Story written by Anju Thankachan
അച്ഛാ….. അയാളുടെ ഉച്ചത്തിൽ ഉള്ള വിളി ആ വീടിനെ പ്രകമ്പനം കൊള്ളിക്കാൻ തക്ക രീതിയിൽ ഉള്ളതായിരുന്നു.
അയാളുടെ കൈയിലിരുന്ന് ആ വെളുത്ത പേപ്പർ വിറച്ചു.
ഞാൻ എനിക്കിഷ്ട്ടമുള്ള ആളോടൊപ്പം പോകുന്നു എന്ന് മാത്രമേ ആ പേപ്പറിൽ ഉണ്ടായിരുന്നുള്ളൂ. വെറും പതിനെട്ടു വയസു മാത്രമുള്ള തന്റെ അനിയത്തി ഒരുവനോടൊപ്പം ഇറങ്ങിപ്പോയിരിക്കുന്നു. അയാൾക്ക് തന്റെ ഹൃദയം പിടഞ്ഞുരുകുന്ന വേദന തോന്നി.
അച്ഛനെ മുറിയിലെങ്ങും കാണാഞ്ഞിട്ട് അയാൾ പൂമുഖത്തേക്ക് ഇറങ്ങി ചെന്നു.
പൂമുഖത്തെ കസേരയിൽ തലകുനിച്ചിരിക്കുന്ന അച്ഛനെ കണ്ടപ്പോൾ അച്ഛൻ ആ എഴുത്ത് തനിക്കു മുൻപേ കണ്ടിരിക്കുന്നു എന്നയാൾക്ക് മനസിലായി.
അച്ഛാ….നിരഞ്ജൻ പതിയെ വിളിച്ചു. അയാൾ മുഖമുയർത്തി നോക്കി. ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് അയാൾക്ക് വല്ലായ്മ തോന്നി.
പതിനേഴു വർഷം മുൻപ് ഇത് പോലെ അച്ഛൻ തല കുനിച്ചിരുന്നത് അയാൾക്കോർമ്മ വന്നു.
അന്ന് തനിക്ക് പന്ത്രണ്ട് വയസ്സ്. സ്കൂൾവിട്ട് വീട്ടിൽ എത്തിയപ്പോൾ അന്ന് പതിവില്ലാതെ കുറേ അയൽപക്കക്കാർ വീട്ടുമുറ്റത്ത് കൂടി നില്ക്കുന്നുണ്ടായിരുന്നു.
അച്ഛൻ ആകെ തകർന്ന മട്ടിൽ ഇറയത്ത് ഇരുപ്പുണ്ട്.
അമ്മയോടൊപ്പം ഒരു പുരുഷനും തല കുനിച്ചു നിൽപ്പുണ്ട്.
അവളെ വെട്ടിക്കൊല്ല് എന്ന് ആൾക്കൂട്ടത്തിൽ നിന്ന് ആരോ ഒരാൾ പറയുന്നത് താൻ കേട്ടു.
ഇവൾക്ക് എന്തിന്റെ കേടായിരുന്നുവെന്ന് പറഞ്ഞ് സ്ത്രീകൾ കുശുകുശു ക്കുന്നുണ്ടായിരുന്നു.
അച്ഛൻ ആരോടും മിണ്ടാതെ അമ്മക്കരികിലേക്ക് ചെല്ലുന്നതും അമ്മയുടെ കൈകൾ പിടിച്ച് ആ പുരുഷന്റെ കൈകളിൽ ഏൽപ്പിക്കുന്നതും എന്തിനാണെന്ന് അന്ന് തനിക്കറിയില്ലായിരുന്നു.
തൊട്ടിലിൽ വിരലുണ്ട് ഉറങ്ങുകയായിരുന്ന ഉണ്ണിമോളെ എടുത്ത് തോളിൽ ഇട്ട്, തന്നെയും ചേർത്ത് പിടിച്ച് അച്ഛൻ അന്ന് ആ വീടിന്റെ പടി ഇറങ്ങി.
അറിയാത്തൊരു നാട്ടിലേക്ക് അച്ഛന്റെ കൈയും പിടിച്ചു വരുമ്പോൾ ആദ്യം അമ്മയെ ക്കുറിച്ചോർത്ത് കരയുമെങ്കിലും, അമ്മക്ക് മറ്റൊരു പുരുഷനോട് പ്രണയമായിരുന്നെന്നും , പല ദിവസവും അച്ഛൻ വീട്ടിൽ ഇല്ലാത്ത സമയത്ത് അയാൾ വരുമായിരുന്നത് കൊണ്ടാണ് തങ്ങൾ അമ്മയെ ഉപേക്ഷിച്ചു വന്നതെന്നും മനസിലായതിന് ശേഷം അമ്മയോട് വല്ലാത്ത വെറുപ്പ് തോന്നി.
കുറേ നാൾ തങ്ങൾ വാടക വീട്ടിൽ ആയിരുന്നു താമസം. ആ കാലത്ത് രാവെന്നോ പകലെന്നോ ഇല്ലാതെ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു. ചെറിയ മേസ്തിരി പണിക്കാരനിൽ നിന്നും നാട്ടിൽ പേരുകേട്ട റിയൽ എസ്റ്റേറ്റ് ബിസിനസുകാരനിലേക്കുള്ള അച്ഛന്റെ വളർച്ച അതിവേഗത്തിൽ ആയിരുന്നു . ഇക്കാണുന്ന കൊട്ടാരം പോലുള്ള വീടും സ്ഥലവുമൊക്കെ അങ്ങനെ അച്ഛൻ നേടിയതാണ്.
ഉണ്ണി മോളെ ഒന്ന് കരയാൻ പോലും താൻ അനുവദിച്ചിട്ടില്ല. ഉണ്ണിമോളൊരിക്കലും അമ്മയെ ക്കുറിച്ച് ചോദിച്ചിട്ട് പോലും ഇല്ല. തങ്ങൾക്ക് എല്ലാം അച്ഛനായിരുന്നു.
പിന്നീടെപ്പോഴാണ് ഉണ്ണിമോൾ ഇങ്ങനെ മാറിപ്പോയത്. അവൾക്കിഷ്ടപ്പെട്ട ആൾക്കൊപ്പം പോകുന്നു എന്ന് എഴുതിവെച്ചിട്ട് എങ്ങനെ ഇറങ്ങി പോകാൻ കഴിഞ്ഞു . അതും ഒരു ജോലിയും കൂലിയും ഒന്നും ഇല്ലാത്ത ഒരുവനോടൊപ്പം.
അവൾ ഒരുവനുമായി ഇഷ്ട്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ താൻ ആയാളെ കുറിച്ച് അന്വേഷിച്ചതാണ്, അവനെ കുറിച്ച് നല്ലതൊന്നും ആർക്കും പറയാൻ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് മാത്രമാണ് ഉണ്ണിമോളോട് അവനെ മറക്കണം എന്ന് പറഞ്ഞത്. പക്ഷേ അവൾ അവനോടൊപ്പം ഇറങ്ങി പോകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
അല്ലെങ്കിലും സ്ത്രീകളെ വിശ്വസിക്കാനേ കൊള്ളുകയില്ല, തനിക്ക് വെറുപ്പാണ് സ്ത്രീകളെ. ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വർഗ്ഗം. എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു സ്ത്രീഉണ്ടാവില്ല. അയാൾ കൈയിൽ ഇരുന്ന കത്ത് രോഷ ത്തോടെ ചുരുട്ടി നിലത്തേക്കെറിഞ്ഞു.
*************
മാസങ്ങൾ അതിവേഗം കടന്നു പോയി. അന്ന് നിരഞ്ജൻ ഓഫീസിൽ നിന്നും വരുമ്പോൾ അച്ഛൻ ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്.
മോനെ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. എന്താ അച്ഛാ ?
നിനക്ക് ഓർമ്മ ഉണ്ടാകുമല്ലോ അല്ലേ നമ്മുടെ പഴയ വീടിനടുത്ത് താമസിച്ചിരുന്നു വിശ്വംഭരനെ?
ഉവ്വ് ഓർമ്മയുണ്ട് അച്ഛാ.
ഞാൻ ഇന്ന് ആശുപത്രിയിൽ പോയപ്പോൾ അവിടെ വച്ച് അവന്റെ ഭാര്യ ശാരദയേ കണ്ടിരുന്നു. വിശ്വംഭരൻ മരിച്ചിട്ട് നാല് വർഷം ആയെന്ന് . ആപത്ത് കാലത്ത് നമ്മളെ ഒരുപാട് സഹായിച്ചിട്ടുള്ളവരാ. ശാരദക്ക് കാൻസറാണ് അതും ലാസ്റ്റ് സ്റ്റേജ് ആണെന്നാണ് പറഞ്ഞത്. ഇനി ഒന്നും ചെയ്യാനില്ലത്രേ മരിക്കുംമുമ്പ് അവരുടെ മോളെ ഒരു കരക്കെത്തിക്കാൻ സാധിച്ചില്ല എന്നും പറഞ്ഞ് അവൾ ഒരുപാട് കരഞ്ഞു.
വിശ്വംഭരൻ എപ്പോഴും പറയുമായിരുന്നു എടാ എന്റെ മോളെ നിന്റെ മകനെ കൊണ്ട് കെട്ടിക്കണം എന്ന്. നിന്റെ രണ്ട് വയസ്സുകാരി മോൾ ഒന്ന് വലുതാവട്ടെ എന്ന് ഞാൻ തമാശയ്ക്ക് പറയുമായിരുന്നു.
എന്റെ എല്ലാ തളർച്ചകളിലും അവൻ എനിക്കൊരു താങ്ങായിരുന്നു. ആപത്തിൽ സഹായിച്ച അവനെ, പണം ഉണ്ടാക്കുന്ന തിരക്കിൽ ഞാൻ മറന്നു പോയി.
സാരമില്ല അച്ഛാ… നമ്മൾ മനപ്പൂർവം അല്ലല്ലോ.
അവൻ സഹായിച്ചത് കൊണ്ടാണ് ഇന്നീ നിലയിൽ നമ്മൾ ജീവിക്കുന്നത്. എത്രയായാലും അവനോടുള്ള കടപ്പാട് തീരില്ല. അവന്റെ മോളാണ് ജാനകി നമ്മുടെ ഉണ്ണിമോളുടെ പ്രായമാ ആ കുട്ടിക്കും നീ ആ കുട്ടിയെ വിവാഹം കഴിക്കണം.
ഇല്ലച്ഛാ ഈ ജീവിതത്തിൽ എനിക്ക് വിവാഹജീവിതം ഉണ്ടാവില്ല. ഇനി ഒരു സ്ത്രീയെ കൂടി എനിക്ക് വിശ്വസിക്കാൻ കഴിയില്ല. അമ്മ നമ്മളെ ചതിച്ചില്ലേ,പൊന്നു പോലെ നമ്മൾ നോക്കിയ ഉണ്ണിമോൾ നമ്മളെ ചതിച്ചില്ലേ…
മോനെ എല്ലാ സ്ത്രീകളും ഒരുപോലെയല്ലാ, കുടുംബത്തെ പ്രാണനായി കരുതുന്ന സ്ത്രീകളുമുണ്ട്
പെൺ വർഗ്ഗത്തെ എനിക്ക് വിശ്വാസമില്ല അച്ഛാ
ഞാൻ നിന്റെ അച്ഛനാണ് ഞാൻ പറയുന്നത് നീ കേട്ടാൽ മതി അയാൾ ആജ്ജഞയോടെപറഞ്ഞിട്ട് മുറിയിലേക്ക് നടന്നു.
**************
പിന്നീടുള്ള ദിവസങ്ങളിൽ നിരഞ്ജൻ അച്ഛനോട് അതികം സംസാരിക്കാൻ ചെന്നില്ല. മിണ്ടിപ്പോയാൽ ഇനിയും അച്ഛൻ വിവാഹത്തേക്കുറിച്ച് സംസാരിക്കുമോ എന്നയാൾ ഭയപ്പെട്ടു.
ഇവിടെ താനും അച്ഛനും മാത്രം മതി.
മോനേ…. അച്ഛന്റെ വിളി അയാളെ ചിന്തകളിൽ നിന്നുണർത്തി. എനിക്കറിയാം നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുകയാണെന്ന്. അങ്ങനൊന്നും ഇല്ലച്ഛാ… എടാ… ശാരദകുറച്ചു ദിവസം മുൻപ് മരിച്ചു. ആ പെങ്കൊച്ചിന് ആരും ഇല്ല ആരും ഇല്ലാത്ത ഒത്തിരി ആളുകൾ ഉണ്ടച്ഛാ.. അവരെയൊക്കെ നമുക്ക് നോക്കാൻ പറ്റുമോ?
ഇല്ലായിരിക്കും പക്ഷെ ആ കൊച്ചിനെ എന്റെ മരുമകൾ ആയി എനിക്ക് വേണം
നീ ജോലിക്ക് പോയി കഴിഞ്ഞാൽ ഈ വലിയ വീട് മൌനത്തിൽ കുളിച്ചു നിൽക്കും. വയ്യ… ഈ… ഏകാന്തത. നീയൊരു വിവാഹം കഴിക്കണം.നിന്റെ കുഞ്ഞുങ്ങൾ ഈ വീട് മുഴുവൻ ഓടി നടക്കണം. അവരുടെ കരച്ചിലും, ചിരിയും ഈ വീടിനെ ഉണർത്തണം..
അമ്മ മറ്റൊരുത്തനെ കണ്ടപ്പോൾ നമ്മളെ മറന്നു അവനെ വീട്ടിൽ കയറ്റിയില്ലേ … ഇത്രേം വർഷങ്ങൾ കഴിഞ്ഞിട്ടും അച്ഛൻ മറ്റൊരു വിവാഹത്തിനെ കുറിച്ച് ചിന്തിച്ചില്ലല്ലോ വേണമെങ്കിൽ അച്ഛൻ ഒരു വിവാഹം കഴിച്ചോ.
നിർത്തെടാ…. അയാൾ ഒച്ചയുയർത്തി. ഞാൻ തീരുമാനിച്ചു, നീ ആ കുട്ടിയെ വിവാഹം ചെയ്യണം. ഇല്ലെങ്കിൽ പിന്നെ ഞാൻ ഉണ്ടാവില്ല. എന്റെ ഭാര്യ എന്നെ തോൽപ്പിച്ചു, എന്റെ മകളും എന്നെ ചതിച്ചു. ഇനി നീ കൂടെ അച്ഛനെ തോൽപ്പിക്കരുത് അയാളുടെ സ്വരം ഇടറി.
****************
താലി കെട്ടുമ്പോൾ നിരഞ്ജന്റെ കൈകൾ വിറച്ചു. അയാൾക് വിവാഹം തീരെ ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല അയാൾക്ക് എന്തുകൊണ്ടോ ലോകത്തോട് മുഴുവൻ ദേഷ്യം തോന്നി. അച്ഛന്റെ സുഹൃത്തുക്കളും, തന്റെ സുഹൃത്തുക്കളും തുടങ്ങി ധരാളം ആളുകൾ പങ്കെടുത്ത ആഡംബര വിവാഹം ആയിരുന്നെങ്കിലും സന്ധ്യയോട് കൂടി എല്ലാവരും പിരിഞ്ഞു പോയി.
രാത്രി അതിന്റെ കറുത്ത മൂടുപടലത്തിനുള്ളിൽ ഭൂമിയിൽ പൊതിഞ്ഞു പിടിച്ചു കഴിഞ്ഞിരിക്കുന്നു. വെള്ളിക്കൊലുസിന്റെ ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി.
മുഖം നിറയെ ആകുലതയുമായി അവൾ കടന്നു വന്നു. അയാൾക് അവളോട് വല്ലാത്ത വെറുപ്പ് തോന്നി.
ഈ വീട്ടിൽ വേറെ ധരാളം മുറികൾ ഉണ്ട് എവിടെ വേണമെങ്കിലും പോയി കിടന്നോ. അയാൾ ദേഷ്യത്തോടെ പറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയെങ്കിലും അവൾ വേഗം തലകുലുക്കി സമ്മതിച്ചുക്കൊണ്ട് മുറിക്കു പുറത്തേക്ക് ഇറങ്ങി.
***************
അയാൾ മിക്കവാറും ദിവസങ്ങളിൽ താമസിച്ചേ ഓഫീസിൽ നിന്നും വരാറുള്ളൂ വന്നു കഴിഞ്ഞാലും അയാൾ അച്ഛനോട് മാത്രമേ സംസാരിക്കാറുള്ളൂ.
അയാൾ അവളെ അവഗണിക്കുകയാണ് പതിവെങ്കിലും അവൾക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. എങ്കിലും അവൻ വരുമ്പോഴെല്ലാം അവൾ അയാൾ അറിയാതെ അയാളെ നോക്കാറുണ്ടായിരുന്നു.
പൗരുഷംനിറഞ്ഞ ആ മുഖവും, നെഞ്ചിലേ കരുത്തുറ്റ രോമങ്ങൾക്കിടയിൽ പതിഞ്ഞു കിടക്കുന്ന രുദ്രാക്ഷ മാലയും അയാളുടെ പ്രൗഢിയെ എടുത്ത് കാണിച്ചു. അയാളുടെ മുന്നിൽ പെടുമ്പോഴെല്ലാം അവൾ മാറി നിന്നിരുന്നുവെങ്കിലും ആ നെഞ്ചിൽ ഒരുവേളയെങ്കിലുംതന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്നവൾ ആശിച്ചിരുന്നു.
അന്ന് ഞായറാഴ്ച ആയിരുന്നു. പതിവിലും താമസിച്ചാണ് നിരഞ്ജൻ എഴുന്നേറ്റത്
മുകളിലെ കിടപ്പുമുറിയോട് ചേർന്നുള്ള മുറി പാതി തുറന്നു കിടക്കുന്നത് അയാൾ കണ്ടു.
ചിത്ര രചന ചെറുപ്പം മുതൽക്കേ തനിക്കുണ്ട്. അച്ഛൻ ഒരിക്കൽ പറഞ്ഞു ആ കഴിവ് നിനക്ക് അമ്മയിൽ നിന്നും കിട്ടിയതാണ്, അവൾ നന്നായി വരക്കുമായിരുന്നു എന്ന്. സത്യം പറഞ്ഞാൽ അത് കേട്ടപ്പോൾ ദേഷ്യം ആണ് തോന്നിയത്. അതിൽ പിന്നെ താൻ ഒന്നും വരച്ചിട്ടില്ല. അന്ന് ഉപേക്ഷിച്ചതാണ് വരയോടുള്ള ഇഷ്ട്ടം.
അയാൾ മുറിയിലേക്ക് കയറി. ജാനകി താൻ മുൻപ് വരച്ച ചിത്രങ്ങളിലേക്ക് ആകാംക്ഷാപൂർവ്വം നോക്കി നിൽക്കുകയാണ്. താൻ അകത്തേക്ക് ചെന്നത് അവൾ അറിഞ്ഞിട്ടില്ല അയാളൊന്ന് മുരടനക്കി. അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി. കയ്യിൽ ഒരു ചൂൽ പിടിച്ചിട്ടുണ്ട് മുറിയൊക്കെ പൊടിതുടച്ച് വൃത്തിയാക്കിയിരിക്കുന്നു.
പെട്ടെന്ന് അയാളെ കണ്ട് അവൾ പരിഭ്രമത്തോടെ നോക്കി. കയ്യിൽ ചൂലും പിടിച്ച് പേടിച്ച് നിൽക്കുന്ന അവളെ നോക്കിയപ്പോൾ അയാൾക്ക് പാവം തോന്നി.
വിലകുറഞ്ഞതെങ്കിലും വൃത്തിയുള്ള കോട്ടൺ സാരിയാണ് വേഷം.സാരി എടുത്തുയർത്തി എളിയിൽ കുത്തിയിട്ടുണ്ട്.കണ്ണുകളിൽ കണ്മഷി പടർന്നിട്ടുണ്ട്, നീളമുള്ള കൺപീലികൾ കണ്ണിന്റെ മനോഹാരിത വർധിപ്പിക്കുന്നുണ്ട്. രക്തമയം വറ്റിയ വിളറിയ കവിളുകൾ പേടികൊണ്ടാവണം വിറക്കുന്നുണ്ട്. നെറ്റിയിലും മേൽച്ചുണ്ടിന് മുകളിലും വിയർപ്പുകണങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ട്.
സീമന്തരേഖയിൽരേഖയിൽ സിന്ദൂരം മാത്രം അണിഞ്ഞിട്ടുണ്ട് . താനണിയിച്ച താലി ചെറിയ മാലയിൽ കൊരുത്തിയിട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ , കൈകളും കാതും ശൂന്യമാണ്. . ഒരു വേള അറിയാതെ അവളുടെ അണിവയറിലേക്ക് അവന്റെ നോട്ടം പാളി. സ്വർണ്ണനിറമുള്ള നനുത്ത രോമങ്ങൾക്കിടയിൽ ആലസ്യത്തോടെ മയങ്ങിക്കിടക്കുന്ന പൊക്കിൾചുഴി. അയാൾ നോക്കുന്നത് കണ്ട് ചൂലുമായി അവൾ വേഗം പുറത്തേക്കു ഓടി. അവളുടെ വെള്ളിക്കൊലുസിന്റെ കിലുക്കം അടുക്കളയിൽ ചെന്ന് അവസാനിച്ചത് അയാൾ അറിഞ്ഞു.
അയാൾ ഗൗരവത്തോടെ മുറ്റത്തേക്ക് ഇറങ്ങിയതും ചെമ്പക പൂക്കളുടെ സുഗന്ധം അയാളെ പൊതിഞ്ഞു. ചെമ്പകം നിറയെ പൂക്കൾ വിരിഞ്ഞിട്ടുണ്ട് അതിന്റെ ഗന്ധമാണ് കാറ്റിൽ പാറിക്കളിക്കുന്നത്. മുറ്റത്തെ കോണിൽ കരിഞ്ഞു നിന്ന ഗന്ധരാജന്റെ ചോട്ടിൽ നിന്നും പുതിയ തൈ മുളച്ചു പൊന്തി ഒരൊറ്റ പൂവ് മാത്രം വിരിഞ്ഞു നിൽക്കുന്നു.പൂവിന്റെ ഇതളുകളിൽ മഞ്ഞിൻ തുള്ളികൾ പറ്റിയിരിപ്പുണ്ട്. അവൾ വന്നതിൽ പിന്നെ ധരാളം ചെടികൾ നട്ടു പിടിപ്പിച്ചിട്ടു ണ്ടായിരുന്നു.പലതരം ചെടികൾ നിറയെ പൂക്കൾവിരിഞ്ഞിട്ടുണ്ട് .നയന മനോഹരമായ ആ കാഴ്ചയിൽ അയാൾ സ്വയം മറന്നു അൽപ്പ നേരം നിന്നു.
പിന്നാമ്പുറത്തു നിന്നുംഉറക്കെയുള്ള പൊട്ടിച്ചിരി കേട്ട് അയൾ അങ്ങോട്ട് ചെന്നു. അച്ഛന്റെ നരച്ച മുടിയും മീശയും കറുപ്പിക്കുകയാണ് അവൾ. പൊതുവെ ഗൗരവക്കാരൻ ആയ അച്ഛൻ കുടവയറും കുലുക്കി ചിരിച്ചു ചിരിച്ച് കണ്ണൊക്കെ നിറഞ്ഞൊഴുകുന്നുണ്ട്.
അയാൾക്ക് ആ കാഴ്ച അത്ഭുതം ആയിരുന്നു. അച്ഛൻ പൊതുവെ ഗൗരവം ഉള്ള ആളാണ്. എത്ര നാളായി അച്ഛൻ ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ട്.
അല്ലെങ്കിലും അച്ഛന് എല്ലാവരോടും സ്നേഹമാണ് ഒരിക്കൽ കുടുംബക്ഷേത്രത്തിൽ തൊഴുതിറങ്ങി വരുമ്പോൾ ആണ് ഒരു ഭിക്ഷക്കാരി സ്ത്രീ ഞങ്ങൾക്ക് നേരെ കൈ നീട്ടിയത്, ആ മുഖത്തെക്ക് നോക്കിയതും അച്ഛന്റെ മുഖം മാറുന്നത് കണ്ടാണ് താൻ അവരെ സൂക്ഷിച്ചു നോക്കിയത് മെലിഞ്ഞൊട്ടിയ ആ രൂപം അമ്മയുടെതായിരുന്നു. അമ്മയുടെ ആ അവസ്ഥയിൽ ഒട്ടും സങ്കടം തനിക്കു തോന്നിയില്ലെന്ന് മാത്രമല്ല, തങ്ങളെ കണ്ട് പകച്ചു നിൽക്കുന്ന അവർക്ക് മുന്നിലേക്ക് ഒരു രൂപ നാണയം ഇട്ട് കൊടുത്തിട്ട് അച്ഛനെയും ചേർത്തു പിടിച്ച് താൻ നടന്നു. പക്ഷെ അച്ഛൻ വിഷമത്തിൽ ആയിരുന്നു . എങ്ങനെയാണ് അച്ഛന് ഇങ്ങനെ എല്ലാവരെയും സ്നേഹിക്കാൻ കഴിയുന്നതെന്നോർത്ത് തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്.
ഡൈ തേച്ചു പിടിപ്പിച്ചത് കഴുകാൻ ആയിരിക്കണം അച്ഛൻ അകത്തേക്ക് നടന്നു. അച്ഛന് പിന്നാലെ അവളും അകത്തേക്ക് നടക്കാൻ തുനിഞ്ഞു.
ജാനകി അവിടെ നില്ക്കു അയാൾ ഗൗരവത്തിൽ പറഞ്ഞു.
ഇവിടുത്തെ അടുക്കളപ്പണിയും ചെയ്ത്, പൂമ്പാറ്റയുടെയും, കൊതുകിന്റെയും ഒക്കെ പിറകെ നടക്കാതെ നിനക്ക് പഠിക്കാൻ പോയാൽ എന്താ ഡിഗ്രി പഠിച്ചോണ്ടിരിക്കുവല്ലാരുന്നോ അതെങ്കിലും കംപ്ലീറ്റ് ചെയ്യൂ…
ഇല്ല.. ഞാൻ പോണില്ല. ഇവിടെ അച്ഛൻ ഒറ്റക്കാവില്ലേ ഓഹ്.. നീ വരുന്നതിന് മുൻപ് അച്ഛൻ ഒറ്റയ്ക്ക് ആയിരുന്നു. അയാളുടെ ശബ്ദം ഉയർന്നു.
അവൾ തല കുനിച്ചു.
സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തിയെങ്കിലും നേടണം. അല്ലാതെ എന്നും ഇവിടെ ജീവിക്കാം എന്ന് വിചാരിക്കരുത്. ഇവിടെനിന്നും പോകേണ്ടി വരുമ്പോൾ ഒരു ജോലി ഉണ്ടെങ്കിൽ പിടിച്ചു നിൽക്കാൻ കഴിയും.
അതിന് ഞാൻ ഇവിടുന്ന് എങ്ങോട്ട് പോകാൻ അവൾ കണ്ണ് മിഴിച്ചു.
നോക്ക്…. ജാനകി എനിക്ക് ഈ വിവാഹം കുടുംബജീവിതം ഇതൊന്നും താല്പര്യം ഇല്ല. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. പിന്നെ നിനക്കും ഒരാശ്രയം വേണ്ട സമയമായിരുന്നല്ലോ. അല്ലാതെ എന്നും ഇവിടെ ജീവിക്കാം എന്ന് കരുതരുത്.
അടുത്ത ദിവസം മുതൽ പഠിക്കാൻ പൊയ്ക്കോണം. അവളുടെ നിറഞ്ഞു തുടങ്ങിയ കണ്ണുകളെ കണ്ടില്ലെന്നു നടിച്ച് അയാൾ അവൾക്കു താക്കീതു നൽകി.
അവൾ തല കുലുക്കി.
*************
അവൾ രാവിലെ എണിറ്റു അടുക്കളയിൽ എത്തി. ജോലിയൊക്കെ വേഗത്തിൽ തീർക്കണം. കോളേജിൽ പോണം കൂട്ടുകാരെ ഒക്കെ കണ്ടിട്ട് എത്ര നാളുകൾ ആയി അമ്മക്ക് അസുഖം കൂടിയതോടെ കോളേജിൽ പോക്ക് നിർത്തിയതാണ് തുടർന്നു പഠിക്കാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചില്ല . അവൾ ചെന്നതും കണ്ടു അച്ഛൻ അടുക്കളയിൽ ചായ ഇടുകയാണ്.
അയ്യോ അച്ഛൻ എന്തിനാ രാവിലെ അടുക്കളയിൽ കയറിയത്. മോൾക്ക് ഇന്ന് കോളേജിൽ പോവണ്ടേ എനിക്ക് പറ്റുന്ന സഹായം ഞാൻ ചെയ്യാം രണ്ടാളും കൂടെ ആയി പാചകം. അന്ന് അവൾ ഒത്തിരി സന്തോഷത്തോടെ കോളേജിലേക്ക് പോയിത്തുടങ്ങി.
അന്ന് സുഹൃത്തിന്റെ കുഞ്ഞിന്റെ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്ത് നിരഞ്ജൻ വളരെ താമസിച്ചാണ് വീട്ടിലെത്തിയത്. പതിവില്ലാതെ അയാൾ അന്ന് മ ദ്യപിച്ചിട്ടുണ്ടായിരുന്നു. മ ദ്യപിച്ചു ശീലമില്ലാത്തതിനാൽ കാലുകൾ നിലത്തുറയ്ക്കാതെ പലവട്ടം വീഴാൻ തുടങ്ങിയ അയാളെ അച്ഛൻ താങ്ങിപിടിച്ചു മുറിയിൽ ആക്കിയിട്ട് പോയി.
അയാളുടെ നെറ്റിയിൽ വീണു കിടക്കുന്ന മുടിയിഴകൾ അവൾ ഒതുക്കി വച്ചു. വിയർത്ത മുഖം അവൾ സാരിത്തലപ്പ് കൊണ്ട് തുടച്ചു. അയാളെ നോക്കിയിരിക്കുമ്പോൾ അവൾക്ക് അയാളോട് വല്ലാത്ത സ്നേഹം തോന്നി. നെറ്റിയിൽ അരുമയായി ഒന്ന് ചുംബിക്കണമെന്നും. എനിക്ക് നിങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് കാതിൽ അടക്കം പറയണമെന്നും അവൾക്കു തോന്നി.
എടി…. പെട്ടന്നാണവളുടെ കൈയിൽ പിടുത്തം വീണത്. എടി പെണ്ണേ…. നീയെന്നെ വിട്ടിട്ടു പൊയ്ക്കളയരുത്. എപ്പോഴോ നിന്നെ ഞാൻ ഇഷ്ട്ടപെട്ടു പോയെടി…. അവൾ അതിശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി. അവളുടെ കൈയിലെ പിടിത്തം അയഞ്ഞു. അയാൾ ഉറക്കത്തിൽ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഒന്നും വ്യക്തമാകുന്നില്ല
അവളുടെ കണ്ണുകൾ നിറഞ്ഞു.. അപ്പോൾ തന്നോട് സ്നേഹം ഉണ്ട്.ഇല്ലാത്തത് പോലെ, തന്നെ കാണാത്തതു പോലെ അഭിനയിക്കുകയാണ്.
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. തന്നെ സ്നേഹിക്കാൻ, ഈ ലോകത്തിൽ തന്റെതെന്നു പറയാൻ തനിക്കും ഒരാൾ ഉണ്ട്. കണ്ണുനീരിനിടയിലൂടെ അവൾ ചിരിച്ചു.
രാത്രിയുടെ ഏതോ യാമത്തിൽ എടീ…. എന്ന അലർച്ച കേട്ടാണ് അവൾ ഞെട്ടി എഴുന്നേറ്റത്, അവനെ തന്നെ നോക്കിയിരുന്ന് എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയതിൽ അവൾ സ്വയം പഴിച്ചു. നീയെന്താ എന്റെ മുറിയിൽ, എന്റെ കണ്മുന്നിൽ വന്നേക്കരുതെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, നിനക്ക് എങ്ങോട്ടെങ്കിലും ഇറങ്ങി പോയിക്കൂടെ അയാളുടെ ഉച്ചത്തിൽ ഉള്ള വഴക്കും, അവളുടെ കരച്ചിലും കേട്ടാണ് അച്ഛൻ അങ്ങോട്ട് വന്നത എന്തൊക്കെയാ ഈ പറയുന്നത്അ വൾ നിന്റെ ഭാര്യയാണ്.
അങ്ങനെ ഞാൻ ഇത് വരേയും കണ്ടിട്ടില്ല. എനിക്ക് ഇഷ്ട്ടമല്ല ഒരുത്തിയേയും. പറഞ്ഞു തീർന്നതും അച്ഛന്റെ കൈകൾ അയാളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു. കുറേ നാളായി ഞാൻ കാണുന്നുണ്ട് നീ ഈ പെങ്കൊച്ചിനെ ഇങ്ങനെ വാക്കുകൾ കൊണ്ട് നോവിക്കുന്നത്. എന്ന് തുടങ്ങിയെടാ നിനക്കീ മ ദ്യപാനം, പുതിയ ശീലം ഒന്നും നീ തുടങ്ങണ്ട. കുടിച്ചു നശിക്കാൻ വേണ്ടിയല്ല ഞാൻ നിന്നെ വളർത്തിയത്. അച്ഛനിപ്പോൾ എന്നേക്കാൾ വലുത് ഇവളാണല്ലേ അതേടാ… മരുമകൾ ആയിട്ടല്ല മകളായിട്ട് തന്നെയാ ഞാൻ കരുതുന്നത്. ഇനിയും ഇതിനെ ഇങ്ങനെ വേദനിപ്പിക്കാൻ ഞാൻ അനുവദിക്കില്ല.
എങ്കിൽ അച്ഛനും മരുമോളും കൂടെ ഇവിടെ ജീവിച്ചോ. അയാൾ ദേഷ്യത്തോടെ പുറത്തേക്കു ഇറങ്ങി
അയാൾ നേരെ പോയത് അച്ഛൻ ആദ്യമായ് സമ്പാദിച്ച, നാലേക്കർ റബ്ബർ തോട്ടത്തിന് നടുവിൽ ഉള്ള ചെറിയ വീട്ടിലേക്കായിരിന്നു. വണ്ടിയിൽ ബാക്കി ഉണ്ടായിരുന്ന മ ദ്യവും അയാൾ കൈയിലെടുത്ത് അയാൾ മുറിയിലേക്ക് നടന്നു. കുപ്പി വായിലേക്ക് കമിഴ്ത്തി. അൽപ്പ നേരം അയാൾ ഒരേ ഇരുപ്പ് തുടർന്നു. കുറച്ചു കഴിഞ്ഞതും അയാൾ കട്ടിലിൽ കിടന്ന് ഉറക്കമായി.
പിറ്റേന്ന് ഉച്ചയായപ്പോളാണ് അയാൾ ഉണർന്നത്. മ ദ്യപിച്ചതുകൊണ്ടാവണം തല പൊട്ടിപ്പിളരുന്ന വേദന തോന്നി അയാൾക്ക്.
പെട്ടന്നാണ് ഇന്നലെ രാത്രി താൻ വഴക്കിട്ടു വീട് വിട്ടിറങ്ങി പോന്നത് അയാൾക്ക് ഓർമ്മ വന്നത്. ശ്ശൊ.. അയാൾ തല കുടഞ്ഞു. ഇന്നലെ എന്തൊക്കെയോ താൻ വിളിച്ചു പറഞ്ഞു. ഇനി എങ്ങനെ വീട്ടിലേക്കു കയറി ചെല്ലും. അച്ഛനും ജാനകിയും തന്നെ കാണാതെ അന്വേഷിക്കുന്നുണ്ടാകും. അയാൾ പതിയെ എഴുന്നേറ്റു.
**********
നേരം ഇരുണ്ടു തുടങ്ങിയിരുന്നു. നേർത്ത പൊടി മഴ ചാറുന്നുണ്ടായിരുന്നു, വണ്ടിയിൽ നിന്നിറങ്ങി മഴനനഞ്ഞ് മുറ്റത്തേക്ക് കടന്നപ്പോൾ തന്നെ അയാൾ കണ്ടു ജാനകി സിറ്റൗട്ടിലെ ഉരുളൻ തൂണിൽ ചാരി ഇരിക്കുകയാണ്. കാത്തിരിക്കുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് വല്ലാത്ത കുറ്റബോധം തോന്നി. അയാളെ കണ്ടതും അവൾ ഒരു ഭ്രാന്തിയെപ്പോലെ ഓടിയടുത്തു വന്നു. മുഖത്തു ചാലിട്ടൊഴുകുന്ന കണ്ണുനീർ, മുടിയിഴകൾ കണ്ണുനീരിൽ ഒട്ടി മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്നു.കൺപോളകൾ വീങ്ങി…. വിതുമ്പുന്ന ചുണ്ടുമായി നിൽക്കുന്ന അവളെ കണ്ടപ്പോൾ അയാൾക്ക് നെഞ്ചിൽ എവിടെയോ ആഴത്തിൽ വേദനിക്കുന്നുണ്ടെന്ന് തോന്നി. ഒന്ന് തൊട്ടാൽ അവൾ താഴേക്കു വീണു പോകുമോ എന്നയാൾക്ക് തോന്നി.
ഞാൻ നാളെത്തന്നെ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം, ആ പേരും പറഞ്ഞ് അച്ഛനും മകനും തമ്മിൽ വഴക്ക് ഉണ്ടാക്കരുത്.അവളുടെ സ്വരം ഉറച്ചതായിരുന്നു എന്തെങ്കിലും ഒരു ജോലി എനിക്ക് കിട്ടാതിരിക്കില്ല, ഞാൻ ആർക്കും ഒരു ഭാരമാവില്ല.
ജാനകി…. എന്നോട് നീ ക്ഷമിക്ക്, ഞാൻ ഇന്നലെ എന്തൊക്കെയോ പറഞ്ഞ് പോയി. അയാൾ അവളുടെ ചുമലിൽ കൈ വച്ചതും അയാളുടെ നെഞ്ചിലേക്ക് വാടിയ താമരത്തണ്ട് പോലെ അവൾ കുഴഞ്ഞു വീണു.
അവളുടെ ഉടൽ വിറക്കുന്നതും, പല്ലുകൾ തന്റെ നെഞ്ചിൽ ആഴത്തിൽ ഇറുകുന്നതും അറിഞ്ഞിട്ടും അയാൾ അവളെ ഒന്ന് കൂടി തന്നോട് ചേർത്തു നിർത്തി.
എനിക്ക് സ്നേഹിക്കാൻ പേടിയായിട്ടാണ് പെണ്ണേ…., അമ്മയും , ഉണ്ണിമോളും സ്വന്തം കാര്യം മാത്രം നോക്കിയപ്പോൾ, എനിക്ക് എല്ലാരോടും ദേഷ്യം തോന്നിപ്പോയി.
നിന്നെ സ്നേഹിച്ചു പോയാൽ നീയും ഞങ്ങളെ വിട്ടിട്ടു പോകുമോ എന്ന് എനിക്ക് പേടിയായിരുന്നു.പക്ഷെ സ്നേഹിച്ചു സ്നേഹിച്ചു നീയെന്നെ തോൽപ്പിച്ചു കളഞ്ഞല്ലോടി അവളുടെ പരിഭവങ്ങളേയും, സങ്കടങ്ങളേയും അയാൾ ചുംബനങ്ങൾ കൊണ്ട് മായ്ച്ചു കളഞ്ഞു.
നീല നിലാവിന്റെ നേർത്ത പുതപ്പിനുള്ളിൽ, നനഞ്ഞ രണ്ടിണക്കിളികൾ തൂവലുകൾ ചിക്കിയുണക്കും പോലെ, അവർ സ്നേഹത്തിന്റെ ഇളം ചൂട് പകർന്നുകൊണ്ടിരുന്നു.