എഴുത്ത്: അപ്പു
“ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ നീ ഞങ്ങളെ ജീവനോടെ കാണില്ല.. ഓർത്തോ..”
അമ്മ ഭീഷണി പോലെ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ പുച്ഛത്തോടെ ഒരു ചിരി വിരിഞ്ഞു.
“അമ്മ ഇങ്ങനെ വാശി പിടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്നെ അയാൾക്ക് കെട്ടിച്ചു കൊടുക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്താ ലാഭം..?”
അവൾ വിഷമത്തോടെ ചോദിച്ചത് കേട്ട് ഒരു നിമിഷം അച്ഛനും അമ്മയും പതറി പോയി.
“നീ എന്താ പറഞ്ഞു വരുന്നത്..? ഞങ്ങൾ നിന്നെ അയാൾക്ക് വിൽക്കുന്നത് ആണെന്നോ..?”
അച്ഛൻ ശൗര്യത്തോടെ അവൾക്ക് നേരെ ചീറി.
“അച്ഛൻ ഒച്ച വച്ചിട്ട് കാര്യമില്ല. ഞാൻ ചോദിച്ചതിൽ എന്താ തെറ്റ്..?”
അവൾ വാശിയോടെ വീണ്ടും ചോദിച്ചത് കേട്ട് അയാൾ പതറി.
“ശരിയാ.. നീ ചോദിച്ചതിൽ ഒരു തെറ്റും ഇല്ല. പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന്. ഇവിടെ നിന്റെ കാര്യത്തിൽ അത് ശരിയാണ്.”
അയാൾ അടവു മാറ്റി വിഷമത്തോടെ പറഞ്ഞു. അയാളുടെ വിഷമം കണ്ട് അവൾ ഒന്നു പതറി.
” നിന്റെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി അദ്ദേഹത്തിന്റെ കയ്യിൽ നിന്നും അച്ഛൻ കുറച്ചു പണം കടം വാങ്ങിയിട്ടുണ്ട്. അതിന് ഈടായി കൊടുത്തത് ഈ വീടിന്റെ പ്രമാണമാണ്. ഇപ്പോൾ അയാൾ പണം മടക്കി ചോദിക്കുന്നുണ്ട്. നമ്മുടെ കൈയിൽ എവിടെയാ മോളെ അത്രയും പണം..? “
അമ്മയും സങ്കടം അഭിനയിച്ചു.
” നിങ്ങൾ എന്താ പറഞ്ഞു വരുന്നത്..? ഇയാളുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്നെ പഠിപ്പിച്ചു എന്നാണോ..? അങ്ങനെ പണം വാങ്ങി എന്നെ പഠിപ്പിച്ചു എങ്കിൽ ഇതിലും എത്രയോ നല്ല വിദ്യാഭ്യാസം എനിക്ക് കിട്ടിയേനെ..? ഞാൻ പിള്ളേർക്ക് ട്യൂഷൻ എടുത്തു കിട്ടുന്ന പണം കൊണ്ട് ആണ് പഠിച്ചത്. വണ്ടി കൂലിക്ക് ഒരു ദിവസം 100 രൂപ ചോദിച്ചതിന് ഇവിടെ അമ്മ കാട്ടി കൂട്ടിയത് ഒന്നും ഞാൻ മറന്നിട്ടില്ല. അങ്ങനെയുള്ള നിങ്ങൾ പണം വാങ്ങി ആരെ പഠിപ്പിച്ചു എന്നാണ്..? പണം കടം വാങ്ങി നിങ്ങൾ ആർഭാടം നയിച്ചു കാണും. അല്ലാതെ എനിക്ക് വേണ്ടി പത്ത് പൈസ ചെലവാക്കിയത് ആയിട്ട് എനിക്ക് അറിയില്ല.”
അവർ അവരുടെ മുഖത്തു നോക്കി പറഞ്ഞത് കേട്ട് അവർക്ക് വല്ലാത്ത അപമാനം തോന്നി.
” ഓഹോ.. നീ അപ്പോൾ കണക്ക് പറയാനും തുടങ്ങി അല്ലേ..? “
അച്ഛൻ വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചു.
” കണക്ക് പറഞ്ഞതല്ല.. നിങ്ങളെ ഒന്ന് ഓർമ്മപ്പെടുത്തിയതാണ്. അമ്മുവിനെ പോലെ ഞാനും നിങ്ങളുടെ മകൾ തന്നെയല്ലേ..? അപ്പോൾ എനിക്കു മാത്രം എന്താണ് ഈ അവഗണന..? അവൾക്ക് ആവശ്യപ്പെടുന്നതെല്ലാം അവൾ ആവശ്യപ്പെടുന്നതിന് മുൻപു തന്നെ മുന്നിലെത്തിക്കാൻ നിങ്ങൾ രണ്ടുപേരും മത്സരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ എനിക്ക് ഒരു പേനയോ പെൻസിലോ പോലും വാങ്ങി തരാൻ നിങ്ങൾക്ക് ഈ ആവേശം ഞാൻ കണ്ടിട്ടില്ല.ഇപ്പോൾ നിങ്ങൾ പറഞ്ഞില്ലേ പണം കടം വാങ്ങിയ കാര്യം..? അതും അവൾക്കു വേണ്ടി ആയിരുന്നു എന്ന് എനിക്കറിയാം. അപ്പോൾ പിന്നെ അവൾ അല്ലേ അയാൾക്ക് കെട്ടിച്ചു കൊടുക്കേണ്ടത്..? അയാളുടെ പണത്തിന് പഠിച്ചതും തിന്നു കൊഴുത്തതും അവളാണ്. അല്ലാതെ ഞാൻ അല്ല.. ഞാൻ ഇതിനെ സമ്മതിക്കുമെന്നു നിങ്ങൾ ആരും കരുതുകയും വേണ്ട.”
അവൾ വാശിയോടെ പറഞ്ഞു. അതോടെ അയാളുടെ നിയന്ത്രണം വിട്ടു.
” നീ എന്താടി പറഞ്ഞത്..? എന്റെ കുഞ്ഞിനെ പറ്റി അനാവശ്യം പറയുന്നോ..? നിന്നെ പോലെയാണോ എന്റെ മോള്..? കാണാൻ എന്തൊരു ഐശ്വര്യമുള്ള കുട്ടിയാണ്.. അവൾക്ക് ആ 55 വയസ്സുകാരനെ അല്ല ആവശ്യം. ചെറുപ്പക്കാരനായ ഒരുവൻ അവളെ വിവാഹം കഴിക്കാനായി എത്തും. “
അയാൾ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചു. അവൾ കവിളിൽ കൈ ചേർത്തുകൊണ്ട് അയാളെ രൂക്ഷമായി നോക്കി.
” അപ്പോൾ അവളെക്കാൾ രണ്ടു വയസ്സുമാത്രം വ്യത്യാസമുള്ള എനിക്ക് 55 വയസ്സുകാരൻ ഭർത്താവ് മതിയെന്ന്. അതെന്താ എന്നെ കെട്ടാൻ ചെറുപ്പക്കാർ ആരും വരില്ലേ..? എനിക്കുണ്ട് ജീവിതത്തെക്കുറിച്ച് ആഗ്രഹങ്ങളും പ്രതീക്ഷകളും ഒക്കെ. നിങ്ങൾ എപ്പോഴും നിങ്ങളുടെ രണ്ടാമത്തെ മകളെ കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് എന്നെ കാണാത്തത്.. “
തന്റെ ഭാഗം ജയിക്കാൻ അവൾ വീണ്ടും പറഞ്ഞു.
“ത, ല്ലു കിട്ടിയിട്ടും അവളുടെ അഹങ്കാരത്തിന് വല്ല കുറവും ഉണ്ടോ എന്ന് നോക്കിയേ..?”
അമ്മ പുച്ഛത്തോടെ അച്ഛന്റെ ഭാഗം പിടിച്ചു.
“ഞാൻ ഇപ്പോൾ അവസാനമായി ചോദിക്കുകയാണ്.. എന്നെ അമ്മ പ്രസവിച്ചത് തന്നെയാണോ..?”
അതിൽ വല്ലാതെ സങ്കടം നിറഞ്ഞിരുന്നു.
” ഇന്ന് വരെ ഈ കുടുംബത്തിൽ എന്തിനും ഏതിനും എന്നെ രണ്ടാം തരക്കാരിയായി മാത്രമേ കണ്ടിട്ടുള്ളൂ. അത് എന്തുകൊണ്ടാണ് ഈ നിമിഷം വരെ എനിക്ക് അറിയുകയുമില്ല. അതുകൊണ്ടാണ് ചോദിക്കുന്നത് ഞാൻ നിങ്ങളുടെ മകൾ ആണോ എന്ന്.. “
വേദനയോടെ അവൾ ചോദ്യം ആവർത്തിച്ചു. എന്നിട്ടും അവർക്ക് ആർക്കും യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.
” എന്നാൽ നിന്നോട് കാര്യം ഞങ്ങൾ പറയാം.. നീ ഞങ്ങളുടെ മകൾ ഒക്കെ തന്നെയാണ്.. പക്ഷേ നീ സ്വയം ഒന്നു നോക്കിയേ.. കറുത്ത് കരിവാളിച്ചു പോയ നിന്നെ പോലെയാണോ ഞങ്ങൾ..?ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ അമ്മു മോൾക്കും വെളുപ്പു നിറമാണ്. നീ ആണെങ്കിലോ കറുത്ത് കരിക്കട്ട പോലെ.. ആ നിനക്ക് ഇനി ഏത് രാജകുമാരൻ വരും എന്നാണ് നീ കരുതുന്നത്..?”
അമ്മ പുച്ഛത്തോടെ ചോദിച്ചത് കേട്ട് അവൾ തറഞ്ഞു നിന്നു. അവരുടെയൊക്കെ ഉള്ളിൽ ഇതായിരുന്നു തന്നോടുള്ള വിദ്വേഷം എന്ന് അവൾക്ക് അറിയില്ലായിരുന്നു.
“എന്റെ ഈ നിറം അച്ഛന്റെ അമ്മയുടെ നിറമല്ലേ..? അച്ഛൻ അച്ഛൻ അച്ഛമ്മയോടും ഇങ്ങനെ തന്നെയായിരുന്നോ പെരുമാറിയിരുന്നത്..?”
ഒരു നിമിഷത്തെ പകപ്പിന് ശേഷം അവൾ അച്ഛന്റെ മുഖത്തു നോക്കി ചോദിച്ചു.
” അതൊന്നും നീ അറിയേണ്ട കാര്യമില്ല. നീ ഇപ്പോൾ ഒരൊറ്റ കാര്യം മാത്രം ചിന്തിച്ചാൽ മതി. ഇന്നേക്ക് പത്താം നാൾ നീയും അയാളും തമ്മിലുള്ള വിവാഹം ഞാൻ നടത്തിയിരിക്കും.”
അച്ഛൻ വാശിയോടെ പറഞ്ഞു. അവൾ പുച്ഛത്തോടെ ചിരിച്ചു.
” വിവാഹം നിങ്ങൾ നടത്തും. പക്ഷേ വധു ഞാൻ ആയിരിക്കില്ല..”
അവളും അതേ പുച്ഛത്തോടെ തന്നെ മറുപടി കൊടുത്തു.
” നീ എന്ത് ചെയ്യും..? ഇവിടെ നിന്ന് ഓടി പോകാം എന്നാണോ മോള് കരുതുന്നത്..? എന്നാൽ അത് ഒരിക്കലും നടക്കില്ല. ഈ നിമിഷം നിന്നെ ഞാൻ മുറിക്കകത്ത് ആക്കി വാതിൽ പൂട്ടും. നിന്റെ ജീവൻ കിടക്കാനുള്ള ആഹാരവും തരും. ഇനി വിവാഹത്തിന്റെ ദിവസം അല്ലാതെ നീ പുറം ലോകം കാണില്ല.. “
അയാൾ പറഞ്ഞത് കേട്ട് അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ആ ചിരി കണ്ടതും അയാൾക്ക് ദേഷ്യം കൂടി. അവളെ പിടിച്ചു വലിച്ച് ഒരു മുറിക്കകത്ത് ആക്കി വാതിൽ പൂട്ടുമ്പോൾ താൻ ജയിച്ചു എന്ന് ഒരു ഭാവമായിരുന്നു അയാൾക്ക്.
പിന്നീടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ വളരെ വേഗത്തിൽ മുന്നോട്ടു നീങ്ങി. വിവാഹത്തിന് അവൾക്കു സമ്മതം ആണ് എന്നുള്ള രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കപ്പെട്ടു. പത്താം നാൾ വിവാഹം തീരുമാനിച്ചു. സ്വർണ്ണവും വസ്ത്രങ്ങളും എല്ലാം തന്നെ വരന്റെ വീട്ടിൽ നിന്ന് ഇവിടേക്ക് എത്തിച്ചു. അതൊക്കെ കണ്ടു അവരുടെ കണ്ണു മഞ്ഞളിച്ചു പോയി.
അവൾക്ക് കൊണ്ടു വന്ന ആഭരണങ്ങളിൽ ഭൂരിഭാഗവും അനിയത്തിക്ക് വേണ്ടി മാറ്റി വയ്ക്കാൻ അച്ഛനും അമ്മയും മറന്നില്ല.
നേരത്തെ പറഞ്ഞിരുന്നത് പോലെ തന്നെ അവൾക്ക് ജീവൻ കിടക്കാൻ ഉള്ള ആഹാരം മാത്രമാണ് അവർ നൽകിയിരുന്നത്. അവൾ യാതൊരു പരാതിയും പറയാതെ അതിനുള്ളിൽ സമയം ചെലവഴിച്ചു.
പക്ഷേ വിവാഹ ദിവസം അവളെ വിളിക്കാനായി എത്തിയ അമ്മ കാണുന്നത് മേശപ്പുറത്തിരിക്കുന്ന ഒരു കത്താണ്. താൻ ഈ നാടു വിട്ടു പോവുകയാണെന്നും, തന്നെ അന്വേഷിക്കേണ്ട എന്നുമുള്ള രീതിയിൽ ആയിരുന്നു ആ കത്ത്.
അവർ പരിഭ്രാന്തിയോടെ മുറിക്ക് പുറത്തേക്ക് ഇറങ്ങി ഓടി. കട്ടിലിനു ചുവട്ടിൽ ഒളിച്ചിരുന്ന് അവളും അവർക്കു പിന്നാലെ പുറത്തേക്കിറങ്ങി. ആരുടേയും കണ്ണിൽപ്പെടാതെ നേരത്തെ തയ്യാറാക്കിവെച്ച ബാഗുമായി അവൾ ആ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.
കല്യാണപെണ്ണ് ഒളിച്ചോടിയ വാർത്ത നാട്ടിൽ മുഴുവൻ പരന്നു. പക്ഷേ കല്യാണത്തിൽ നിന്ന് പിന്മാറാൻ വരാൻ തയ്യാറായിരുന്നില്ല. അയാൾക്ക് ആ വീട്ടിൽ നിന്ന് ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചേ മതിയാകൂ എന്ന വാശിയായിരുന്നു.
ഒടുവിൽ അയാളുടെ ഭീഷണിക്ക് വഴങ്ങി അവളുടെ അനുജത്തി അയാളുടെ താലിക്ക് തല കുനിക്കേണ്ടി വന്നു. കുറ്റബോധത്തോടെ ആണ് അച്ഛനും അമ്മയും ആ കാഴ്ച കണ്ടു നിന്നത്.
പക്ഷേ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ അവൾക്ക് വല്ലാത്ത സന്തോഷം ആയിരുന്നു. ചെറുപ്പം മുതൽ താൻ അനുഭവിച്ച പീഡനങ്ങളിൽ നിന്ന് ഇനിയെങ്കിലും തനിക്ക് ഒരു രക്ഷ ഉണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചു.