പക്ഷേ ജാനകിയെ എന്നുമൊരു നടക്കാത്ത സ്വപ്നമായി മനസിന്റെ അകത്തു ആരും കാണാതെ……

പഴയൊരു സംഭവകഥ

എഴുത്ത്:-സാജു പി കോട്ടയം

കന്നിമാസത്തിലെ ഒരു മുതുപാതിരാത്രിയിലാണ് വർക്കിമാപ്ല ആറ്റിൻകരയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ജാനകിയെ സ്വപ്നംകണ്ട് ഞെട്ടിയുണർന്നത്.

നാട്ടിലെ ഏക്കറു കണക്കിന് നോക്കാത്ത ദൂരത്തോളം കിടക്കുന്ന വയലുകളും കൃഷിയിടങ്ങളുമെല്ലാം വർക്കിമാപ്ലടെ പിതാക്കന്മാരായിട്ട് ഉണ്ടാക്കിയതും വെട്ടിട്ടിപ്പിടിച്ചതുമാണ് തലമുറ കൈമാറി വർക്കിമാപ്ലടെ കൈയിലെത്തിയിട്ടും തന്റെ ജന്മസിദ്ധമായ വിളച്ചിലും പിശുക്കും കൊണ്ട് പിന്നെയും കൊറേ ഭൂസ്വത്തുണ്ടാക്കി.

ദൈവം കൂട്ടിച്ചേർത്തത് മനുഷ്യൻ വേർപിരിക്കാതിരിക്കട്ടെയെന്ന് പറഞ്ഞു പള്ളിലച്ചൻ തന്റെ കൈപിടിച്ചു ചേർത്തുതന്ന ത്രേസ്യമ്മകൊച്ചമ്മയും ആറു പിള്ളേരെയും പെറ്റിട്ട് അറുപതാമത്തെ വയസ്സിൽ കർത്താവിന്റെ മണവാട്ടിയാവാൻ സ്വർഗ്ഗതത്തിലേക്ക് പോയി…. പിള്ളേരെല്ലാം വിദേശത്തേക്കും

ത്രേസ്യാമ്മകൊച്ചമ്മ മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും വർക്കിമാപ്ല ഇതുവരെയും മറ്റൊരു സ്ത്രീയുടെയും അടുത്തേക്ക് പോയിട്ടില്ല….. പക്ഷേ ജാനകിയെ എന്നുമൊരു നടക്കാത്ത സ്വപ്നമായി മനസിന്റെ അകത്തു ആരും കാണാതെ ഒരു മുറിയിൽ പൂട്ടിവച്ചിട്ടുണ്ടായിരുന്നു

കന്നിമാസത്തിലെ പകലിൽ പറമ്പിലൂടെ നടക്കുമ്പോൾ കുരുക്കുകൾ വീണും കുരുക്കുകൾ അഴിഞ്ഞും തളർന്നു കിടക്കുന്ന പട്ടികളെ കണ്ടിട്ടാണോ എന്തോ പാതിരാത്രിയിൽ വർക്കിമാപ്ല ജാനകിയെ സ്വപ്നം കാണുന്നതും ഞെട്ടിയുണർന്നതും

എന്തായാലും എൺപതാം വയസ്സിലും ഇനിയൊരു ആഗ്രഹം സാധിക്കാ തിരിക്കേണ്ടെന്ന് കരുതി ആ രാത്രിയിൽ തന്നെ കുറച്ചു കാശും വാരി അണ്ടർയറിന്റെ പോക്കറ്റിലിട്ടു വർക്കി മാപ്ല ജാനകിയുടെ വീടിനെ ലക്ഷ്യമാക്കി ഇരുട്ടിലൂടെ മന്ദം മന്ദം നടന്നു…

റോഡ് മുറിച്ചു കടന്നു ആറ്റിൻകരയിലൂടെ കൊറേ ദൂരം പോകണം ജാനകിയുടെ വീട്ടിലേക്കു…. എന്നാപ്പിന്നെ റോഡ് സൈഡിലുള്ള കുരിശ്പള്ളിയിൽ കയറി ഒന്ന് പ്രാർത്ഥിച്ചേച്ചും പോയേക്കാമെന്ന് കരുതി ഒരു ധൈര്യത്തിന്.

കുരിശുപള്ളിയിൽ കയറിയാൽ വർക്കി മാപ്ലക്ക് ഒറ്റ പ്രാർത്ഥനയേയുള്ളു….. എന്റെ പൊന്നു…. കർത്താവെ…. ഞാൻ ഏറ്റവും സന്തോഷിച്ചിരിക്കുന്ന സമയത്ത് മാത്രമേ എന്നെയങ്ങോട്ട് വിളിക്കാവു…. എന്നായിരുന്നു.

പ്രാർത്ഥനയൊക്കെ കഴിഞ്ഞു കുരിശും വരച്ചു… നേർച്ചപ്പെട്ടിയിൽ ഇടാൻ അണ്ടർയറിന്റെ പോക്കെറ്റിൽ നിന്ന് കാശ്യെടുത്തു നോക്കി അഞ്ചിന്റെയോ പത്തിന്റെയോ ഒറ്റ നോട്ടുപോലുമില്ല.. 500ഉം 2000വും മാത്രമേയുള്ളൂ

വർക്കിമാപ്ല തന്റെ കയ്യിലിരിക്കുന്ന കാശിലേക്കും കുരിശുപള്ളിയിൽ ഇരിക്കുന്ന കർത്താവിന്റെ മുഖത്തേക്കും മാറി മാറി നോക്കി.

കർത്താവെ…. നിനക്കെന്തിനാ ഈ പാതിരാത്രിക്ക് കാശ് ഇവിടെ തന്നെ ഇരിക്കുവല്ലേ രാവിലെ ചില്ലറ ആക്കിയിട്ടു തന്നാൽ പോരേ…? അങ്ങനെ ഒരുവിധത്തിൽ കർത്താവിനെ പറഞ്ഞു സമ്മതിപ്പിച്ചു

ആറ്റിൻകരയുടെ കരിങ്കൽ കെട്ടിന് മുകളിലൂടെ ജാനകിയുടെ കരലാളനകളേറ്റു കിടക്കുന്ന തന്നെത്തന്നെ ഓർത്ത് അയാൾ ധൃതങ്ഗപുളകിതനായി….. നടപ്പിന് വേഗത കൂടി…. അപ്പോഴാണ് തന്റെ ജൻമ്സിദ്ധമായ കുശാഗ്രഹബുദ്ധിയും പിശുക്കനും ഉണർന്നു വന്നത്.

ജാനകിയുടെ കരലാളനകൾക്ക് ഒരു 250അല്ലെങ്കിൽ ഒരു മുന്നൂറ് പോരേ….? 500കൊടുത്താൽ അവള് ബാക്കി തന്നില്ലെങ്കിലോ….? അവിടെക്കിടന്ന് തർക്കിക്കാൻ പറ്റുവോ…. അത് നാണക്കേടാവില്ലേ..!

ഈ രാത്രിയിൽ എവിടെപ്പോയി ചില്ലറ മാറും… വർക്കിമാപ്ല ആ കരിങ്കൽക്കെട്ടിന്റ മുകളിൽ കുത്തിയിരുന്ന് ആലോചിച്ചു.

ആറ്റിൽ നിന്ന് ഒരു വരാൽ മീൻ വെള്ളത്തിനു മീതെ വന്നു അയാളെ നോക്കിയിട്ട് വലുകൊണ്ട് വെള്ളത്തിലടിച്ചു ശബ്ദമുണ്ടാക്കി ചിന്തയിൽനിന്ന് ഉണർത്തി.

അയാൾക്ക് പെട്ടന്ന് തന്നെ തന്റെ പുരയിടത്തിൽ തേങ്ങയിടാനും പറമ്പിൽ പണിക്ക് വരുന്ന രമണന്റെ കാര്യം ഓർമയിൽ വന്നു… ജാനകിയുടെ വീട്ടിലേക്കു പോകുന്ന വഴിയിലാണ് അവന്റെ വീട്.

രമണാ…. എടാ…. രമണാ

ആ…. മുതു പാതിരാത്രിയിലും തന്റെ മൊതലാളിയുടെ വിളികേട്ട്…. തന്നെയും കെട്ടിപ്പിടിച്ചു കിടന്ന കെട്ടിയോളെയും ഉന്തിത്തള്ളി മാറ്റി ഉടുമുണ്ടും വാരിപ്പിടിച്ചു ഓലപ്പുരയുടെ വാതിലായി തൂക്കിയിട്ട ചാക്ക് ഒരു വശത്തേക്ക് മാറ്റി തല പുറത്തേക്കിട്ടു

എന്നാ….. മൊതലാളി…. ഈ സമയത്ത്

ടാ….. നിന്റെകൈയിൽ 500ന്റെ ചില്ലറയുണ്ടോ??

ഇല്ല… മൊതലാളി… ഞാനിന്ന് കടയിലെ പറ്റു തീർക്കാൻ കൊറച്ചുപൈസ ചോദിച്ചിട്ട് മൊതലാളി തന്നില്ലല്ലോ… പിന്നെ വിടുന്ന്നാ ന്റെ കയ്യില്.

രമണൻ ചൊറിച്ചിൽ ഇല്ലെങ്കിലും വെറുതെ തല ചൊറിഞ്ഞു നിന്നു.

പിന്നെ…. നിന്റെ കയ്യിൽ എത്രയുണ്ടാവും..?

……. എന്റെ അടുത്തതൊന്നുമില്ല അവളോട്‌ ചോദിച്ചു നോക്കാം.

രമണൻ അകത്തേക്ക് കയറി വീണ്ടും കൂർക്കം വലിച്ചു കിടക്കുന്ന കെട്ടിയോളെ കുലുക്കി വിളിച്ചു….

യെടി…. എഴുനേല്ക്ക് നമ്മുടെ വർക്കി മുതലാളിക്ക് കുറച്ചു പൈസ വേണമെന്ന്…

കണ്ണും മിഴിച്ചു ഇതെന്ത് പണ്ടാരമാ പറയുന്നതെന്ന് മനസിലാവാതെ തന്റെ കെട്ടിയോന്റെ മുഖത്തേക്ക് തുറിച്ചു നോക്കി

പറഞ്ഞത് വിശ്വാസം വരാതെ അവൾ പുറത്തേക്കിറങ്ങി നോക്കി…. മൊതലാളി… ജാനകിയുടെ വീടിന്റെ ഭാഗത്തേക്ക്‌ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി.

മല്ലി പാത്രത്തിൽ നിന്നും തലയിണയുടെ അടിയിൽ നിന്നും കുടുക്ക പൊട്ടിച്ചും നിമിഷങ്ങൾക്കകം കൃത്യം 289 രൂപാ മുതലാളിയുടെ കയ്യിലേക്ക് കൊടുത്തു

ഉം….. നാളെ ഈ കാശ് വീട്ടിൽ വന്നു വാങ്ങിച്ചോ.. എന്നുംപറഞ്ഞു മുതലാളി ജാനകിയുടെ വീട്ടിലേക്കു പോയി.

കൊടുത്ത പൈസ ഇരട്ടിയായി തിരിച്ചു കിട്ടുമെന്ന് സ്വപ്നം കണ്ടു രാമണനും ഭാര്യയും വീണ്ടും കെട്ടിപ്പിടിച്ചു കിടന്നു.

***************

ജാനകിയുടെ വീട്ടിൽ നിന്നും തിരികെ വന്ന വർക്കി മാപ്ല ഭയങ്കര സന്തോഷ ത്തിലായിരുന്നു.. അതുകൊണ്ട് തന്നെ കർത്താവ് വർക്കിമാപ്ലയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി ” ഞാനേറ്റവും സന്തോഷത്തോടെ ഇരിക്കുബോ വിളിക്കാവു എന്ന പ്രാർത്ഥനക്ക് ……. നേരം വെളുത്തപ്പോതന്നെ നാട്ടിലെല്ലാം അറിഞ്ഞു വർക്കിമാപ്ല ദിവംഗതനായ വിവരം.

ശവസംസ്ക്കാരമൊക്കെ വളരെ ഗംഭീരമായി തന്നെ നടന്നു.

രമണനും ഭാര്യയും അതിൽ പങ്കെടുത്തു….

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പലചരക്കു കടക്കാരൻ അവരോടു പറ്റുകാശ് ചോദിച്ചു വഴക്കിട്ടു.

അവർ… പറഞ്ഞു വർക്കി മുതലാളി ഞങ്ങളോട് കടം വാങ്ങിച്ചോണ്ട് പോയതാ തിരിച്ചു തരാമെന്നു പറഞ്ഞു. അപ്പോഴല്ലേ മൊതലാളി മരിച്ചു പോയത്

ആഹാ…… പുതിയ കള്ളവുമായി ഇറങ്ങീരിക്കുവാ അല്ലേ കെട്ടിയോനും കെട്ടിയോളും. നിന്നോടൊക്കെ കടം വാങ്ങിയെന്നോ…..

ചത്തു പോയവരുടെ പേരിൽ പറ്റിക്കാൻ ഇറങ്ങീയ ശവങ്ങൾ…. ക്രാ… തുഫ്ഫ്

ആ നാട്ടിലെ ജനങ്ങൾ മുഴുവനും രമണനെയും കെട്ടിയോളെയും പരിഹസിച്ചു..

അല്ലെങ്കിലും

“ദുർബലർ പറയുന്ന സത്യങ്ങൾ പോലും ചിലപ്പോൾ ദുർബലമായി പോകും “

എങ്കിലും സത്യം അറിയാവുന്ന ഒരാളുണ്ടായിരുന്നു….. ജാനകി.