പരീക്ഷ
Story written by RJ Sajin
(ശടെ എന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിച്ചു തീർക്കാം )
പരീക്ഷ നാളെയാണ്. ഇനി മണിക്കൂറുകൾ മാത്രം.
യാതൊരു ടെൻഷനുമില്ലാതെയുള്ള എന്റെ ഇരിപ്പ് കണ്ടിട്ട് മുറിയിലെ പഴേ ഹാൾടിക്കറ്റുകൾ അന്തം വിട്ടു നോക്കിയിരുന്നു.
അവർക്ക് നല്ലപോലെ അറിയാം. ..പരീക്ഷയുടെ തലേ ദിവസം ഞാനിങ്ങനല്ല എന്ന്.
മേശപ്പുറത്തെ പുസ്തകങ്ങളും ഇരുന്ന് എന്നെ വായ്നോക്കുന്നുണ്ട്.
അവയോട് പലപ്പോഴും അവഗണന തന്നെയാണ്.
അത് ശീലമായിട്ടാവണം ഒരു പരിഭവവുമില്ലാതെ എന്നെ എത്ര വേണോ നോക്കിയിരിക്കാറുമുണ്ട്.
ഞാനപ്പോഴും നോക്കുന്നത് എന്നെ തന്നെയാണ്. കണ്ണാടിയിലുള്ള എന്നെ.
“ഗ്ലാമർ കുറച്ചു കുറഞ്ഞിട്ടുണ്ട് ” അൽപ്പം ശോകത്തോടെ ഞാനിത് പറയുമ്പോൾ…
“പിന്നേ മുമ്പ് മുടിഞ്ഞ ഗ്ലാമർ ആയിരുന്നല്ലോ ”എന്ന് പുച്ഛത്തോടെ കണ്ണാടിയും പിറുപിറുത്തു.
പരീക്ഷയൊക്കെ അതിന്റെ വഴിക്ക് നടക്കും. എന്നുംകരുതി നമ്മളെന്തിനു ഇപ്പോഴേ ടെൻഷനടിക്കണം.
ഞാൻ ഫോണെടുത്ത് ഇൻസ്റ്റായിൽ കേറി റീൽ കണ്ടുകൊണ്ടിരുന്നു.
സമയമേറെയായി.
നേരത്തെ എണീറ്റ് നല്ല ചെത്ത് ഡ്രസ്സ് ധരിച്ചു പോകേണ്ടതാണ്.
സമാധാനത്തോടെ ഞാനുറങ്ങാൻ കിടന്നതു കണ്ടു എന്റെ പോക്കറ്റിൽ കിടന്ന പേന തലപുകഞ്ഞു.
നേരം വെളുത്തുടൻ കുളിച്ചു റെഡിയായി തിടുക്കത്തോടെ പരീക്ഷാ ഹാളിലേക്ക് പുറപ്പെട്ടു..
ഐവാ. ..സ്കൂളിൽ ആദ്യം തന്നെ എത്തി.
9.30 ആയപ്പോൾ പരീക്ഷാ ഹാളിലേക്ക് നടന്നു…
ഈ നടത്തത്തിൽ അൽപ്പം ടെൻഷനും കൂടെ കൂട്ടായി വന്നു.
ഞാൻ ക്ലാസിനുള്ളിൽ പ്രവേശിച്ചതും അതിനുള്ളിലെ എല്ലാവരും എന്നെ ഒരു നോട്ടം.
ഞാനൊരു ചിരി സമ്മാനിച്ചപ്പോഴേക്കും എല്ലാവരും എഴുന്നേറ്റു ഗുഡ്മോണിങ് പറഞ്ഞു.
എങ്ങോട്ടോ ഒടിയൊളിച്ച ആത്മധൈര്യം അപ്പോഴേക്കും മതിലും ചാടി ഇരച്ചിരച്ച് അടുത്ത് വന്നിട്ടുണ്ടായിരുന്നു.
മൊതലാളി പരീക്ഷ എഴുതാനല്ല നടത്താനാണ് വന്നതെന്ന സത്യം അപ്പോഴാണ് പോക്കറ്റിലിരുന്ന പേന പോലും മനസ്സിലാക്കിയത്.
ഉറക്കമില്ലാതെ തലപ്പുകഞ്ഞത് മിച്ചമെന്ന് പേനയും പിറു പിറുത്തു.
ചോദ്യപേപ്പർ പൊട്ടിച്ചു കൊടുത്തശേഷം കസേരയിൽ വന്നിരിക്കുമ്പോൾ രണ്ടര മണിക്കൂറുള്ള ഒരു സിനിമ കാണുന്ന പ്രതീതിയായിരുന്നു.
ഇന്നേ വരെ എഴുതിയിട്ടുള്ള എല്ലാ പരീക്ഷകളും അവിടുണ്ടായ രസകരമായ നിമിഷങ്ങളും മനസ്സിൽ മാറി മാറി വന്നുകൊണ്ടിരിക്കുന്നു.
ജോലി കിട്ടിയ ശേഷമുള്ള ആദ്യത്തെ പരീക്ഷാ ഡ്യൂട്ടി പഴേ ഓർമ്മകളിലേക്കുള്ള ഒരു സിനിമാ ടിക്കറ്റ് കൂടെയാണെന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത് .
ശുഭം