രചന : ഹിമ ലക്ഷ്മി
“പiന്നി പെറ്റുകൂട്ടുന്നതുപോലെ മക്കളെ പെറ്റുകൂട്ടാൻ ആർക്കും സാധിക്കും. പക്ഷേ ഒരാൺകുട്ടിയെ പ്രസവിക്കണമെങ്കിൽ അതിന് ഭാഗ്യം ചെയ്യണം. ആ ഭാഗ്യം നിനക്കില്ല,.
ദേവകി ദേഷ്യത്തോടെ മരുമകൾ സീതയുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന അവളുടെ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു.
പ്രസവത്തിൽ മൂന്നാമത്തേതും പെൺകുട്ടി ആയപ്പോൾ മുതൽ തുടങ്ങിയതാണ് ഈ ശാപവാക്കുകൾ. ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് കയറിപ്പോയി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദേവകിയുടെ വീട്ടിൽ നിന്നും സഹോദരനും ഭാര്യയും എത്തിയിട്ടുണ്ടായിരുന്നു. വിശേഷം പറച്ചിലുകൾക്കിടയിലാണ് മകന്റെ കുഞ്ഞിനെ കുറിച്ച് അവർ ചോദിച്ചത്. അപ്പോഴേക്കും അവരുടെ ഭാവം മാറിയിരുന്നു.
” എന്ത് പറയാനാ മൂന്ന് പെമ്പിള്ളേരെ പെറ്റുകൂട്ടി വെച്ചിരിക്കുകയാ., എന്റെ മോനെ മുടിപ്പിക്കാൻ ആയിട്ട് ഈ മൂന്നെണ്ണത്തിനെയും പഠിപ്പിച്ചു കെട്ടിച്ചു വിടുമ്പോഴേക്കും അവന്റെ കാര്യം ഗോവിന്ദ. അവൾക്ക് ഇങ്ങനെ പെറ്റു കൂട്ടിയാൽ മതിയല്ലോ. ഈ അശ്രീകരം പിടിച്ചതിനെ കെട്ടിക്കൊണ്ടു വന്നപ്പോഴേ എനിക്ക് അറിയാമായിരുന്നു ഒരാൺ സന്താനം ഈ കുടുംബത്തിൽ പിറക്കില്ലെന്ന്. എന്റെ മോന്റെ വംശം നിലനിർത്താൻ ഒരു കുഞ്ഞില്ലാതെ പോയല്ലോന്നുള്ള സങ്കടം മാത്രമേ എനിക്ക് ഉള്ളൂ. ഏതായാലും ഒരു കൊല്ലം കൂടെ കഴിയട്ടെ അവളെക്കൊണ്ട് ഞാൻ ഒന്നുകൂടി പ്രസവിപ്പിക്കും. അതും പെണ്ണാണെങ്കിൽ ഉറപ്പായിട്ടും ഇവളെ ഞാൻ ഇവടെ വീട്ടിൽ കൊണ്ട് നിർത്തും. എന്നിട്ട് എന്റെ മോനെ കൊണ്ട് വേറെ കല്യാണം കഴിപ്പിക്കും.
ദേഷ്യത്തോടെ ദേവകി അത്രയും പറഞ്ഞപ്പോൾ അടുക്കളയിൽ നിന്ന സീതയുടെ നെഞ്ചിൽ വല്ലാത്തൊരു വേദനയാണ് തോന്നിയത്. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ അമ്മ ഇത്രത്തോളം കുറ്റപ്പെടുത്തുന്നത് എന്ന് അവൾക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. പെൺകുട്ടികൾ ഉണ്ടാകുന്നത് തന്റെ തെറ്റാണോ.? രണ്ടാമത്തെ കുഞ്ഞിന് ഒരു വർഷം പ്രായമായപ്പോൾ അവളെ പാൽ ഊട്ടാൻ പോലും സമ്മതിക്കാതെ മകന്റെ മണിയറയിലേക്ക് മരുമകളെ നിർബന്ധിച്ചായച്ച അമ്മയാണ്. കുഞ്ഞിന് ഒരു രണ്ടു വയസ്സെങ്കിലും ആവാതെ ഇനി ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് കരുതിയെങ്കിലും ഭർത്താവി നൊപ്പം ബന്ധപ്പെടുവാൻ തന്നെ നിർബന്ധിച്ചത് അമ്മായിയമ്മയാണ്. ഒരു മകന്റെ കാര്യത്തിൽ എങ്ങനെ മരുമകളോട് അമ്മയ്ക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയുമെന്ന് വരെ അവൾ ചിന്തിച്ചിട്ടുണ്ട്.
അന്നവർ തന്നോട് പറഞ്ഞത് മകന്റെ മൂഡ് പോകുന്നതിനു മുൻപ മുറിയിലേക്ക് ചെല്ലാനാണ്. ഗർഭിണിയാണ് എന്ന് അറിഞ്ഞപ്പോൾ മുതൽ ഓരോ ഭക്ഷണങ്ങൾ തന്ന് ഇത് ആൺകുഞ്ഞ് ആവണം എന്ന് പറഞ്ഞ് പിറകെ കൂടിയതാണ് അവർ. സത്യം പറഞ്ഞാൽ ലേബർ റൂമിലേക്ക് കയറുമ്പോൾ പോലും ഭയമായിരുന്നു അവർ ആഗ്രഹിച്ചത് പോലെ ആൺകുഞ്ഞ് അല്ല എങ്കിൽ തിരിച്ചു വരുമ്പോൾ തനിക്ക് ഉണ്ടാവുന്നത് എന്തൊക്കെയാവും എന്ന് ഉറപ്പായിരുന്നു. ആ ഒരു ഭയത്തിന്റെ പുറത്താണ് ലേബർ റൂമിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടപ്പോൾ ആദ്യം തന്നെ കുഞ്ഞിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിക്കുന്നതിനു മുൻപ് ആണാണോ പെണ്ണാണോ എന്ന് ചോദിച്ചത്. പെണ്ണാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ തന്റെ സർവ്വ സമാധാനവും തകർന്നു എന്ന് പറയുന്നതാണ് സത്യം. അത് കുഞ്ഞിനെ ഇഷ്ടമില്ലാഞ്ഞല്ല ഇവിടെ വന്നതിനു ശേഷം കുഞ്ഞ് സഹിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അറിയാവുന്നത് കൊണ്ട് തന്നെയാണ്. പ്രസവം കഴിഞ്ഞ് ഇവിടെ വന്നു കഴിഞ്ഞ് ഇതുവരെ കുഞ്ഞിനെ കൈകൾ കൊണ്ട് അവർ തൊട്ടിട്ടുപോലുമില്ല.. ആരോഗ്യ പരമായി താൻ ഇപ്പോൾ ഒട്ടും നല്ല അവസ്ഥയിലല്ല ഇനിയൊരു പ്രസവം വേണ്ട എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.. എന്നാൽ ഇവിടെ വന്ന സമയം മുതൽ തന്നെ വീണ്ടും ഒരു അമ്മയാവാൻ നിർബന്ധിക്കുകയാണ് അവർ. കുഞ്ഞിന് ഇപ്പോൾ മൂന്നുമാസം കഴിയാൻ കാത്തിരിക്കുകയാണ്. തന്നെ വീണ്ടും ഭർത്താവിന്റെ അരികിലേക്ക് തള്ളി വിടാൻ.. അടുത്ത പ്രസവത്തിൽ ആൺകുട്ടി ആയില്ലെങ്കിൽ തന്നെ ഉപേക്ഷിക്കും എന്നതാണ് ഇപ്പോൾ ഭീഷണി..എല്ലാത്തിനും ഭർത്താവിന്റെ മൗന അനുവാദവും ഉണ്ട്..അതുകൂടി കാണുമ്പോഴാണ് വേദന വരുന്നത്.
സീത ആലോചിച്ചു
കുഞ്ഞിന് മൂന്ന് മാസം തികഞ്ഞ ദിവസം തന്നെ ദേവകി സീതയുടെ അരികിലേക്ക് എത്തി.. അവരുടെ കയ്യിൽ ഒരു ഗ്ലാസ് പാലും ഉണ്ടായിരുന്നു.
” ഇത് ഒരു ജോത്സ്യൻ തന്ന പൊടിയാ, അതും കൂടി ഈ പാലിനകത്ത് ഇട്ടിട്ടുണ്ട്. കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് നീ ഇതുകൊണ്ട് അവന്റെ മുറിയിലേക്ക് ചെല്ലാൻ നോക്ക്.
മനസ്സിലാവാതെ സീത അവരുടെ മുഖത്തേക്ക് നോക്കി..
” മൂന്നുമാസം പ്രായമായ കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് തന്നിട്ട് ഞാൻ എവിടെ പോകാനാ.?
അവൾ താൽപര്യമില്ലാതെ ചോദിച്ചു
” നീ കൂടുതൽ സംസാരിക്കുക ഒന്നും വേണ്ട. ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് നിനക്ക് മനസ്സിലായല്ലോ. പിന്നെ നീ ഇങ്ങനെ ഇഷ്ടപ്പെടാതെ അല്ല ഇതിനൊന്നും പോകേണ്ടത്. കുറച്ച് താല്പര്യത്തോടെ സ്നേഹത്തോടെ അവന്റെ മുമ്പിൽ കിiടന്നു കൊടുത്താൽ അല്ലേ അവനു എന്തെങ്കിലുമൊക്കെ തോന്നത്തുള്ളൂ, നീ കുഞ്ഞിനെ തന്നിട്ട് കുളിച്ച് സുന്ദരിയായിട്ട് ചെല്ല്… എങ്ങനെ യെങ്കിലും നമുക്ക് ഒരു ആൺകുഞ്ഞ് വേണം.
“അമ്മ ഒന്ന് നിർത്തുന്നുണ്ടോ.? ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒക്കെ ഒരു പരിധിയുണ്ട്. ഇവിടെ വന്ന് ആദ്യത്തെ പ്രസവം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ ഒരാൺകുഞ്ഞ് വേണമെന്ന് പറഞ്ഞ്.. ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരു പ്രസവം കൂടി നടത്താൻ ഉദ്ദേശിച്ചിട്ടില്ല. ഇനി ഇതിന്റെ പേരിൽ എന്നെ ഉപേക്ഷിക്കുമെന്ന് പറഞ്ഞാലും എനിക്ക് ഒരു കുഴപ്പമില്ല. പിന്നെ ആൺകുട്ടി ഉണ്ടാവാത്തത് എന്റെ കുഴപ്പം കൊണ്ടല്ല. അമ്മയുടെ മോന്റെ കുഴപ്പം കൊണ്ടാ. ഞാനല്ല വേറൊരു പെണ്ണാണ് ഈ സ്ഥാനത്ത് വരുന്നതെങ്കിലും അമ്മയുടെ മോന്റെ ക്രോമസോമിൽ പെൺകുട്ടി ജനിക്കാനുള്ള സാഹചര്യമേ ഉള്ളുവെങ്കിൽ അങ്ങനെ ഉണ്ടാവു, അല്ലാതെ ഇതൊന്നും ജ്യോത്സ്യൻ തരുന്ന പൊടിയുടെ പുറത്തു നടക്കുന്ന കാര്യങ്ങളെല്ല. അതുപോലെ എത്ര സ്നേഹത്തോടെ കിiടന്നു കൊടുത്താലും ആൺകുട്ടി വേണോ പെൺകുട്ടി വേണോ എന്ന് തീരുമാനിക്കുന്നത് ദൈവം ആണ്. ഈ കാലഘട്ടത്തിലും ആൺകുട്ടി കളെയും പെൺകുട്ടികളെയും വേർതിരിച്ചു കാണുന്ന അമ്മയുടെ മനസ്സ് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി ഈ കാര്യം പറഞ്ഞുകൊണ്ട് എന്നോട് വഴക്കിന് വന്നാൽ അമ്മയുടെ പേരിൽ ഞാൻ വനിതാ കമ്മീഷണിൽ പരാതി കൊടുക്കും. പിന്നെ ഈ മൂന്നുമാസമായിട്ട് എന്റെ പ്രസവത്തിന്റെ മുറിവ് പോലും ഉണങ്ങിയിട്ടില്ല. ആ എന്നെയാ നിങ്ങൾ മകന്റെ മുറിയിലേക്ക് നിർബന്ധിച്ച് വിടുന്നത്. ഇതിലും നല്ലത് മറ്റെന്തെങ്കിലും ജോലിക്ക് പോകുന്നത് ആണ്. ഇനി ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ എനിക്കിവിടെ അനുഭവിക്കേണ്ടിവന്നാൽ എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല.
അത്രയും പറഞ്ഞു സീത മുൻപോട്ട് പോയപ്പോൾ അത്ഭുതത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു ദേവകി