ജോമെട്രി ബോക്‌സ്
എഴുത്ത് :- മനു തൃശ്ശൂർ
കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ…
ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ
വഴിയിലേക്ക് നോക്കി മോൾ വാതിൽക്കൽ നിൽക്കുന്നു കണ്ടു .
എന്നെ കണ്ടതും പെട്ടെന്ന് അവളുടെ കണ്ണുകൾ വിടർന്നു ചുണ്ടുകളിലെ ചിരിമായും മുന്നെ..അച്ഛാന്ന്… നീട്ടി വിളിച്ചു കൊണ്ടവൾ ഓടി വന്നു എന്നെ മുറുകെ ചുറ്റിപ്പിടിച്ചു…
ഇന്നെന്ത് പറ്റിയെന്ന് ചോദിച്ചു ഞാനവളെ എന്നിലേയ്ക്കു ചേർത്തു .. തലമുടിയിൽ തലോടിയാപ്പോൾ അച്ഛാന്ന് മൂളി കൊണ്ടവൾ മുഖമുയർത്തി എൻറെ കണ്ണുകളിലേക്ക് നോക്കി..
അപ്പോൾ ആ കണ്ണുകളിൽ പതിവില്ലാത്ത സന്തോഷവും പ്രതീക്ഷയും നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നെന്ന് എനിക്ക് തോന്നി.. .
പതിയെ അവളുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് നടന്നു കയറിയറുമ്പോൾ എൻറെ ശബ്ദം കേട്ടുകൊണ്ട് അടുത്തേക്ക് വന്ന ഭാര്യയുടെ മുഖത്തെ സന്തോഷത്തിന് ഞാനൊന്നു പുഞ്ചിരി നൽകി കൈയ്യിലെ ബാഗ് അവളുടെ കയ്യിൽ കൊടുത്തു
എന്നോട് തന്നെ ഒട്ടി നിൽക്കുന്ന മകളെ തോളിൽ പിടിച്ചു. എന്താണ് ഇന്നെന്റെ കുട്ടിക്ക് ഇത്രയും സന്തോഷമെന്ന്.. ചോദിച്ചാപ്പോൾ
നാളെ അവളുടെ പിറന്നാൾ അല്ലെ ഏട്ടാന്ന് .ഭാര്യയാണ് മറുപടി പറഞ്ഞത്
അത് കേട്ടതും കണ്ണുകൾ ഒന്ന് നീറി… മോളെ അമർത്തി പിടിച്ചു അവളുടെ ഉടുപ്പും നിൽപ്പുമൊക്കെ നോക്കി. അവൾക്ക് ഒമ്പതുവയസ്സായെന്ന് എനിക്ക് വിശ്വസിക്കാൻ തോന്നിയില്ല..
എത്രപ്പെട്ടന്നാണ് അവൾ വളരുന്നത് ..
അന്ന് ആദ്യമായി അവളെ ഏറ്റു വാങ്ങിയ നിമിഷം ഓർത്തു കണ്ണുകൾ നിറഞ്ഞു….
പതിയെ അവളുടെ മുഖത്ത് നോക്കി എൻറെ മോൾ വലുതായിരിക്കുന്നു ..
എൻറെ വാക്കുകൾ മുഴുവിച്ച നിമിഷം അച്ഛാന്ന് വിളിച്ചു കൊണ്ടവൾ പറഞ്ഞു…
നാളെ അച്ഛൻ എനിക്കെന്താ സമ്മാനം തരിക…
ആ ചോദ്യം എന്നെ ഒന്നു വല്ലാതെ തളർത്തി…
കാരണം മാസവസാനം ആണ്.. കൈയിലെ നിക്കിരിപ്പു കുറവാണ്.. പോരാത്തതിന് കഴിഞ്ഞ മാസം കുറച്ചു അധികം സാമ്പത്തിക ബാധ്യതയുമുണ്ട്. അതുകൊണ്ട് തന്നെ വിലപിടിപ്പുള്ള ഒരു സമ്മാനം വാങ്ങുന്ന കാര്യം തല്ക്കാലം ആലോചിക്കാൻ പോലും എനിക്ക് കഴിയില്ലായിരുന്നു..
ഞാൻ ഭാര്യയുടെ നേർക്ക് ഒന്നു നോക്കി.. അവൾ.. ആ നോട്ടത്തിന് അർത്ഥം മനസ്സിലാക്കിയിട്ട് എന്നപോലെ അവൾ മോളോട് പറഞ്ഞു..
അച്ഛനോട് സമ്മാനം ഒന്നും ചോദിക്കരുത്.. ഞാൻ പറഞ്ഞതല്ലെ അടുത്തമാസം.. അമ്മ ഉറപ്പായിട്ടും മോൾക്കു നല്ലൊരു സമ്മാനം വാങ്ങി തരാം…
അവളുടെ വാക്കുകൾ കേട്ട് മോൾ എന്നിലേക്ക് കുറച്ചു കൂടെ ചേർന്ന് നിന്ന് എൻറെ മുഖത്തേക്ക് ദയനീയമായി നോക്കി ..
അച്ഛൻ കേക്ക് വാങ്ങാമെന്ന് ഞാൻ പറഞ്ഞില്ലേ. ??
വാങ്ങിതെരുമല്ലോ വേറെന്താ മോൾക്ക് സമ്മാനമായ് വേണ്ടെത്..
എനിക്കൊരു ജോമഡ്രി ബോക്സ് മതി അച്ഛാ സമ്മാനം വേറെ ഒന്നും വേണ്ട…
അവളുടെ ആ വാക്കുകൾ കേട്ട്.. എന്റെ നെഞ്ചൊന്നു ആളി . കണ്ണു നിറഞ്ഞതും ഞാനവളെ ചേർത്ത് പിടിച്ചു ..കണ്ണുകൾ അടച്ചാപ്പോൾ..
മനസ്സിൽ മുഴുവൻ അമ്മയുടെ .. ചിരിക്കുന്നു മുഖമായിരുന്നു..ഏതു കഷ്ടപ്പാടിന്റെ ഇടയിലും പ്രതീഷയുടെ തിരികൊളുത്തി ശക്തി പകരാൻ ശേഷിയുണ്ടായിരുന്ന ആ ചിരിയിൽ…
എന്തു പറ്റിയേട്ടയെന്ന് ചോദിച്ചു കൊണ്ട് ഭാര്യ എന്റെ അടുത്തിരുന്നു തോളിൽ പിടിക്കുമ്പോൾ. അവൾ വല്ലാതെ ഭയന്നിരുന്നു..
ഒന്നുമില്ലെന്ന വാക്കിൽ ഞാനവളെ ആശ്വസിപ്പിച്ചു. മോളെ ചേർത്ത് പിടിക്കുമ്പോൾ എൻറെ വയറിൽ ചുറ്റിപ്പിടിച്ചു എന്തിനാണ് അച്ഛൻ കരയുന്ന തെന്ന് പറഞ്ഞു കൊണ്ടവൾ എൻറെ മടിയിൽ കയറിയിരുന്നു..
അച്ഛൻ കരഞ്ഞത് നിൻ്റെ അച്ഛമ്മയെ ഓർത്ത് .. മോളെ പോലെ അച്ഛനും പണ്ട് ആഗ്രഹിച്ചിട്ടുണ്ട് ഒരു ജോമെട്രി ബോക്‌സ്..
അഞ്ചാം ക്ലാസിൽ ചേർന്നപ്പോൾ ആയിരുന്നു ജോമെട്രി ബോക്‌സ് ഒരു അത്ഭുതമായ് തോന്നിയത് .
അടുത്തിരിക്കുന്ന പണക്കാര് കുട്ടികളുടെ കൈയ്യിൽ കാണുമ്പോൾ.. ഒന്ന് തൊടാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്..
അതിൻറെ ഓരോ അറകളിലും ഒതുക്കി വച്ച ഒരോ ഉപകരണങ്ങളും നോക്കി അത്ഭുതം കൊണ്ട് മനസ്സ് വല്ലാതെ മോഹിച്ചിട്ടുണ്ട്.. എനിക്കും അതുപോലെന്നു കിട്ടിയെങ്കിൽ എന്ന്..
അന്ന് അച്ഛനത് വാങ്ങി തരാൻ അച്ഛമ്മയുടെ കൈയ്യിൽ കാശില്ലായിരുന്നു.. എന്നിട്ടും അച്ഛനന്ന് വാശി പിടിച്ചു കരഞ്ഞിട്ടില്ല… ഉള്ളിൽ സങ്കടം ഉണ്ടായിട്ടും അച്ഛമ്മയുടെ കണ്ണിൽ നോക്കി ഇരിക്കും. എപ്പോഴെങ്കിലും വാങ്ങി തരാമെന്ന് അച്ഛമ്മ പറയുമെന്ന് നോക്കി….
അപ്പോഴൊക്കെ അച്ഛനെപ്പോഴും അച്ഛൻമ്മോട് ആഗ്രഹം പറയും പക്ഷെ വാങ്ങി തരാൻ ഒരിക്കലും പോലും പറ്റിയില്ല ..
ഒരിക്കൽ അച്ഛമ്മ ജോലി കഴിഞ്ഞു വരുമ്പോൾ ഒരു സമ്മാനം പോലെ അച്ഛൻെറ മുന്നിൽ കൊണ്ട് വച്ചു തന്നു..
നോക്കുമ്പോൾ ആരോ കൊടുത്ത ഒരു തുരുമ്പെടുത്ത ജോമെട്രി ബോക്‌സ്… ഒന്നുമില്ലാത്തിടത്ത് അച്ഛനത് ലോകം കീഴ്പ്പെടുത്തിയ അത്രത്തോളം അത്ഭുതമായിരുന്നു..
സന്തോഷം കൊണ്ട് അന്ന് ആദ്യ മായി അച്ഛമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുമ്പോൾ അച്ഛമ്മ കരഞ്ഞതെന്തിനെന്ന് അന്നെനിക്ക് അറിയില്ല . .
തുരുമ്പ് പിടിച്ചത് ആണെങ്കിലും അച്ഛനത് മതിയായിരുന്നു. കൗതുകത്തോടെ മെല്ലെ തുറന്നു നോക്കുമ്പോൾ പൊട്ടി പൊളിഞ്ഞ അറകളിൽ കൂട്ടമായി കിടക്കുന്ന ഉപകരണങ്ങൾ കണ്ടപ്പോൾ ആദ്യം അച്ഛന് സങ്കടമാണ് വന്നത്. അപ്പോഴും ഒരു നല്ല ബോക്‌സ് ആഗ്രഹിച്ചു..
തുറക്കാൻ ബുദ്ധിമുട്ടുമ്പോൾ പൊട്ടി പോകെരുതെന്ന് പ്രാർത്ഥിച്ചു മെല്ലെ തുറന്നു.. എന്നോ ഒട്ടിച്ചു വച്ച നൈസ്ലിപ്പുകൾ നിറം മങ്ങികിടക്കുന്നു. എന്നാലും അതിലെ ഓരോന്നും ഒരോ അറകളിലും സുരക്ഷമായ് വെക്കാൻ രാത്രിയോളം ശ്രമിച്ചിട്ടുണ്ട് .. കൗതുകത്തോടെ സന്തോഷത്തോടെ .. നാളെയതുമായ് സ്ക്കൂളിൽ കൊണ്ട് പോകാൻ കൊതിച്ച്..
ഒടുവിൽ അടക്കുമ്പോൾ അതിൻറെ കൊളുത്ത് വേർപ്പെട്ടു മാറുമ്പോൾ സങ്കടത്തോടെ അച്ഛമ്മയെ നോക്കും..ആ കണ്ണുകളിൽ നോവിൻെറ വേദനയുടെ കണ്ണുനീർ അച്ഛൻ കാണാറുണ്ട്.
അപ്പോഴും സന്തോഷത്തോടെ ചിരിച്ചു ഭംഗിയായി അടുക്കി വച്ചു അതിനെ നോക്കി ഇരിക്കും. കിടക്കുമ്പോൾ അരികിൽ തന്നെ ചേർത്ത് വെക്കും..
കണ്ണുകൾ തുടച്ചു ഞാൻ മെല്ലെ മോളുടെ തലയിൽ തലോടി.. എന്റെ മോൾക്ക് അച്ഛൻ വാങ്ങി തരാം എൻറെ മോളുടെ മനസ്സ് അച്ഛന് അറിയാൻ കഴിയും ..
അത് കേട്ടതും അവളെന്നെ ഇരു കൈ കൊണ്ടും കെട്ടിപ്പിടിച്ചു കിടന്നു.നിറഞ്ഞ കണ്ണുകൾ ഒപ്പി ഭാര്യ എഴുന്നേറ്റു അകത്തേക്ക് പോകുമ്പോൾ എനിക്ക് തോന്നി അവൾക്ക് സങ്കടമായെന്ന്.. ..
മോളെ കളിക്കാൻ വിട്ടു വസ്ത്രം മാറാൻ മുറിയിൽ വരുമ്പോൾ മുറിയിലെ അയയിൽ തുണി മടക്കി ഇട്ടു കൊണ്ട് ഒന്നും മിണ്ടാതെ ഭാര്യ നിൽക്കുന്നു കണ്ടു.മെല്ലെ പിന്നിൽ നിന്നും അവളെ ചേർത്ത് പിടിച്ചപ്പോൾ അവളൊന്നും പറഞ്ഞില്ല.
പതിയെ അവളുടെ മുഖം തിരിച്ചു അവളുടെ കണ്ണുകളിൽ നോക്കുമ്പോൾ അവൾ ചെറുതായി കരഞ്ഞു തുടങ്ങിയിരുന്നു..
അവളെ ഒന്നുകൂടി മാ റോടമർത്തി ചേർത്തു അപ്പോഴേക്കും ആ കരച്ചിലിനു ശക്തി യെറി .. വാക്കുകൾ നിശ്ചലമായ ആ നിമിഷത്തിൽ… ഒരു സാന്ത്വന വാക്ക് പോലും നാവിൽനിന്നു ഉതിർന്നില്ല… എന്റെ വിരലുകൾ അവളുടെ ചുമലിൽ മൃദുവായി തട്ടികൊണ്ടിരുന്നു..
പിറ്റേന്ന് പതിവുപോലെ ഓഫീസിലേക്ക് യാത്രയായി.. പടിയിറങ്ങുമ്പോൾ പിന്നിൽനിന്നും മോൾ ഉറക്കെ വിളിച്ചു പറഞ്ഞു അച്ഛാ എന്റെ സമ്മാനം മറക്കല്ലേന്ന്..
തിരിഞ്ഞുനിന്നു സമ്മത ഭാവത്തിൽ തലയാട്ടി ചിരിച്ചുകൊണ്ട് ഞാൻ മുന്നോട്ടു നടന്നു…
വൈകുന്നേരം കുറച്ചു നേരത്തെ ഇറങ്ങി ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ നിന്നും മോൾക്ക് നല്ലൊരു ഉടുപ്പ് വാങ്ങി… അത് നന്നായി പൊതിഞ്ഞു വാങ്ങിച്ചു.. ജോമഡ്രി ബോക്സ് കിട്ടുന്ന ഷോപ്പിൽ കയറി ആ കടയിലെ ഏറ്റവും വിലകൂടിയ ബോക്സ് തന്നെ വാങ്ങിച്ചു.. നേരത്തെ ഓർഡർ ചെയ്തിരുന്ന ബേക്കറിയിൽ നിന്നും ബർത്ത്ഡേ കേക്ക് വാങ്ങി വീട്ടിലേക്കുള്ള യാത്രയിൽ ഓട്ടോയിൽ ഇരിക്കുമ്പോൾ വെറുതെ ആ ജോമട്രി ബോക്സിലേക്ക് നോക്കി. ഒരിക്കൽ ഞാൻ അതിയായ് മോഹിച്ചത് ആ നിമിഷം എന്തെന്നില്ലാത്ത അഭിമാനം തോന്നി എന്നെ പോലെ എന്റെ മകളുടെ ഒരു സ്വപ്നമാണ് തന്റെ കൈയിൽ ഇരിക്കുന്നതെന്ന് ഓർത്ത്
വീട്ടുമുറ്റത്ത് ചെന്നു നിന്ന ഓട്ടോയിൽ നിന്നും ഇറങ്ങി ചെല്ലുമ്പോൾ പതിവുപോലെ പൂമുഖപ്പടിയിൽ ശൂന്യ മായിരുന്നു.. ഇന്നെന്തു പറ്റി മോളെ കാണാനില്ലല്ലോ എന്ന് മനസ്സിൽ ഓർത്തു അകത്തേക്ക് നടന്നു.. അകത്തേക്കു കയറിയതും അച്ഛാ എന്ന് വിളിച്ചു കൊണ്ട് മോൾ ഓടി വന്നു..
അച്ഛൻ ഇന്ന് നേരത്തെ വന്നോ..
മെല്ലെയൊന്നു മൂളി കൊണ്ട് അവളുടെ തെറുകയിൽ തലോടി നെറ്റിയിൽ ചുംബിച്ചു ഞാൻ പറഞ്ഞു
മോൾ വേഗം പോയി കുളിച്ചു വാ.. നമുക്ക് കേക്ക് മുറിക്കേണ്ടേ..
അവൾ മനസ്സില്ലാമനസ്സോടെ പ്രതീക്ഷ വറ്റിയ കണ്ണുകളോടെ അവൾ കുളിക്കാനായി പോകുമ്പോൾ ആദ്യമായി പുതിയൊരു ജോമെട്രി ബോക്‌സ് വാങ്ങിയ ഒരു കുട്ടിയുടെ മനസ്സായിരുന്നു എൻെറ …
മോൾ കുളിച്ചു വന്നപ്പോഴേക്കും മേശപ്പുറത്ത് മുറിക്കാനുള്ള കേക്കും റെഡി യായിരുന്നു… മനോഹര മായ കേക്ക് കുഞ്ഞു മനസിനെ അത്രത്തോളം ആകർഷിച്ചെന്ന് എനിക്ക് മനസ്സിലായി..
കൊളുത്തി വെച്ച മെഴുകുതിരി ഊതി കെടുത്തി കേക്ക് മുറിച്ചു അവളെൻെറ ചുണ്ടുകളിൽ വച്ചാപ്പോൾ അതിന് കണ്ണുനീരിൻെറ കൈപ്പു നിരുണ്ടെന്ന് എനിക്ക് തോന്നി
ഇനി എന്റെ മോൾക്ക് ഗിഫ്റ്റ് വേണ്ടേ.. എന്റെ ആ ചോദ്യത്തിൽ അവൾ അമ്പരന്നു എന്റെ മുഖത്തേക്ക് നോക്കി നിൽക്കെ… ഭാര്യയുടെ കൈയ്യിൽ കരുതിയ കവർ അവളുടെ കൈയ്യിൽ വച്ചു കൊടുക്കുമ്പോൾ
സന്തോഷം കൊണ്ട് എൻറെ മോളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.. ആകാംഷയോടെ ആ പൊതി തുറന്നു . ജോമഡ്രി ബോക്സ് കണ്ടു അവൾ സന്തോഷം കൊണ്ട് എന്നെ കെട്ടിപിടിച്ചു ഉമ്മകൊണ്ട് മൂടുമ്പോൾ.. അവളെ ചേർത്ത് പിടിച്ചു നിൽക്കെ നിറഞ്ഞു വന്ന കണ്ണുകളിൽ … ചിരിക്കുന്ന എന്റെ അമ്മയുടെ മുഖം മാത്രം ആയിരുന്നു.
കണ്ണുകൾ തുടച്ചു പുറത്തേക്ക് ഇറങ്ങി ഉമ്മറ പടിയിൽ തൂണ് ചാരി നിൽക്കെ തെക്കെ തൊടിയിൽ നിന്നും ഞങ്ങളുടെ ഇടയിലേക്ക് ക്ഷണിക്കാതെ കയറി വന്ന കുളിക്കാറ്റിന് എൻറെ അമ്മയുടെ.. സ്നേഹം ഉണ്ടെന്ന് എനിക്ക് തോന്നി…..