രണ്ട് പോലീസുകാർ…
എഴുത്ത്:- നൗഫു ചാലിയം
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
“ഇത് നിങ്ങൾ തന്നെ ആണെന്ന് എനിക്കെങ്ങനെ അറിയാം…
ഈ ഫോട്ടോ നോക്കിയിട്ട് ആണേൽ നിങ്ങൾ ആണെന്ന് നിങ്ങൾക് പോലും തിരിച്ചറിയാൻ കഴിയില്ല…”
“പാസ്സ് പോർട്ട് വെരിഫിക്കേഷൻ നടത്തുവാനായി വന്ന പോലീസുകാരൻ ഐഡന്റിറ്റി കാർഡ് നോക്കി പറയുന്നത് കേട്ടപ്പോൾ എനിക്ക് തന്നെ തോന്നി ഇത് ഞാൻ ആണോ എന്ന്…
ഇനി ആണെകിൽ തന്നെ അത് ഞാൻ ആണെന്ന് തെളിയിക്കേണ്ട കർത്തവ്യം എന്നിൽ മാത്രം നിക്ഷിപ്തമാണ്…”
“എല്ലാത്തിനും ഉപരി.. സ്കൂൾ സർട്ടിഫിക്കറ്റിലും… ഐഡന്റിറ്റി കാർഡിലും രണ്ട് അഡ്രെസ്സ്.. പോരെ പൂരം…
നേരെ വിട്ടു.. ഇത് രണ്ടും ഓരോ ആളാണെന്നു തെളിയിച്ചു കൊടുക്കാനുള്ള സർട്ടി ബിസ്കറ്റ് കൊടുക്കുന്ന സ്ഥലത്തേക്ക്.. അതെന്നെ നമ്മുടെ വില്ലേജ് ആപീസിലേക്..
“നേരെ പോയി കാര്യം പറഞ്ഞു..”
“അവിടെ പോയി നേരെ കാര്യം പറഞ്ഞാൽ കിട്ടുമെന്ന് കരുതിയ എന്നെ പുറത്തേക് ഓടിച്ചു…
പുറത്ത് ഒരു മര ചുവട്ടിൽ ബെഞ്ചിൽ മേശക് പുറകിലായി ഇരിക്കുന്ന ആളുടെ അടുത്തേക്..”
പടച്ചോനെ ഇതാണോ വില്ലേജ് ആപീസർ എന്ന് കരുതി ഞാൻ നേരെ മൂപരുടെ അടുത്തേക് പോയി കാര്യം പറഞ്ഞു..
“സാറെ എനിക്ക് ഗൾഫിൽ പോകാൻ ഉള്ളതാണ്.. വിസ പോലും വന്നിട്ടുണ്ട്…
വിമാനത്തിൽ കയറണേൽ പാസ്പോർട്ട് വേണം.. അതിനായി രേഖ മുഴുവൻ ഹാജർ ആക്കിയപോയാളാണ് ബന്ന പോലീസ് കാരന് അമ്മളെ അഡ്രെസ്സ് രണ്ടും രണ്ടായത് കൊണ്ട് ഇത് ഞാൻ തന്നെ ആണോ എന്നൊരു സംശയം മനസിൽ ഉദിച്ചത്.
ഇതെങ്ങനേലും ഇന്ന് തന്നെ ഒന്നു ശരിയാക്കി തന്നെ അമ്മളെ പാസ്പോര്ട്ട് കിട്ടാനുള്ള വഴി ഒരുക്കി തരണം..”
ഞാൻ എന്റെ കാര്യം എല്ലാം പറഞ്ഞു മൂപ്പരെ ഒന്നു നോക്കി..
“ഇതാരടാ എന്നെ സാറെ എന്ന് വിളിക്കുന്ന ഒരു മോയന്ത് എന്നൊരു ഭാവം ആയിരുന്നു അയാളുടെ മുഖത്ത്..”
“അയ്യോ മോനെ ഞാൻ ഇവിടുത്തെ ഓഫീസർ അല്ല.. ഞാൻ ഇവിടെ എഴുതു കുത്തുകൾ നടത്തി കൊടുക്കുന്ന ആളാണ്.. മോൻ ഏതായാലും കാര്യങ്ങൾ വിശദമായി പറഞ്ഞല്ലോ ഒരു പത്തു രൂപ തന്നാൽ ഞാൻ അതിനുള്ള ഫോം ഫില്ലാക്കി തരാം..”
“പത്തു രൂപയോ…”
“അതെ പത്തു രൂപ…”
“അൻപതു രൂപയുടെ പണി ഉണ്ടെന്നും പറഞ്ഞു ഉമ്മയെ പറ്റിച്ചു നൂറു രൂപയിൽ നിന്നും അങ്ങേർക്ക് പത്തു രൂപ കൊടുക്കുന്നതിനു എനിക്കുള്ള ഒരു വേദനയെ.. “
“എന്തായാലും വേണ്ടില്ല…പാസ്പോര്ട് ശരിയാകുവാൻ അത് വേണമല്ലോ..”
ഞാൻ ആ ഫോം വാങ്ങി വില്ലേജ് ഓഫിസിൽ കൊണ്ട് കൊടുത്തു..
“അവിടുന്ന് അപ്പൊ തന്നെ പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞു വരുവാൻ..”
“ഏതായാലും ശരി ആയല്ലോ എന്നും മനസിൽ കരുതി വീട്ടിലേക്കു വന്ന ഞാൻ പിന്നെയും നാലോ അഞ്ചോ പ്രാവശ്യം വില്ലേജ് ഓഫിസ് കണ്ടിട്ടാണ് അമ്മളെ ഓഫീസർ എനിക്ക് സീലും ഒപ്പും തന്നത്..”
“ആ സമയമെല്ലാം ഒരു മഞ്ഞ ബോർഡിൽ അവിടെ കിട്ടുന്ന സർവീസുകളും..അതെല്ലാം എത്ര ദിവസം കൊണ്ട് ലഭിക്കുമെന്നും വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയത് ഞാൻ കാണാതെ പഠിച്ചു പോയി..”
“കിട്ടിയ സന്തോഷത്തിൽ ഞാൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു..
എന്റെ വെരിഫിക്കേഷന് വന്ന പോലീസുകാരൻ മറ്റാരുടെയോ വെരിഫിക്കേഷൻ നടത്താൻ പോയത് കൊണ്ട് ഒന്നന്നര മണിക്കൂർ അവിടെ നിന്നു…”
“ഇത് ശരിയല്ലല്ലോ…
ഇതിൽ ഒരു സീലിന്റെ കുറവ് കൂടെ ഉണ്ട്…”
ഞാൻ കൊണ്ട് വന്ന ഫോം കണ്ടപ്പോൾ തന്നെ പോലീസുകാരൻ പറഞ്ഞു..
“ഇതിൽ ഇനി എന്ത് സീൽ ആണ് സർ “
“വില്ലേജ് ഓഫീസറുടെ സീൽ ഇല്ല..
അതിന് മുകളിൽ ഒരു ഒപ്പ് കൂടെ വേണം.. കൂടെ ഓഫീസർ നിങ്ങൾ ആണ് അതെ ആളെന്ന് സാക്ഷ്യ പെടുത്തുന്ന ഒരു സത്യവാങ്മൂലവും “
“ബെസ്റ്റ്…ഇനിയും നടക്കണം..
പോട്ടെ പുല്ലെന്ന് കരുതി ഞാൻ വീണ്ടും ബസ് കയറി വില്ലേജ് ഓഫീസിലെക്..”
ഓഫീസറെ കണ്ട് കാര്യം പറഞ്ഞു..
“നല്ലൊരു മനുഷ്യൻ അദ്ദേഹം അപ്പൊ തന്നെ ആ ഫോമിൽ എന്തൊക്കെയോ എഴുതി എനിക്ക് തന്നു.. ഇത് കൊണ്ട് കൊടുത്താൽ മതിയെന്ന് പറഞ്ഞു..”
“കിട്ടിയ പാതി കിട്ടാത്ത പാതി ഞാൻ അതും കൊണ്ട് ഓടി… സൽസ്ബീൽ ബസ് പോകുന്നുണ്ടേ… അതിൽ കയറി പോയാൽ പത്തു പതിനഞ്ചു മിനിറ്റോണ്ട് സ്റ്റേഷനു മുന്നിൽ ഇറങ്ങാം.. ഇന്ന് തന്നെ കാര്യ പരിവാടി കഴിഞ്ഞു റാഹത്തായി പാസ്പോട്ട് വരുന്നതും കാത്തിരിക്കാം..”
“ഹൂ.. പാസ്പോര്ട് വന്ന് വിസ അടിച്ചു .. ദുബായിൽ പോയി…
ഹൂ.. ബസിൽ ഇരുന്ന കുറച്ചു മിനിറ്റ് കൊണ്ട് ഞാൻ എന്തൊക്കെ സ്വാപ്നങ്ങൾ ആണെന്നോ കണ്ടത്..”
“എല്ലാം ഒരു കുമിളയുടെ ആയുസ് പോലും ഇല്ലാതെ ആവുന്നതായിരുന്നു ഞാൻ പോലീസുക്കാരന്റെ മുന്നിൽ എത്തിയപ്പോൾ ആണ് അറിയുന്നത്..
ഒപ്പും സീലും ഇട്ടിട്ടില്ല..
ഇനിയും പോകണം…ഒപ്പും സീലും വാങ്ങണം..”
“എന്റെ പൊന്നെ.. സഹികൂല.. ഇന്നിനി ഒന്നും നടക്കൂല.. നാളെ വിഷു വാണ്… വിഷു വിനു ഓഫീസർ ലീവിന് പോയാൽ ഒരാഴ്ച കഴിഞ്ഞു നോക്കിയാൽ മതി..”
“ഞാൻ നിരാശ നായി അവിടെ നിന്നും ഇറങ്ങുമ്പോൾ ഉണ്ട് എന്റെ ഫ്രണ്ട് ശുകൂർ നിൽക്കുന്നു…”
“നീ എന്താടാ ഇവിടെ..”
“ഹെൽമെറ്റ് വെക്കാൻ മറന്നു…അത് കൊണ്ട് ഒരു ദിവസം മുഴുവൻ ഇവിടെ നിൽക്കാൻ പറഞ്ഞു.. ഇനി മറക്കാതെ ഇരിക്കാൻ…”
“അത് നന്നായി.. അടിപൊളി..”
“അല്ല നീ എന്താ ഇവിടെ..”
അവൻ എന്നോട് ചോദിച്ചു..
ഞാൻ ഉള്ള കാര്യം പറഞ്ഞു..
“അപ്പൊ അവൻ പറയാണ് എടാ പൊട്ടാ നീ ഒരു പേപ്പർ കൂടെ കൊടുക്കാനുണ്ടെന്ന്..”
“ഇനി എന്ത് പേപ്പർ. ഞാൻ കയ്യിൽ പിടിച്ചിരുന്ന അടിയാധാരവും മുന്നധാരവും അടക്കും വലിപ്പയുടെ ഡെത് സർട്ടിഫിക്കേറ്റ് വരെ ഓന് ഞാൻ കാണിച്ചു കൊടുത്തു..”
“ഇതിൽ ഇല്ലല്ലോ മോനെ… ആ പേപ്പർ “
“എന്ത്…”
“ഗാന്ധിജി ചിരിച്ചു നിൽക്കുന്ന ഫോം…നീ ഒരു ഇരുന്നൂർ ഇങ്ങട്ട് എടുക്.. ഇതിപ്പോ ഞാൻ ശരിയാക്കി തരാം എന്ന് പറഞ്ഞു…അവൻ എന്റെ കയ്യിൽ നിന്നും ഇരുന്നൂറ് രൂപയും വാങ്ങി പോലീസ് സ്റ്റേഷന്റെ പുറകിലേക്ക് പോയി കൂടെ ഞാനും.”
“ടോ താൻ ഇത് വരെ പോയില്ലേ…ഇങ്ങനെ ആണേൽ നിന്റെ പാസ്പോര്ട് ഇനിയും നേരം വൈകുട്ടോ.. എന്നെ കണ്ട ഉടനെ പോലീസുകാരൻ പറഞ്ഞു..”
“സർ ആ പേപ്പർ കൊണ്ട് വന്നിട്ടുണ്ട്…
ശുകൂർ എല്ലാം സർട്ടിഫിക്കേറ്റും മൂപ്പർക്ക് കൊടുത്തു കൊണ്ട് കയ്യിൽ ചുരുട്ടി വെച്ച ഇരുന്നൂറു രൂപ അയാളുടെ കയ്യിലെക് ചുരുട്ടി വെച്ച് കൊടുത്തു കൊണ്ട് പറഞ്ഞു..”
“ആ ഇത് ആദ്യമേ ചെയ്തിരുന്നേൽ ഈ ചെക്കൻ ഈ വെയിലത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടി വരുമായിരുന്നുവോ എന്നും ചോദിച്ചു കൊണ്ട് ഇനി ഒരു കുഴപ്പവും ഇല്ലന്നും പറഞ്ഞു ഞങ്ങളോടെ പോകാൻ പറഞ്ഞു..”
ദോഷം പറയരുതല്ലോ കൃത്യം രണ്ടാഴ്ച കൊണ്ട് പാസ്പോര്ട് വീട്ടിൽ എത്തി…
+++
“അങ്ങനെ വീണ്ടും വർഷങ്ങൾ പത്തെണ്ണം കടന്നു പോയി..
പാസ്പോര്ട് പുതുക്കവാനുള്ള അവസരം വന്നു…
ഇപോ എല്ലാം ഓൺലൈൻ വഴി ആയതു കൊണ്ട് തന്നെ അക്ഷയ വഴി ഫോം ഫിൽ ചെയ്തു ഡേറ്റ് എടുത്തു… പാസ്പോര്ട് ഓഫിസിൽ നേരിട്ട് പോയി കൊടുത്തു..”
“ഒരാഴ്ച കൊണ്ട് വെരിഫിക്കേഷൻ ഓഫിസർ വന്നു.. അതെ സ്റ്റേഷനിൽ ഉള്ള പോലീസുകാരൻ തന്നെ..”
“എന്നോട് ഡീറ്റെയിൽസ് എല്ലാം ചോദിച്ചു പോകുവാൻ നേരം ഞാൻ പത്തു കൊല്ലം മുമ്പ് ചെയ്യാതെ ഇരുന്ന കാര്യം ചെയ്തു..
ഒരു അഞ്ഞൂറ് രൂപയുടെ നോട്ട് കീശയിലേക് ഇട്ടു കൊടുത്തു..”
“എന്താണിത്..”
“സർ എന്റെ ഒരു സന്തോഷതിന്..”
“സന്തോഷത്തിനോ.. ഞാൻ ഈ പൈസ വാങ്ങാറില്ല എനിക്ക് ശമ്പളം സർക്കാർ തരുന്നുണ്ട്…
പിന്നെ നിങ്ങൾ എത്ര സന്തോഷത്തോടെ തന്നാലും ഉള്ളിൽ പ്രാകിയിട്ടാകും തരിക എന്ന് എനിക്ക് നല്ലത് പോലെ അറിയാം…
ഞാൻ എന്തിനാ നിങ്ങളുടെ പ്രക്കുള്ള പൈസ എന്റെ കുടുംബത്തെ തീറ്റിക്കുന്നത്…അവർക്കത് ദഹിക്കുമോ..
ഇല്ല ഒരിക്കലും ഇല്ല..
അത് കൊണ്ട് ഈ പൈസ എനിക്ക് വേണ്ടാ… തന്റെ ഫയലിൽ ഒരു കുഴപ്പവും ഇല്ല…പാസ്പോര്ട്ട് നേരത്തിനു തന്നെ കിട്ടുട്ടോ..”
അയാൾ അതും പറഞ്ഞു നടന്നു നീങ്ങി..
“പത്തു വർഷം മുന്നേ കണ്ടത് ഞാൻ ഒരു പോലീസുകാരനെ ആയിരുന്നു..
ഇന്നും ഞാൻ കണ്ടത് ഒരു പോലീസുകാരനെ തന്നെ…”
**********