എഴുത്ത് അപ്പു
————-
“നീയെന്താടാ ഇങ്ങനെ ഇരിക്കുന്നത്..? ആകെ ശോകം ആണല്ലോ..”
ഓഫീസിലെ സുഹൃത്തുക്കള് എല്ലാവരും കൂടി ഒന്നിച്ചിരിക്കുന്ന സമയത്ത് ഹരി ചോദിക്കുന്നത് കേട്ട് എല്ലാവരും അനിലിനെ നോക്കി.
“ഒന്നുമില്ലടാ.. രാവിലെ ഇറങ്ങുമ്പോൾ മീരയ്ക്ക് സുഖമില്ലെന്ന് പറയുന്നുണ്ടായിരുന്നു..”
അവൻ പറഞ്ഞത് കേട്ടപ്പോൾ മറ്റുള്ള സുഹൃത്തുക്കളൊക്കെ അയ്യേ അതാണോ എന്നൊരു ഭാവത്തിൽ തിരിഞ്ഞിരുന്നു.
അത് നോക്കി അനിൽ നെടുവീർപ്പിട്ടു.
“നിന്റെ ഭാര്യക്ക് സുഖമില്ലാത്തതിന് നീ ഇങ്ങനെ ടെൻഷനടിക്കേണ്ട കാര്യമുണ്ടോ..? എന്തായാലും രാവിലെ അവൾ തന്നെയാണല്ലോ നിനക്ക് കൊണ്ടുവരാനുള്ള ഫുഡ് ഒക്കെ റെഡി ആക്കി തന്നത്..? ഇനി വൈകുന്നേരം ചെല്ലുമ്പോഴേക്കും രാത്രിയിൽ ഉള്ളതും അവൾ റെഡി ആക്കി വെച്ചിട്ടുണ്ടാവും.. ബാക്കിയുള്ള സമയം മുഴുവൻ അവൾ ഫ്രീ ആയിരുന്നല്ലോ.. അപ്പോൾ പിന്നെ അവൾക്ക് റസ്റ്റ് എടുക്കുകയും കിടന്നുറങ്ങുകയും എന്താണെന്ന് വെച്ചാൽ ആവാമല്ലോ..”
ഹരി നിസ്സാരഭാവത്തിൽ പറഞ്ഞപ്പോൾ അനിൽ അവനെ തുറിച്ചു നോക്കി.
” അവൾക്ക് സുഖമില്ലെങ്കിൽ ആഹാരം പോലും അവൾ നേരെ പോയി കഴിക്കാറില്ല.. അങ്ങനെയുള്ള അവളെ അവിടെ നിർത്തി വരാൻ എനിക്ക് വലിയ താല്പര്യം ഒന്നുമില്ല. ഇന്ന് ഞാൻ ലീവ് എടുക്കാമെന്ന് പറഞ്ഞതാണ്.. അവളാണ് സമ്മതിക്കാത്തത്.. “
സങ്കടത്തോടെ അനിൽ പറഞ്ഞപ്പോൾ ഹരിക്ക് അത്ഭുതമായിരുന്നു.
“ഭാര്യക്ക് വയ്യാത്തതിന് നീ ലീവ് എടുക്കുന്നതെന്തിനാ..? വെറുതെ ലീവ് എടുത്ത് ലീവെടുത്ത് ഉള്ള പണി കളയണ്ട..”
ഒരു ഉപദേശം പോലെ ഹരി പറഞ്ഞപ്പോൾ അനിലിന് അവനോട് പുച്ഛം തോന്നി.
” അപ്പൊ പിന്നെ നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ അവർ അന്നത്തെ ദിവസം മുഴുവൻ നമ്മുടെ പിന്നാലെ നടക്കുന്നതൊ ..? “
അനിൽ ചോദിച്ചപ്പോൾ ഹരി വീണ്ടും അവനെ നോക്കി ചിരിച്ചു.
“അതൊക്കെ അവരുടെ കടമയാണ്. വെറുതെയിരിക്കുന്ന പെണ്ണുങ്ങൾക്ക് ഇതൊക്കെ അല്ലാതെ വേറെ എന്താ ജോലി..? പിന്നെ ഭർത്താവിന്റെ കാര്യങ്ങൾ നോക്കുക എന്നുള്ളത് ഒരു ഭാര്യയുടെ കടമയാണ്.”
ഹരി വലിയ കാര്യം പോലെ പറഞ്ഞപ്പോൾ അവന്റെ സുഹൃത്തുക്കളും അവനെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു.
” ഇതു കൊള്ളാം.. വളരെ നല്ല ചിന്താഗതിയാണ്.. നമുക്ക് എന്തെങ്കിലും അസുഖം വന്നാൽ അവർ നമ്മളെ പരിപാലിക്കണം.. എന്നാൽ അവർക്ക് എന്തെങ്കിലും അസുഖം വന്നാൽ നമ്മൾ അവരെ ശ്രദ്ധിക്കാനായി പാടില്ല.. ഇങ്ങനെയൊക്കെ ചിന്തിച്ചാൽ എങ്ങനെയാണ് ഒരു കുടുംബം നല്ല രീതിയിൽ മുന്നോട്ട് പോകുന്നത്..? “
അനിൽ ചോദിച്ചപ്പോൾ മറ്റുള്ളവരൊക്കെ അവൻ എന്തോ അപരാധം പറഞ്ഞ ഭാവത്തിലാണ് അവനെ നോക്കിയത്.
” എടാ നീ പറയുന്ന ലോജിക് ഒന്നും ഞങ്ങൾക്ക് മനസ്സിലാവില്ല.. ഞങ്ങൾ കണ്ടു വളർന്നതും ഞങ്ങൾ നടത്തിക്കൊണ്ടു പോകുന്നതും ഇങ്ങനെയൊക്കെയാണ്. സാധാരണ നാട്ടിലെല്ലാവരോടും ഇങ്ങനെ തന്നെയാണ് എന്നാണ് ഞങ്ങളുടെ അറിവ്.. “
സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞപ്പോൾ ഇവരോട് ഇനി കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അനിലിന് ഏകദേശം ഉറപ്പായി കഴിഞ്ഞിരുന്നു.
” പക്ഷേ എന്നെക്കൊണ്ട് അത് പറ്റില്ല. എന്റെ ഭാര്യ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.. അവൾക്ക് എന്തെങ്കിലും അസുഖം വന്നാൽ അവളെക്കാൾ ഏറെ വേദനിക്കുന്നത് എനിക്കാണ്.. “
അത്രയും പറഞ്ഞുകൊണ്ട് അനില്‍ അവിടെ നിന്ന് എഴുന്നേറ്റ് പോകുമ്പോൾ അവന്റെ സുഹൃത്തുക്കൾ പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഓഫീസിൽ എമർജൻസി ലീവും എഴുതി കൊടുത്ത് അവൻ വീട്ടിലേക്ക് പോയി.
വീട്ടിൽ ചെന്ന് ബെല്ലടിച്ചിട്ടും ഡോർ തുറന്നില്ല. അവൾക്ക് സുഖമില്ലാത്തതു കൊണ്ട് തന്നെ ഇങ്ങനെ ഒരു സാഹചര്യം അവൻ പ്രതീക്ഷിച്ചിരുന്നു.
വീടിന്റെ സ്പെയർ കീ അവന്റെ കയ്യിൽ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി.
മുറിയിൽ ചെല്ലുമ്പോൾ പുതച്ച് മൂടി കിടക്കുകയായിരുന്നു അവന്റെ ഭാര്യ നിഷ. അവളുടെ കിടപ്പ് കണ്ട് അവന് ആകെ സങ്കടം തോന്നി.
പതിയെ ചെന്ന് അവളെ തട്ടി വിളിച്ചു.പക്ഷേ അവൾക്ക് ക്ഷീണം കാരണം കണ്ണു തുറന്നു നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
അതോടെ അവൻ വേഗം അടുക്കളയിലേക്ക് ചെന്ന് അവിടെ ഉണ്ടാക്കി വച്ചിരിക്കുന്ന ഫുഡ് ഒക്കെ ഒന്നു നോക്കി.
അവൾക്ക് ചോറു കൊടുത്താലും അത് കഴിക്കാൻ പോകുന്നില്ല എന്ന് അവൻ അറിയാമായിരുന്നു. അതുകൊണ്ടു തന്നെ അവൻ കുറച്ച് കുത്തരി കഞ്ഞി ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു.
അവൻ വേഗത്തിൽ പണികൾ ഓരോന്ന് തീർത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്ന് പിന്നിൽ ആളനക്കം തോന്നിയത്.. തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ അവൾ നിൽപ്പുണ്ടായിരുന്നു.
എഴുന്നേറ്റു നിൽക്കാനുള്ള ആരോഗ്യം പോലും ഇല്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ ഏതൊരു ആൾക്കും മനസ്സിലാവും.അങ്ങനെയായിരുന്നു അവളുടെ ഭാവം.
” നീ എന്തിനാ ഇങ്ങോട്ട് എഴുന്നേറ്റ് വന്നത്..? വയ്യാതെ അവിടെ കിടക്കുകയായിരുന്നില്ലേ..? “
അവൻ ചോദിച്ചപ്പോൾ അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.
ക്ഷീണം ബാധിച്ച ആ ചിരി കണ്ടപ്പോൾ അവന് ആകെ സങ്കടം തോന്നി.
“എനിക്ക് ഒന്നുമില്ല.. ഏട്ടൻ നേരത്തെ വന്നത് എന്താ..? ഉച്ചയ്ക്കു ശേഷം ഓഫീസ് അവധിയാണോ..?”
അവൾ ചോദിച്ചപ്പോൾ അവൻ അവളെ തുറിച്ചു നോക്കി.
“നീ ഇങ്ങനെ വയ്യാതെ കിടക്കുന്നത് കണ്ടിട്ട് ഓഫീസിൽ പോയി ഇരുന്നിട്ടും എനിക്ക് യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷം ലീവ് ആക്കി വന്നതാണ്..”
അവൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ഒരേ സമയം സങ്കടവും സന്തോഷവും തോന്നി.
” എന്തിനാ ചേട്ടാ ഇങ്ങനെ ആവശ്യമില്ലാതെ ലീവ് കളയുന്നത്..? ഞാനിവിടെ സമാധാനമായിട്ട് കിടക്കുകയായിരുന്നല്ലോ.. അടുക്കളയിൽ എന്തൊക്കെയോ ശബ്ദം കേട്ടിട്ടാണ് ഞാനിപ്പോൾ എഴുന്നേറ്റത് തന്നെ.. “
അവൾ പറഞ്ഞപ്പോൾ അവന് ദേഷ്യം വന്നു.
“അതു തന്നെയാണ് ഞാനും പറഞ്ഞത്.. നീ ഇവിടെ കിടക്കുകയായിരുന്നു. രാവിലെ ഞാൻ പോയ സമയത്ത് നിർബന്ധിച്ച് തന്നിട്ട് പോയ ഒരു ദോശയല്ലാതെ ഈ നേരം വരെ നീ എന്തെങ്കിലും കഴിച്ചിട്ടുണ്ടോ..? ഇങ്ങനെ ഒന്നും കഴിക്കാതെ കിടന്നു എന്ന് വെച്ച് അസുഖം മാറുകയോ ഒന്നുമില്ല.. അവനവന്റെ ആരോഗ്യം അവനവൻ തന്നെ ശ്രദ്ധിക്കണം..”
ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവൻ തയ്യാറാക്കി വെച്ച കഞ്ഞി കൈയിലേക്ക് എടുത്തു. പിന്നെ അവളുമായി ഡൈനിങ് ടേബിളിലേക്ക് നടന്നു.
” ഇവിടെയിരുന്ന് ഇത് മുഴുവൻ കുടിച്ചു കൊള്ളണം.. എഴുന്നേറ്റു നിൽക്കാനുള്ള ആരോഗ്യം ഇല്ല.. എന്നിട്ടാണ് അവൾ ഞാൻ ലീവ് എടുത്തതിന് എന്നെ കുറ്റം പറയാൻ വന്നേക്കുന്നത്.. “
പറഞ്ഞു കൊണ്ട് അവൻ ഓരോ സ്പൂൺ ആയി അവൾക്ക് കോരി കൊടുക്കാൻ തുടങ്ങി. അതുകൂടി ആയതോടെ അവളുടെ കണ്ണുകൾ നിറഞ്ഞു.
അത് കണ്ടപ്പോൾ വാൽസല്യത്തോടെ അവൻ അവളെ നോക്കി.
അവളുടെ മനസ്സിൽ എന്താണെന്ന് അവനെക്കാൾ കൂടുതൽ മനസ്സിലാക്കിയവർ മറ്റാരുണ്ട്..?
കഞ്ഞി കുടിച്ചു കഴിഞ്ഞു അവൾക്ക് വായും മുഖവും കഴുകിയിട്ട് അവളുമായി അവൻ ബെഡ്റൂമിലേക്ക് വന്നു. അവൾക്ക് കഴിക്കാനുള്ള ഗുളിക കൂടി എടുത്തു കൊടുത്ത് വെള്ളവും കൊടുത്തു.
അത് കഴിച്ചു കഴിഞ്ഞപ്പോൾ അവൻ തന്നെയാണ് അവളെ ബെഡിലേക്ക് ചായ്ച്ചു കിടത്തിയത്.
” എന്തിനാ ചേട്ടാ എന്നെ ഇങ്ങനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നത്..? “
ചോദിക്കുമ്പോൾ അതിൽ സന്തോഷമായിരുന്നൊ സങ്കടമായിരുന്നോ എന്ന് പോലും മനസ്സിലാക്കാൻ പ്രയാസമായിരുന്നു.
“നിന്നെ അല്ലാതെ മറ്റാരെയാണ് ഞാൻ സ്നേഹിക്കേണ്ടത്..? നീ എന്റെ പ്രാണന്റെ പാതിയാണ് എന്ന് ഉറപ്പിച്ചിട്ടാണ് നിന്റെ കൈ ഞാൻ പിടിച്ചത്. നിനക്ക് ഒരു അസുഖം വരുമ്പോൾ ഞാൻ തന്നെയാണ് നിന്നെ സംരക്ഷിക്കേണ്ടത്. എനിക്ക് എന്തെങ്കിലും വന്നാൽ നീയല്ലേ എന്നെ നോക്കാറുള്ളത്..? അപ്പോൾ അതേ മര്യാദ ഞാനും തിരികെ കാണിക്കേണ്ടതല്ലേ..?”
അവൻ ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
അവൾ കണ്ടു ശീലിച്ചിരുന്ന ഭാര്യ ഭർതൃ ബന്ധം ഇങ്ങനെ ആയിരുന്നില്ല. മറിച്ച് എന്തിനും ഏതിനും അമ്മയെ കുറ്റം പറയുന്ന അമ്മയ്ക്ക് എന്തെങ്കിലും ഒരു അസുഖം വന്നാൽ അമ്മയെ കണക്കറ്റ് ശകാരിക്കുന്ന അച്ഛനെയാണ്.
സുഖമില്ലാതെ ആയാൽ പോലും ഒരു നിമിഷം റസ്റ്റ് എടുക്കാൻ കഴിയാതെ ഓടി നടക്കുന്ന അമ്മ അവൾക്ക് എന്നും സങ്കടക്കാഴ്ചയായിരുന്നു.
അതിൽ നിന്ന് വ്യത്യസ്തമായി ഭാര്യയെ ഇത്ര നന്നായി സ്നേഹിക്കുന്ന ഭർത്താക്കന്മാരും ഉണ്ട് എന്നത് വിവാഹശേഷം അവൾക്കുണ്ടായ തിരിച്ചറിവായിരുന്നു.
മറുവശത്ത് അവൻ ചിന്തിച്ചത് തന്റെ അച്ഛൻ ഒരാളിന്റെ നോട്ടക്കുറവ് കൊണ്ടു മാത്രം അസുഖം വന്ന് മരിച്ചു പോയ തന്റെ അമ്മയുടെ അവസ്ഥ മറ്റൊരു പെണ്ണിനും വന്നു പോകരുത് എന്നായിരുന്നു..!