എഴുത്ത്:-ബഷീർ ബച്ചി
ഭൂമിയുടെ ഒരു കൈവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫിസിൽ പോയത്.. വില്ലേജ് ഓഫീസറുടെ മുഖത്തു നോക്കിയതും ഞാൻ അത്ഭുതപെട്ടു നിന്ന് പോയി.. ആമിനയല്ലേ അത്.. തന്റെ കൂടെ എട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ആമി..
സ്കൂൾ ഗ്രൗണ്ടിന്റ അരികിലുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് ആർത്തലച്ചു കരയുന്ന മങ്ങിയ യൂണിഫോം ഇട്ട് കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം മനസിലൂടെ കടന്നു പോയി… മോഷ്ടിക്കാതെ മോഷണകുറ്റം ചാർത്തപ്പെട്ടവൾ..
എട്ടാം ക്ലാസ്സിൽ ആദ്യ ദിവസം ക്ലാസ്സിൽ ചെന്നപ്പോഴായിരുന്നു ആദ്യമായി ഞാനവളെ കണ്ടത്.. ബാക്ക് ബെഞ്ചിൽ ധന്യയും അവളും ഫാത്തിമയും..
പിന്നെ പിന്നെ അവളോട് കൂട്ടായി.. ആമിന പാലക്കാട് ആയിരുന്നുത്രെ.. അവൾക് ഉമ്മ മാത്രേ ഒള്ളു.. ഇവിടെ ഏതോ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാണ്..
ധന്യയും ഫാത്തിമയും അല്ലാതെ മറ്റുള്ള പെൺകുട്ടികൾ ഒന്നും അവളോട് കൂട്ട് കൂടുന്നത് ഞാൻ കണ്ടില്ല.. ഒരിക്കൽ ഞാൻ അത് അവളോട് വെറുതെ ചോദിച്ചു.. ഞാൻ കറുത്തിട്ടല്ലേ.. അതാവും പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. മറ്റുള്ളവർ അവളെ അവഗണിക്കുക ആണെന്ന് എനിക്ക് താമസിയാതെ മനസിലായി..
എങ്കിലും ആമിന എന്റെ ഉറ്റ കൂട്ടുകാരിയായി മാറിയിരുന്നു.. ഉള്ളിന്റെയുള്ളിൽ പേര് അറിയാത്തൊരു ഇഷ്ടവും..
പഠനത്തിൽ മിടുക്കി ആയിരുന്നു അവൾ.. ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നതും അവൾ തന്നെയായിരുന്നു.. അതിന്റെ കുശുമ്പും ദേഷ്യവും മുൻബെഞ്ചിൽ ഉണ്ടായിരുന്ന ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്ന ആയിഷക്ക് ഉണ്ടാരുന്നു.. ആ നാട്ടിലെ പൗര പ്രമുഖനും മഹല്ല് പ്രിസിഡന്റുമായ മൂസ ഹാജിയുടെ ഏക മകൾ അതിന്റെ അഹങ്കാരവും..
ഒൻപതാം ക്ലാസ്സിലെ അർദ്ധ വാർഷിക പരീക്ഷക്ക് ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും അവൾക് ഫുൾ മാർക്ക് കിട്ടിയതോടെ ആയിഷയക്ക് അവളോടുള്ള വൈരം മൂർച്ഛിച്ചു..
പിറ്റേന്ന് ഇന്റർവെൽ സമയം കഴിഞ്ഞു ക്ലാസ്സ് തുടങ്ങിയപ്പോൾ ആണ് ആയിഷ അവളുടെ കഴുത്തിൽ അണിഞ്ഞിരുന്ന ചെയ്ൻ കാണാനില്ല എന്ന് ടീച്ചറോട് പരാതി പറഞ്ഞത്.. അവൾ ബാഗിൽ വെച്ചതായിരുന്നത്രെ.. ക്ലാസ്സിലെ മറ്റു കുട്ടികളുടെ ബാഗ് എല്ലാം പരിശോധിച്ചു.. ആമിനയുടെ ബാഗിൽ നിന്ന് ചെയ്ൻ കണ്ടെടുത്തു.. അവൾ ഞെട്ടി ആകെ വിളറി വെളുത്തു..
ഞാൻ എടുത്തിട്ടില്ല.. ഞാൻ അങ്ങനെ ചെയ്യില്ല…അവൾ കരച്ചിലോടെ കൈകൂപ്പി..
ആയിഷയുടെ കൂടെയുള്ള കൂട്ടുകാരികളും അവൾക് എതിരെ കള്ളസാക്ഷി പറഞ്ഞതോടെ കുറ്റം അവളുടെ തലയിൽ ചാർത്തപ്പെട്ടു..
അവളുടെ കരച്ചിൽ കണ്ടു നിൽക്കാൻ കഴിയാതെ ഞാൻ മുഖം തിരിച്ചു.. ആമിനയെ ടീച്ചർ ഹെഡ് മാസ്റ്ററുടെ അടുക്കലേക്ക് കൂട്ടികൊണ്ട് പോയി.. കുറച്ചു കഴിഞ്ഞു അവൾ പുറത്തേക്ക് ഇറങ്ങിയോടി ആൽമരത്തിനു ചുവട്ടിലിരുന്നു ആർത്തലച്ചു കരയുന്നത് കണ്ടതോടെ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി.. കൂടെ എന്റെ ഉറ്റ സുഹൃത്ത് ആയിരുന്ന റാഫിയും ധന്യയും ഫാത്തിമയും അവളുടെ അടുക്കലേക്ക് ചെന്നു.. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
അവളുടെ നിരപരാധിത്തം ചെവി കൊള്ളാൻ ടീച്ചറും തയ്യാറായില്ല.. അവളൊരു നല്ല പഠിപ്പുള്ള കുട്ടിയാണെന്നുള്ള പരിഗണന പോലും നൽകിയില്ല.. ചെയ്ൻ കിട്ടിയെങ്കിലും ഒരു കള്ളിയായി ആ സ്കൂളിൽ തുടരാൻ അവൾക് ഇനി താല്പര്യമില്ലായിരുന്നു.. പിറ്റേന്ന് മുതൽ അവൾ ക്ലാസ്സിൽ വന്നില്ല.. രണ്ടു ദിവസം കഴിഞ്ഞു അവളും ഉമ്മയും കൂടെ സ്കൂളിൽ വന്നു അവളുടെ ടി സി വാങ്ങി.. ഞങ്ങളോട് കണ്ണീരോടെ അവൾ യാത്ര പറഞ്ഞു. അവൾ പാലക്കാട്ടേക്ക് തന്നെ തിരിച്ചു പോവുകയാണത്രെ… എന്റെ കണ്ണുകളും നിറഞ്ഞു.. അവൾ കുറച്ചു സമയം എന്റെ കണ്ണിലേക്കു നോക്കി നിന്നു.. പിന്നെ പതിയെ ഉമ്മയോടപ്പം നടന്നു പോയി..
പിന്നെ 12വർഷങ്ങൾക്ക് ശേഷം ഞാൻ ഇന്നാണ് ആമിനയെ കാണുന്നത്.. അതും വില്ലേജ് ഓഫിസറുടെ കസേരയിൽ.. കുറച്ചു തടിയും ഭംഗിയും വെച്ചിട്ടുണ്ട് അവൾ..
ആമി….
ഞാൻ വിളിച്ചതും അവൾ ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി..പിന്നെ ആ കണ്ണുകളിൽ സന്തോഷം വിടരുന്നതും കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു..
അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. ബച്ചി.. നീ..
ഹോ എന്നെ മറന്നില്ലല്ലോ ഭാഗ്യം.. ഞാൻ ചിരിച്ചു. ബച്ചിയെ എനിക്ക് മറക്കാൻ കഴിയുമോ.. അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു എന്നെയും കൂട്ടി പുറത്തിറങ്ങി.. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം എന്റെ കയ്യിൽ നിന്ന് നമ്പർ വാങ്ങി..
ഞാൻ വൈകുന്നേരം വിളിക്കാം.. കുറെ സംസാരിക്കാനുണ്ട്..അവൾ പറഞ്ഞു. പിന്നെ അപേക്ഷ അവളുടെ കയ്യിൽ കൊടുത്തു വീട്ടിലേക് തിരിച്ചു.. വൈകുന്നേരം അവൾ എന്നെ വിളിച്ചു.. നീ ഇപ്പൊ എവിടെ.. ടൗണിൽ തന്നെയുണ്ട്. ന്നാ നീ ഓഫീസ് വരെ വരുമോ.. അതിനെന്താ ഞാൻ ഇപ്പൊ തന്നെ വരാം.. അവളെയും കൊണ്ട് ഞാൻ ടൗണിൽ തന്നെയുള്ള ഒരു പാർക്കിൽ പോയിരുന്നു.. കുറെ കാര്യങ്ങൾ സംസാരിച്ചു.. ഹസ്, കുട്ടികൾ ഒക്കെ ഞാൻ ചോദിച്ചു.. കല്യാണം ഒന്നും നോക്കിയില്ല. എന്തോ അങ്ങനെ യൊന്നും ഇത് വരെ ആലോചിച്ചിട്ടില്ല.. 27 വയസ് ആയില്ലേ ഇനിയും.. ബച്ചി കല്യാണം കഴിച്ചോ.. ഇല്ല നോക്കുന്നുണ്ട്ശ രിയായിട്ടില്ല.. നിനക്ക് ഒരു ചാൻസ് ഉണ്ട് വേണേൽ നോക്കിക്കോ.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
അവൾ ചിരിച്ചു കൊണ്ട് തല താഴ്ത്തി.. ധന്യയെയും ഫാത്തിമയെയും കാണാറുണ്ടോ.. വല്ലപ്പോഴും.. അവരൊക്കെ കല്യാണം കഴിഞ്ഞു കുട്ടികൾ ഒക്കെ ആയില്ലേ.. ഇടക്ക് നാട്ടിൽ വരുമ്പോൾ കാണാം.. പിന്നെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട് ഇപ്പൊ അതിൽ ഉണ്ട് മിക്കവരും..
ആയിഷ..?
അവൾ എന്റെ മുഖത്തേക്ക് നോക്കി.. നീ പോയ ശേഷം അവൾക് അവളുടെ തെറ്റ് മനസിലായി.. കുറച്ചു ദിവസങ്ങൾക്കു ശേഷം ടീച്ചറോടും ക്ലാസ്സിൽ ഉള്ള മറ്റെല്ലാ വരോടും അവൾ തന്നെ കുറ്റം ഏറ്റ് പറഞ്ഞു..പിന്നെ സ്കൂളിൽ വരാതെയായി.. മെന്റലി കുറെ പ്രശ്നങ്ങൾ.. നിന്നെ കള്ളിയാക്കിയ കുറ്റബോധം കൊണ്ടാവും.. പിന്നെ കുറെ കൗൺസിലിംഗ് ഒക്കെ നടത്തിയാ ആള് നോർമൽ ആയത്.. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.. ദൂരെയെങ്ങോ നോക്കി നില്കുന്നു അവൾ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..
ആമി…
ഞാൻ അവളെ വിളിച്ചപ്പോൾ അവൾ എന്റെ മുഖത്തേക്ക് നോക്കി.. അവൾ ഇപ്പൊ എവിടെയാ.. നാട്ടിലുള്ള ഒരാൾ തന്നെയാണ് അവളെ കല്യാണം കഴിച്ചിരിക്കുന്നത്.. ഇടക്ക് വാട്സ്ആപ്പ് ചാറ്റിൽ വന്നു നിന്നെ മാത്രമേ ചോദിക്കാറുള്ളു.. നിന്റെ മനസിന് മാപ്പ് കൊടുക്കാൻ സമയം ആയെങ്കിൽ നമ്മുക്ക് അവളെ പോയി ഒന്ന് കാണാം.. അവളുടെ വീട്ടിൽ ചെന്നു എല്ലാം വിളിച്ചു പറഞ്ഞു എന്റെ നിരപരാധിത്യം ഈ ലോകത്തോട് അവളെ കൊണ്ട് തന്നെ പറയിപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ ഇത്രയും കാലം കാത്തിരുന്നത്..
പക്ഷെ അവൾ തന്നെ എല്ലാം പറഞ്ഞതോടെ എന്റെ മനസ്സിൽ അവളോട് ഉണ്ടായിരുന്ന ദേഷ്യവും പകയും ഇപ്പൊ മാറി ബച്ചി.. സൺഡേ അവിടെ വരെ പോകാം അവൾ പറഞ്ഞു കൊണ്ട് എഴുന്നേറ്റു..
ഞായറാഴ്ച ഒരു പത്തു മണിയോടെ ഞാൻ അവളെയും കൊണ്ട് ആയിഷയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവൾ സ്വന്തം വീട്ടിലാണ്.. ആമിനയെ കണ്ടതോടെ ആയിഷ നിയന്ത്രണം വിട്ടു പൊട്ടികരഞ്ഞു കൊണ്ട് അവളുടെ കാൽക്കലേക്ക് വീണു.. ആമിന അവളെ വട്ടം പിടിച്ചു എഴുന്നേൽപ്പിച്ചു.. 12വർഷങ്ങൾ അവൾ അനുഭവിച്ച കുറ്റബോധം അവൾ കരഞ്ഞു തീർത്തു.. ആമിനയും കരയുന്നുണ്ടായിരുന്നു.. എനിക്ക് ഇപ്പൊ ഒരു ദേഷ്യവും ഇല്ലെടീ… അവൾ ആയിഷയെ ചേർത്ത് പിടിച്ചു.. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. അന്ന് ഉച്ച വരെ ആയിഷയുടെ വീട്ടിൽ കൂടി.. ഫുഡും കഴിച്ചു ഞങ്ങളിറങ്ങി..
ആമിന..
ഇറങ്ങാൻ നേരം ആയിഷ അവളെ വിളിച്ചു.. നീ എന്നെങ്കിലും വരുമെന്ന് കരുതിയാ അവൻ കല്യാണം നീട്ടി കൊണ്ട് പോകുന്നത് .. ഇത്രയും കാലം അവന്റെ മനസ്സിൽ നീ മാത്രമേയൊള്ളു.. പരസ്പരം ഇനിയെങ്കിലും ആ മനസ് ഒന്ന് തുറന്നൂടെ.. ഞാൻ മെല്ലെ തല താഴ്ത്തി മുമ്പോട്ട് നടന്നു.. ബൈക്ക് സ്റ്റാർട്ട് ചെയ്തു അവളെ കാത്തു നിന്നു.. അവൾ ഒന്നും മിണ്ടാതെ പിറകിൽ വന്നിരുന്നു.. പിന്നെ അവൾ അവളുടെ മുഖം എന്റെ ചുമലിൽ അമർത്തി.. അവളുടെ കൈകൾ എന്റെ വയറിലേക്ക് ചേർത്ത് പിടിച്ചു… എന്റെ കണ്ണുകൾ നിറഞ്ഞു.. മുഖത്തു പുഞ്ചിരിയും വിടർന്നിരുന്നു.. ഞാൻ അവളെയും കൊണ്ട് എന്റെ ജീവിതത്തിലേക്ക് യാത്രയാരഭിച്ചു.. ഒരിക്കലും അവസാനിക്കാത്ത മരണത്തിന് മാത്രം വേർപിരിയിക്കാൻ കഴിയുന്ന ഒരു മനോഹരമായ യാത്ര…!!