പത്തൊൻപത് വർഷം കൂടെ ഉണ്ടായപ്പോൾ എന്നും ഒരു ശല്യമായി തോന്നിയ പെങ്ങളൂട്ടി ഒരാഴ്ച വിട്ട് നിന്നപ്പോൾ……

എഴുത്ത്:-സൽമാൻ സാലി

പെങ്ങളുടെ കല്യാണവും സൽക്കാരവുമൊക്കെ ആയി കഴിഞ്ഞ ഒരാഴ്ച വീട്ടിൽ ഭയങ്കര ബഹളം ആയിരുന്നു… എല്ലാവരും പോയി കഴിഞ്ഞപ്പോളാണ് വീട്‌ മരണ വീട്‌ പോലെയായി.. എങ്ങും നിശബ്ദത മാത്രം…

ചുമരിലെ ക്ലോക്കിൽ നിന്നും സെക്കന്റ്‌ സൂചിയുടെ ശബ്ദം പോലും കാതുകളിൽ കേൾക്കുന്ന നിശബ്ദത…

ഉമ്മറത്ത് ഇരുന്നു മൊബൈലിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ അവൾ ഇല്ലാത്തതിന്റെ കുറവ് ശരിക്കും ഫീൽ ചെയ്തു.. അവൾ ഉണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞു വഴക്കിടാനും, മുന്നിലൂടെ നടന്നു പോകുമ്പോൾ മണ്ടക്കിട്ട് ഒന്ന് കൊട്ടാനും ഒരു രസമായിരുന്നു.. ഉമ്മാന്ന് നിലവിളിച്ചുകൊണ്ട് കയ്യിൽ കിട്ടിയത് കൊണ്ട് എറിഞ്ഞും കൊഞ്ഞനം കുത്തിയും ദേഷ്യം തീർക്കും പാവം….

ഇന്ന് അവൾ ഇല്ലാതായപ്പോൾ വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു…

പത്തൊൻപത് വർഷം കൂടെ ഉണ്ടായപ്പോൾ എന്നും ഒരു ശല്യമായി തോന്നിയ പെങ്ങളൂട്ടി ഒരാഴ്ച വിട്ട് നിന്നപ്പോൾ ആണ് ജീവിതത്തിൽ അവൾ എത്രമാത്രം എന്നോട് ചേർന്നിരുന്നതായിരുന്നു എന്ന് മനസിലായത്…

എന്നും വഴക്കിടുമെങ്കിലും രാവിലെ എനിക്ക് പോകുമ്പോൾ ഇടാനുള്ള ഡ്രസ്സ്‌ ഇസ്തിരി ഇട്ട് വെക്കുന്നതും, ഉറക്കം എണീറ്റു പോയിക്കഴിഞ്ഞാൽ അവളായിരുന്നു.. പക്ഷെ ഇതുവരെയും ഞാൻ അത് അത്ര കാര്യമാക്കിയിരുന്നില്ല.. അവളുടെ കല്യാണം കഴിഞ്ഞു ഒരാഴ്ച കൊണ്ട് തന്നെ എന്റെ റൂം അലങ്കോലമായിരുന്നു..

രാത്രി ഭക്ഷണം കഴിച്ചു കിടക്കാൻ പോയപ്പോളും അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു…

ഒരു ദിവസം ഒരൻപത് വട്ടമെങ്കിലും ഇക്കാക്ക എന്ന് വിളിച്ചു എന്തെങ്കിലും പറഞ്ഞോണ്ടിരിക്കുന്നവളുടെ ആ ഇക്കാക്ക വിളി ഒരിക്കൽ പോലും കേൾക്കാതെ ഒരാഴ്ച കഴിഞ്ഞു പോയിരിക്കുന്നു…

പിറ്റേ ദിവസം രാവിലെ ഭക്ഷണം കഴിഞ്ഞു.. ബൈക്കുമെടുത്ത് അവളുടെ വീട്‌ ലക്ഷ്യമാക്കി വിട്ടു.. പോകുന്ന വഴിയിൽ ഒരു പെട്ടിക്കടയിൽ കയറി അവൾക്ക് ഇഷ്ടമുള്ള പുളിമിട്ടായി വാങ്ങി പോക്കറ്റിൽ ഇട്ടു.. ഇടക്കിടെ പുറത്ത് പോയി വരുമ്പോൾ പുളി മിട്ടായി വാങ്ങിക്കുമെങ്കിലും ഒരിക്കലും അവളുടെ കയ്യിൽ നേരിട്ട് കൊടുക്കില്ലായിരുന്നു..

എന്തെങ്കിലും ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന അവളുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തിട്ട്.. “”ഉം.. തിന്നോ “”എന്നൊരു ഗൗരവം നിറഞ്ഞ മൂളലിലൂടെ നടന്നു പോകൽ ആണ് പതിവ്….

അവളുടെ വീടിന്റെ ഗേറ്റ് കടന്നു മുറ്റത്തേക്ക് ബൈക്ക് കേറുമ്പോൾ അയലിൽ തുണിവിരിച്ചോണ്ടിരിക്കുന്ന അവളുടെ നോട്ടം ഗേറ്റിലേക്ക് തന്നെയായിരുന്നു.. എന്നെ കണ്ടതും തുണികൾ അവിടെ വെച്ച് കൈ തുടച്ചുകൊണ്ട് അടുത്തേക്ക് ഓടി വന്നു…

“”ഞാൻ ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ നിന്നെ ഓർത്തതെ ഉള്ളൂ “”എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്ന അവളുടെ മണ്ടക്കിട്ട് ഒരു കൊട്ട് കൊടുത്തുകൊണ്ട് ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി….

എന്നും ഉമ്മാ എന്ന് നിലവിളിച്ചിരുന്ന അവൾ ഒരു ചിരിയോടെ എന്നേ നോക്കി നിന്ന അവളുടെ കയ്യിലേക്ക് പോക്കറ്റിൽ നിന്നും പുളി മിട്ടായി എടുത്തു കൊടുത്തപ്പോൾ ആ കണ്ണ് നിറഞ്ഞിരുന്നോ എന്നൊരു സംശയം ഉണ്ടായിരുന്നു…!

അകത്തു കയറി അളിയനോട് സംസാരിച്ചിരിക്കുമ്പോൾ അവൾ ജ്യൂസുമായി വന്നു.. വീട്ടിൽ ഉള്ളപ്പോൾ ഒരു ഗ്ലാസ്‌ വെള്ളമെടുത്തുതരാൻ പറഞ്ഞാൽ കേൾക്കാത്തവൾ പെട്ടന്ന് തന്നെ ജ്യൂസുമായി വന്നു… അല്ലെങ്കിലും ഈ പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ കാണിക്കുന്ന പക്വത കണ്ടാൽ ഞെട്ടി പോകും.. അതുവരെ കുട്ടിക്കളി കളിച്ചോണ്ടിരുന്നവൾ പെട്ടന്ന് മാറും…

കുറെ നേരം അവിടെ നിന്നു ഭക്ഷണവും കഴിച്ചു. അതുവഴി പോയപ്പോൾ കേറിയതാണ് എന്നൊരു കള്ളവും തട്ടി വിട്ടു അവിടുന്നിറങ്ങുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷം ആയിരുന്നു…..

പോരാൻ നേരം അവളെ ചേർത്ത് പിടിച്ചു ആരും കേൾക്കാതെ “”പോട്ടെടി ചക്കപോത്തേ എന്ന് വിളിച്ചപ്പോൾ മൂക്ക് വിറപ്പിച്ചു കൊണ്ട് സ്നേഹം നിറഞ്ഞ ഒരു ദേഷ്യം മുഖത്ത് വരുത്തികൊണ്ട് എന്റെ ബൈക്ക് ഗേറ്റ് കടന്നുപോകുന്നതും നോക്കി അവൾ ആ ഉമ്മറത്ത് തന്നെ നിൽപുണ്ടായിരുന്നു….