അമ്മായിമ്മ 196.2FM
എഴുത്ത്:-സൽമാൻ സാലി
ഉച്ചക്കേക്ക് കറിക്ക് അരിഞ്ഞോണ്ടിരിക്കുമ്പോളാണ് പിന്നാമ്പുറത്ത് കോഴിക്കൂട്ടിൽ ഒരു ബഹളം…കോഴിക്ക് തീറ്റ കൊടുക്കുന്ന പത്രം വലിയ ഒച്ചയോടെ കിണറ്റിൻ കരേൽ വന്ന് വീണു പിന്നേം കോഴീനോട് ന്തൊക്കൊ പിറുപിറുക്കുന്നുണ്ട്.
ന്റമ്മായുമ്മയാണ് ഞാൻ വീട്ടിൽ പോകുന്നതിന്റെ ഏന കേടാണ് കോഴിക്കൂട്ടിൽ തീർക്കുന്നത്…
പിറുപിറുപ്പ് അടുക്കളേൽ എത്തീട്ടും നിക്കാതായപ്പോ തിണ്ണേൽ കിടന്ന കിണ്ണം ഞാനെടുത്ത് നിലത്തേക്കിട്ടു അതാവുമ്പോ അയിന്റെ മണിച്ചൽ കൊറേ നേരം ചെവീൽ കിടക്കും…
ഒന്നോ രണ്ടോ മാസം കൂടുമ്പോ ഒരു പതിനെട്ട് മണിക്കൂർ ന്റെ വീട്ടിൽ പോയി നിക്കും അയിനാണ് ഈ കിടന്ന് ബഹളം വെക്കുന്നത്..
ഉച്ചക്ക് ചോറും വെച്ച് കാലത്തേക്കുള്ള മാവും അരച്ചു വെച്ച് അലക്കും തുടയു മൊക്കെ കഴിഞ്ഞു രാത്രിക്കുള്ള ചപ്പാത്തിയും ണ്ടാക്കീട്ട് മാണം പോകാൻ അപ്പളേക്കും മഗ്രിബ് ആയിണ്ടാവും..
ന്നാലോ എല്ലാ പണീം കഴിഞ്ഞു ഇറങ്ങാൻ നേരം പോവാണെന്ന് പറഞ്ഞാൽ മുഖം കടന്നല് കുത്തിയപോലുണ്ടാവും…
ആദ്യൊക്കെ അത് കാണുമ്പോൾ പോകാനുള്ള മനസ്സ് ണ്ടാവില്ലായിരുന്നു…
പക്ഷെ ഇപ്പൊ അതൊരു ശീലായൊണ്ട് ആ മുഖത്തോട്ട് നോക്കാൻ നിക്കൂല… അല്ല പിന്നെ…
ന്റെ പോരേൽ ന്തേലും പരിപാടി ണ്ടേൽ അത് അലോയിച് എനിക്ക് ടെൻഷൻ തുടങ്ങും..
ഒന്ന് പോരേൽ പോകാൻ സമ്മതം ചോയിക്കാൻ പ്രിൻസിപ്പാളിന്റെ റൂമിൽ പോയപോലെയാണ്.. അസർ നിസ്കാരം കഴിഞ്ഞു കാലും നീട്ടിവെച്ചു ഖുർആൻ ഓതുന്ന ഉമ്മാടെ റൂമിലേക്ക് ചെന്നാൽ ഒന്ന് തല പൊക്കി നോക്കുക പോലുമില്ല.. ഞാൻ ചെല്ലുന്നത് കണ്ടാൽ മരിച്ചപോരെൽ യാസീൻ ഓതുന്ന മുസ്ല്യാരെ പോലെ ഓതൽ ഒന്നൂടെ ജോറാക്കും..
അത് കാണുമ്പോൾ യ്ക്ക് പിരാന്ത് കേറുമെങ്കിലും ആവശ്യം ന്റേതായൊണ്ട് മുണ്ടാണ്ട് കാര്യം പറയും…
ന്റെ പോരെ പോണം ന്ന് പറഞ്ഞാൽ അപ്പൊ നിസ്കാര കുപ്പായം പൊക്കി പിടിച്ചു നല്ല വാഴ കാമ്പ് പോലത്തെ കാൽ കാണിച്ചിട്ട് രണ്ട് ഉഴിച്ചിലാണ്.. ഇയ്യ് ഇത് കണ്ടോ ആകെ നീര് വന്ന്ക്ക്ണ്.. ഇയ്യ് പോയാൽ പിന്നെ ആരാ ഇവിടെ ള്ളത്…..
പോയിക്കൊന്നും പറയൂല പോണ്ടാ ന്നും പറയൂല ന്റെ ചോദ്യം കയ്യാലപ്പുറത്തെ തേങ്ങ പോലെ ഉത്തരം കിട്ടാതവിടെ കിടക്കും..
മ്മാടെ ഓത്തും കഴിഞ്ഞു അടുക്കളേൽ വരുമ്പോൾ അറിയാം ഉമ്മ അഭിനയം തൊടങ്ങീക്ക്ണ് ന്ന്… ഇക്ക ഓരോ കൊല്ലവും ലീവിന് വരുമ്പോൾ കൊണ്ടരുന്ന ടൈഗർ ഭാമിന്റെ മണായിരിക്കും ഇനി ഞാൻ പോരേൽ പോയി വരുന്നത് വരെ മ്മാക്ക്….
അവസാനം ഇക്കാനെ വിളിച്ചു സമ്മതോം എടുത്തു ഉമ്മാനോട് പറഞ്ഞുന്നും അറിയിച് മോളേം കൂട്ടി വീട്ടിലേക് പോകുമ്പോൾ ഓട്ടോയിൽ പോകാനുള്ള പൈസ തരും… കഴിഞ്ഞ പ്രാവശ്യം പോരാൻ നേരം ഉപ്പ കയ്യിൽ വെച്ചു തന്ന പൈസക്കൊണ്ട് ബേക്കറിയിൽ കയറി പലഹാരോം വാങ്ങി വീട്ടിലെത്തുമ്പോ മഗ്രിബ് ബാങ്ക് വിളിച്ചിട്ടുണ്ടാകും…
കട്ടൻ ചായേം മിച്ചറും തിന്നുമ്പോ ഉമ്മാന്റെ ഒരു ചോദ്യം ണ്ട് അനക് അവിടെ എടങ്ങാറൊന്നും ല്ലാലോ മോളെ ന്ന്…
സങ്കടം കൊണ്ട് തൊണ്ടയിൽ കുരുങ്ങിയ മിച്ചർ തരിമൂക്കിൽ കയറി ചുമക്കുമ്പോ ഉമ്മ വന്ന് തലയിൽ മുട്ടി തരും…. ന്നാലും പറയും സുഖമാണ് ഉമ്മാ… ന്ന്… പത്ത് പതിനെട്ട് കൊല്ലം പോറ്റിയിട്ട് നല്ല രീതിയിൽ കെട്ടിച്ചുവിട്ടിട്ട് പിന്നേം ഓര സങ്കട പെടുത്തണ്ടാന്ന് വെച്ചിട്ട് ഒന്നും പറയാൻ നിക്കൂല….
ന്റെ പോരേൽ എത്തിയാൽ ക്ലോക്കിലെ സൂചിക്ക് എഡ്യോ പോകാൻ ഉള്ളത് പോലാണ്.. മണിക്കൂറുകൾ മിനിറ്റുകളുടെ വേഗത്തിൽ കഴിഞ്ഞു പോകും…
സ്വന്തം പോരേൽ മഗ്രിബിന് കേറി ചെന്നാലും മാപ്ലന്റെ പോരേൽ അസറിനു മുന്നേ എത്തണം ന്ന് ആരോ ണ്ടാക്കിയ നിയമം പോലാണ്…ഉച്ചക്ക് ചോറും തിന്ന് അവിടുന്ന് ഇറങ്ങും..
തിരിച്ചിറങ്ങാൻ നേരം ഉപ്പ പിന്നേം കയ്യിൽ വെച്ച് തരും രണ്ട് മൂന്ന് നൂറിന്റെ നോട്… പോകുമ്പോൾ ഇഷ്ട്ടമുള്ളത് വാങ്ങാൻ തരുന്നതാണെങ്കിലും അടുത്ത വട്ടം വരുമ്പോൾ ബേക്കറി വാങ്ങിക്കാനായി ആ പൈസ ന്റെ ബാഗിൽ സ്ഥാനം പിടിച്ചിരിക്കും…..
പെങ്ങൾ വീട്ടിൽ ഒരാഴ്ച നിന്നിട്ട് പോകുമ്പോളും അനക്ക് രണ്ടീസം കഴിഞ്ഞിട്ട് പോയാ പോരെ ന്ന് ചോയിക്കുന്ന അമ്മായിമ്മ ഞാൻ ഒന്ന് വരാൻ വൈകിയാൽ പിന്നെ അയിന്റെ പിറുപിറുപ്പ് ഒരാഴ്ച ണ്ടാവും… ഓര് പത്ത് മാസം ഗർഭം ചുമന്ന് പ്രസവിച്ചത് ന്നെ ന്തോ തവിട് കൊടുത്ത് വാങ്ങിയതാണെന്ന ഓരെ ചിന്ത ..ന്റുമ്മക്കും ഞാൻ ഒരു മോളല്ലേ… മോള് വന്നാൽ ആഹാ.. ഞാൻ പോയാൽ ഏഹേ… രണ്ടാൾക്ക് രണ്ട് നീതി..
തിരിച്ചു വന്നാലും മൂന്നാല് ദിവസം വെക്കുന്ന കറിക്കും ചോറിനും ഉപ്പു കുറവാണ് എരിവ് കൂടുതൽ ആണ് ന്നൊക്കെ ഉള്ള കുറ്റം പറഞ്ഞോണ്ടിരിക്കും.,..പിറുപിറുപ്പ് തീരെ സഹിക്കണ്ടാവുമ്പോ ഞാൻ കിണ്ണം എടുത്ത് നിലത്തിടും… അപ്പൊ അയിന്റെ മണിച്ചൽ കേക്കുമ്പോ യേശുദാസിന്റെ ഗംഗേഈഈഈഈഈഈഈ ന്നുള്ള പാട്ട് കേൾക്കുന്ന ഒരു ഫീലാണ് എനിക്ക് ….
ഒരു മരുമകളുടെ അനുഭവങ്ങൾ ന്റെ ഭാവനയിൽ.