പുതിയൊരു ക്ലയിന്റിനെ സെറ്റ് ആക്കിയ സന്തോഷത്തിൽ ബാക്കി ചർച്ചകളിലേക്ക് എഞ്ചിനീയർ വിനോദ് കടക്കുമ്പോൾ ആണ് ഫോൺ വീണ്ടും ബെൽ അടിക്കുന്നത്……

_autotone

Story written by Sumayya Beegum T A

മാഡം അപ്പൊ എല്ലാം ഓക്കേ അല്ലേ. ഈ പ്ലാൻ വെച്ച് തന്നെ മുമ്പോട്ടു പോകാം അല്ലേ?

തീർച്ചയായും വിനോദ്.

പുതിയൊരു ക്ലയിന്റിനെ സെറ്റ് ആക്കിയ സന്തോഷത്തിൽ ബാക്കി ചർച്ചകളിലേക്ക് എഞ്ചിനീയർ വിനോദ് കടക്കുമ്പോൾ ആണ് ഫോൺ വീണ്ടും ബെൽ അടിക്കുന്നത്.

മുഖത്ത് കഴിവതും ദേഷ്യം വരാത്തക്ക വണ്ണം അവനത് വീണ്ടും കട്ട്‌ ആക്കി.

സൈറ്റിൽ ഒക്കെ പണിക്കാർ ഉള്ളതുകൊണ്ട് ഫോൺ ഓഫ്‌ ചെയ്യാനോ സൈലന്റ് ആക്കിയിടാനോ പറ്റില്ല.

മാഡം ഒരു മിനുട്ട്.

അതും പറഞ്ഞു അവൻ ഫോൺ പോക്കറ്റിൽ നിന്നെടുത്തു കാൾ വന്ന നമ്പർ ബ്ലോക്ക് ചെയ്തു.

ഇതെല്ലാം വിനോദ് ശ്രദ്ധിക്കാത്ത വണ്ണം നിരീക്ഷിച്ചു കൊണ്ടിരുന്ന നീലിമയുടെ ചുണ്ടിൽ ഒരു ചിരി പടർന്നു.

വിനോദ് ഞാൻ ഒന്ന് ചോദിച്ചോട്ടെ.

വിനോദിനെ പലതവണ വിളിച്ചത് ഭാര്യ അല്ലേ ഒരു സംശയം. സത്യേ പറയാവു.

യെസ് മാഡം വൈഫ് ആണ്.

ഹൌസ് വൈഫ് ആണ് അറിയാല്ലോ അവർക്ക് അടുക്കളയിലെ ഇട്ടാ വട്ട പണികഴിഞ്ഞാൽ നേരം പോകണ്ടേ അതിന് ഇങ്ങനെ വിളിച്ചോണ്ടിരിക്കും. നമ്മുടെയൊക്കെ തിരക്ക് അവർക്ക് അറിയില്ല പറഞ്ഞാലൊട്ട് മനസിലാകുകയുമില്ല.

അത് ശരിയാണ് ഇന്നും കേരളത്തിലെ പുരുഷന്മാർക്ക് വീട്ടമ്മ എന്താണെന്നോ അവരുടെ പണികൾ എന്താണെന്നോ മനസിലായിട്ടില്ല ഇനിയൊട്ട് മനസിലാകുകയുമില്ല. അത് പോട്ടെ ഞാൻ തർക്കിക്കുന്നില്ല.

പക്ഷേ ഇയാൾക്ക് ആ ഫോൺ അറ്റൻഡ് ചെയ്യാരുന്നു. ആദ്യത്തെ തവണ എടുത്തിരുന്നെങ്കിൽ പിന്നെ വീണ്ടും വീണ്ടും വിളിക്കില്ലല്ലോ.

എന്റെ മാം ഉച്ചയ്ക്കത്തെ ചിക്കൻ കറി സൂപ്പർ അല്ലാരുന്നോ ഇല്ലെങ്കിൽ വൈകിട്ട് വരുമ്പോൾ പച്ചമുളക് മറക്കരുത് ഇങ്ങനെ ഇങ്ങനെ സില്ലി കാര്യങ്ങൾക്ക് ആയിരിക്കും. ഒന്ന് എടുത്താൽ പിന്നേം പിന്നേം ഓരോന്ന് ഓർത്തിട്ട് വിളിക്കും.

ഒരു ചർച്ചയിലാണ് തിരക്കാണ് എന്ന് പറഞ്ഞാൽ മനസിലാകാത്ത ഭാര്യമാർ ഇല്ല വിനോദ് അത് കഴിഞ്ഞ് അവരെ ഒന്ന് തിരിച്ചു വിളിക്കുക കൂടി ചെയ്താൽ ഡബിൾ ഓക്കേ. പക്ഷേ അതിന് നമുക്ക് കൂടി തോന്നണം.

പിന്നെ ഈ പറഞ്ഞ സില്ലി കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് കുറവ് വന്നാൽ സില്ലി ഒക്കെ സീരിയസ് ആവും അത് അവർക്ക് നന്നായി അറിയാം അതോണ്ട് ആണ് പലവട്ടം ഓർപ്പിക്കുന്നത്.

മാഡം ഫെമിനിസ്റ്റ് ആണോ?

അല്ല ഹ്യുമനിസ്റ്റ് ആകാൻ ആഗ്രഹിക്കുന്നു.

വിനോദ് പേടിപ്പിക്കാൻ പറയുന്നതല്ല ചിലപ്പോൾ വീട്ടിൽ ഒരു കള്ളൻ കേറിയിട്ട് എന്തേലും ഉപദ്രവിച്ചിട്ട് എഴുനേൽക്കാൻ പറ്റാതെ വിളിക്കുന്നത് ആണെങ്കിലോ അതും അല്ലെങ്കിൽ പെട്ടന്ന് ഒരു തലച്ചുറ്റലോ ശാരീരിക ബുദ്ധിമുട്ടോ ഉണ്ടായിട്ടു വിളിക്കുന്നത് ആണെങ്കിലോ. അങ്ങനെ അങ്ങനെ എന്തേലുമൊക്കെ എമർജൻസി ആണെങ്കിൽ എങ്ങനെ അറിയും?

അയ്യോ അങ്ങനെ ഒക്കെ പറഞ്ഞു ടെൻഷൻ അടിപ്പിക്കരുതേ. അങ്ങനെ വല്ലതും ഉണ്ടെങ്കിൽ മറ്റാരെങ്കിലും വിളിച്ചു പറയില്ലേ?

ഒന്നും പറയാൻ പറ്റില്ല വിനോദ് വീട്ടിൽ ഒറ്റയ്ക്കിരുക്കുമ്പോൾ എന്തും സംഭവിക്കാം.

ഞാൻ വെയിറ്റ് ചെയ്യാം വിനോദ് വീട്ടിലേക്ക് ഫോൺ വിളിക്ക്.

നീലിമയുടെ നിർബന്ധത്തിന് വഴങ്ങി വിനോദ് വീട്ടിലേക്ക് വിളിച്ചു.

എത്ര നേരമായി ചേട്ടാ ഞാൻ വിളിക്കുന്നു?ഭാര്യ പ്രിയയുടെ പരിഭവം കലർന്ന സ്വരം.

നീ എന്തിനാണ് വിളിച്ചത്?

മോൾടെ ക്ലാസ് ടീച്ചർ വിളിച്ചു.അവൾക് പെട്ടന്ന് ഒരു പനി,ഛർദിലുമുണ്ട്.സ്കൂൾ ചേട്ടന്റെ ഓഫീസിനടുത്തല്ലേ അതാണ് അങ്ങോട്ട് ഞാൻ വിളിച്ചത്. ചേട്ടൻ എടുക്കാഞ്ഞപ്പോൾ പരിചയം ഉള്ള ഓട്ടോ ഒന്നും വിളിച്ചിട്ട് കിട്ടിയില്ല.ഞാനിപ്പോ നടന്നു കവലയിൽ വന്നു ഓട്ടോയിൽ സ്കൂളിലേക്ക് പോകുക.

നീ സ്കൂളിലോട്ട് വാ എന്നിട്ട് ഓട്ടോ പറഞ്ഞു വിട്ടേക്ക് ഞാൻ ഇപ്പോൾ അവിടെത്തും.

ഫോൺ കട്ട്‌ ചെയ്തു വിനോദ് സീറ്റിൽ നിന്നും എഴുന്നേറ്റു.

മാഡം സോറി മോൾക് സുഖമില്ല നാളെ നമുക്ക് ബാക്കി സംസാരിച്ചാലോ.

വേഗം പോകു വിനോദ് നാളെ ബാക്കി തീരുമാനിക്കാം.

വൈകിട്ട് മോളെ ഉറക്കുന്ന പ്രിയയെ കണ്ടു ന്യൂസ്‌ കാണാൻ ഹാളിലേക്ക് വന്നപ്പോൾ നീലിമ മാഡത്തിന്റെ കാൾ.

വിനോദ് കുട്ടിക്ക് എങ്ങനെയുണ്ട്?

കുറവുണ്ട് മാഡം വൈറൽ ഫീവർ ആണ്.

മാഡത്തിന് ഒരു താങ്ക്സ് പറയാൻ മറന്നു.

താങ്ക്സ് ഒന്നും വേണ്ട കൂടെയുള്ള ആളെ പരിഗണിക്കുക മനസിലാക്കുക ഇനിയെങ്കിലും. കാരണം പത്തിരുപതു വയസ്സ് കൂടുതലുള്ളതിന്റെ അനുഭവ പരിചയം കൊണ്ട് മാത്രമല്ല ഇങ്ങനെ ഉള്ള ചില പിടിവാശികളിൽ കുടുങ്ങി ജീവിതം നഷ്ടപ്പെട്ട ഒരു ചേച്ചി പറഞ്ഞു തരുന്നതാണെന്നു കരുതിയാൽ മതി

എന്നെ കേൾക്കാൻ സമയമില്ലാത്ത ഒരാളെ വേണ്ടെന്ന് വെച്ച് ജീവിതത്തെ തന്റേടത്തോടെ നേരിട്ടവൾ ആണ്. അയാളെക്കാൾ തിരക്കായി വളർന്നപ്പോൾ ആണ് മനസിലായത് അടിത്തറ ശൂന്യമാണെന്ന്. ഏതു നിമിഷവും നിലം പൊത്താം താങ്ങാൻ കരങ്ങളില്ല.

കുടുംബം തരുന്ന സ്നേഹവും സുരക്ഷയും വിനോദിന് എന്നും ഉണ്ടാവട്ടെ. അതും പറഞ്ഞവർ ഫോൺ കട്ട്‌ ചെയ്യുമ്പോൾ വിനോദ് പ്രിയയുടെ അടുത്തേക്ക് പോയിരുന്നു. ആ വീട്ടമ്മയ്ക്കും അവളുടെ ഭർത്താവിനോട് ഒരുപാട് പറയാനുണ്ട് അയാൾക്ക് ഇന്നത് കേൾക്കാനും മനസ്സുണ്ട് ❤️