എഴുത്ത്: അപ്പു
“നിങ്ങളുടെ കൂടെ ജീവിക്കാൻ ഇനി എന്നെ കിട്ടില്ല.. എനിക്കൊരു കൊച്ചിനെ തരാൻ പോലും കഴിയാത്ത നിങ്ങളോടൊപ്പം ഞാൻ എന്തിന് നിൽക്കണം..?”
പരിഹാസത്തോടെ ചോദിച്ചു കൊണ്ട് അവൾ പെട്ടിയും തൂക്കി പുറത്തേക്ക് ഇറങ്ങി പോയി. അതൊക്കെ അവൻ അമ്പരപ്പോടെയാണ് കണ്ടിരുന്നത്. ചുറ്റുമുള്ള സുഹൃത്തുക്കളുടെ പരിഹാസം നിറഞ്ഞ നോട്ടം തന്നെ തേടിയെത്തുന്നത് കണ്ട അവന് കണ്ണ് നിറഞ്ഞു.
കുറച്ചു മുൻപ് നടന്ന സംഭവങ്ങൾ എന്തൊക്കെയായിരുന്നു എന്ന് അവൻ വെറുതെ ഒന്ന് ആലോചിച്ചു നോക്കി.
അലനും ആനിയും.. കോളേജ് കാലം മുതൽക്കേയുള്ള പ്രണയിതാക്കൾ. അവരുടെ ബന്ധം ഒരു വിവാഹത്തിൽ കലാശിച്ചപ്പോൾ ഏറ്റവും അധികം സന്തോഷിച്ചത് അവരുടെ ഒപ്പം നിന്ന സുഹൃത്തുക്കളായിരുന്നു. മൂന്നു വർഷത്തെ പ്രണയത്തിന് അവസാനം കുറിച്ചു കൊണ്ടാണ് അവർ ഇരുവരും ദാമ്പത്യത്തിലേക്ക് കടന്നത്.
അലന്റെ വീട്ടിൽ എല്ലാവർക്കും ആനി പ്രിയങ്കരിയായിരുന്നു. ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട ആനിക്ക് ഒരു അമ്മയാകാൻ അലന്റെ അമ്മയ്ക്ക് കഴിഞ്ഞു.
അലൻ തന്റെ പ്രണയം അവളോട് വെളിപ്പെടുത്തിയപ്പോൾ, അവൾ അത് എതിർക്കാനുള്ള ഏറ്റവും വല്യ കാരണം അവരുടെ കുടുംബങ്ങൾ തമ്മിലുള്ള അന്തരം ആയിരുന്നു. പണം കൊണ്ടുള്ള അന്തരം ആണെങ്കിൽ അവന്റെ വീട്ടിൽ ആരും തന്നെ പണത്തെ സ്നേഹിക്കുന്നവർ അല്ലെന്നും മനുഷ്യ ബന്ധങ്ങൾ മാത്രമാണ് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനം എന്നും അലൻ വാദിച്ചു.
എന്നിട്ടും അവനോട് അടുക്കാൻ അവൾക്ക് മടിയായിരുന്നു. പിന്നീട് ഒരിക്കൽ അവൻ തടഞ്ഞു നിർത്തി കാര്യം അന്വേഷിച്ചപ്പോൾ മാത്രമാണ് അവൾ തന്റെ ജീവിതം അവനോട് വെളിപ്പെടുത്തിയത്.
അവളുടെ ചെറുപ്പത്തിലെ അവളുടെ അമ്മച്ചി മരിച്ചു പോയതാണെന്നും, അതു കഴിഞ്ഞ് വർഷം ഒന്ന് കഴിയുന്നതിനേക്കാൾ മുന്നേ അപ്പച്ചൻ രണ്ടാമത് മറ്റൊരു വിവാഹം കഴിച്ചു എന്നും അവൾ പറഞ്ഞത് കരച്ചിലോടെ ആയിരുന്നു. വിവാഹം കഴിഞ്ഞ് വന്ന സമയത്ത് ആ അമ്മച്ചിക്ക് അവളോട് സ്നേഹമായിരുന്നു. പക്ഷേ പിന്നീട് അവർക്ക് സ്വന്തമായി ഒരു കുഞ്ഞു ഉണ്ടായപ്പോൾ അവളോടുള്ള സ്നേഹത്തിലും വ്യത്യാസം വന്നു.
അവൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ശല്യമായി ആണ് പിന്നീട് അവളെ അവർ കണ്ടത്. ചെറിയ പ്രായത്തിൽ നേരിടേണ്ടി വന്ന ഈ അവഗണന എന്തിന്റെ പേരിലാണ് എന്ന് അവൾക്ക് അറിയില്ലായിരുന്നു.
പക്ഷേ വളർന്നു തീർന്നപ്പോഴേക്കും അവൾക്ക് അവളുടെ അവഗണനയ്ക്ക് പിന്നിൽ ഉള്ള കാരണം മനസ്സിലായി. പിന്നീട് അവൾ തന്നിലേക്ക് തന്നെ ഒതുങ്ങി ആയിരുന്നു ജീവിച്ചത്. പ്ലസ് ടു കഴിഞ്ഞതോടെ അവളുടെ പഠനം അവസാനിപ്പിക്കാൻ ആയിരുന്നു അമ്മച്ചി പറഞ്ഞത്. പക്ഷേ പള്ളിക്കമ്മിറ്റി ഇടപെട്ടാണ് അവളെ പിന്നീട് പഠിക്കാൻ അയച്ചത്. അതിന് ആരോ സ്പോൺസർ ചെയ്യുന്നുണ്ട് എന്നും അറിയാം.
ഇവിടെ വന്ന് പ്രണയവും മറ്റുമായി നടന്നാൽ അവളുടെ പഠനം നിർത്തിക്കും എന്ന് നേരത്തെ തന്നെ അവളുടെ അമ്മച്ചി പറഞ്ഞിട്ടുണ്ട്. ആ പേടി കൊണ്ടാണ് ഒരു ചെറുപ്പക്കാരുടെയും മുഖത്ത് പോലും നോക്കാതെ അവൾ നടന്നത്. എന്നിട്ടും അലൻ ഇഷ്ടം പറഞ്ഞ് പിന്നാലെ വന്നപ്പോൾ അവൾ പതറിപ്പോയി.
അവൾ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന് അവളോടുള്ള ഇഷ്ടം കൂടുകയേ ചെയ്തുള്ളൂ.. അവൻ അവന്റെ ഇഷ്ടം അവന്റെ വീട്ടിൽ അറിയിച്ചു. മക്കളുടെ ഇഷ്ടത്തിന് പ്രാധാന്യം നൽകുന്ന അച്ഛനമ്മമാർ ആയതുകൊണ്ട് തന്നെ അവന്റെ ഇഷ്ടത്തെ അംഗീകരിക്കാൻ അവർ തയ്യാറായി. അവളുടെ പള്ളിയിലെ അച്ഛനെ കണ്ട് സംസാരിച്ചത് അവന്റെ അപ്പച്ചൻ തന്നെയായിരുന്നു.
പള്ളിയിലെ അച്ഛൻ വഴി അവളുടെ വീട്ടിലും കാര്യങ്ങൾ അറിഞ്ഞു. അലൻ നല്ല സാമ്പത്തിക സ്ഥിതിയുള്ള വീട്ടിലെ ആയതു കൊണ്ട് തന്നെ അവളുടെ വീട്ടുകാർക്ക് ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നീടുള്ള പഠനകാലം അവരുടെ പ്രണയകാലം കൂടിയായിരുന്നു.
പഠനം കഴിഞ്ഞ് ഇറങ്ങിയ ഉടനെ തന്നെ അലൻ നല്ലൊരു കമ്പനിയിൽ ജോലിക്ക് കയറി. അവൻ ജോലിയിൽ പ്രവേശിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അവളുടെ പഠന കാലവും അവസാനിച്ചിരുന്നു.
ഇരു വീട്ടുകാരും ചേർന്ന് ആലോചിച്ച് എത്രയും പെട്ടെന്ന് തന്നെ അവരുടെ വിവാഹം നടത്താനും തീരുമാനമായി. അങ്ങനെ ആയിരുന്നു അവരുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് ഇപ്പോൾ വർഷം നാല് ആകുന്നു. ഒളിഞ്ഞും തെളിഞ്ഞും പലരും ഒരു കുഞ്ഞില്ലാത്തതിന്റെ പേര് അവരെ കുറ്റപ്പെടുത്താൻ തുടങ്ങിയിരുന്നു. അതിൽ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തൽ കേൾക്കേണ്ടി വന്നത് അവൾക്ക് ആയിരുന്നു. അതോടെ അവളുടെ സ്വഭാവത്തിലും വ്യത്യാസം വന്നു തുടങ്ങിയിരുന്നു.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ, ഉടനെ ഒരു കുഞ്ഞു വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു അവർ. ഇരുവർക്കും അതിനുള്ള പ്രായമോ പക്വതയോ ആയിട്ടില്ല എന്നുള്ളത് തന്നെയായിരുന്നു അവരുടെ തീരുമാനത്തിനു പിന്നിൽ.
പിന്നീട് അവർക്ക് ഒരു കുഞ്ഞു വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ അത് നൽകാൻ ദൈവം തയ്യാറായതുമില്ല. എല്ലാവരുടേയും കുറ്റപ്പെടുത്തൽ കേട്ടു മടുത്തപ്പോഴാണ് ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്യാം എന്ന് ഒരു തീരുമാനത്തിലേക്ക് അവർ എത്തിയത്.
അങ്ങനെ ആനിയും അലനും കൂടി അവന്റെ ഒരു കൂട്ടുകാരന്റെ ആശുപത്രിയിൽ പോയി ടെസ്റ്റ് ചെയ്തു. ടെസ്റ്റ് റിസൽട്ട് വാങ്ങാൻ അലൻ ഒറ്റയ്ക്കാണ് പോയത്.
ആ റിസൾട്ട് അവനെ ഞെട്ടിക്കുന്നതായിരുന്നു. ആനിയുടെ ഗർഭപാത്രത്തിന് എന്തോ പ്രശ്നം ഉണ്ടെന്നും, അവൾക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല എന്നും ഉള്ളതായിരുന്നു ടെസ്റ്റ് റിസൾട്ട്. അതറിഞ്ഞാൽ ആനിയ്ക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല എന്ന് അലന് അറിയാമായിരുന്നു.
അതുകൊണ്ടാണ് ആ കാര്യം അവളിൽ നിന്ന് മറച്ചു വയ്ക്കാൻ അവൻ തീരുമാനിച്ചത്. അവന്റെ തീരുമാനത്തിന് ഒപ്പം അവന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു.
അതുകൊണ്ടാണ് വീട്ടിൽ വന്നു തനിക്ക് ആണ് പ്രശ്നം എന്ന് അവളോട് പറഞ്ഞത്. പക്ഷേ അവൻ തീരെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പെരുമാറ്റം ആയിരുന്നു അവളിൽ നിന്ന് ഉണ്ടായത്.
അവൻ ഇങ്ങനെ ഒരു കാര്യം പറയുമ്പോൾ അവനോടുള്ള സ്നേഹം നിമിത്തം അവനെ ആശ്വസിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഇടത്ത്, അവനെ ഉപേക്ഷിച്ചു പോവുകയാണ് അവൾ ചെയ്തത്. അവളുടെ ആ പ്രവർത്തി അവനെ അടിമുടി തകർത്തു കളഞ്ഞിരുന്നു.
” നീ വലിയ വീരവാദം പറയും ആയിരുന്നല്ലോ നിന്നെ കഴിഞ്ഞ് അവൾക്ക് മറ്റെന്തും ഉള്ളെന്ന്.. എന്നിട്ടാണോ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ചോദിക്കുക പോലും ചെയ്യാതെ അവൾ പെട്ടിയും തൂക്കി ഇവിടെ നിന്ന് ഇറങ്ങി പോയത്..? “
അവന്റെ സുഹൃത്തുക്കളിൽ ഒരാൾ ചോദിച്ചത് കേട്ട് അവന്റെ അപ്പനും അമ്മയും അവനെ വല്ലാതെ നോക്കി. അവൻ ആകെ തകർന്നിരിക്കുകയാണ് എന്ന് അവർക്കൊക്കെയും മനസ്സിലായിരുന്നു.
” നിങ്ങൾ രണ്ടാളും വിഷമിക്കാൻ മാത്രം ഒന്നുമില്ല. ടെസ്റ്റ് റിസൾട്ട് കിട്ടിയപ്പോൾ ആനിക്ക് ആയിരുന്നു പ്രശ്നം. അവൾക്ക് ഒരിക്കലും അമ്മ ആകാൻ കഴിയില്ല എന്നുള്ളതായിരുന്നു റിസൾട്ട്. അതറിഞ്ഞാൽ അവൾ ആകെ തകർന്നുപോകും എന്നും ഭ്രാന്തിന്റെ വക്കിലേക്ക് എത്തും എന്നൊക്കെ പറഞ്ഞു ഇവൻ സ്വയം തെറ്റ് ഏറ്റെടുത്തതാണ്. ഇവനോടുള്ള പ്രണയം നിമിത്തം അവൾ ഇവനെ ഉപേക്ഷിച്ച് പോകില്ല എന്നൊക്കെയാണ് ഇവൻ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ കണ്ടില്ലേ നാലുവർഷത്തെ ദാമ്പത്യവും മൂന്നുവർഷത്തെ പ്രണയവുമൊക്കെ പുല്ലുപോലെ വലിച്ചെറിഞ്ഞ് അവൾ ഇറങ്ങി പോയത്..? “
അമർഷത്തോടെ അവന്റെ സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞു. അതൊക്കെ അമ്പരപ്പോടെയാണ് അവന്റെ അപ്പനും അമ്മയും കേട്ടു നിന്നത്.
“എന്തായാലും ഒരു കുരിശു തലയിൽ നിന്ന് ഒഴിവായി എന്ന് കരുതിയാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇവനെ ഉപേക്ഷിച്ചു പോയ അവൾ ഇവനോട് ഉണ്ടായിരുന്നത് ആത്മാർത്ഥ പ്രണയം ആണ് എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? ഇന്നല്ലെങ്കിൽ നാളെ ഇവനെ അവൾ ഉപേക്ഷിക്കുക തന്നെ ചെയ്യും. ഇവന് ചിലപ്പോൾ എന്തെങ്കിലും ഒരു സാമ്പത്തികബാധ്യത വരുമ്പോഴാണ് അവൾ കളഞ്ഞിട്ട് പോകുന്നത് എങ്കിലോ..? എന്തായാലും കൊള്ളാം.. ഇവനെ അവൾ തീരെ മനസ്സിലാക്കിയിട്ടില്ല എന്നു വേണം കരുതാൻ..”
ദേഷ്യം അടക്കാൻ കഴിയാതെ അവന്റെ സുഹൃത്തുക്കൾ ഓരോരുത്തരായി പറഞ്ഞു കൊണ്ടിരുന്നു. ഒക്കെ കേട്ട് മരവിച്ച് ഇരിക്കുകയായിരുന്നു അലൻ.
അവന്റെ ഇതുവരെയുള്ള ജീവിതം അവനെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയാണ് അവനു തോന്നിയത്. പ്രണയത്തിലും ദാമ്പത്യത്തിലും ഉള്ള അവന്റെ വിശ്വാസം അതോടെ നഷ്ടമായി.
” നീ വിഷമിക്കേണ്ട മോനേ.. അവൾക്ക് എന്നെങ്കിലും അവൾ ചെയ്ത തെറ്റ് ബോധ്യപ്പെടും.. മോന്റെ ഉള്ള് വേദനിച്ചതിന് അവൾ അനുഭവിക്കുക തന്നെ ചെയ്യും.”
അവന്റെ അമ്മ അവനെ ആശ്വസിപ്പിക്കുമ്പോഴും അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ഇത്രയും കാലം നന്നായി മനസ്സിലാക്കി ജീവിച്ചവർ എന്ന് അഹങ്കരിച്ച അവന് ഏറ്റവും വലിയ അടിയായിരുന്നു അത്.
ആനി എന്ന പെണ്ണ് അവനെ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല എന്ന് അവൻ അതോടെ ഉറപ്പിച്ചു.സമയം ഒരുപാട് എടുത്തിട്ടുണ്ടെങ്കിലും അവളെ തന്റെ മനസ്സിൽ നിന്ന് ഒഴിവാക്കണമെന്ന് കൂടി അവൻ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു.