എഴുത്ത്:- നിമ
ഇതിപ്പോൾ എത്രാമത്തെ തവണയാണ് അയാൾ വിളിക്കുന്നത് എന്നറിയില്ല ഫോൺ സ്വിച്ച് ഓഫ് ചെയ്യേണ്ടി വന്നു… ആകെ ഒരു സമാധാനക്കേട് എന്ത് വേണം എന്നറിയില്ല!!! മനസ്സാകെ പ്രക്ഷുബ്ധമാണ് അതിനെ ഒന്ന് ശാന്തമാക്കിയേ പറ്റൂ.. അതുകൊണ്ട് തന്നെ അന്ന് ഹാഫ് ഡേ ലീവ് എഴുതിക്കൊടുത്തു ബാങ്കിൽ പിന്നെ മെല്ലെ പുറത്തേക്ക് ഇറങ്ങി..
വണ്ടിയുമെടുത്ത് നേരെ മോനെയും കൂട്ടി ബീച്ചിലേക്ക് പോന്നു… സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് ബീച്ചിൽ നിർത്തിയപ്പോൾ അവൻ ഇതെന്ത് കഥ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു രണ്ടാം ക്ലാസുകാരനോട് എന്തു പറയാൻ അവനോട് ഒന്ന് ചിരിച്ചു ഞാൻ മെല്ലെ അവിടെ ഒരു തോണിയുടെ നിഴല് പറ്റി പോയിരുന്നു അവൻ പതിയെ കടലിൽ ഇറങ്ങി കളിക്കാൻ തുടങ്ങി…
ഉറപ്പാണ് ഇന്ന് അയാൾ വീട്ടിലേക്ക് വരും അവന്റെ സ്കൂളിൽ വരും എന്റെ ബാങ്കിൽ വരും!!! ഈ മൂന്നു സ്ഥലത്തും അല്ലാതെ ഞങ്ങളെ എവിടെയും കാണാൻ ആവില്ല എന്ന് അയാൾക്കറിയാം അയാളെ കാണാൻ ഒട്ടും മനസ്സ് വരുന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു ഒളിച്ചോട്ടം.. കാരണം ഇന്ന് അയാൾക്ക് ഡിവോഴ്സ് നോട്ടീസ് കിട്ടിയ ദിവസമാണ്…
“”അരവിന്ദ്!!”
അയാൾ എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് കുറച്ചു വർഷങ്ങൾക്കു മുൻപാണ്.. ബാങ്ക് ടെസ്റ്റ് എഴുതി നിൽക്കുകയായിരുന്നു ഞാൻ ജോലി കിട്ടാനും കിട്ടാതിരിക്കാനും എല്ലാം സാധ്യതയുണ്ട് എങ്കിലും ജോലിയായിട്ടു മതി വിവാഹം എന്ന് ഞാൻ വീട്ടിൽ പറഞ്ഞിരുന്നു..
അന്നേരമാണ് അയാളുടെ കല്യാണ ആലോചന വന്നത്.. സുമുഖൻ ആകെയുള്ളത് ഒരു പെങ്ങളാണ് അവളെ കല്യാണം കഴിച്ച് അയച്ചു അവർ വിദേശത്താണ് വീട്ടിൽ അമ്മയും അച്ഛനും മാത്രം എല്ലാംകൊണ്ടും നല്ല ആലോചന അയാൾക്ക് ആണെങ്കിൽ ഗവൺമെന്റ് ജോലിയും അത്രയും മതി കേരളത്തിലെ ഒരു സാധാരണ കുടുംബക്കാർ വീണു പോകാൻ.. എന്റെ വീട്ടുകാരും അതിൽനിന്ന് വ്യത്യസ്തരായിരുന്നില്ല എനിക്കും വലിയ കുഴപ്പമൊന്നും തോന്നിയില്ല എന്തായാലും അയാൾക്ക് ഭാര്യയെ ജോലിക്ക് വിടാൻ കുഴപ്പമില്ല എന്ന് പറഞ്ഞതോടുകൂടി എന്റെ ഏക സമസ്യക്കും ഉത്തരം ലഭിച്ചു അങ്ങനെ ആ വിവാഹം കഴിഞ്ഞു..
ആരെയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള ദാമ്പത്യം ആയിരുന്നു അത്.. കല്യാണം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ തന്നെ ഞാൻ വിശേഷമറിയിച്ചു..
പിന്നെ കുഞ്ഞിനായുള്ള കാത്തിരിപ്പ് ആയിരുന്നു അതിനിടയിൽ ബാങ്കിൽ ജോലിയും കിട്ടി.
ശരിക്കും സ്വർഗ്ഗം പോലെ ഒരു ജീവിതം ഞങ്ങൾ പരസ്പരം മത്സരിച്ച് സ്നേഹിച്ചു ഞങ്ങളുടെ കൂട്ടിന് ഒരു കുഞ്ഞു കൂടി വന്നതോടുകൂടി വളരെ സന്തോഷം ആയിരുന്നു..
അച്ഛനും അമ്മക്കും ഞാൻ മരുമകൾ ആയിരുന്നില്ല മകൾ തന്നെയായിരുന്നു.. എല്ലാംകൊണ്ടും എന്റെ ഭാഗ്യമാണ് ഞാൻ കരുതി പക്ഷേ കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു..
എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച ഒരു കൂട്ടുകാരി, മീര, എന്നെ കാണാൻ വന്നിരുന്നു… അവളുടെ ഭർത്താവ് മരിച്ചു ഇപ്പോൾ ഒരു കുഞ്ഞുണ്ട് അതും പെൺകുട്ടി… അവൾക്ക് ഭർത്താവിന്റെ വീട്ടിൽ നിന്ന് കിട്ടിയ സ്ഥലത്ത് ഒരു വീട് വയ്ക്കണം… പക്ഷേ അത് പാടശേഖരത്തിൽ പെടുന്ന സ്ഥലം ആയതുകൊണ്ട് ലോൺ ഒന്നും കിട്ടില്ല… എന്റെ ഭർത്താവ് ആർഡിഒ ഓഫീസിൽ ജോലി ചെയ്യുന്നതുകൊണ്ട്, അവൾ സഹായവും അഭ്യർത്ഥിച്ച് വന്നതാണ്… എങ്ങനെ യെങ്കിലും അദ്ദേഹത്തോട് പറഞ്ഞ് സഹായിക്കാൻ വേണ്ടി… അദ്ദേഹം ആ ഭൂമി തരം മാറ്റാൻ ഉള്ളതെല്ലാം ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞു..
ഞാനും കൂടി നിർബന്ധിച്ചു പാവം അവൾക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണം എന്നെല്ലാം. പിന്നെ അവൾ ആ ആവശ്യത്തിന് അരവിന്ദന്റെ ഓഫീസിൽ കയറി ഇറങ്ങുന്നത് പതിവായി..
ഒരു ദിവസം അരവിന്ദന്റെ കൂടെ ജോലി ചെയ്യുന്ന സതീഷിന്റെ വൈഫ് എന്റെ ബാങ്കിൽ എന്തോ ആവശ്യത്തിനു വന്നിരുന്നു ഞങ്ങൾ കുറച്ചുനേരം സംസാരിച്ചു അക്കൂട്ടത്തിൽ പറഞ്ഞിരുന്നു മീര എന്നൊരു കൂട്ടുകാരിയുണ്ടല്ലേ?? ഇപ്പോൾ സാറിന് അവളുടെ പുറകെ നടക്കാനേ സമയമുള്ളൂ എന്ന്.
എന്തൊക്കെയോ അങ്ങനെ മുന വച്ച് പറഞ്ഞപ്പോൾ എനിക്ക് എന്തോ വല്ലാതെ ആയി ഞാൻ അപ്പോൾ അതങ്ങ് വിട്ടു ഒരു ദിവസം അരവിന്ദ് എന്തോ ആവശ്യത്തിന് ഫോൺ എന്റെ നേരെ നീട്ടി കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ ഒരുപാട് തവണ മീര ഇങ്ങോട്ട് വിളിച്ചിട്ടുണ്ട് അരവിന്ദ് അങ്ങോട്ടും ആ കോളുകൾ എല്ലാം ഒരുപാട് ഡ്യൂറേഷനും ഉണ്ട്!!
എന്റെ മനസ്സിൽ സംശയത്തിന്റെ ആദ്യ കനൽ വീണത് അവിടെ നിന്നായിരുന്നു… പിന്നെ ഞാൻ അരവിന്ദനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി… പലപ്പോഴും അയാൾ ഓഫീസിൽ ലീവാണ് എന്നറിഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടിപ്പോയി. ഓഫീസിലേക്ക് ആണ് എന്നും പറഞ്ഞാണ് ഇവിടെനിന്ന് ഇറങ്ങുന്നത്.
അതോടെ ഞാൻ അവരുടെ ഓഫീസിലെ എന്റെ ഒരു കൂട്ടുകാരിയെ വിളിച്ച് ദിവസവും അന്വേഷിക്കാൻ തുടങ്ങി അരവിന്ദന്റെ കാര്യം ഒരു ദിവസം അങ്ങോട്ട് വന്നിട്ടെ ഇല്ല എന്ന് അവൾ പറഞ്ഞു അതോടെ ഞാൻ ബാങ്കിൽ ലീവ് എഴുതിക്കൊടുത്തു ഇറങ്ങി. മീര വാടകയ്ക്ക് താമസിക്കുന്ന സ്ഥലം അറിയാമായിരുന്നു ഞാൻ അങ്ങോട്ടേക്ക് ചെന്നു.
ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാത്ത പോലെ ഒറ്റപ്പെട്ട ഒരു വീട് അവിടെ മുറ്റത്ത് അരവിന്ദിന്റെ ബൈക്ക് കിടക്കുന്നത് കണ്ടു എനിക്കെന്തോ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി.. ഞാൻ വേഗം ആ വീടിന്റെ ചുറ്റും നടന്നു ബെഡ്റൂമിന്റെ അരികിൽ പോയി നിന്നു അവിടത്തെ ജനൽ തുറന്നിട്ടിട്ടുണ്ടായിരുന്നു. അത് തുറന്ന് കർട്ടൻ മാറ്റിയതും മുന്നിൽ ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു..
ന ഗ്നയായി കിടക്കുന്ന എന്റെ കൂട്ടുകാരി അവളുടെ ദേഹത്തേക്ക് പടർന്നു കയറുന്ന എന്റെ ഭർത്താവ്.. കാ മ ല ഹരി കൊണ്ട് രണ്ടുപേരും പരിസരം പോലും മറന്നു ആസ്വദിക്കുകയാണ്!!”
ഞാനെന്റെ ഫോൺ എടുത്തു വൃത്തിയായി അതെല്ലാം ഷൂട്ട് ചെയ്തു പിന്നെ അവിടെ നിന്ന് തിരികെ പോന്നു. അയാളുടെ അച്ഛനും അമ്മയ്ക്കും അതെല്ലാം കാണിച്ചു കൊടുത്തു അവരും എന്നെപ്പോലെ ഞെട്ടി ഞങ്ങളുടെ സന്തോഷ ജീവിതം കണ്ട് മനസ്സ് നിറഞ്ഞ് ജീവിക്കുന്നവർക്ക് അത് വല്ലാത്ത ഒരു അടിയായിരുന്നു ഞാൻ കുഞ്ഞിനെയും എടുത്ത് എന്റെ വീട്ടിലേക്ക് പോയി.
അവർ അയാളെ ചോദ്യം ചെയ്തു ഇങ്ങനെയൊരു മകൻ ഇനി ഇല്ല എന്ന് പറഞ്ഞു… എനിക്കും അയാളോട് ക്ഷമിക്കാൻ കഴിയില്ലായിരുന്നു… അയാളെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ് അങ്ങനെയുള്ള എന്നോട് അയാൾ ചെയ്തതോ??
ഒരു ഭാര്യക്കും സഹിക്കാൻ കഴിയുന്നതല്ല… മറ്റെല്ലാം കൊണ്ടും സുകൃതം അല്ലേ ഇതങ്ങ് ക്ഷമിക്കരുതോ,, എന്ന് പലരും എന്നെ ഉപദേശിച്ചു പക്ഷേ എന്റെ അച്ഛനും അമ്മയും കൂടെ നിന്നു.
അത് മതിയായിരുന്നു എനിക്ക്… ഞാൻ ഡിവോഴ്സിന് അപ്ലൈ ചെയ്തു അത് അയാളുടെ കയ്യിൽ കിട്ടിയിട്ടുണ്ട് അതുകൊണ്ടുതന്നെ എന്നെയും മോനേയും കണ്ട് പുതിയ നാടകത്തിനുള്ള പരിപാടിയാണ്.
ഫോണിലൂടെ ഒരു ആത്മഹത്യ ഭീഷണി കഴിഞ്ഞതേയുള്ളൂ അയാൾക്ക് ഒരു തെറ്റ് പറ്റിയതാണത്രെ.
ഒരിക്കൽ പറ്റുമ്പോഴാണ് അത് തെറ്റ് വീണ്ടും ആവർത്തിക്കുമ്പോൾ അതിന് കുറ്റം എന്നാണ് പറയുക..
ഞാൻ അയാളോട് തീർത്ത് തന്നെ പറഞ്ഞു ഇനി അയാളുടെ കൂടെ എനിക്ക് ജീവിക്കേണ്ട എന്ന്.
ഞാൻ നേരിട്ട് വരാം കാലു പിടിക്കാം എന്നെല്ലാം പറഞ്ഞ് നടക്കുകയാണ് ഞാൻ നേരെ എന്റെ വീട്ടിലേക്ക് പോയി അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞു…. അച്ഛൻ പറഞ്ഞിരുന്നു നീ ഒരു കാര്യം കൊണ്ടും താണു കൊടുക്കണ്ട അവൻ ആത്മഹ ത്യ ചെയ്യുന്നെങ്കിൽ ചെയ്യട്ടെ കയ്യിലിരിപ്പിന്റെ ഫലമാണെന്ന് കരുതിയാൽ മതി എന്ന്…
പിന്നെയും എന്തൊക്കെയോ പറഞ്ഞു എന്റെ വീട്ടിലും മറ്റും കാണാൻ വന്നു. അയാളെ കാണാനുള്ള വിഷമം ഉണ്ടായിരുന്നു എങ്കിലും ധൈര്യത്തോടെ അയാളെ ഞാൻ നേരിട്ടു… എന്നോ ഒരിക്കൽ സ്നേഹിച്ചു പോയതിന്റെ ബാക്കി മനസ്സിൽ എങ്ങാനും കിടന്നിട്ടുണ്ടെങ്കിൽ അതെന്നെ ചതിക്കുമോ എന്നൊരു ഭയമായിരുന്നു പക്ഷേ ഇല്ല എന്റെ തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചുനിൽക്കും എന്ന് എനിക്ക് തന്നെ ഒരു ഉറപ്പുവന്നു.
ഒടുവിൽ ഡിവോഴ്സ് കിട്ടി!! എന്റെ കയ്യിൽ കൃത്യമായി തെളിവുകൾ ഉണ്ടായിരുന്നതു കൊണ്ട് കൂടുതൽ കഷ്ടപ്പെടേണ്ടി വന്നില്ല.. ആ വാശിക്ക് അയാൾ മീരയെ കല്യാണം കഴിച്ചു…!!!
പക്ഷേ അച്ഛനും അമ്മയും അയാളെ വീട്ടിലേക്ക് കയറ്റിയില്ല ഇപ്പോൾ, മീരയുടെ സ്ഥലത്ത് സ്വന്തമായി വീട് വയ്ക്കുകയാണ്… എന്നെ തോൽപ്പിക്കാൻ പക്ഷേ അയാൾക്ക് അറിയില്ലല്ലോ ഇതുകൊണ്ടൊന്നും ഞാൻ തോൽക്കില്ല എന്ന്..
അവർ തമ്മിലുള്ളത് വെറും ശരീരത്തിന്റെ ആകർഷണം മാത്രമാണ്. അതൊരിക്കൽ പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ അയാൾ തിരിച്ചറിയും ബന്ധങ്ങളുടെ വില..
അന്ന് അയാൾ കരയും ഉറക്കെ… പക്ഷേ എനിക്ക് എന്റെ മകൻ ഉണ്ടാകും ഇനി ഏതെങ്കിലും ഒരു ജീവിതം തെരഞ്ഞെടുക്കാൻ തോന്നിയാൽ അതും….