എഴുത്ത്:- നിഹാരിക നീനു
ബാലാ!!!
അപ്പച്ചിയാണ്….
അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ അച്ഛൻ മക്കളെ നോക്കി ഒന്ന് കണ്ണിറുക്കി….
ഉപദേശിക്കാൻ ആയിട്ടുള്ള വരവാണ് എന്ന് എല്ലാവർക്കും അറിയാമായിരുന്നു…
മൂന്നുപേരും അച്ഛനെ നോക്കി ചിരിച്ചു…
“””ലീലേടത്തി വാ വന്നിരിക്ക് “””‘
എന്നു പറഞ്ഞ് അച്ഛൻ അപ്പച്ചി അകത്തേക്ക് ക്ഷണിച്ചു….
ഫുൾ കലിപ്പ് മോഡ് ലായിരുന്നു അപ്പച്ചി…
“””നീയിത് എന്ത് ഭാവിച്ച ബാലാ???”” അത് ചോദിച്ചപ്പോൾ ബാലൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു എന്താ ചേച്ചി എന്ന്???
നീ എന്തിനാ കൊച്ചുങ്ങൾക്ക് ഇത്രയും സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്നത്…
നിന്നെ നടുക്കത്തെ കൊച്ചിന്റേ ഫോട്ടോ പേപ്പറിൽ വന്നത് കണ്ടോ????? സമരം ആണത്രേ സമരം….
അത് കേട്ടപ്പോൾ അച്ഛൻ ഞങ്ങളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു…
അത് പിന്നെ അവളുടെ കോളേജിലെ ഒരു കൊച്ചിനോട് ആ കോളേജ് മാനേജ്മെന്റ് അപമര്യാദയായി പെരുമാറിയപ്പോൾ അവരോന്നു പ്രതികരിചതല്ലേ ചേച്ചി….
“””ഹാ ബെസ്റ്റ്!!! നീയും സമ്മതിച്ചു കൊണ്ടാണോ ബാലാ ഇതെല്ലാം??””
അതിനെന്തിനാ ചേച്ചി എന്റെ സമ്മതം അവൾക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞില്ലേ??? ഇനി എന്തും തീരുമാനിക്കാൻ അവൾക്ക് ആയല്ലോ??
എന്നു പറഞ്ഞു ബാലൻ…
“”” എടാ ഇത്ങ്ങൾ അമ്മയില്ലാത്ത കൊച്ചുങ്ങളാ…. ആ ശ്രീദേവി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇതിനു വെല്ലോം സമ്മതിക്കുമായിരുന്നോ??? “””
അത് കേട്ടതും ബാലൻ വല്ലാതായി അയാൾ മെല്ലെ, അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു…
ലീല അകത്തേക്ക് പോയി ആ മക്കളെ ഉപദേശിക്കാൻ ആയി…
ശ്രീദേവി ഉണ്ടായിരുന്നെങ്കിൽ “”””‘
ആ വാചകം മാത്രം ബാലന് എന്തോ മനസ്സിൽ തട്ടിയിരുന്നു….
പ്രണയിച്ചു വിവാഹം കഴിച്ചവർ ആയിരുന്നു ബാലചന്ദ്രനും ശ്രീദേവിയും..
വലിയ വീട്ടിലെ പെണ്ണായിരുന്നു ശ്രീദേവി ബാലൻ അവളെ സ്നേഹിച്ചവളെ സ്വന്തമാക്കിയപ്പോൾ അവരുടെ സ്വന്തക്കാർ എല്ലാം അവളെ ഉപേക്ഷിച്ചു…..
പിന്നെ ബാലൻ മാത്രമായിരുന്നു അവൾക്ക് ഉണ്ടായിരുന്നത്
അവരുടെ ജീവിതം സമാധാനപരവും സന്തോഷപരവും ആയിരുന്നു….
മൂന്ന് പെൺകുഞ്ഞുങ്ങളെ ഒരു വരദാനം പോലെ ദൈവം അതിനു മാറ്റ് കൂട്ടാൻ നൽകുകയും ചെയ്തു…..
അനു, അഞ്ചു, അമ്മു
ശരിക്കും ആ വീട് ഒരു സ്വർഗ്ഗം ആയി എന്ന് തന്നെ പറയാം ആ അഞ്ചുപേരും മതി മറന്ന് പരസ്പരം സ്നേഹിച്ച് കഴിഞ്ഞുകൂടി…..
പക്ഷേ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു ഒരു അസുഖത്തിന്റെ പേരിൽ ശ്രീദേവിയെ വിധി അവരിൽനിന്ന് തട്ടിയെടുത്തു….
പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങൾക്കും ബാലനും അതൊരു വലിയ ഷോക്ക് തന്നെയായിരുന്നു… അതിൽ നിന്ന് മുക്തിനേടാൻ ഏറെ താമസിച്ചു… എങ്കിലും അച്ഛനും മക്കളും വീണ്ടും അവരുടെ ജീവിതം കെട്ടിപ്പടുത്തു…
ആ അച്ഛനാ മക്കൾക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നൽകി….
തന്റെ മകൾ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യില്ല എന്ന് അയാൾക്ക് പൂർണബോധ്യം ആയിരുന്നു….
അതുകൊണ്ട് തന്നെയാണ് മക്കൾക്ക് ആൺകുട്ടികളെപ്പോലെ തന്നെ എല്ലാത്തിനും സ്വാതന്ത്രം കൊടുത്തത്….
അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചു…
ഇഷ്ടപ്പെട്ട കോഴ്സ് തെരഞ്ഞെടുത്തു വസ്ത്രങ്ങൾ അവരുടെ ഇഷ്ടത്തിനു സെലക്ട് ചെയ്തു…
അവർ വാനത്ത് ചിറകു വച്ച് പറന്നു….
മൂത്തയാൾ, അനു,, അവൾക്ക് വന്നൊരു വിവാഹാലോചന, അവളുടെ നിർദ്ദേശപ്രകാരം വേണ്ട എന്ന് പറഞ്ഞിരുന്നു…
നല്ല ആലോചന ആണത്രേ… നല്ല ജോലി, ചുറ്റുപാട്…
അവരുടെ വീട്ടിൽ അമ്മ തനിച്ച് ആണത്രേ….അമ്മയ്ക്ക് കൂട്ടിനു ഒരാൾ എന്നാണ് പറഞ്ഞത്…
അവരുടെ മുഖത്തു നോക്കി അനു പറഞ്ഞു,
അമ്മയ്ക്ക് കൂട്ടിന് മാത്രം ആണെങ്കിൽ മറ്റാരെയെങ്കിലും കൂലിക്ക് നിർത്തുന്നത് അല്ലേ നല്ലത് എന്ന്…????
അവർ ഇത്തിരി മുഖം കറുത്തു തന്നെയാണ് ഇറങ്ങിപ്പോയത്…
അവൾക്ക് കുറച്ചു നാൾ കൂടി ഇങ്ങനെ ഈ സിംഗിൾ ലൈഫ് എൻജോയ് ചെയ്യണം എന്ന്
അവളുടെ ചോയ്സ് അതായിരുന്നു..
ബാലൻ അതിനുമൊന്നും എതിരു പറഞ്ഞില്ല….
അതറിഞ്ഞ് ആണ് ലീലയുടെ ഈ വരവ്…
അവർ കണക്കിന് ബാലനെ ഉപദേശിച്ചു..
അധിക സ്വാതന്ത്ര്യം നൽകിയാൽ മക്കൾ ചീiത്തയായി പോകും എന്നായിരുന്നു അവരുടെ പക്ഷം..
ശ്രീദേവിക്ക് ഇത് ഇഷ്ടമാകുമോ എന്ന ഒരു ചോദ്യം മാത്രമാണ് ബാലനെ തളർത്തിയത്….
ഇത്രയും നാൾ അയാൾ അങ്ങനെ ചിന്തിച്ചിട്ടില്ലായിരുന്നു ..
ലീല പോയിട്ടും അയാളുടെ മുഖത്ത് ആ വിഷാദഭാവം കാണപ്പെട്ടു അത് കണ്ടു കൊണ്ടാണ് മൂന്നുമക്കളും അയാളുടെ അരികിൽ എത്തിയത്…
“””എന്താ അച്ഛാ “””
എന്നവർ ബാലനോട് ചോദിച്ചു ബാലൻ മക്കളുടെ മുന്നിൽ വിഷമിച്ച് ഇരിക്കുന്നത് അപൂർവ്വമായിരുന്നു…
എന്ത് വിഷമം ഉണ്ടെങ്കിലും അവരെ കാണിക്കാറില്ലായിരുന്നു…..
ശ്രീദേവി ഇല്ലാത്ത ഒരു കുറവും അവരെ അറിയിക്കില്ല എന്ന വാശിയായിരുന്നു…
അതുകൊണ്ടുതന്നെ മക്കൾക്ക് അച്ഛന്റെ ആ മുഖമൊന്നു വാടിയാൽ അത് സഹിക്കാൻ കഴിയില്ലായിരുന്നു..
അവർ ചോദിച്ചു എന്താണ് അച്ഛന്റെ സങ്കടത്തിന് പുറകെയുള്ള കാര്യം എന്ന് അവൾ ബാലൻ മനസ്സുതുറന്നു…
അമ്മ ഇല്ലാത്തതുകൊണ്ട് അച്ഛൻ നിങ്ങളെ വഷളാക്കിയോ എന്ന്???
മൂന്നുപേരും അയാളുടെ ചുറ്റും ഇരുന്നു…
അവർ അയാളുടെ കൈ പിടിച്ചു എന്നിട്ട് പറഞ്ഞു…
എല്ലാ പെൺമക്കൾക്കും ഒരു ചിറക് ഉണ്ടാവും… ദൂരെ ദൂരെ പറക്കാൻ പാകത്തിന് ഒരു ചിറക്…?പക്ഷേ, മറ്റുള്ളവർ എങ്ങനെ ചിന്തിക്കും അല്ലെങ്കിൽ, അദൃശ്യമായ ചില മാമൂലുകൾടെ പേരിൽ അവർക്ക് പലപ്പോഴും ആ ചിറക് നഷ്ടമാകാറുണ്ട്…
അല്ലെങ്കിൽ അത് മറ്റാരെങ്കിലും അരിഞ്ഞു വീഴ്ത്തും…
ഇതിനിടയിൽ അച്ഛൻ വ്യത്യസ്തനാണ്…. ഞങ്ങളുടെ ചിറകുകൾക്ക് പരമാവധി ശക്തിപകരാൻ ശ്രമിച്ചിട്ടുള്ളത് അച്ഛനാണ്…
എത്ര പറന്നാലും തളരാത്ത വിധം അവ ഇപ്പോൾ ബലപ്പെട്ടിട്ടുണ്ട് അച്ഛൻ ഒരാൾ കാരണമാണ്….
ഒന്നിന്റെ പേരിലും അച്ഛൻ വിഷമിക്കുന്നത് ഞങ്ങൾക്ക് സഹിക്കില്ല..
പിന്നെ ഈ നെഞ്ചില് താളം പോലും അമ്മയ്ക്ക് അറിയാം…. അതിനൊത്ത് തന്നെയല്ലേ അമ്മയും കഴിഞ്ഞത്. അപ്പോൾ അച്ഛൻ എടുക്കുന്ന തീരുമാനം അത് എന്ത് തന്നെയായാലും അമ്മയ്ക്ക് സമ്മതം ആകും….
ആ കാര്യത്തിൽ സംശയമേ വേണ്ട…
വലിയ ആളുകളെ പോലെ സംസാരിക്കുന്ന കുഞ്ഞുങ്ങളെ അഭിമാനത്തോടെ നോക്കി ബാലൻ…
പെട്ടെന്നായിരുന്നു അവരുടെ മറ്റൊരു ചോദ്യം…. അമിത സ്വാതന്ത്ര്യം തന്ന് ഞങ്ങൾ ചീiത്തയായി പോയി എന്ന് അച്ഛന് തോന്നുന്നുണ്ടോ…???
എങ്കിൽ അപ്പച്ചി പറഞ്ഞതുപോലെ അടങ്ങിയൊതുങ്ങി ജീവിക്കാൻ ഞങ്ങൾ ഒരുക്കമാണ്….
ബാലന്റെ മിഴികൾ നിറഞ്ഞു…
അയാൾ അവരെ മൂന്നു പേരെയും ചേർത്ത് പിടിച്ചു..
മക്കളെ സ്വാതന്ത്ര്യമെന്നത് ഒരാൾ തരേണ്ട ഒരു സംഗതിയല്ല…
അത് ഭൂമിയിൽ ജനിച്ച ഓരോരുത്തർക്കും ഉണ്ട്…?പലപ്പോഴും അതിൽ മറ്റുള്ളവർ കൈ കടത്തുന്നു എന്ന് മാത്രം…
ഇവിടെ ഞാൻ നിങ്ങളുടെ സ്വാതന്ത്ര്യത്തെ മാനിക്കുക മാത്രമാണ് ചെയ്തത് അല്ലാതെ മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല…?പക്ഷേ അത് നിങ്ങളെ എത്രത്തോളം ബോൾഡ് ആക്കി എന്നത് എനിക്കിപ്പോൾ ബോധ്യമായി… എന്താണു ഞാൻ ഉദ്ദേശിച്ചത് അത് തന്നെ നടന്നിരിക്കുന്നു…
നിങ്ങളെ മൂന്നുപേരും ഇങ്ങനെ ചിറകു വച്ച് പറക്കുന്നത് കാണുമ്പോൾ അച്ഛന് സന്തോഷം മാത്രമേയുള്ളൂ…. ഇപ്പോ എനിക്ക് ബോധ്യമുണ്ട് എന്റെ ശ്രീദേവി ഉണ്ടായിരുന്നെങ്കിലും ഇതുതന്നെ സംഭവിക്കുള്ളൂ എന്ന്…
എനിക്കിനി നിങ്ങളുടെ കാര്യത്തിൽ യാതൊരു ആശങ്കകളും ഇല്ല..?കാരണം ശരിയും തെറ്റും തിരിച്ചറിയാൻ നിങ്ങൾ പ്രാപ്തരായിരിക്കുന്നു…
നിങ്ങളുടെ ചിറകുകളിൽ നിങ്ങൾ പറക്ഉയരങ്ങൾ കീഴടക്കുക അത്രമാത്രം…
അത് പറയുമ്പോൾ ആദ്യത്തെയും മൂന്നു മക്കളുടെ മുഖം അഭിമാനം കൊണ്ട് ഉയർന്നിരുന്നു..