പത്ത് വയസ്സുള്ള മോളുടെ മനസ്സിലെ പേടി ആ അച്ഛന്റെ ഉള്ളിൽ വല്ലാത്ത ദേഷ്യം ഉണ്ടാക്കി….

വെള്ളിക്കെട്ടൻ

എഴുത്ത്:-നവാസ്ആമണ്ടൂർ

ഇന്നോ നാളെയോ ഒരു മരണ വാർത്ത ദേവൻ പ്രതീക്ഷിക്കുന്നുണ്ട്.

ആ വാർത്ത കാത്തിരുന്ന അയാളുടെ ആകാംക്ഷയിൽ മനസ്സിൽ മകളുടെ ചോദ്യങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു.

“എന്തിനാ അച്ഛാ അയാൾ എന്റെ മേൽ തൊട്ടത്…?”

“എന്തിനാ ആരോടും പറയരുതെന്ന് പറഞ്ഞത്…?

എന്തിനാ എനിക്ക് അയാൾ കുറേ മിഠായി തന്നത്…?”

അമ്മ ഉച്ച സമയത്ത് പപ്പടം വാങ്ങിക്കൊണ്ടുവരാൻ പറഞ്ഞപ്പോൾ അമ്മു പോയില്ല.ഇനി ആ കടയിൽ പോകില്ലെന്ന് പറഞ്ഞു വാശി പിടിച്ചുകരഞ്ഞു.

“എനിക്ക് പേടിയാ അമ്മേ.. അയാൾ എന്നെ തൊടും..”

“കുഞ്ഞി വായിൽ വലിയ വർത്താനം പറയുന്നോ അസത്തേ..”

അന്ന് രാത്രി അച്ഛന്റെയൊപ്പം കിടന്നപ്പോൾ അമ്മു അമ്മുവിന്റെ സംശയം പറഞ്ഞു.

“ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അമ്മക്ക് എന്തിനാ ദേഷ്യം വന്നത്..?”

“മോള് ഇനി ആ പീടികയിൽ പോണ്ട..ട്ടോ..”

“ഉം.. എന്നെ മാത്രം അല്ല.. റീനയേയും അയാൾ..”

“മോളെ.. അയാളെ പോലെ മോശമായിട്ടുള്ള ആളുകൾ പെട്ടന്ന് മരിച്ചു പോകും..”

പത്ത് വയസ്സുള്ള മോളുടെ മനസ്സിലെ പേടി ആ അച്ഛന്റെ ഉള്ളിൽ വല്ലാത്ത ദേഷ്യം ഉണ്ടാക്കി.

അയാളുടെ കൈ വെട്ടി എടുക്കാനുള്ള ദേഷ്യം.

ഇനിയൊരു കുട്ടിയുടെ നേരെയും ആ കൈ പൊങ്ങരുത്.

പലരും അയാളെപ്പറ്റി പലതും പറഞ്ഞു കേട്ടിട്ടും അതൊന്നും ഇതുവരെ കാര്യമായിട്ട് എടുത്തില്ല.

അല്ലെങ്കിൽ അതൊന്നും എന്റെ കുടുംബത്തെ ബാധിക്കില്ലെന്ന് വിശ്വസിച്ചു.

അമ്മു ഉറങ്ങിക്കഴിഞ്ഞപ്പോൾ സുജ ദേവന്റെ അരികിൽ വന്ന് കിടന്നു.

“എന്തെ ചിന്തിക്കുന്നത്…?”

“നീ കേട്ടില്ലേ… മോള് പറഞ്ഞത്.മക്കൾ അങ്ങനെ പറയുമ്പോൾ ദേഷ്യം വരരുത്.. സമാധാനത്തോടെ ചോദിച്ചു മനസ്സിലാക്കണം..അതുപോലുള്ള ആളുകളിൽ നിന്നും മാറ്റി നിർത്താനും അവൾക്ക് ധൈര്യം കൊടുക്കാനും അമ്മക്കേ കഴിയൂ ..”

“മോള് അങ്ങനെ പറഞ്ഞപ്പോൾ ദേഷ്യമാ വന്നത്.. ഇനി വിടില്ല ആ കടയിലേക്ക്.”

“അത് പോരാ.. ആ നായിടെ കൈ വെട്ടി എടുക്കണം.”

“ചേട്ടാ.. നിങ്ങൾ അങ്ങനെ ചെയ്‌താൽ എല്ലാരും എല്ലാം അറിയും.. നാട്ടുകാർ കഥകൾ ഉണ്ടാക്കും…പിന്നെ ഈ നാട്ടിൽ നമുക്ക് ജീവിക്കാൻ കഴിയോ..?”

അന്നത്തെ ആ രാത്രിക്ക് ശേഷം പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ മോളുടെ ചോദ്യം മനസ്സിൽ ആവർത്തിക്കപ്പെട്ടു.

വീടിന്റെ അടുത്ത് നിന്ന് അഞ്ച് മിനിറ്റ് നടന്നാൽ പലചരക്കു കടയാണ്.

ആ കട നടത്തുന്നത് പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയ അമ്പതിന് മേലെ പ്രായമുള്ള ഒരാളാണ്.

അയാളെ പറ്റി ഇതുപോലെ പലരും പലതും പറയുന്നുണ്ടെങ്കിലും അയാളുടെ സൗമ്യമായ സംസാരവും ചിരിയും ആളുകളെ ആ കഥകൾ വിശ്വസിക്കാൻ സമ്മതിച്ചില്ല.

അയാളുടെ കടയുടെ മുൻപിലൂടെ നടക്കുമ്പോൾ വല്ലാത്തൊരു ദേഷ്യത്തോടെ ദേവൻ അയാളെ നോക്കും.

ഇന്നലെ ഉച്ചക്ക് പണിസ്ഥലത്ത് ഇരിക്കുന്ന നേരത്താണ് ചപ്പുചവറിൽ ഒരനക്കം കണ്ടത്. ദേവൻ ചെന്ന് നോക്കിയപ്പോൾ ഒരു വെള്ളിക്കെട്ടൻ കരിയിലയിലൂടെ തിളങ്ങുന്ന കറുപ്പുനിറത്തിൽ വെള്ളിവളയങ്ങളുമായി പതുക്കെ ഇഴഞ്ഞുനീങ്ങുന്നു

പെട്ടന്ന് ദേവന്റെ മനസ്സിൽ എന്തൊക്കെയൊ തെളിഞ്ഞു.

ഒരു വടിയും ചാക്കുമായി വന്ന് ശ്രദ്ധയോടെ വെള്ളിക്കെട്ടനെ ചാക്കിലാക്കി.

അന്ന് പാതിരാത്രിക്ക് ദേവൻ ഇരുട്ടിന്റെ മറവിൽ ആരും അറിയാതെ കൊണ്ട് വെച്ച ചാക്കുമായി പലചരക്കുകട ലക്ഷ്യമാക്കി നടന്നു.

ചാക്ക് കെട്ട് തുറന്ന് വെള്ളിക്കെട്ടനെ കടയുടെ മുകളിലെ ദ്വാരത്തിലൂടെ ശ്രദ്ധയോടെ ഉള്ളിലേക്കിട്ടു.

പറഞ്ഞു കേട്ടിട്ടുണ്ട് ദേവൻ വെള്ളിക്കെട്ടൻ ഉഗ്രവിഷമുള്ളതാണെന്ന്.

“ദൈവമെ താൻ പാതി ദൈവം പാതി എന്നല്ലേ.. എന്റെ പാതി ഞാൻ ചെയ്തു.. ബാക്കി നിന്റെ കൈയിലാണ്..”

എല്ലാം കഴിഞ്ഞു രാത്രി സുജപോലും അറിയാതെ അവളുടെയും മോളുടെയും അരികിൽ വന്ന് കിടക്കുമ്പോൾ പാമ്പുകടിയേറ്റ് മരിച്ച പലചരക്കുകടക്കാരന്റെ ശവത്തിന്റെ മുൻപിൽ അമ്മുവിന്റെ കൈ പിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് മനസ്സിൽ തെളിഞ്ഞത്.

നേരം പുലർന്നു. നല്ല മഴക്കോളുള്ള ദിവസം. രാവിലെ മുതൽ മൂടിക്കെട്ടിനിൽക്കുന്ന അന്തരീക്ഷം.

വെള്ളിക്കെട്ടൻ കടയുടെ ഉൾവശത്തുകൂടി ഇഴഞ്ഞു നടക്കുന്നുണ്ടാകും. അതറിയാതെ അയാൾ കട തുറക്കും. കടയുടെ ഉള്ളിൽ വെച്ച് വെള്ളിക്കെട്ടന്റെ കടിയേൽക്കും.

കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ വേദനയോ ഉണ്ടാവില്ല.. തണുപ്പും മരവിപ്പും അനുഭവപ്പെടും. വയറുവേദന, സന്ധിവേദന, ശ്വാസതടസ്സം, മയക്കം… പിന്നെ മൂന്നോ നാലോ മണിക്കൂറുകൾക്കുള്ളിൽ മരണം.

കുട്ടികളെ പോലും മോശമായ ചിന്തയോടെ കാണുകയും തൊടുകയും ചെയ്യുന്ന, കുട്ടികളെ കുട്ടികളായി കാണാനാവാത്ത നീചന്മാർക്ക് മരണം തന്നെയാണ് ശിക്ഷ.

ദൈവത്തിന്റെ പാതി കൂടെ ഉണ്ടെങ്കിൽ ഇന്നോ നാളെയോ ഒരു മരണ വാർത്ത ദേവൻ പ്രതീക്ഷിക്കുന്നുണ്ട്.

പാപത്തിന്റെ ശമ്പളം മരണമത്രേ…!