പിന്നെ കല്യാണം കഴിഞ്ഞു വർഷങ്ങൾ ആയെങ്കിലും എനിക്കു കുട്ടികളില്ല. ദൈവം അതിനുള്ള ഭാഗ്യം തന്നില്ല. അതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു പോകുന്നു…….

കുടുംബിനി

രചന: Krishnan Abaha

ഞായറാഴ്ച ബിരിയാണി വെക്കണം എന്നു അവൾ പറയാൻ തുടങ്ങിയിട്ടു മാസങ്ങളായി. എന്നാൽ ഞാൻ പല കാരണങ്ങൾ പറഞ്ഞു അവളുടെ ആവിശ്യങ്ങൾ നിരസിച്ചു.

കാരണം എന്റെ വിഷമങ്ങൾ എനിക്കേ അറിയൂ. ചേട്ടനും അവന്റെ ഭാര്യയും കുട്ടികളും പിന്നെ അനുജന്റെ കുടുംബം. പെങ്ങൾ പിന്നെ ഡിഗ്രിക്കു പഠിക്കുന്ന അനുജൻ.

ഒരു വലിയ കുടുംബം തിങ്ങിപ്പാർക്കുന്ന ഈ കൊച്ചു വീട്ടിലെ ജീവിത ചിലവുകൾ മുന്നോട്ടു കൊണ്ടു പോകാനുള്ള തത്രപ്പാടുകൾ പറയാതിരിക്കുന്നതാണ് ഭേദം.

കൂലിപ്പണിക്കാരനായ ചേട്ടനു ആഴ്ചയിൽ ഒന്നുരണ്ടു പണി കിട്ടിയാൽ ആയി. അതുകൊണ്ട് എവിടെ നടക്കാൻ. അവനു ക ള്ളുഷാപ്പിലും ബീ ഡി വലിക്കാനും തികയില്ല ആ കാശ്.

പിന്നെ കുട്ടികൾക്ക്‌ അസുഖം വന്നാൽ അതിനുള്ള വകയും ഈ മധ്യമൻ തന്നെ വഹിക്കണം.

പൂർവ്വ പ്രവാസിയായിരുന്ന അനുജൻ ഇപ്പോൾ നഗരത്തിലെ ഒരു സ്ഥാപനത്തിൽ സെക്യുരിറ്റിയായി ജോലി ചെയ്യുന്നു.

അവിടെ നിന്നും കിട്ടുന്ന നക്കാപിച്ച കൊണ്ടു എങ്ങിനെ മുന്നോട്ടു പോകും? ആവതു കാലത്തു ഒന്നും സമ്പാദിച്ചില്ല.

ഉള്ളത് മുഴുവൻ ധൂർത്തു അടിച്ചു കളഞ്ഞു. ഇപ്പോൾ എന്തെങ്കിലും സംഭവിക്കുമ്പോൾ മേലോട്ട് നോക്കും.

പിന്നെ കല്യാണം കഴിഞ്ഞു വർഷങ്ങൾ ആയെങ്കിലും എനിക്കു കുട്ടികളില്ല. ദൈവം അതിനുള്ള ഭാഗ്യം തന്നില്ല. അതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു പോകുന്നു.

ഒന്നു ചീഞ്ഞിട്ടാണല്ലോ മറ്റൊന്നിനു വളമാകുന്നതു. കല്യാണം കഴിഞ്ഞവർ അവരുടെ പാടുകളും കൊണ്ടു പോയെങ്കിൽ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കാമായിരുന്നു.

പക്ഷെ അവരെവിടെ പോകാൻ? അവരുടെ ഭാര്യവീട്ടിലാണെങ്കിൽ ഞങ്ങളെ പോലെ തന്നെ ഗതി പിടിക്കാത്തവർ.

മറ്റു കൂടപ്പിറപ്പുകളെ പഠിപ്പിച്ചു നല്ല നിലയിൽ ആക്കാമായിരുന്നു. പക്ഷെ ഈ പ്രാരാബ്ദങ്ങളുടെ പെരുമഴക്കാലത്തു അതും സംശയത്തിന്റെ നിഴലിൽ.

ഈ കുടുംബാസൂത്രണ സംവിധാനം ജനിപ്പിച്ചവരുടെ കാലത്തു ഇല്ലാതിരുന്നത് കഷ്ടം തന്നെ എന്നു തോന്നിയിട്ടുണ്ടു.

ആളുകൾ അണുകുടുംബത്തിലേക്കു മറുവാൻ കാരണവും കഷ്ടപ്പെടാൻ കഴിയില്ലെന്നത് കൊണ്ടു തന്നെ.

ഇങ്ങനെ പ്രാരാബ്ധക്കാരനായി കഴിയുമ്പോഴാണ് അവൾ ബിരിയാണിക്കു കൊതി പിടിച്ചു നിൽക്കുന്നതു. ചിക്കാനാണെങ്കിൽ ഒന്നു വാങ്ങിയാൽ പോര.

രണ്ടുമൂന്നു ചിക്കനെങ്കിലും വേണം വീട്ടിൽ ഒരു ബിരിയാണി വെക്കാൻ.

പിന്നെ അതിന്റെ മസാലകൾ. ബിരിയാണി അരി. ആവൂല. ഈ കാശുണ്ടെങ്കിൽ കറന്റ് ബില്ല്… അണ്ണാച്ചി.. എന്നിങ്ങനെയുള്ള കാര്യങ്ങൾ സാധിക്കും.

അവളിട്ട മാക്സി കണ്ടിരുന്നോ നിങ്ങൾ? കീറി തുന്നിയതാണ്. ഇട്ടതെന്നെ വീണ്ടും വീണ്ടുംഅലക്കിയിട്ട് കഴിയുന്നു പാവം.

അങ്ങനെയുള്ള പെണ്ണിനെ കിട്ടിയത് ഈ കുടുംബത്തിന്റെ ഭാഗ്യമെന്നു അമ്മ ഇടക്കിടെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. മിനിട്ടിനു മിനുട്ടിനു കാലു തേച്ചു കഴുകി വരുന്ന പെണ്ണാണെങ്കിൽ കുടുംബം കുളം തൊണ്ടിയേനെ എന്നു അച്ഛനും പറയും.

ഏതായാലും ബിരിയാണി വെക്കാനുള്ള അവളുടെ മോഹം അടുത്തെങ്ങും നടക്കാൻ സാധ്യത ഇല്ല.

അടുത്ത വീട്ടിൽ നിന്നും ഞായറാഴ്ചകളിൽ ബിരിയാണി വെക്കുന്ന മണം മൂക്കിൽ തുളച്ചു കേറി വരുമ്പോൾ അവൾ മുഖത്തേക്കു നോക്കും.

പിന്നെ അവൾ അകത്തേക്കു ഓടി പ്പോകും.

ബിരിയാണിയെ ക്കുറിച്ചുള്ള ചിന്തകൾ അലട്ടുമ്പോൾ പെട്ടെന്നാണ് ഒരാശയം മനസ്സിലുദിച്ചത്.

ഒരു ബിരിയാണി കടയിൽ നിന്നും വാങ്ങി കൊണ്ടു വന്നു കൊടുത്താലോ?

പക്ഷെ എവിടെ നിന്നും കഴിക്കും? ഇത്രയും പേരുടെ കണ്ണുവെട്ടിച്ചു?കൊതിപൂണ്ട ഒരുപാടു കണ്ണുകൾ ചുറ്റും ഉള്ളപ്പോൾ…

പക്ഷെ അതിനൊരു വഴി കണ്ടു പിടിച്ചു. രാത്രിയിൽ എല്ലാവരും ഉറങ്ങി ക്കഴിഞ്ഞാൽ ബെഡ്‌റൂമിൽ വെച്ചു കഴിക്കാമല്ലോ.

അങ്ങനെയാണു അന്നു രാത്രി ബിരിയാണിയും വാങ്ങി വൈകി വീട്ടിലെത്തിയത്. എല്ലാവരും കിടന്നിരുന്നു. അകത്തേക്കു കയറിയ ഉടൻ വാതിലടച്ചു.

കണ്ണടച്ചേ…നിനക്കൊരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്… ഞാൻ പറഞ്ഞു.

മാക്സിയാണോ…? അവൾ ചോദിച്ചു.

അല്ല. ബിരിയാണി. നിന്റെ ഈ ആഗ്രഹമെങ്കിലും സാധിച്ചു തരാൻ പറ്റിയില്ലെങ്കിൽ ഞാൻ എന്തിന് ജീവിക്കണം…

സന്തോഷിക്കുമെന്നു കരുതി മുഖത്തേക്കു നോക്കിയപ്പോൾ അവൾ മുഖം തിരിച്ചു.

എന്തേ… വേണ്ടേ…? കാശുണ്ടായിട്ടല്ല… നിനക്കു വേണ്ടി കടം വാങ്ങിയതാണ്.

ഞാൻ ബിരിയാണി അവളുടെ നേരെ നീട്ടി.

അവൾ കൈ തട്ടിമാറ്റി കൊണ്ടു പറഞ്ഞു.

നിങ്ങൾക്ക് നാണമില്ലേ മനുഷ്യ.. അച്ഛനും അമ്മയും കുറേ മക്കളും ഉറങ്ങി കിടക്കുമ്പോൾ ഞാൻ എങ്ങനെ ഇതു കഴിക്കും. നമുക്ക് മക്കളില്ല എന്നു വെച്ച്….

വാക്കുകൾ മുഴമിപ്പിക്കാതെ അവൾ കട്ടിലിൽ കയറി കിടന്നു.

ഞാൻ ബിരിയാണിയുമായി പുറത്തേക്കു നടന്നു. പിന്നെ തിരിച്ചു വന്നു കതകടക്കുമ്പോൾ പുറത്തു നിന്നും നായ്ക്കളുടെ കടിപിടി ശബ്ദം ഉയർന്നു കേട്ടു.