അമ്മായിഅമ്മ നല്കിയ സമ്മാനം
Story written by Suja Anup
“എന്താടാ നിനക്കൊരു വിഷമം പോലെ..”
“ഏയ്.. ഒന്നൂല്ല..”
“ഇല്ല, എന്തോ ഒരു പ്രശ്‌നം ഉണ്ട്. നിനക്ക് അത് എന്നോട് പറഞ്ഞൂടെ..”
“നീ ഒന്ന് വെറുതെ ഇരിക്കൂ നീതു. ഒന്നുമില്ല എന്ന് പറഞ്ഞില്ലേ. എത്ര പറഞ്ഞാലും മനസ്സിലാകില്ല എന്ന് വച്ചാൽ.”
ഞാൻ ഒന്ന് പേടിച്ചൂ. ആദ്യമായാണ് അവൻ എന്നോട് ഇങ്ങനെ ദേഷ്യപെടുന്നത്. പിന്നെ ഞാൻ ഒന്നും പറയുവാൻ പോയില്ല.
“ആ ശരി, ഇനി ഞാൻ ഒന്നും പറയുന്നില്ല. ക്ലാസ്സു തുടങ്ങുവാൻ സമയം ആയി. വാ നമുക്ക് പോകാം..”
ക്ലാസ്സിൽ കയറിയിട്ടും മനസ്സിൽ മൊത്തം വിനുവായിരുന്നൂ. അവൻ ഇങ്ങനെ ആയിരുന്നില്ല.
പെട്ടെന്ന് എന്താണ് അവനു പറ്റിയത്? ഒരാഴ്ചയായി അവൻ തീരെ ഒന്നിലും ശ്രദ്ധ ഇല്ലാതെ ആയിട്ട്. ഏതായാലും പതുക്കെ കാര്യങ്ങൾ മനസ്സിലാക്കാം. അതാണ് നല്ലത്.
കഴിഞ്ഞ വർഷമാണ് ഞങ്ങൾ പരിചയപെട്ടത്, ബിരുദത്തിനു ഈ കോളേജിൽ ചേർന്നപ്പോൾ. ഒരേ ക്ലാസ്സിൽ ഒരുമിച്ചിരുന്നു ഒരു വർഷം കഴിഞ്ഞപ്പോഴേക്കും സൗഹൃദം എന്നതിന് അപ്പുറത്തേയ്ക്ക് ഞങ്ങളുടെ ബന്ധം വളർന്നൂ. വീട്ടിൽ പറഞ്ഞപ്പോൾ രണ്ടു വീട്ടുകാർക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ബിരുദം കഴിഞ്ഞാൽ വിനു അച്ഛൻ്റെ വ്യാപാരം ഏറ്റെടുക്കും. പിന്നെയും കുറച്ചു കഴിഞ്ഞാൽ ഞങ്ങൾ വിവാഹം കഴിക്കും. അങ്ങനെ അവനാണ് തീരുമാനിച്ചത്. അത് എല്ലാവർക്കും സമ്മതം ആയിരുന്നൂ. എല്ലാം ദൈവാനുഗ്രഹം പോലെ തോന്നി. അവൻ പലപ്പോഴും എൻ്റെ വീട്ടിൽ വരുമായിരുന്നൂ. പക്ഷേ ഒരിക്കൽ പോലും ഞാൻ അവൻ്റെ വീട്ടിൽ പോയിരുന്നില്ല. അത് എൻ്റെ അച്ഛന് നിർബന്ധം ആയിരുന്നൂ. കല്യാണം കഴിഞ്ഞു വലതു കാൽ വച്ച് അവിടെ അവൻ്റെ കൈയ്യും പിടിച്ചു കയറി ചെന്നാൽ മതിയത്രെ.
ഇതുവരെ ഞാൻ വിനുവിനെ ഈ രീതിയിൽ കണ്ടിട്ടില്ല. പെട്ടെന്ന് എന്ത് പറ്റിയതാണാവോ. എനിക്കും അവനും കാര്യങ്ങൾ തുറന്നു പറയുവാൻ ഞങ്ങൾ മാത്രമേ ഉള്ളൂ. സഹോദരങ്ങൾ എന്ന് പറയുവാൻ ഞങ്ങൾക്ക് ആരുമില്ല.
വൈകീട്ട് കോളേജ് വിട്ടപ്പോൾ വിനു പറഞ്ഞു.
“നാളെ നീ എൻ്റെ എൻ്റെ വീട്ടിലേയ്ക്കു വരണം. ഇതുവരെ നീ എൻ്റെ വീട് കണ്ടിട്ടില്ലല്ലോ.”
“അത് വേണ്ട വിനു. വിവാഹം കഴിഞ്ഞിട്ട് എനിക്ക് ആ വീട് കണ്ടാൽ മതി. ഇപ്പോൾ പെട്ടെന്നു എന്താ ഇങ്ങനെ തോന്നുവാൻ.”
“നീ ഒന്ന് ചുമ്മാതെ ഇരിക്കൂ. നാളെ നീ വീട്ടിൽ വരണം. എനിക്ക് അത് നിർബന്ധം ആണ്..”
എന്തോ വിനുവിൻ്റെ അവസ്ഥ കണ്ടപ്പോൾ ചെല്ലാം എന്ന് ഞാൻ വാക്ക് കൊടുത്തൂ.
രാവിലെ അച്ഛനോട് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നൂ എന്ന് നുണ പറഞ്ഞു ഞാൻ ഇറങ്ങി.
ശനിയാഴ്ച ആണ്. വൈകിട്ട് അമ്മയ്‌ക്കൊപ്പം ചന്തയിൽ പോയി സാധനങ്ങൾ ഒക്കെ വാങ്ങണം. ഒരു ഓട്ടോ എടുത്തു വിനുവിൻ്റെ വീട്ടിൽ എത്തി.
എന്നെ കാത്തു വിനു വീടിനു മുൻവശത്തു തന്നെ ഉണ്ടായിരുന്നൂ. എന്നെ കണ്ടതും ഓടി വന്നു കൈ പിടിച്ചു വീട്ടിലേയ്ക്കു കൂട്ടി കൊണ്ട് പോയി.
അവൻ എന്നെ നേരെ ഹാളിലെ സെറ്റിയിൽ കൊണ്ടുപോയി ഇരുത്തി. പിന്നെ ഒന്നും മിണ്ടാതെ അകത്തെ മുറിയിലേയ്ക്കു പോയി.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ ഇരുന്നൂ. ആരെയും കാണുന്നില്ല. എന്തോ ഒരു വല്ലായ്ക.
പെട്ടെന്ന് അകത്തു നിന്ന് അവൻ ഇറങ്ങി വന്നൂ. അവൻ്റെ കൈയ്യിൽ എന്തോ ഉണ്ട്. അവൻ അത് എൻ്റെ കൈയ്യിൽ കൊണ്ട് വന്നു തന്നൂ.
“ഒരു കുട്ടി..”
എനിക്ക് ഒന്നും മനസ്സിലായില്ല.
“എൻ്റെ അനിയത്തി ആണ്. ഒരു മാസം ആയി..”
എനിക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല. അവനു അനിയത്തികുട്ടി ഉള്ള കാര്യം ഞങ്ങൾ ആരും അറിഞ്ഞിരുന്നില്ല.
“അമ്മ ഗർഭിണി ആണെന്ന് ഞാൻ അറിയുവാൻ വൈകി. എന്നോട് പറയുവാൻ അമ്മയ്‌ക്കോ അച്ഛനോ ധൈര്യം ഉണ്ടായിരുന്നില്ല. ഈ സാധനം ച ത്ത് പോകണം എന്ന് ഞാൻ ഒത്തിരി പ്രാർത്ഥിച്ചിരുന്നൂ. അതുകൊണ്ടാണ് ഞാൻ നിന്നെ അറിയിക്കാതിരുന്നത്. ഇതറിഞ്ഞാൽ നീ എന്നെ വിട്ടിട്ടു പോകുമെന്ന് ഞാൻ ഭയന്നൂ. എനിക്ക് ഇവളെ ഇഷ്ടം അല്ല. ഇതാണെങ്കിൽ ച ത്ത് പോകുന്നുമില്ല.”
അവൻ ദേഷ്യപ്പെട്ടു ആ കുഞ്ഞിനെ നോക്കി.
ഞാൻ അവനെ അത്ഭുതത്തോടെ നോക്കി.
പിന്നെ കുട്ടിയെ എടുത്തു കൊണ്ട് പോയി വിനുവിൻ്റെ അമ്മയുടെ അടുത്ത് കിടത്തി.
പാവം അമ്മ അവർ എന്നെ ദയനീയമായി നോക്കി. ആ കണ്ണുകളിൽ എല്ലാം ഉണ്ടായിരുന്നൂ. വയസ്സാംകാലത്തു പ്രസവിച്ചതിൻ്റെ നാണം മാത്രമല്ല, ഒരു തെറ്റ് ചെയ്തു പോയി എന്ന കുറ്റബോധവും ആ മുഖത്തു ഞാൻ കണ്ടൂ.
എല്ലാം എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നൂ.
ഞാൻ അവനെയും കൂട്ടി തൊടിയിലേയ്ക്ക് നടന്നൂ. അനിയത്തികുട്ടിയെ മനസ്സുകൊണ്ട് അവൻ സ്വീകരിച്ചിട്ടില്ല. അത് ആ മുഖത്തുണ്ട്. ഒപ്പം ഞാൻ അവനെ വിട്ടിട്ടു പോകുമോ എന്ന ഭയവും..
പതിയെ ഞാൻ പറഞ്ഞു തുടങ്ങി.
“വിനു, നീ എന്നെ പറ്റി എല്ലാം അറിയണം.”
“നിനക്ക് അറിയാമോ വിനൂ. ഒരു കുടപിറപ്പിനു വേണ്ടി ഞാൻ എത്ര ആശിച്ചിട്ടുണ്ടെന്നു. എനിക്ക് ഒരു അനിയത്തി ഉണ്ടായിരുന്നൂ. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവൾ ജനിച്ചത്. എനിക്കവളെ ഒത്തിരി ഇഷ്ടമായിരുന്നൂ. അന്ന് അവൾക്കു രണ്ടു വയസ്സ് പ്രായം കാണും. അന്നൊരു ദിവസ്സം രാത്രിയിൽ അവൾക്കു പെട്ടെന്നു പനി വന്നൂ. ആശുപത്രിയിലേക്കു അവളെയും എടുത്തു കൊണ്ടു ഞങ്ങൾ ഓടി. എന്താണ് അവൾക്കു സംഭവിച്ചത് എന്ന് കണ്ടുപിടിക്കുവാൻ ഡോക്ടർക്കു ആയില്ല. രണ്ടു ദിവസ്സം അവൾ അങ്ങനെ കിടന്നൂ. സ്കൂളിൽ പോവാതെ ഞാൻ അവൾക്കു കൂട്ടിരുന്നൂ. ഞങ്ങൾ ആരും ആ രണ്ടു ദിവസ്സവും ഉറങ്ങിയിട്ടില്ല. എന്നിട്ടും അവൾ പോയി. എൻ്റെ വീട്ടിൽ ഇപ്പോഴും അവളുടെ കുഞ്ഞുടുപ്പുകൾ, കളിപ്പാട്ടങ്ങൾ എല്ലാം ഉണ്ട്. അവൾക്കു വേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസ്സം എൻ്റെ ജീവിതത്തിൽ ഇല്ല…”
“വിനു നീ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..”
ഞാൻ അവൻ്റെ കൈ ചേർത്ത് പിടിച്ചൂ..
“എനിക്ക് ഇപ്പോഴാണ് നിന്നോട് കൂടുതൽ ഇഷ്ടം തോന്നുന്നത്. നീ എനിക്ക് എൻ്റെ നീനുവിനെ തിരിച്ചു തന്നില്ലേ. ഇനി ഒരിക്കലും അവളെ വെറുക്കരുത്. അവളെ കൈയ്യിൽ എടുത്തപ്പോൾ എനിക്ക് തോന്നിയത് എൻ്റെ നീനു തിരിച്ചു വന്നൂ എന്നാണ്. എനിക്ക് വേണ്ടി നീ അവളെ സ്നേഹിക്കണം.”
വിനുവിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ.
തിരിച്ചു വീട്ടിലെത്തി, കുഞ്ഞുവാവയെ കുറേ നേരം കളിപ്പിച്ചതിനു ശേഷം അമ്മയോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.
പിറ്റേ ആഴ്ച വിനു ഞങ്ങളെ കുടുംബസമേതം അവിടേക്കു ക്ഷണിച്ചൂ. അങ്ങോട്ട് പോകുമ്പോൾ നീനുവിൻ്റെ കുറച്ചു കളിപ്പാട്ടങ്ങൾ ഞാൻ കൈയ്യിൽ കരുതിയിരുന്നൂ. പക്ഷേ അവർ അത് സ്വീകരിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നൂ.
അവിടെ അന്ന് വിനുവിൻ്റെ അനിയത്തികുട്ടിയുടെ പേരിടൽ ആയിരുന്നൂ. എന്നെ അത്ഭുത പ്പെടുത്തികൊണ്ട് വിനുവിൻ്റെ അച്ഛൻ അവളെ നീനു എന്ന് വിളിച്ചൂ. അത് കേട്ടപ്പോൾ എൻ്റെ അമ്മയുടെ കണ്ണ് നിറഞ്ഞു.
നീനു പോയതിനു ശേഷം ഒരിക്കൽ പോലും അമ്മയുടെ കണ്ണ് തോർന്നിരുന്നില്ല. ഇനി ഒരു കുട്ടിക്ക് ജന്മം നൽകുവാൻ അമ്മയ്ക്ക് ആവുമായിരുന്നില്ല. അമ്മയുടെ ഗർഭപാത്രം ചില പ്രശ്നങ്ങൾ കാരണം നീനു ജനിച്ചു കുറച്ചു നാളുകൾക്കു ശേഷം എടുത്തു മാറ്റിയിരുന്നൂ. നീനു പോയതിനു ശേഷം പിന്നെ അമ്മയുടെ ലോകം എന്ന് പറയുന്നത് ഞാനും അമ്പലങ്ങളും മാത്രം ആയിരുന്നൂ.
പേരിടൽ ചടങ്ങിന് ശേഷം വിനുവിൻ്റെ അമ്മ എന്നെ അടുത്തേയ്ക്കു വിളിച്ചൂ. കുഞ്ഞിനെ എൻ്റെ കൈകളിലേയ്ക്ക് തന്നൂ.
പിന്നെ ചോദിച്ചൂ.
“മോൾക്ക് ഈ സമ്മാനം ഇഷ്ടം ആയോ..”
ഞാൻ അമ്മയുടെ കവിളിലും വാവയുടെ കവിളിലും മുത്തം നല്കി. അപ്പോൾ എൻ്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു.
എനിക്ക് ഉറക്കെ ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നൂ.
“ഒരു അമ്മായിഅമ്മയ്ക്കും ഇതിലും വലിയ സമ്മാനം മരുമകൾക്ക് നല്കുവാൻ ആകില്ല..”