണ് “

ഞാൻ പറഞ്ഞൊപ്പിച്ചു… പൊതുവെ ആൾക്കാരോട് ഇടപഴകാൻ മടിയുള്ള ആളാണ്‌ ഞാൻ..

അപ്പോഴേക്കും അവളുടെ അമ്മ വാതിൽ തുറന്ന് അകത്തേക്ക് വന്നു. എന്നെ കണ്ടപ്പോൾ സന്തോഷത്തോടെ വന്നു ചേർത്ത് പിടിച്ചു.

“കൊച്ചൂസേ… മോൻ കുറെ നേരമായോ വന്നിട്ട്?.. ഞാൻ ഊണ് വാങ്ങാൻ പോയതാ..”

“ഇല്ലമ്മാ, ഇപ്പൊ വന്നതേ ഉള്ളൂ..”

“ബാബൂ… ഇത് എന്റെ കൊച്ചൂസ്.. പൊന്നുവിന്റെ ഫ്രണ്ട് ആണ്.. പക്ഷേ എനിക്ക് ഇവൻ സ്വന്തം മോനാ… എന്താവശ്യത്തിനും ഓടി എത്താൻ ഇവൻ മാത്രമേ ഉള്ളൂ… “

എനിക്ക് ഇച്ചിരി അഭിമാനവും അതോടൊപ്പം ചമ്മലും തോന്നി. വേറൊന്നുമല്ല, കൊച്ചൂസ് എന്ന വിളി തന്നെ കാരണം… ഇവള് കൊച്ചു എന്നാണ് വിളിക്കുന്നത്.. അമ്മ അത് പരിഷ്കരിച്ചു.. എന്നാലും പുറത്തുള്ള ഒരാളുടെ മുൻപിൽ വച്ചു അങ്ങനെ വിളിക്കുമ്പോൾ ഒരു നാണം..

“ടാ നീ ഇവിടെ കുഞ്ഞിനെ കണ്ടില്ലല്ലോ… ഇങ്ങു വാ…” അവൾ കട്ടിലിൽ നിന്നു കുഞ്ഞിനെ എടുത്ത് എന്നെ വിളിച്ചു.. ഞാൻ മെല്ലെ അവളുടെ അടുത്ത് പോയി…ൻപെട്ടെന്ന് അവൾ ആ കുഞ്ഞിനെ എന്റെ കൈയിൽ വച്ചു തന്നു… ഞാൻ ശരിക്കും പേടിച്ചു… ഇന്നേ വരെ പരിചിതമല്ലാത്ത ഒരു കാര്യമാണിത്… ഞാനൊരിക്കലും നവജാത ശിശുക്കളെ എടുത്തിട്ടില്ല.. എനിക്ക് ഭയമാണ്… കൈയിൽ നിന്നും വീഴുമോ എന്ന്.. എന്റെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു… തീരെ ഭാരം തോന്നുന്നില്ല. ഒരു പൂച്ചെണ്ടു കൈയിൽ വച്ചതു പോലെ.. മുഖം മാത്രം പുറത്തു കാട്ടി തുണിയിൽ പൊതിഞ്ഞ ഒരു സുന്ദരികുട്ടി… ഒരു നിമിഷം അവൾ എന്നെ നോക്കി… എനിക്ക് ശരീരത്തിലൂടെ മിന്നലോടുന്നത് പോലെ തോന്നി…. കുഞ്ഞ് വീണ്ടും കണ്ണുകൾ പൂട്ടി ഉറങ്ങാൻ തുടങ്ങി.

കൈയിൽ ട്രേയുമായി ഒരു നേഴ്സ് അകത്തേക്ക് വന്നു.

“ഇഞ്ചക്ഷൻ ഉണ്ട്‌ “

“ഞാൻ കൊടുത്തോളാം..”

നേഴ്സ് സംശയത്തോടെ അവളെ നോക്കി

“പേടിക്കണ്ട, ഞാനും നേഴ്സ് ആണ്. മെഡിക്കൽ കോളേജിൽ…” അവൾ ചിരിച്ചു..

ഞാൻ കുഞ്ഞിനെ കട്ടിലിൽ കിടത്തി പുറത്തേക്ക് നടന്നു.. റൂമിനു മുൻപിലുള്ള കസേരയിലിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ അടുത്ത് വന്നിരുന്നു.

“നിന്റെ വിസയുടെ കാര്യം എന്തായി?”

“ഒന്നും ആയില്ല.. വിളിക്കാമെന്ന് പറഞ്ഞു. കുറച്ചു ക്യാഷ് ആദ്യം കൊടുക്കണം.. ബാക്കി വിസ വന്നതിനു ശേഷം.”

“വിശ്വസിക്കാമോ? അതോ കാശും കൊണ്ട് മുങ്ങുമോ?”

“ഏയ്‌. ഇല്ലെടീ… എനിക്കു പരിചയമുള്ള ചിലരെ ഇയാൾ രക്ഷപ്പെടുത്തിയിട്ടുണ്ട്..”

“മം.. നീ പോയി നന്നായി വാ.. “

“നിന്റെ കല്യാണം കഴിഞ്ഞിട്ടേ ഞാൻ പോകൂ..”

“എന്നാ നീ ഇപ്പോഴൊന്നും പോകില്ല “

“അതെന്താ.. നീ സന്യസിക്കാൻ പോകുവാണോ? അതോ മനസ്സിൽ ആരേലും ഉണ്ടോ?”

“ആ ഉണ്ട്.. നീ തന്നെ “..

“നീ കളിക്കല്ലേ… ഞാൻ കാര്യമായിട്ട് ചോദിച്ചതാ..”

“ഡാ, ഞാനും കാര്യമായിട്ട് പറഞ്ഞതാ… എനിക്കു നിന്നോട് മുടിഞ്ഞ പ്രേമമാ…”

“പുല്ല്… ഞാൻ പോണു “..

ഞാൻ എഴുന്നേറ്റതും അമ്മ പുറത്തേക്കു വന്നു.

“പിള്ളേരെ, നിങ്ങൾക് ഭക്ഷണം കഴിക്കണ്ടേ? മണി മൂന്നായി..”

“വേണ്ടമ്മാ, ഞാൻ പോകുകയാ..”

“തിന്നിട്ട് പോയാൽ മതി. നിന്റെ പെണ്ണുംപിള്ള കാത്തിരിക്കുന്നൊന്നും ഇല്ലല്ലോ?”

ദേഷ്യത്തോടെ അവൾ അകത്തേക്ക് നടന്നു. പിന്നാലെ ഞാനും. ഞങ്ങളോട് യാത്ര പറഞ്ഞു ബാബുവേട്ടൻ പോയി. ബൈ സ്റ്റാന്ററുടെ ബെഡിൽ രണ്ടു പൊതിച്ചോർ വച്ചിട്ടുണ്ട്. അവൾ അതിലൊന്ന് എടുത്ത് അമ്മയുടെ കൈയിൽ കൊടുത്തു.

“നമ്മൾ രണ്ടും ഇതിൽ നിന്നു കഴിച്ചോളാം “..

“പൊന്നൂ, അത് കുറച്ചേ ഉള്ളൂ.. അവനൊരു ആൺകുട്ടി അല്ലെ? മതിയാവില്ല.. നീ ഇത് കഴിച്ചോ “

“ഇവൻ അത്ര കഴിച്ചാൽ മതി “

“ഈ പെണ്ണിന്റെ ഒരു കാര്യം “.

അവൾ പൊതി തുറന്നു കറികൾ ഒഴിച്ചു… ഞങ്ങൾ രണ്ടുപേരും ഒരു ഇലയിൽ നിന്ന് കഴിക്കാൻ തുടങ്ങി..അമ്മയും ചേച്ചിയും ഞങ്ങളെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു.

“കൊച്ചൂ “.. അവൾ വിളിച്ചു.. ഞാൻ തലയുയർത്തി നോക്കി. ഒരു ഉരുള ചോറ് അവൾ എനിക്കു നേരെ നീട്ടി..

“നിനക്ക് വട്ടായോ?” ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു..

“കഴിക്കെടാ… എന്റെ ഒരു ആഗ്രഹമല്ലേ?.. പ്ലീസ് “.

ഞാൻ അമ്മയെയും ചേച്ചിയെയും നോക്കി. അവർ കുഞ്ഞിന് ടവൽ പുതപ്പിക്കുകയാണ്. ഞാൻ വേഗം വാ തുറന്നു. അവൾ ഉരുള എന്റെ വായിൽ വച്ചു തന്നു.. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു.. ഇലയിലേക്ക് നോക്കിയപ്പോൾ കണ്ണ് നീർ ഭക്ഷണത്തിലേക്ക് ഇറ്റു വീണു… ഞാൻ മതിയാക്കി എണീറ്റു… കൈ കഴുകി എല്ലാവരോടും യാത്ര പറഞ്ഞു, കുഞ്ഞിന്റെ കവിളിൽ ഒന്ന് തലോടി, പുറത്തേക്ക് നടന്നു… പിന്നാലെ അവളും..

താഴെക്കിറങ്ങാനുള്ള പടിക്കെട്ടിനടുത്തെത്തി ഞാൻ നിന്നു…

“പോട്ടെടീ “…

“മം… നിനക്കെപ്പോഴാ വിസയുടെ കാശ് കൊടുക്കേണ്ടത്?”

“ഈ ആഴ്ച കൊടുക്കണം “

“കാശ് റെഡി ആയോ?”

“കുറച്ച്…. പിന്നെ പ്രകാശേട്ടൻ കുറച്ച് തരാമെന്നു പറഞ്ഞിട്ടുണ്ട്…”

അവൾ വലതു കൈയിലെ വള ഊരി എനിക്ക് നേരെ നീട്ടി…

“നീ പോടീ… എനിക്ക് വേണ്ട…”

“അയ്യടാ… സിനിമേലൊക്കെ കാണുന്നത് പോലെ ആണെന്ന് വിചാരിച്ചോ മോൻ??? തത്കാലം ഇത് കൊണ്ട് പോയി പണയം വെക്ക്..കാര്യം നടക്കട്ടെ… ബാക്കി പിന്നെ അല്ലെ… നോക്കാം…. ഗൾഫിൽ പോയി ആദ്യത്തെ ശമ്പളം കിട്ടിയ ഉടനെ എടുത്തു തന്നേക്കണം. ഇല്ലേൽ അവിടെ വന്നു തല്ലും…”

ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“എന്താടാ?”

“മനസ് കരയുമ്പോഴും വളിച്ച കോമഡി അടിക്കാനുള്ള കഴിവ് നിനക്ക് മാത്രമേ ഉണ്ടാവൂ..”

“പിന്നെ ഞാൻ എന്താ വേണ്ടത്? നിന്നേം കെട്ടിപിടിച്ചു കരയണോ…?”

“വേണ്ടായേ… ഞാൻ പോകുകയാ…”

“ക ള്ളുകുടിക്കാൻ ആയിരിക്കും…”

“ഇല്ല… ഇന്ന് കുടിക്കില്ല.”

“അതെന്തു പറ്റി…? നീ നേരത്തെ അങ്ങനല്ലല്ലോ പറഞ്ഞത്?”

നിന്റെ സാമീപ്യത്തെക്കാൾ വലിയ ല ഹരിയൊന്നും ഒരു മ ദ്യത്തിനും തരാൻ കഴിയില്ല എന്ന് പറയണം എന്നുണ്ടായിരുന്നു… പക്ഷെ പറഞ്ഞില്ല… വെറുതെ ഒന്ന് പുഞ്ചിരിച്ചു…

“വീട്ടിൽ എത്തിയാൽ വിളിക്കണം “..

“ഓ.. ആയിക്കോട്ടെ…”

പടിക്കെട്ടിറങ്ങി താഴേക്ക് നടന്നു… ഗേറ്റിനടുത്തെത്തി തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ തന്നെ ഉണ്ട്… എന്നെ നോക്കി നില്കുന്നു……

ഗേറ്റിനടുത്തുള്ള കടയിലെ റേഡിയോയിൽ നിന്നും ഉണ്ണിമേനോന്റെ മനോഹര ശബ്ദത്തിലുള്ള ഗാനം ഒഴുകിയെത്തി…

“ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ… ഒരു വേള നിൻ നേർക്കു നീട്ടിയില്ല…”