പഠിക്കാൻ എന്റെ മകൾ പുറകിൽ അല്ലെങ്കിലും ചിലപ്പോഴൊക്കെ മറ്റു കുട്ടികളുമായി അവളെ കമ്പയർ ചെയുന്ന ഒരു ചീത്ത അമ്മയാണ് ഞാൻ……..

ചെറിയ വലിയ സന്തോഷം

രചന: Mahalekshmi Manoj

“ലക്ഷ്മിയേച്ചി..ഞാൻ കുഞ്ഞുവിനോടു പറയണ പോലെ തന്നെ മറ്റു കുട്ടികളോടും പറയലുണ്ട് ആരെന്ത് കുരുത്തക്കേട് കാണിച്ചാലും മറ്റേ ആള് എന്നെ വന്ന് അറിയിക്കണമെന്ന്,

മറ്റുള്ള കുട്ടികൾ എല്ലാവരും പറയാറുണ്ട്, പക്ഷെ കുഞ്ഞു മാത്രം പറയാറില്ല, പറയാൻ വേണ്ടീട്ട് അവൾ “സഞ്ജു ചേച്ചി” എന്ന് വിളിക്കും,

ഞാൻ അത് കേട്ടിട്ട് “എന്താ” എന്ന് ചോദിച്ചു ഓടി ചെല്ലുമ്പോൾ എപ്പോളും അവളുടെ മറുപടി, “ഒന്നുമില്ല, ഞാൻ വെറുതെ വിളിച്ചതാണ്” എന്നാണ്.

നിങ്ങ അവളോട് പറയണം അങ്ങനെ ചെയ്യല്ലെന്നു, എന്തുണ്ടെങ്കിലും ഞാനത് കണ്ടിട്ടില്ലെങ്കില് എന്നെ വിളിച്ച് പറയണം എന്ന്, അത് കൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ സംഭവിച്ചേ?”

ബേബിസിറ്റിങ്ങിൽ കൂടെ ഉള്ള കുട്ടി തമ്മിൽ കളിക്കുന്നതിനിടയിൽ മോളുടെ കഴുത്തിൽ കുറച്ച് നേരം അമർത്തിപ്പിടിച്ചു,

കൈ തട്ടി മാറ്റാൻ ശ്രമിച്ച കുഞ്ഞുവിന്റെ വായയും ആ കുട്ടി പൊത്തിപ്പിടിച്ചു,

ഉടനെ വിട്ടു എങ്കിലും പിടിത്തം ഇച്ചിരി കട്ടി ആയത് കൊണ്ട് കുറച്ച് നേരം തൊണ്ടയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നു അവൾക്ക്, വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് അവൾ ഇത് പറഞ്ഞത്..

എന്നാൽ മോളെ നോക്കുന്ന സഞ്ജുവിനോട് അവൾ ഇത് പറഞ്ഞിട്ടും ഇല്ല. ഇത് കേട്ട ഉടനെ സഞ്ജുവിന് ഞാൻ വോയിസ് മെസ്സേജ് ഇട്ട് കാര്യം പറഞ്ഞപ്പോൾ സഞ്ജു തന്ന മറുപടി ആണ് ഇത്.

മറുപടി കേട്ട ഉടനെ ഞാനും മനുച്ചേട്ടനും ഒന്ന് പോലെ ചോദിച്ചു, “എന്താടാ മോളെ നീ സഞ്ജുചേച്ചിയോടു പറയാത്തെ?

ആരെങ്കിലും കുരുത്തക്കേട് കാണിച്ചാൽ മറ്റേ ആൾ പറഞ്ഞ് കൊടുക്കണമെന്നു പറഞ്ഞിട്ടില്ലേ? ബാക്കി എല്ലാവരും ചെയ്യുന്നുണ്ടല്ലോ പിന്നെന്താ നീ ചെയ്യാത്തെ?”

“അതെനിക്ക് പറ്റില്ലച്ഛാ”, അവൾ അവളുടെ അച്ഛനെ നോക്കി പറഞ്ഞു.“പറ്റില്ലേ??എന്ന് വെച്ചാൽ?”..

“എനിക്ക് പറ്റില്ല അങ്ങനെ പറഞ്ഞു കൊടുക്കാൻ, ഞാൻ അവരെ ആരെയെങ്കിലും കുറിച്ച് കുറ്റം പറഞ്ഞു കൊടുത്താൽ സഞ്ജു ചേച്ചി വഴക്ക് കൊടുക്കും,

അത് കഴിയുമ്പോൾ അവരെന്റെ മുന്നിൽ ഇരുന്ന് കരയും,

“വൈ ഡിഡ് യു ടെൽ മൈ നെയിം?, ഡോണ്ട് ടു ദിസ് എഗൈൻ, ഡോണ്ട് ടു ദിസ് എഗൈൻ, എന്ന് പറഞ്ഞു കരഞ്ഞോണ്ടിരിക്കും,

എനിക്കത് സഹിക്കാൻ പറ്റില്ലച്ഛാ, ആരും എന്റെ മുന്നിൽ ഇരുന്നു ഞാൻ കാരണം കരയുന്നത് എനിക്കിഷ്ടമല്ല..”

ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി അവൾ ഇത് പറഞ്ഞപ്പോൾ ഞാനും മനുച്ചേട്ടനും ഒരു പോലെ അതിശയിച്ചു പോയി,

നമ്മുടെ ഏഴു വയസ്സ് തികയാത്ത കുട്ടിയാണോ ഇത്ര ചെറുതിലേ മറ്റുള്ളവരുടെ സങ്കടങ്ങൾ കണ്ടു സഹിക്കാൻ തനിക്ക് കഴിയില്ല എന്ന് പറഞ്ഞത്?.

അവളുടെ അച്ഛൻ അവളെ ചേർത്തു പിടിച്ചു പറഞ്ഞു, “ശരി, നീ കളിക്കുന്നതിനിടയിലുള്ള കാര്യങ്ങളൊന്നും പറയണ്ട,

പക്ഷെ ഇന്നിപ്പോ സംഭവിച്ച പോലത്തെ കാര്യങ്ങൾ വന്നാൽ എന്തായാലും പറയണം,

ദൈവം സഹായിച്ച് ഒന്നും പറ്റിയില്ല, കുറച്ച് നേരം കൂടെ പിടിച്ചിരുന്നെങ്കിലോ അങ്ങനെ? അച്ഛനും അമ്മയ്ക്കും അതാലോചിക്കാനേ വയ്യ.

അങ്ങനെ ആരും ആരെയും ചെയ്യാൻ പാടില്ല.” അവൾ തലകുലുക്കി സമ്മതിച്ചു.

അപ്പോഴും ഞാൻ അവൾ പറഞ്ഞ മറുപടിയുടെ അതിശയത്തിൽ തന്നെയായിരുന്നു.

പഠിക്കാൻ എന്റെ മകൾ പുറകിൽ അല്ലെങ്കിലും ചിലപ്പോഴൊക്കെ മറ്റു കുട്ടികളുമായി അവളെ കമ്പയർ ചെയുന്ന ഒരു ചീ ത്ത അമ്മയാണ് ഞാൻ,

അതിന് മനുച്ചേട്ടന്റെ കൈയിൽ നിന്ന് ആവശ്യത്തിന് ചീ ത്തയും ഇനി ഒരിക്കലും കൊച്ചിനെ അങ്ങനെ പറയല്ലെന്നു താക്കീതും കിട്ടാറുണ്ട്,

പലപ്പോഴും പല കാര്യങ്ങളും പറഞ്ഞു മനസിലാക്കി കൊടുക്കുമ്പോൾ ആബ്സൻറ് മൈൻഡഡ്‌ ആയി ഇരിക്കുന്ന അവൾക്ക് നല്ല പിച്ചും വഴക്കും കൊടുക്കാറുണ്ട്,

വായനയിൽ അവൾ കുറച്ച് പുറകിൽ ആയത് കൊണ്ട് അവൾ വായിക്കുന്ന സമയങ്ങളിൽ എല്ലാം അറിയുന്ന വാക്കുകൾ പോലും തെറ്റിക്കുമ്പോൾ എന്റെ ഒച്ച വല്ലാതെ പൊങ്ങാറുണ്ട്,

“നിന്റെ തലക്കകതെന്താ കളിമണ്ണാണോ” എന്നൊക്കെ ആക്രോശിക്കാറുണ്ട്.

കുഞ്ഞുവിന്റെ കുറവുകൾ ചൂണ്ടിക്കാണിച്ച് അവളെ വഴക്ക് പറയുന്നതിനിടയിൽ അവളുടെ ഈ വലിയ കഴിവ് എന്തേ കാണാതെ പോയി എന്നോർത്ത് ഞാൻ സങ്കടപ്പെട്ടു.

താൻ കാരണം ഒരാൾക്ക് സങ്കടം ഉണ്ടാകുന്നത് കാണാൻ ശേഷിയില്ല, അതിനി താൻ വേദനിച്ചിട്ടാണെങ്കിലും സാരമില്ല എന്ന ചിന്ത ചെറിയ ക്വാളിറ്റി അല്ല.

ഇത്ര വലിയ മനസ്സിന്നുടമയോ ഈ ചെറുപ്രായത്തിൽ തന്റെ മകൾ എന്നോർത്ത് എന്റെ സന്തോഷം തിരതല്ലി, ഒപ്പം പ്രയാസവും തോന്നി,

ഇങ്ങനത്തെ മനസ്സുള്ള ഭൂരിഭാഗം പേരും ജീവിക്കാൻ അറിയാത്തവർ ആണ്, അല്ലെങ്കിൽ ജീവിക്കാൻ മറന്നു പോയവർ, അവരെ ലോകം ദുരുപയോഗം ചെയ്യും.

പക്ഷെ ഒന്നുണ്ട്, ഒരാളുടെ വിഷമം കേട്ട് അതിനെന്തെങ്കിലും തനിക്കോ തന്നിലൂടെയോ ചെയ്ത് അവരെ സഹായിക്കാൻ പറ്റി എന്ന സന്തോഷത്താൽ ഒരുപാട് രാത്രികൾ ഞാൻ സമാധാനമായി ഉറങ്ങിയിട്ടുണ്ട്,

അതെ പോലെ എന്റെ മകൾക്കും കഴിയുമായിരിക്കും, അവളുടെ സന്തോഷവും അതിലാണ് എന്ന് വന്നാൽ.

അവളെ ചേർത്തു പിടിച്ചു ഞാൻ ചോദിച്ചു, “അപ്പൊ നിന്നെക്കുറിച്ച് അവർ പറഞ്ഞാലോ?”

“അത് പറയാറുണ്ടല്ലോ..അത് കുഴപ്പമില്ല.. ഞാനല്ലേ സങ്കടപ്പെടുന്നത്.. അവരല്ലല്ലോ.”.. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല അവളുടെ രണ്ട് കവിളും ഉമ്മകളാൽ മൂടി.

എന്റെ മകൾ പഠനത്തിൽ ഒന്നാമതാണ് എന്ന് പറയുന്നതിനേക്കാൾ സന്തോഷം കിട്ടുന്നത് അവൾ ഏറെ ദയയുള്ളവളാണ്,

നല്ല മനസ്സിനുടമയാണ് എന്ന് പറയുന്നതിലൂടെയാണ് എന്ന് ഈ സംഭവം എന്നെ തിരിച്ചറിയിപ്പിച്ചു.

സംഘർഷഭരിതമായ മനസ്സ് ഒറ്റ നിമിഷം കൊണ്ട് സന്തോഷഭരിതമാകാൻ ഇങ്ങനെയുള്ള ചെറിയ വലിയ സന്തോഷങ്ങൾ മതി.

അവൾക്ക് എന്നും എപ്പോഴും ഇതേ മനസ്സായിരിക്കണമേ എന്ന് മാത്രം ഈശ്വരനോട് പ്രാർത്ഥന.