എഴുത്ത്:-ഹക്കീം മൊറയൂർ
ചെറുപ്പത്തിൽ എനിക്ക് ആളുകളെ ഫേസ് ചെയ്യാൻ മടിയായിരുന്നു. മടി എന്ന് പറഞ്ഞാൽ ഭയങ്കര മടി.
അടുത്ത ബന്ധുക്കളോടും കൂട്ടുകാരോടുമെല്ലാം ഞാൻ നന്നായി സംസാരിക്കും. അപരിചിതരോടാണ് പ്രശ്നം.
ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും അന്നത്തെ എനിക്ക് ഒരു പാട് കുറ്റങ്ങൾ ഞാൻ തന്നെ കണ്ടെത്തിയിരുന്നു.
അതിൽ ഒന്നാമത്തേത് ഞാൻ കറുത്തിട്ടാണ് എന്നുള്ളതാണ്. വെളുത്തവരാണ് സുന്ദരന്മാർ എന്ന മൂഢ ധാരണ എന്നോ എന്നിൽ അടിയുറച്ചു കഴിഞ്ഞിരുന്നു. എന്റെ വീട്ടിൽ ഞാനൊഴിച്ചു ബാക്കി എല്ലാവരും എന്നേക്കാൾ വെളുത്തിട്ടാണ്. അന്നത്തെ കാലത്ത് സങ്കടപ്പെടാൻ അതൊക്കെ ധാരാളമാണ്.
അടുത്തത് എനിക്ക് തീരെ തടിയില്ല. പല്ല് പൊന്തിയിട്ടാണ്. മൂക്ക് ചമ്മി ചൈനീസ് മൂക്ക് പോലെയാണ്. മുഖം കണ്ടാൽ മംഗോളിയന്മാരെ പോലെയാണ് എന്നിങ്ങനെയൊക്കെയുള്ള ചിന്തകളാണ്. ഏറെക്കുറെ അതൊക്കെ ശരിയാണ് താനും.
അതിലും ഭീകരമായ ഒരു കാര്യം വിയർപ്പ് നാറ്റമാണ്. എത്രയൊക്കെ കുളിച്ചാലും പൗഡറിട്ടാലും എന്റെ വിയർപ്പിന്റെ മണം എനിക്ക് തന്നെ സഹിക്കില്ല. പിന്നെയല്ലേ മറ്റുള്ളവർക്ക്. മറ്റുള്ളവരെ പേടിച്ചു എവിടെയും എന്തിനും പിറകിലേക്ക് വലിഞ്ഞിരുന്നു അന്നൊക്കെ ഞാൻ.
പഠിക്കാനും ഞാൻ വലിയ മിടുക്കനൊന്നും ആയിരുന്നില്ല. അത് കൊണ്ട് തന്നെ അദ്ധ്യാപകരുടെ ഭാഗത്ത് നിന്നും പലപ്പോഴും ചീത്ത വിളിയും അടിയുമൊക്കെ കിട്ടിയിട്ടുണ്ട്.
നിനക്കൊന്നു കുളിച്ചിട്ട് വന്നൂടെ എന്ന് ഒരു മാഷ് മൂക്ക് ചുളിച്ചു ചോദിച്ചതിൽ പിന്നെയാണ് ഞാൻ എന്നേ തന്നെ വെറുത്തു തുടങ്ങിയത്. തമാശ പോലെ ചോദിച്ചതാണെങ്കിലും അത് കൂരമ്പ് പോലെ എന്റെയുള്ളിൽ തുളച്ചു കയറിയിരുന്നു.
ഉത്തരം അറിയില്ലെങ്കിൽ പോയി ആ മീശ വടിച്ചു കള എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്. ഉത്തരം അറിയാമെങ്കിലും പറയാൻ കഴിയുന്നില്ല എന്നത് അവരെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. മാഷുമാരുടെ നോട്ടം എന്റെ മുഖത്ത് വീഴുമ്പോഴേ എനിക്ക് വിറക്കാൻ തുടങ്ങും. ഉത്തരം പറയാൻ എണീറ്റ് നിന്നാൽ വായ ഉണങ്ങി പോവും.
നിനക്കൊക്കെ ഉള്ളിക്ക് തൂറാൻ പൊയ്ക്കൂടേ എന്ന് ചോദിച്ചതും സംസ്കാര സമ്പന്നനായ ഒരു മാഷായിരുന്നു.
അത് കൊണ്ടൊക്കെ തന്നെ പത്താം ക്ലാസ് വരെ ഞാൻ മൗനിയായിരുന്നു. എങ്ങനെയൊക്കെയോ പഠിച്ചു പരീക്ഷ എഴുതി ഫസ്റ്റ് ക്ലാസ്സോടെ ഞാൻ പരീക്ഷ പാസായി.
എന്നിട്ട് പോലും sslc ബുക്ക് വാങ്ങാൻ പോയപ്പോൾ ഞാൻ തിരക്കൊഴിയാൻ കാത്തു നിന്നു. എന്റെ പരുങ്ങൽ കണ്ടിട്ട് നീ തോറ്റോ എന്നൊക്കെ ചോദിച്ചവർ ഉണ്ട്.
തിരക്കൊഴിഞ്ഞ നേരത്ത് കയറി ചെന്ന എന്റെ ബുക്ക് നോക്കി നീ കൊള്ളാമല്ലോ എന്ന് ഒരു മാഷ് പറഞ്ഞതിന് ശേഷമാണ് എന്റെ വിറയൽ നിന്നത്.
ആരെയും ശ്രദ്ധിക്കാതെ കുനിഞ്ഞ ശിരസ്സുമായി ഒരു പരാജിതനെ പോലെ ഞാൻ തിരിച്ചു പോന്നതും ഒരു നോവായി ഇന്നും എന്റെ മനസ്സിലുണ്ട്. അന്നൊക്കെ വായനയായിരുന്നു എന്റെ കൂട്ട്.
ഞാൻ വായിക്കുന്ന ഓരോ കഥക്കും എന്റേതായ തുടർച്ച ഞാൻ സങ്കൽപ്പിക്കും. എഴുത്തുകാർ ക്രൂരമായി കൊന്നു കളഞ്ഞവരെ ഞാൻ ജീവിപ്പിക്കും.
ബാല്യകാല സഖിയിലെ മജീദിനെയും സുഹറയെയും വരെ അങ്ങനെ ഞാൻ ഒന്നിപ്പിച്ചിട്ടുണ്ട്.
എന്റെ അനുഭവം എന്റെ മനസ്സിൽ എവിടെയോ നിറഞ്ഞു നിൽക്കുന്നത് കൊണ്ടായിരിക്കണം ഇന്നും മുന്നിൽ കാണുന്ന എല്ലാവരോടും പുഞ്ചിരിക്കാൻ എനിക്ക് കഴിയുന്നത്.
അന്നൊക്കെ ഞാൻ ഏറ്റവും അധികം ആഗ്രഹിച്ചിട്ട് പോലും പലരിൽ നിന്നും എനിക്ക് കിട്ടാതെ പോയതും അതായിരുന്നല്ലോ.
ഒരു ചെറു പുഞ്ചിരി.
ഇത് വായിക്കുന്നവരോട് എനിക്ക് ഒരു അപേക്ഷയുണ്ട്.
പറ്റുമെങ്കിൽ ഒരു ചെറുപുഞ്ചിരി മറ്റുള്ളവർക്ക് സമ്മാനിച്ച് കൂടെ.
അങ്ങനെയെങ്കിൽ ഒരു പാട് പേരുടെ മനസ്സിൽ ഒരു ആശ്വാസമായി നിങ്ങളും നിങ്ങളുടെ ആ പുഞ്ചിരിയും എക്കാലവും തങ്ങി നിൽക്കും എന്നത് ഉറപ്പാണ്.