പിന്നീട് ഞാൻ ഒന്നും കേട്ടില്ല. കണ്ണിൽ ഇരുട്ട് കയറി. ഞാൻ നിലത്തേക്ക് വീഴുമ്പോൾ അച്ഛമ്മയുടെ നിലവിളി ഏതോ ഒരു കോണിൽ എന്ന പോലെ ഞാൻ കേട്ടിരുന്നു…….

_upscale

അവധിക്കാലവും കാത്ത്

രചന: നൈയാമിക മനു

ഇന്ന് കോളേജ് വരാന്തയിലൂടെ നടക്കുമ്പോൾ എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നുണ്ടായിരുന്നു. എന്താണ് എന്റെ ഹൃദയം എന്നോട് പറയാൻ ആഗ്രഹിക്കുന്നത്.

ഒന്നാം വർഷ പി ജി ക്ലാസ്സിന്റെ മുന്നിൽ എത്തിയപ്പോൾ എന്റെ കാലുകൾ നിഛലമായി. ഒരിക്കൽ കൂടി ഞാൻ ആ ക്ലാസ്സ്‌ മുറിയിലേക്ക് നോക്കി. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.

“ഒരു പ്രണയം കൂടി അനശ്വരമായിരിക്കുന്നു. ”

അതല്ലേ എന്റെ ഹൃദയം എന്നോട് പറയുന്നത്. വീണ്ടും മുന്നോട്ട് നടന്നു സ്റ്റാഫ്‌ റൂമിൽ കയറി. വിദ്യ ടീച്ചർ പുറത്തേക്ക് വരുന്നുണ്ടായിരുന്നു.

“ശ്രേയാംഷിന്റെ ബോഡി ഇപ്പോൾ കൊണ്ട് വരും എന്ന്. ടീച്ചർ വരുന്നില്ലേ കാണാൻ. ”

ഞാൻ വിദ്യ ടീച്ചറെ നോക്കി നിന്നതേ ഉള്ളൂ…. മറുപടി പറഞ്ഞില്ല. മറുപടി കിട്ടാതെ ആയപ്പോൾ ടീച്ചർ എന്നെ കടന്ന് പോയി.

എന്റെ മനസ്സ് എന്റെ പഴയകാലത്തിലേക്ക് കുതിക്കാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു. എത്രയൊക്കെ പിടിച്ച് കെട്ടാൻ നോക്കിയിട്ടും കഴിയാത്ത പോലെ.

നാല്പത്തിഎട്ടിൽ നിന്നും ഇരുപത്തി ഒന്നിലേക്ക് എത്തി നോക്കാനാണ് മനസ്സ് ശ്രമിക്കുന്നത്. കഴിയുമോ എനിക്ക്. ഒന്ന് ഓർക്കാൻ കൂടി കഴിയില്ല എനിക്ക് ആ ദിവസം.

ഇരുപത്തിഏഴ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ ദിവസത്തെ കുറിച്ച് ഓർക്കുമ്പോൾ ദേഹം തളരുന്നത് പോലെ തോന്നും കണ്ണിൽ ഇരുട്ട് കയറും. പതിയെ ഒരു കസേരയിലേക്ക് ഇരുന്നു കണ്ണുകൾ അടച്ചു. എന്റെ മനസ്സിനെ സ്വതന്ത്രമാക്കി.

ഒരു കുതിരയുടെ വേഗതയിൽ അത് പാഞ്ഞു. ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപുള്ള ഒരു ജനുവരി മാസത്തിലെ വെള്ളിയാഴ്ചയിലേക്ക്.

ഉച്ച വെയിലിന്റെ കാഠിന്യം കുറഞ്ഞു വന്ന വൈകിട്ട് മൂന്ന് മണി സമയം. കോളേജിൽ നിന്ന് വീട്ടിലേക്ക് വരുകയായിരുന്നു. അന്ന് ഞാൻ പി ജി ആദ്യവർഷം ആണ്.

എന്തോ കാരണം കൊണ്ട് അന്ന് രണ്ട് മണി വരെ മാത്രമേ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു.

ബസ്സിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്നു. ചെമ്മൺ പാതയാണ്. ചുറ്റും കണ്ണോടിച്ചു നടന്നു. രാവിലെ മുതൽ മനസ്സിന് ഒരു ഭാരം അനുഭവപ്പെട്ടിരുന്നു.

കാരണം അറിയാത്തൊരു ദുഃഖം വന്ന് പൊതിയും പോലെ. തല വേദനയും ഉണ്ട്. വീട്ടിൽ എത്തി ഒന്ന് കിടന്നാൽ മതിയായിരുന്നു. അങ്ങനെ ചിന്തിച്ചു നടന്നപ്പോഴാണ് എതിരെ വരുന്ന ആൾക്കൂട്ടം കണ്ടത്.

ഒത്തിരി പേരുണ്ട്. നാട് മുഴുവനും ഒന്നിച്ച് ഇളകി വരുമ്പോലെ. എവിടേക്കാണ് എല്ലാവരും ഒരുമിച്ച്. ആരോട് ചോദിക്കും. ചിന്തിച്ച് തീരുമ്പോഴേക്കും കുറച്ച് പേർ എന്നെ കടന്ന് പോയിരുന്നു.

അപ്പോഴാണ് നടന്ന് വരുന്ന കൂട്ടത്തിലെ നാണിയമ്മയെ കണ്ടത്. ഒന്ന് ചോദിച്ചാൽ നൂറ് പറയും. കാര്യം അറിയാൻ അവർ തന്നെയാണ് നല്ലത് എന്ന് തോന്നി. നാണിയമ്മയുടെ കയ്യിൽ പിടിച്ചു നിർത്തി.

“എല്ലാവരും കൂടി എവിടെക്കാ നാണിയമ്മേ…. ”

“പാവം എന്റെ കുട്ടി….. അവസാനമായിട്ട് ഞാനതിനെ ഒന്ന് കണ്ടോട്ടെ. ”

അത്രമാത്രം പറഞ്ഞ് നാണിയമ്മ എന്റെ കൈവിടുവിച്ചു കൊണ്ട് നടന്നു. നാണിയമ്മയ്ക്ക് ഇത് എന്തുപറ്റി.

ഏത് കുട്ടിയെ കുറിച്ചാണ് നാണിയമ്മ പറഞ്ഞത്. ആലോചിച്ചു കൊണ്ട് വീണ്ടും മുന്നോട്ട് നടന്നു. കുറച്ച് നടന്നപ്പോൾ ചാന്ത്രിക ചേച്ചിയെ കണ്ടു. അയൽവാസിയാണ്.

“എവിടെക്കാ ചേച്ചി…. ”

“ആ കുഞ്ഞിന്റെ ബോഡി കൊണ്ട് വന്നിട്ടുണ്ട്. എൽ പി സ്കൂളിൽ പൊതു ദർശനത്തിനു വച്ചേക്കുവാ…. ”

“ആരാ… മരിച്ചത്…. ”

“മോളൊന്നും അറിഞ്ഞില്ലേ…. നമ്മുടെ… ”

“ചന്ദ്രികേ…. നീ വരുന്നില്ലേ…. അമ്മാളൂ…. നീ വീട്ടിലേക്ക് പൊയ്ക്കോ ഞാൻ അത്രേടം വരെ ഒന്ന് പോയിട്ട് വരാം. ”

ചന്ദ്രിക ചേച്ചി പറഞ്ഞ് പൂർത്തിയാക്കും മുന്നേ അമ്മ വന്ന് കൂട്ടി കൊണ്ട് പോയി. എനിക്ക് കാര്യങ്ങൾ ഒന്നും മനസിലായില്ലെങ്കിലും ആരോ മരിച്ചു എന്ന് മാത്രം മനസിലായി.

പൊതുദർശനം ഒരുക്കാൻ മാത്രം പ്രശസ്തനായ ആരാണ് ഇന്നാട്ടിലുണ്ടായിരുന്നത്. ചിന്തിച്ചുകൊണ്ട് തന്നെ വീട്ടിലേക്ക് കയറി. പൂമുഖത്ത് അച്ഛമ്മയിരിപ്പുണ്ട്. കണ്ണ് കലങ്ങിയിട്ടുണ്ട്.

“അച്ഛമ്മ കരഞ്ഞോ…. ”

“എന്നെയൊന്നും കാലന് പോലും വേണ്ട അമ്മാളൂ….. ആ കുട്ടി ജീവിച്ചു തുടങ്ങിയിട്ട് പോലും ഇല്ല…..”

അച്ഛമ്മയുടെ സംസാരവും ആ മരണത്തെ ചുറ്റി പറ്റിയാണ് എന്ന് തോന്നി.

ഇത്ര ചെറു പ്രായത്തിൽ ആരാണത്. അകത്തേക്ക് പോയി വേഷം മാറി ഒരു കട്ടനിട്ട് ഗ്ലാസ്സിലേക്ക് പകർന്നെടുത്ത് ഉമ്മറത്തേക്ക് നടന്നു. പൂമുഖത്ത് അച്ഛമ്മയ്ക്ക് അരികിലായി ഇരുന്നു. കട്ടൻ രണ്ടിറക്ക് കുടിച്ചു.

“ആരാ അച്ചമ്മേ… മരിച്ചത്. ”

“നീ ഒന്നും അറിഞ്ഞില്ലേ, ഇവിടെ എല്ലാവരും ഇന്നലെ രാത്രിയെ അറിഞ്ഞു. നീ എന്തോ എഴുതുന്ന തിരക്കിലായിരുന്നു.”

ഞാൻ അച്ഛമ്മയെ കേട്ടിരുന്നു…

“കിഴക്കേപ്പാട്ടെ ഗോവിന്ദന്റെ മകനില്ലെ…. പട്ടാളത്തിലൊക്കെ ജോലിയുള്ള ഉണ്ണി…. ഇന്നലെ അതിർത്തിയിലെ വെ ,ടിവയ്പ്പി ൽ മരിച്ചു… ഇരുപത്തിഅഞ്ചു വയസ്സേ ഉള്ളു അതിന്. ”

പിന്നീട് ഞാൻ ഒന്നും കേട്ടില്ല. കണ്ണിൽ ഇരുട്ട് കയറി. ഞാൻ നിലത്തേക്ക് വീഴുമ്പോൾ അച്ഛമ്മയുടെ നിലവിളി ഏതോ ഒരു കോണിൽ എന്ന പോലെ ഞാൻ കേട്ടിരുന്നു.

കണ്ണുകൾ തുറക്കുമ്പോൾ അമ്മയുടെ മടിയിലാണ് പൂമുഖത്ത് തന്നെയാണ്.

“നിനക്കെന്താ പറ്റിയെ അമ്മാളൂ…. നീ ഉച്ചയ്‌ക്കൊന്നും കഴിച്ചില്ലേ…. ”

അമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ട് മറുപടി പറയാൻ കഴിയുന്നില്ല. നാവ് മരവിച്ചു പോയി. കണ്ണുകൾ മാത്രം ചലിച്ചു. അമ്മയ്ക്കടുത്ത് നിൽക്കുന്ന ഏട്ടനെ കണ്ടു. ആ കണ്ണുകളും കലങ്ങിയിട്ടുണ്ട്.

ഏട്ടൻ അരികിലേക്ക് വന്ന് എന്നെ മടിയിലേക്ക് കിടത്തി ഞാൻ ആ മുഖത്തേക്ക് മാത്രം നോക്കി കിടന്നു. ആ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണ്നീർ എന്റെ മുഖത്തേക്ക് പതിച്ചു.

ഏട്ടൻ വേഗം എഴുന്നേറ്റ് എന്നെ ചേർത്ത് പിടിച്ച് മുറ്റത്തേക്കിറങ്ങി.

“വയ്യാത്ത ഇവളെയും കൊണ്ട് നീ എങ്ങോട്ടാടാ…. ഇനിയും തലകറങ്ങിയാലോ…. ”

അമ്മയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഏട്ടൻ എന്നെയും കൊണ്ട് നടന്നു. ഞാൻ ഒരു പാവകണക്കെ ഏട്ടനൊപ്പവും.

നടത്തം ആൾക്കൂട്ടത്തിന് ഇടയിൽ ആയപ്പോഴാണ് ഞാൻ പരിസരം ശ്രദ്ധിച്ചത്. കിഴക്കേപ്പാട്ടെക്കുള്ള വഴിയാണ്.

അത്‌ തിരിച്ചറിഞ്ഞപ്പോൾ തലകറങ്ങുന്നത് പോലെ തോന്നി. ഒരു വശത്തേക്ക് തല വെട്ടിച്ചപ്പോൾ കണ്ടു. വലിയൊരു ബോർഡ്.

“ധീര ജവാൻ സാ രം ഗ് നാഥിന് ആദരാഞ്ജലികൾ. ”

യൂണിഫോം ധരിച്ചുള്ള ഒരു ഫോട്ടോയും ഉണ്ട്. അത് കണ്ടപ്പോൾ അറിയാതെ തന്നെ എന്റെ കൈകൾ ഏട്ടന്റെ കൈയിൽ പിടി മുറുക്കി. അപ്പോഴേക്കും കിഴക്കേപ്പാട്ടെ മുറ്റത്തെത്തിയിരുന്നു.

മുറ്റത്ത് ആരൊക്കെയോ വരിയായി നിൽക്കുന്നിടത്ത് ഏട്ടൻ എന്നെയും ചേർത്ത് പിടിച്ചു നിന്നു. കുറച്ചു മുന്നോട്ട് നടന്നപ്പോൾ കണ്ടു. എന്തോ ചിന്തിച്ചു നിൽക്കുന്ന കിഴക്കേപാട്ട് ഗോവിന്ദൻ നായരെ. വരി മുന്നോട്ട് നീങ്ങി.

ആദ്യം കണ്ണിൽ ഉടക്കിയത് ത്രിവർണ പതാകയാണ്. അപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞു. ഞാൻ വേഗം കണ്ണ് നീർതുടച്ചു. അപ്പോഴേക്കും സംസ്‌കാരത്തിനായി ഭൗതിക ശരീരം പുറത്തെടുത്തിരുന്നു.

ഞാൻ തൊട്ടരികിൽ എത്തി. കണ്ടു. വളരെ അടുത്ത് കണ്ടു. ഇത്രയും അടുത്ത് വച്ച് ഇതുവരെ ഞാൻ കണ്ടിട്ടില്ല. ഇപ്പോഴും മുഖത്ത് ആ പ്രൗഡിയുണ്ട്.

പക്ഷേ….. ആ കണ്ണിലെ കുസൃതിചിരി…… അത്‌ കാണാൻ കഴിഞ്ഞില്ല…… കണ്ണടച്ചു കിടക്കുകയല്ലേ…. പിന്നെയെങ്ങനെ കാണും….. ഇനി ഒരിക്കലും അത്‌ എനിക്ക് കാണാൻ കഴിയില്ല…..

ഞാൻ കണ്ണുകൾ ഇറുകെ അടച്ചു. അവസാനമായി കണ്ടപ്പോൾ, കണ്ണുകൾ തമ്മിൽ കൊരുത്തപ്പോൾ ആ കണ്ണിൽ ഉണ്ടായിരുന്ന കുസൃതിചിരി വീണ്ടും മനസിലേക്കാവാഹിച്ചു. അപ്പോഴേക്കും ഏട്ടൻ എന്നെയും കൊണ്ട് നടന്നു നീങ്ങി…..

ആ കൈകളിൽ ഒന്ന് സ്പർശിക്കണം എന്നുണ്ടായിരുന്നു. ഇല്ല. കഴിഞ്ഞില്ല. ആ കൈയിൽ കൈ ചേർത്ത് നടക്കുന്നത് ഒത്തിരി തവണ മനസ്സിൽ ചിന്തിച്ചു നോക്കിയിട്ടുണ്ട്. ഇല്ല. അങ്ങനെ ഒന്ന് ഇനി ഉണ്ടാവില്ല.

തിരികെ നടപ്പാതയിൽ എത്തിയിരുന്നു ഞങ്ങൾ. ഏട്ടൻ എന്നിലുള്ള പിടി വിട്ടു. എന്നെ സ്വതന്ത്രയാക്കി. ഞാൻ എന്റെ ചിന്തകളെയും.

എപ്പോഴാണ് ആ മുഖം ശ്രദ്ധിച്ചു തുടങ്ങിയത്….. പാടത്തെ ക്രിക്കറ്റ്‌ കളിക്കിടയിൽ നിന്നോ അതോ ആറ്റിലെ നീന്തൽ മത്സരത്തിൽ നിന്നോ… അതോ വായനശാലയുടെ ഓണാഘോഷങ്ങൾക്കിടയിൽ നിന്നോ….

അറിയില്ല. ഒന്നറിയാം പതിനാലാം വയസ്സ് മുതൽ മനസ്സിൽ കയറി പറ്റിയതാണ്. പറിച്ചു മാറ്റാൻ ശ്രമിച്ചിട്ടും പറ്റിയില്ല.

പിന്നെ ആരും അറിയാതെ മനസ്സിൽ ഇട്ട് താലോലിച്ചു. ഇടയ്ക്കെപ്പോഴോക്കയോ ചുറ്റിനും ആരുമില്ലാത്ത സമയങ്ങളിൽ മാത്രം അവിടെ നിന്നും ചെറിയ ചില നോട്ടങ്ങൾ എന്നെ തേടി വരുന്നതും അറിഞ്ഞു.

എന്റെ പത്താം ക്ലാസ്സ്‌ റിസൾട്ട്‌ വന്ന സമയത്താണ് പട്ടാളത്തിൽ ജോലി കിട്ടി എന്ന് അറിഞ്ഞത്. കാണാൻ കഴിയാത്ത വിഷമം ആയിരുന്നു പിന്നീട് അങ്ങോട്ട്‌.

ഓരോ അവധിക്കും നാട്ടിൽ വരുമ്പോൾ എന്റെ മനസ്സിൽ വസന്തമായിരിക്കും തിരികെ പോയി കഴിഞ്ഞാൽ അടുത്ത വസന്തത്തിനുള്ള കാത്തിരിപ്പും.

അവധിക്ക് വരുമ്പോൾ ബൈക്കിൽ നാട് ചുറ്റൽ പതിവാണ്. എന്നെ കാണുമ്പോൾ മാത്രം ബൈക്കിന്റെ വേഗത വല്ലാതെ കുറയും.

ഞാൻ മുഖം കൊടുക്കാറില്ല എന്റെ ഉള്ളിലെ വസന്തം ഞാൻ മാത്രം അറിഞ്ഞാൽ മതി എന്ന് തോന്നി. വല്ലപ്പോഴും കണ്ണുകൾ കൊരുക്കുമ്പോൾ ആ കണ്ണിൽ എനിക്ക് വേണ്ടി മാത്രം ഒരു കുസൃതി ചിരി വിരിയാറുണ്ട്.

പിന്നീടുള്ള അവധിക്കുള്ള വരവുകളിൽ മനസിലായി ബൈക്കിലെ നാട് ചുറ്റലും ആറ്റിലെ കുളിയും വൈകുന്നേരങ്ങളിലെ വായനശാലയിലെ ക്യാരംസ് കളിയും ഒക്കെ എന്നെ കാണാൻ വേണ്ടി മാത്രമാണെന്ന്.

പരസ്പരം ഒന്ന് മിണ്ടിയിട്ട് കൂടിയില്ല. പക്ഷേ…. എനിക്കറിയാം ആ ഹൃദയത്തിൽ ഞാൻ മാത്രമായിരുന്നെന്നു. എന്റെ ഉള്ളിലെ വസന്തവും അറിയാമായിരുന്നിരിക്കണം. അല്ല. അറിയാം എനിക്ക് ഉറപ്പാണ്.

അതുകൊണ്ടാണല്ലോ അവസാനമായി വന്നപ്പോൾ മൂന്ന് മാസങ്ങൾക്ക് മുൻപ് ഞാൻ കോളേജിലേക്ക് പോകും വഴി,

ചുറ്റിനും ആരും ഇല്ല എന്ന് ഉറപ്പുവരുത്തി ചെമ്മൺ പാതയിൽ വച്ച് എനിക്കരുകിൽ ബൈക്ക് നിർത്തി നോക്കി നിന്നത്. അപ്പോഴും ഒന്നും പറഞ്ഞില്ല. ചോദിച്ചുമില്ല.

ഞാൻ തലയുയർത്തിയില്ല. ഒത്തിരി നേരം നോക്കി നിന്നപ്പോൾ സഹികെട്ട് മുഖത്തേക്ക് നോക്കി. അപ്പോഴേക്കും കണ്ണിൽ കുസൃതിചിരി വിരിഞ്ഞിരുന്നു. അത്‌ ആ ചുണ്ടിലേക്കും പടർന്നിരുന്നു.

പതിയെ എന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു. അപ്പോഴേക്കും കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ബൈക്കെടുത്ത് പോയി. അതായിരുന്നു അവസാനത്തെ കണ്ടുമുട്ടൽ. ഇടം കയ്യാൽ കണ്ണ് നീർ തുടച്ചു കൊണ്ട് ഏട്ടനെ നോക്കി.

ഏട്ടന് എങ്ങനെയാണ് എന്റെ മാനസികാവസ്ഥ മനസിലായത്. കണ്ണുകൾ കൊണ്ടും ഹൃദയങ്ങൾ കൊണ്ടും മാത്രമേ… ഞങ്ങൾ കഥ പറഞ്ഞിട്ടുള്ളൂ…. ഞങ്ങളുടെ നിഴലിന് പോലും ഒന്നും അറിയില്ല. പിന്നെ എങ്ങനെയാണ് ഏട്ടന്……

ഏട്ടനെ നോക്കവേ ഏട്ടൻ എനിക്ക് നേരെ തിരിഞ്ഞു.

“അവസാനമായി വന്നപ്പോൾ എന്നെ വന്ന് കണ്ടിരുന്നു. അവന്റെ എല്ലാ അവധിക്കാലവും നീ കാത്തിരിക്കാറുണ്ടെന്നും.

അടുത്ത അവധിക്ക് വരുമ്പോൾ പിന്നീടുള്ള അവധിക്ക് അവനെ മാത്രം കാത്തിരിക്കാനായി നിന്നെ അവന് കൊടുക്കണം എന്നും പറഞ്ഞിരുന്നു. ”

ഞാൻ ഒന്നും പറഞ്ഞില്ല ഏട്ടനും.

ഞാൻ കണ്ണുകൾ തുറന്നു സ്റ്റാഫ്‌ റൂമിലൂടെ കണ്ണോടിച്ചു ആരും തന്നെയില്ല. ഒന്ന് ദീർഘമായി നിശ്വസിച്ചു. ഇരുപത്തി ഏഴ് വർഷം എന്നിൽ എന്ത് മാറ്റമാണ് ഉണ്ടാക്കിയത്.

ശരീരം പ്രായത്തിന്റെതായ മാറ്റം കാണിക്കുന്നുണ്ട്. പഠിച്ച കോളേജിൽ തന്നെ ഞാൻ ഇന്നൊരു അദ്ധ്യാപികയാണ്.

അച്ഛനും അമ്മയും നേരെത്തെ തന്നെ യാത്ര പറഞ്ഞ് പോയി. കാലന് പോലും വേണ്ടെന്ന് പറഞ്ഞ്കൊണ്ട് നൂറ്റിരണ്ടാമത്തെ വയസ്സിലും എനിക്ക് കൂട്ടായി അച്ഛമ്മയുണ്ട്.

അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോൾ ഇടയ്ക്ക് വിവാഹത്തെ കുറിച്ച് ചോദിക്കുമായിരുന്നു. മൗനം മാത്രമായിരുന്നു എന്റെ മറുപടി.

യാത്ര പോയിടത്ത് വച്ച് നേരത്തെ എത്തിചേർന്ന ആളെ കണ്ടുമുട്ടിയപ്പപ്പോൾ ഒരു പക്ഷേ പറഞ്ഞിരിക്കാം ഞാൻ അവധിക്കാലത്തിന്‌ വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നു.

എനിക്ക് ഇനി എന്നാണ് ഈ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി അവധി കിട്ടുക. ശരീരത്തിന് നാല്പത്തിയെട്ട് വർഷത്തെ പഴക്കമേ ഉള്ളു എങ്കിലും മനസ്സ് എന്നോ വാർധക്യത്തിൽ എത്തി ചേർന്നിരിക്കുന്നു.

“മാളവിക ടീച്ചറെ. ശ്രേയാംഷിന്റെ ബോഡികൊണ്ട് വന്നിട്ടുണ്ട്. ”

“ഞാൻ ഇപ്പോൾ വരാം ശ്യാം സാർ പൊയ്ക്കുള്ളു. ”

ശ്യാം സാറിന് മറുപടി കൊടുത്ത് കൊണ്ട് ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു.

ശ്രേയാംഷ്, പി ജി ഒന്നാം വർഷ വിദ്യാർത്ഥിയാണ്. പതിനാറ് പേർ മാത്രമുള്ള ക്ലാസ്സിലെ ഏക ആൺ തരി. എന്റെ വിദ്യാർത്ഥി.

ഇന്നലെ പുലർച്ചെ ഒരു ആക്സിഡന്റ് ഉണ്ടായി. പുറമെ വലിയ പരിക്കുകൾ ഒന്നും ഉണ്ടായില്ല. പക്ഷേ ഇന്ന് പുലർച്ചെ മരണപ്പെട്ടു. കോളേജിൽ പൊതുദർശനത്തിനായി ഭൗതിക ശരീരം കൊണ്ട് വന്നിട്ടുണ്ട്.

ഞാൻ വീണ്ടും കോളേജ് വരാന്തയിലൂടെ നടന്നു. ശ്രേയാംഷിന്റെ ജീവനില്ലാത്ത ശരീരം കാണുന്നതിന് മുൻപേ എനിക്ക് മറ്റൊരാളെ കാണണമായിരുന്നു.

ഇരുപത്തിഏഴ് വർഷങ്ങൾക്ക് മുൻപ് ഞാൻ അനുഭവിച്ച വേദന ഇന്ന് അനുഭവിക്കുന്നവളെ. ഒന്നാം വർഷ പി ജി ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു.

എന്റെ ചിന്തകൾ തെറ്റിയില്ല. അവൾ അവിടെ ഉണ്ട്. ശ്രേയാംഷിന്റെ സ്ഥിരം സീറ്റിൽ ഡസ്കിൽ തല ചേർത്ത് കിടക്കുകയാണവൾ.

ആതിര. ഇതേ ക്ലാസ്സിലെ തന്നെ വിദ്യാർത്ഥി. പൊതുവെ ശാന്തനായ ശ്രേയാംഷ് ആരോടും വലിയ അടുപ്പം കാണിക്കാറില്ല.

പക്ഷേ അവർ പ്രണയിച്ചിരുന്നു. കണ്ണുകൾ കൊണ്ടും ഹൃദയം കൊണ്ടും. ആർക്കും അറിയില്ല ആർക്കും. പക്ഷേ ഒരിക്കൽ ഞാൻ അവരുടെ സ്ഥാനത്ത് നിന്നിരുന്നതിനാൽ ആവാം എനിക്ക് അവരെ മനസ്സിലായത്.

വല്ലപ്പോഴും മാത്രമാണ് അവന്റെ കണ്ണുകൾ അവളെ തേടി പോകുന്നതെങ്കിലും ആ നോട്ടത്തിൽ പ്രണയം മാത്രമായിരുന്നു.

എങ്ങനെയാണ് ഞാൻ ആ കുട്ടിയെ ആശ്വസിപ്പിക്കേണ്ടത്. മനസിലെ ദുഃഖം ആരോടും പറയാനാവാതെ, ഒന്ന് പൊട്ടിക്കരയാനാവാതെ ഇരിക്കുകയായിരിക്കില്ലേ അവൾ. എന്നെ ചേർത്ത് പിടിക്കാൻ ഏട്ടൻ ഉണ്ടായിരുന്നു. അവളെയോ?

അകത്തേക്ക് കയറി അവളുടെ അരികിലേക്ക് ചെന്നു. തോളിൽ കൈ ചേർത്തു. അവൾ തലയുയർത്തി നോക്കി. കണ്ണുകൾ കലങ്ങിയിട്ടുണ്ട്.

“വാ…. ഒരു നോക്ക് കണ്ടിട്ട് വരാം….. ”

അവൾ എന്നെ തന്നെ നോക്കിയിരുന്നു. ഞാൻ അവളെ എഴുന്നേൽപ്പിച്ചു. പുറത്തേക്ക് നടന്നു.

ഇനി ഒരിക്കലും കാണാൻ കഴിയില്ലല്ലോ…… അവളുടെ മനസ്സ് എന്നേക്കാളും മറ്റാർക്കാണ് മനസിലാവുക.

പൊതുദർശനം നടക്കുന്ന ഹാളിലേക്ക് നടന്നു. അവൻ ഉറങ്ങുകയാണ്. കുറച്ച് സമയം അവൾ നോക്കി നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കൈകൾ എന്റെ കൈയിൽ പിടിമുറുക്കി.

പതിയെ അവളെയും കൂട്ടി പുറത്തേക്ക് നടന്നു. ആൾതിരക്കില്ലാത്തിടത്ത് എത്തിയപ്പോൾ പൊട്ടികരഞ്ഞുകൊണ്ട് അവൾ എന്റെ മാറോട് ചേർന്നു. ചേർത്ത് പിടിച്ചുകൊണ്ട് ഞാൻ നെറുകയിൽ തലോടി.

ഇനിയും മാളവികമാരോ ആതിരമാരോ ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

തൻ്റെയുള്ളിലെ വിങ്ങൽ ആരോടും പറയാനാകാതെ ഉള്ളിൽ തന്നെ കുഴിച്ചുമൂടുന്നതിനേക്കാളും പ്രയാസകരമായി മറ്റെന്തെങ്കിലും ഉണ്ടോ?…